city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചൂട് ശര്‍ക്കരയുടെ സ്വാദ്

ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 24.09.2014) ചന്ദ്രഗിരിപ്പുഴയും നെല്‍വയലും കവുങ്ങിന്‍ തോട്ടങ്ങളും എല്ലാം നിറഞ്ഞ ജന്മനാട് പോലെ തന്നെ ഏറെ ഓര്‍മകള്‍ സമ്മാനിച്ച മനോഹര ഗ്രാമമാണ് ഉമ്മയുടെ നാടായ ആലംപാടിയിലെ എരിയപ്പാടി എന്ന ഗ്രാമം. മഴക്കാലത്ത് കുത്തിയൊലിച്ചു പോകുന്ന അരുവിക്കരയുടെ രണ്ട് വശത്തും നിറഞ്ഞ പച്ചപ്പുകള്‍. തെങ്ങും കവുങ്ങും നെല്‍പാടങ്ങളും മാത്രമല്ല, ഓര്‍മയില്‍ മധുരം നിറയ്ക്കുന്ന നല്ല കരിമ്പിന്‍ തോട്ടങ്ങളും ഇവിടങ്ങളിലെ മനോഹര കാഴ്ചയാണ്.

ബാപ്പയുടെ ഉമ്മയും ബാപ്പയും എല്ലാം ഓര്‍മവെയ്ക്കും മുമ്പേ മരിച്ചു പോയതുകൊണ്ട് ഉമ്മയുടെ ബാപ്പയും ഉമ്മയുമാണ് മുത്തശ്ശിയും മുത്തശ്ശനുമായി ഉണ്ടായിരുന്നത്.  ഇതുകൊണ്ട് തന്നെ ഏറെ ഉത്സാഹത്തോടെ ഉമ്മയുടെ നാട്ടിലേക്ക് ഞങ്ങള്‍ കുട്ടികള്‍ പോകാന്‍ താല്‍പര്യം കാണിച്ചു.   നീണ്ട് അധികം തടിയില്ലാത്ത വലിയുപ്പയ്ക്ക് എന്റെ പേര് തന്നെയായിരുന്നു.  അതുകൊണ്ട് അദ്ദേഹത്തിന് എന്നോട് വലിയ സ്‌നേഹവുമായിരുന്നു.  അമ്മാവന്മാരും കുട്ടി പ്രായക്കാര്‍ ഉള്ളതുകൊണ്ട് കളിക്കാന്‍ കൂട്ടുകാര്‍ ഉണ്ടായിരുന്നു.  അരുവിയില്‍ കുളിക്കാനും കരിമ്പില്‍ തോട്ടത്തില്‍ നിന്നും ആരും കാണാതെ കരിമ്പ് ഒടിച്ച് അരുവിക്കരയില്‍ ഇരുന്നു തിന്നലും എല്ലാം അവിടത്തെ വിനോദങ്ങളായി.

ധാരാളം പശുക്കളും അതുപോലെ കൃഷി ആവശ്യത്തിനുള്ള പോത്തുകളും എല്ലാം അവിടെ വലിയ ആലയില്‍ ഉണ്ടാകും.  അതിന് തീറ്റകൊടുക്കുന്നതും പശുവിനെ കറന്ന് പാല്‍ ശേഖരിക്കുന്നതും ഒക്കെ ആസ്വാദനത്തോടെ നോക്കിയിരുന്നു.  തിളപ്പിച്ച് ആറ്റിയ പാലും വലിയമ്മ കടഞ്ഞെടുക്കുന്ന മോരും എല്ലാം ഏറെ സന്തോഷത്തോടെ കുടിച്ചു രസിച്ചു.

നെല്‍കൃഷിയുടെ അതേ പ്രാധാന്യത്തോടെ അന്ന് കരിമ്പു കൃഷിയും അവിടെ ഉണ്ടായിരുന്നു.  അധികം കരിമ്പുകളും പുറത്തേക്ക് കയറ്റിക്കൊണ്ട് പോകുമെങ്കിലും കരിമ്പ് ആട്ടി ശര്‍ക്കര (വെല്ലം) ഉണ്ടാക്കുന്ന രീതിയും കര്‍ഷകര്‍ നടത്തിയിരുന്നു.  കരിമ്പ് ആട്ടുന്ന കാലങ്ങളില്‍ വലിയുപ്പയുടെ ഗ്രാമത്തില്‍ എത്തിയാല്‍ കരിമ്പിന്‍ പാല്‍ ധാരാളം കുടിക്കാം.  അതുപോലെ ശര്‍ക്കരയും തിന്നാന്‍ കിട്ടും.

കരിമ്പും എള്ളും ഒക്കെ ആട്ടിയെടുക്കാന്‍ അന്ന് ചക്കാണ് ഉപയോഗിച്ചിരുന്നത്.  പോത്തിനേയോ കാളയേയോ കൊണ്ടാണ് ചക്ക് വലിപ്പിക്കുക.  പോത്ത് വട്ടത്തില്‍ തിരിയുമ്പോള്‍ യന്ത്രത്തില്‍ കരിമ്പ് ഇട്ടുകൊടുക്കും.  കരിമ്പിന്‍ പാല്‍ പാത്രങ്ങളില്‍ ശേഖരിക്കപ്പെടും.  ചോയി എന്ന പേരായ ഒരു വേലക്കാരനും പിന്നെ രണ്ടു സഹായികളുമാണ് കരിമ്പ് ആട്ടാന്‍ മേല്‍നോട്ടം വഹിച്ചിരുന്നത്.  ചക്കില്‍ ആട്ടി എടുക്കുന്ന കരിമ്പിന്‍ പാല്‍ വലിയ അടുപ്പില്‍ വെച്ചിരിക്കുന്ന പാത്രത്തില്‍ ഒഴിക്കും.  അടുപ്പില്‍ തീ ഉയര്‍ന്നു കത്തുമ്പോള്‍ കരിമ്പിന്‍ പാല്‍ ചൂടില്‍ തിളയ്ക്കും.  ഏറെ കഴിയുമ്പോള്‍ അത് പതുക്കെ കുറുകി വരും.

തൈര്‍ പരുവത്തിലാകുമ്പോള്‍ അത് നന്നായി മരച്ചട്ടുകത്തില്‍ ഇളക്കിക്കൊണ്ടിരിക്കും.  നീണ്ട മരപ്പലകയില്‍ തീര്‍ത്ത അച്ചുകളിലാണ് ശര്‍ക്കരയുടെ ആകൃതികള്‍ ഉണ്ടാക്കുന്നത്.  തിളച്ചു പാകമായ ശര്‍ക്കര അച്ചില്‍ കോരിയൊഴിക്കും.  അത് പിന്നെ നന്നായി അടച്ച് വെക്കും.  തണുത്ത് ആറിയശേഷം അച്ചില്‍ നിന്നും തട്ടിയെടുക്കുമ്പോള്‍ അത് നല്ല ശര്‍ക്കരക്കട്ടികളായി തീരും.  ഞാന്‍ എല്ലാം കൗതുകത്തോടെ നോക്കിനില്‍ക്കും.  അടുപ്പില്‍ പാകമാകുന്ന ശര്‍ക്കരയില്‍ നിന്നും ചിരട്ടകളില്‍ കോരിയെടുത്തു തിന്നാന്‍ തരും.  തണുത്തുറച്ച ശര്‍ക്കരയെക്കാള്‍ വളരെ നല്ല സ്വാദാണ് ചൂട് ശര്‍ക്കര കഴിക്കാന്‍.  ആവി പറക്കുന്ന ശര്‍ക്കര വരമ്പില്‍ ഇരുന്നു കൊതിയോടെ നുണഞ്ഞിറങ്ങും.

എല്ലാം മന്ദഹാസത്തോടെ നോക്കി നില്‍ക്കുന്ന വലിയുപ്പ പറയും ''നിന്റെ നാട്ടില്‍ ഇതൊന്നും കിട്ടില്ല.  നീ ഇവിടെത്തന്നെ നിന്നോ''  കരിമ്പിന്‍ പാലും ശര്‍ക്കരയും ഒക്കെ കിട്ടിയാലും അധിക ദിവസം അവിടെ നില്‍ക്കാന്‍ തോന്നില്ല.  സ്‌കൂളും കൂട്ടുകാരും കളികളും എല്ലാം ഓര്‍ത്ത് അവിടന്ന് സ്ഥലംവിടാന്‍ തിടുക്കം കൂട്ടും.  ചോയി എന്ന വേലക്കാരന് എന്നെ ഏറെ ഇഷ്ടമായിരുന്നു.  അയാള്‍ ഓലപ്പീപ്പിയും, പന്തും, ഓലക്കണ്ണടയും മടല്‍ കൊണ്ട് കളിവണ്ടിയും എല്ലാം ഉണ്ടാക്കിത്തരും.  വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ കൂട്ടുകാരെയും സഹോദരങ്ങളും കളി സാധനങ്ങള്‍ കാണിച്ച് കൊതിപ്പിക്കും.

പ്രകൃതിഭംഗി അനുഗ്രഹിച്ചു നല്‍കിയ ആ ഗ്രാമത്തില്‍ അന്ന് അധികവും ഓലയും പുല്ലും മേഞ്ഞ മണ്‍വീടുകളായിരുന്നു.  വലിയ പറമ്പുകളില്‍ ഒറ്റപ്പെട്ട വീടുകള്‍.  ഗള്‍ഫ് തൊഴിലിന്റെ തുടക്കത്തോടെ മറ്റെല്ലാ പ്രദേശവും പോലെ ഇവിടെയും വന്‍ കോണ്‍ക്രീറ്റ് വീടുകളും കെട്ടിടങ്ങളും ഉയര്‍ന്നുവന്നു.  വലിയുപ്പ ജീവിച്ചിരുന്ന കാലത്ത് വീടിന്റെ ഓരോ മുറിയിലും കാര്‍ഷിക ഉല്‍പന്നങ്ങളുടെ കൂമ്പാരങ്ങള്‍ ഉണ്ടാകും.  വെള്ളരിയും, കുമ്പളവും, പത്തായം നിറയെ നെല്ലും.  മച്ചില്‍ ബള്‍ബുപോലെ തൂക്കിയിട്ടിരുന്ന വെള്ളരിക്ക കാണാന്‍ നല്ല ചന്തമാണ്.  ഒരു വിളവില്‍ നിന്നും കിട്ടിയ വെള്ളരി ഏറെക്കാലം അത്‌പോലെ സൂക്ഷിക്കും.

ഏത് കാര്യത്തിലും നാട്ടുമുഖ്യന്റെ സ്ഥാനം വലിയുപ്പയ്ക്ക് ഉണ്ടായിരുന്നു.  കുടുംബക്കാരും അതുപോലെ  തന്നെ നാട്ടുകാരും പല കാര്യങ്ങളിലും അഭിപ്രായം അറിയാനും പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനും എല്ലാം എത്തും.  ആ വീട്ടില്‍ വിവാഹം പോലുള്ള ചടങ്ങുകള്‍ ഉണ്ടായാല്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പന്തല്‍ കെട്ടാനും മറ്റു ഒരുക്കങ്ങള്‍ തീര്‍ക്കാനും ഒരു വലിയ നാട്ടുകൂട്ടം എത്തിച്ചേരും.  ഒരിക്കലും കൂലിക്ക് വേല ചെയ്യുന്നവരായിരുന്നില്ല അവര്‍.

പുതിയ കാലത്ത് എന്തും പണം കൊടുത്ത് ഏര്‍പെടുത്തുന്നു.  ജനനവും വിവാഹവും മരണവും  എല്ലാം ബുദ്ധിമുട്ടുകള്‍ കൂടാതെ നടത്തിക്കൊടുക്കുന്ന കമ്പനികള്‍ ഗ്രാമങ്ങളില്‍ പോലും നിലവില്‍ വന്നു കഴിഞ്ഞു.  ജീവിത ഓട്ടത്തിനിടയില്‍  ഒന്നിനും സമയം കിട്ടാതായവര്‍ എന്തിനും എളുപ്പവഴികള്‍ തേടിത്തുടങ്ങി.  അഴിമതിയും കൈക്കൂലിയും എല്ലാം നാട്ടുനടപ്പായത് ഈ ഒരു സ്ഥിതിവിശേഷങ്ങളില്‍ നിന്നാണ്.  പഴയകാല ജീവിതത്തിന്റെ ഓരോ ചടങ്ങുകളിലും കൂട്ടായ്മയുടെയും പരസ്പര സ്‌നേഹബന്ധങ്ങളുടെയും വലിയ കണ്ണികള്‍ ജനതയെ ഒന്നിപ്പിച്ചും അന്യന്റെ ബുദ്ധിമുട്ടുകള്‍ കണ്ടും അറിഞ്ഞും ഓരോ കാര്യങ്ങളിലും ഇടപെടല്‍ നടത്താന്‍ വലിയുപ്പയെപ്പോലുള്ള നാട്ടുപ്രമാണികള്‍ ശ്രമിച്ചിരുന്നു.  സാഹോദര്യ സ്‌നേഹമാണ് അവരുടെ ജീവിതക്കാഴ്ചകള്‍ നല്‍കുന്ന വലിയ ഗുണപാഠങ്ങള്‍.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ചൂട് ശര്‍ക്കരയുടെ സ്വാദ്


Keywords : Kasaragod, Ibrahim Cherkala, Chandrigiri, Article, Sweet, Agriculture, Nostalgic story of Ibrahim Cherkala. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia