city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓ കഅ്ബാ...

- ഖാലിദ് പൊവ്വല്‍

പ്രിയപ്പെട്ട കഅ്ബാ...

(www.kasargodvartha.com 22/09/2015) ആത്മഹര്‍ഷത്തിന്റെ ഉള്‍പുളഗത്തിലാണ് നീ ഇപ്പോള്‍ എന്നു ഞങ്ങള്‍ക്കറിയാം. ലക്ഷോപലക്ഷം വിശ്വാസികളുടെ നെറ്റിത്തടം നിന്റെ തിരുമുറ്റത്ത് സ്പര്‍ശിക്കുമ്പോള്‍ കൊടും തണുപ്പിന്റെ ആലസ്യത്തിലും ഹര്‍ഷപുളകിതയാകാതിരിക്കാന്‍ നിനക്കു കഴിയില്ലല്ലോ... ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും നിന്നെ ലക്ഷ്യം വെച്ചു ജനം ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍, പാവപ്പെട്ട കുടിലുകളില്‍ നിന്നുപോലും ജീവിതത്തിലൊരിക്കലെങ്കിലും നിന്നെ ഒന്ന് കണ്‍കുളിര്‍ക്കെ കണ്ട് സായൂജമടയാന്‍ പ്രാര്‍ത്ഥനാവചസ്സുകളുയരുമ്പോള്‍, നിറത്തിന്റെയും ജാതിയുടെയും സമ്പത്തിന്റെയും പേരില്‍ ഒരേ പിതാവിന്റെ മക്കള്‍ വ്യത്യസ്ത തട്ടുകളിലാക്കപ്പെടുന്ന നവലോക ക്രമത്തില്‍ ഒരേ മനസ്സും ഒരേ ഉദ്ദേശ്യവുമായി തങ്ങളുടെ രക്ഷിതാവിനു പ്രണാമമര്‍പ്പിക്കാന്‍ സത്യവിശ്വാസികള്‍ വിനയാന്വതരായി നിനക്കു ചുറ്റും തടിച്ചുകൂടുമ്പോള്‍- ഒരുവേള- നിന്റെ മനസ്സിന്റെ കാണാപുറങ്ങളിലെവിടെയോ പ്രവിശാലവും വിജനവുമായ ഒരു മണല്‍പരപ്പും അതിന് നടുവില്‍ ദാഹിച്ചവശനായി കാലിട്ടടിച്ചു കരയുന്ന ഒരു പിഞ്ചുപൈതലിന്റെ മുഖവും നിനക്കോര്‍മിച്ചെടുക്കാന്‍ കഴിയാതിരിക്കില്ല.
 
ഓ..... കഅ്ബാ...

ഊഷരത പടര്‍ന്ന ആ മരുഭൂമിയില്‍ സ്വന്തം കുഞ്ഞിന്റെ ദാഹം തീര്‍ക്കാന്‍ വെപ്രാളപ്പെട്ടോടുന്ന നിസ്സഹായയായ ഒരു മാതാവിന്റെ ചിത്രം നീ കാണുന്നില്ലേ... നാഥന്റെ ആജ്ഞ ശിരസ്സാവഹിച്ചുകൊണ്ട് ആദര്‍ശത്തോട് പ്രതിബദ്ധത പുലര്‍ത്തിയ ഒരു പിതാവിന് വഴിപിരിയേണ്ടി വന്നപ്പോഴുണ്ടായ ധര്‍മ സങ്കടം നിനക്കു മനസ്സിലാവാതിരിക്കില്ല. നിര്‍ണായക നിമിഷത്തില്‍ അമൃതജല ധാരകളുതിര്‍ത്ത സര്‍വാധി നാഥനത്രെ സര്‍വസ്‌തോത്രങ്ങളും..!

ഋതുമാറ്റങ്ങളുടെ ഇടനാഴിയിലെവിടെയോ വച്ച് പിതാവും പുത്രനും വീണ്ടും സംഗമിച്ചപ്പോള്‍ നിനക്കു പുനര്‍ജനി ലഭിക്കുകയായിരുന്നു. രക്തം വിയര്‍പ്പാക്കി അവര്‍ നിന്നെ അണിയിച്ചൊരുക്കി. ശാന്തി മന്ത്രങ്ങളോതുന്ന അനേക ലക്ഷം മിനാരങ്ങളുടെ മൊത്തം മഹത്വം ഉള്‍ക്കൊള്ളാനുള്ള ഭാഗ്യം നിനക്കുണ്ടായി. വീണ്ടും സ്രഷ്ടാവിന്റെ പ്രതിനിധിയായി ഇബ്രാഹിം നബി (അ) മനുഷ്യ സമൂഹത്തെ നിന്റെ തിരുമുറ്റത്തേക്ക് ക്ഷണിച്ചു. വിശ്വാസി ലക്ഷങ്ങള്‍ ആ വിളി കേട്ടുണര്‍ന്നു. ആ വിളിക്കവര്‍ ഉത്തരമേകി. അല്ലാഹുവേ... നിന്റെ വിളിക്ക് ഞങ്ങളിതാ ഉത്തരം നല്‍കിയിരിക്കുന്നു... നിനക്ക് ഒരു പങ്കുകാരനും ഇല്ല...

നിന്റെ ചാരത്തണയാനുള്ള തിടുക്കത്തോടെ അവര്‍ പുറപ്പെടുകയായി. ആ പ്രവാഹം ഇന്നും അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ..!

പ്രിയപ്പെട്ട കഅ്ബാ... വിശുദ്ധിയുടെ ഗേഹമേ... നീയെത്ര ധന്യ..! എന്തെല്ലാം ചരിത്രങ്ങളാണ് നിനക്ക് ചുറ്റും ഉറങ്ങിക്കിടക്കുന്നത്. സ്‌നേഹവും സഹാനുഭൂതിയും വാരിച്ചൊരിയേണ്ട കുടുംബാംഗങ്ങളില്‍ നിന്നും ആട്ടും തുപ്പും അക്രമവും ഏറ്റുവാങ്ങി ഒരു വേള പിറന്ന നാടുപേക്ഷിക്കേണ്ടി വന്ന ഞങ്ങളുടെ പ്രിയപ്പെട്ട റസൂല്‍ (സ) യാത്രചോദിക്കാന്‍ ആദ്യമായി എത്തിയത് നിന്റെ സമക്ഷത്തിലായിരുന്നുവല്ലോ...

തിരുകൈകള്‍ കൊണ്ട് നിന്റെ ഭിത്തിയെ സ്പര്‍ശിച്ച് വിടചോദിച്ച ആ പുണ്യപ്രവാചകന് യാത്രാമംഗളങ്ങള്‍ നേര്‍ന്നപ്പോള്‍ നിന്റെ ചുണ്ടുകള്‍ വിതുമ്പിയിരുന്നോ? അന്തവിശ്വാസങ്ങളുടെ പ്രതീകങ്ങള്‍ നിന്റെ ഉള്ളില്‍ കുമിഞ്ഞുകൂടിയപ്പോള്‍ നീ അതെങ്ങനെ സഹിച്ചുവെന്ന് ഞങ്ങളത്ഭുതപ്പെടുകയാണ്. പിന്നീടൊരിക്കല്‍ അതെല്ലാം എടുത്തുമാറ്റി വിജയശ്രീലാളിതനായി തിരിച്ചുവന്ന പ്രവാചകന്റെ പുണ്യപാദങ്ങള്‍ നിന്നില്‍ പതിഞ്ഞപ്പോള്‍ നീ ഒരിക്കല്‍ കൂടി പുളകമണിഞ്ഞിരിക്കാം.

ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ക്ക് സാക്ഷിയായി ഒന്നും ഉരിയാടാതെ ഇന്നും നീ തലയുയര്‍ത്തി നില്‍ക്കുന്നത് ഞങ്ങളുടെ സന്തോഷത്തിനു വേണ്ടിയാണെന്നുള്ള സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്നു നീ ഭാഗ്യവതിയായിരിക്കുന്നു. പരസഹസ്രം വിശ്വാസികള്‍ നിന്റെ മുമ്പില്‍ വന്നു നിന്നുകൊണ്ടാണല്ലോ ആത്മ സായൂജ്യമടയുന്നത്. നിന്നെ ഒരു നോക്കു കാണാന്‍ വേണ്ടിയാണല്ലോ അവര്‍ കാതങ്ങള്‍ താണ്ടി നിന്റെ അരികിലെത്തുന്നത്. അതിനുവേണ്ടിയാണല്ലോ ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറാകുന്നത്.

പ്രിയപ്പെട്ട കഅ്ബാ...
നിന്നെ ഒന്നുകാണാതെ, ഞങ്ങളുടെ ജീവിതത്തില്‍ പൂര്‍ണത ലഭിക്കുന്നില്ല. ആ അസുലഭ സൗഭാഗ്യത്തിനു വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്.

ഓ കഅ്ബാ...

Keywords : Kasaragod, Kerala, Article, Hajj, N.A Khalid Povvel, Ka aba, God, Prophet Muhammed. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia