city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭാഷാ വൈവിധ്യങ്ങളുടെ വടക്കന്‍ കേരളം

സവാദ് ഇര്‍ശാദി ഹുദവി

(www.kasargodvartha.com 06/09/2015) വൈവിധ്യങ്ങളുടെ ഈറ്റില്ലമാണ് കേരളം. ഓരോ ജില്ലകള്‍ക്കും അവരുടേതായ വൈവിധ്യങ്ങളും പ്രത്യേകതകളുമുണ്ട്. രുചി ഭേദങ്ങള്‍ നോക്കിയാല്‍ കണ്ണൂരിനെ തോല്‍പ്പിക്കാന്‍ മറ്റു ജില്ലയില്ല, സമ്പത്തിന്റെ പ്രൗഡി വിളിച്ചോതുന്ന സപ്തഭാഷ സംഗമ ഭൂമികയാണ് കാസര്‍കോട്, ഏറ്റവും വൃത്തിയുള്ള പട്ടണം കൊണ്ട് കേളി കേട്ട നഗരമാണ് കോഴിക്കോട്, തണുപ്പിന്റെ കഥകള്‍ വിളിച്ച് പറയാന്‍ മലയോര പ്രദേശമായ വയനാടിനും കൊതിയുണ്ട്, വിദ്യഭ്യാസത്തില്‍ കവച്ചു വെക്കാന്‍ വേറൊരാള്‍ക്കും അര്‍ഹതയില്ലെന്ന് പ്രഖ്യാപിക്കുന്ന ജില്ലയാണ് അബ്ദുറബ്ബിന്റെ മലപ്പുറം ജില്ല. ചുരുക്കി പറഞ്ഞാല്‍ കേരളത്തിന്റെ ജില്ലകള്‍ വൈവിധ്യകങ്ങളുടെ കലവറയാണെന്ന് പറയാം.

മലയാളിയായി ജീവിക്കുമ്പോള്‍ മലയാളത്തിന്റെ തനിമ കാത്തു സൂക്ഷിക്കണമെന്നത് പറയാതെ തന്നെ അറിഞ്ഞിരിക്കേണ്ട പരമാര്‍ത്ഥമാണ്. അപ്പോഴാണ് ഭാഷാ ശുദ്ധിയുടെ പ്രാധാന്യം ശ്രദ്ധിക്കേണ്ടത്. ഇവിടെയാണ് കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും വടക്ക് ഭാഗത്തുള്ള കണ്ണൂരും കാസര്‍കോടും വ്യത്യസ്തരാവുന്നത്. മലയാള ഭാഷയുടെ കാര്യത്തില്‍ വടക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലുമായി അല്‍പ്പം ഭേദപ്പെട്ട ഭാഷാ ശുദ്ധിയാണ് കണ്ണൂരിനുള്ളത് പക്ഷേ തുളുനാടിന്റെ അതിഥികളായ കാസര്‍കോടിന് മലയാള ഭാഷയുടെ കാര്യത്തില്‍ മേന്മ പറയാന്‍ ലവലേശം പോലും അധികാരമുണ്ടാവില്ല. പക്ഷേ ഇരുജില്ലകളും മലയാള ഭാഷാ സംസാര രീതിയില്‍ വേഗത പുലര്‍ത്തുന്നവരാണ്. ഇത് മാത്രമാണ് ഇരു ജില്ലകള്‍ക്കും ഭാഷാ തലത്തിലുള്ള സമാനത.

സപ്ത ഭാഷാ സംഗമ ഭൂമികയായി അറിയപ്പെടുന്ന കാസര്‍കോടിലെ മലയാളത്തിന് കര്‍ണ്ണാടകയിലെ കന്നടയും എഴുത്തില്ലാത്ത നക്ക്‌നിക്ക് ഭാഷയുടെയും കൂട്ടുണ്ടാവും, അതിലപ്പുറം ഉറുദുവും ഹിന്ദിയും ഇതിലടിങ്ങിയിട്ടുണ്ട്. കാസര്‍കോടിനോട് അടുത്ത് നില്‍ക്കുന്ന ജില്ലയായത് കൊണ്ട് തന്നെ കണ്ണൂരിന്റെ മലയാള ഭാഷയുടെ മേന്മയ്ക്കപ്പുറം ചില രസകരമായ വാക്കുകളുണ്ട്. അല്‍പ്പം ചെരിഞ്ഞ് ചോദിച്ചാലെ കണ്ണൂരുകാര്‍ക്ക് സുഖമാണെന്ന് മറുപടി പറയാനാവൂ. മരുമക്കത്തായം കൊണ്ട് തന്നെ കണ്ണൂര്‍ ഒറ്റപ്പെട്ട ജില്ലയാണ്. കണ്ണൂരിന്റെ കല്ല്യാണത്തില്‍ അല്‍സ (അലീസ)യില്ലെങ്കില്‍ ആ കല്ല്യാണത്തിന് കുറവുണ്ട് എന്നാണ് നാട്ടുകാരുടെ ഭാഷ്യം. അത് പോലെ കാസര്‍കോട്ടിലെ കല്ല്യാണത്തില്‍ ശീതള പാനീയമില്ലെങ്കില്‍ കല്ല്യാണത്തിന്റെ ഭംഗി കുറവ് തന്നെയാ.ചുരുക്കി പറഞ്ഞാല്‍ കണ്ണൂര്‍ പെണ്ണുങ്ങളുടെ പെണ്‍മ നിറഞ്ഞ നാട്. കാസര്‍കോട് സമ്പത്തിന്റെ പളപളപ്പ് കാണിക്കുന്ന ദേശവും.

ചരിത്രങ്ങളുടെ കഥ പറഞ്ഞാലും കണ്ണൂരിനും കാസര്‍ഗോഡിനും പറയാനേറെയുണ്ടാവും. കണ്ണൂര്‍ കോട്ടയും കാസര്‍ഗോടിലെ ബേക്കല്‍ കോട്ടയും ചന്ദ്രിഗിരി കോട്ടയ്ക്കും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളുടെ മായാത്ത കഥകള്‍ പറയാനുണ്ടാവുമെന്നതില്‍ സംശയമില്ല. വെള്ളക്കാരുടെ പേടിസ്വപ്‌നമായിരുന്ന ടിപ്പുസുല്‍ത്താന്‍ ഈ കോട്ടകളിലെല്ലാം യുദ്ധകാലത്ത് തമ്പടിച്ചതായി ചരിത്രങ്ങളില്‍ കാണാന്‍ സാധിക്കും.
യഥാര്‍ത്ഥ മലയാളത്തില്‍ നിന്ന് വേര്‍പിരിഞ്ഞു പോയ കണ്ണൂരിലേയും കാസര്‍ഗോഡിലേയും ഏതാനും ചില വാക്കുകള്‍ പരിചയപ്പെടാം

കണ്ണൂര്‍        കാസര്‍കോട്              അര്‍ത്ഥം
അയിന്‍ത്ത്          അയില്‍                   അതില്‍
ബസി               കിണ്ണം                    ചെറിയ പാത്രം
സിര്‍ക്ക പത്ക്ക    നല്ലോണം ചൂടാവുക    നല്ല വണ്ണം ദേശ്യപ്പെടുക
കാളുക            കൂക്കുക                   കരയുക
ചട്ടിവീത്ത         ഓട്ടുപോള                ഒരു തരം ദോശ
കത്തലടക്കുക    നാസ്റ്റ കഴിക്കുക         പ്രഭാത ഭക്ഷണം കഴിക്കുക
മാങ്ങുക           മേങ്ങുക             വാങ്ങുക
മംഗലം            മംഗലം              കല്യാണം
പടമറിയുക       കാലടിമറിയുക     കാല് മടങ്ങുക
മുട്ടായി            മിട്ടായി               മിഠായി
പീടിയ            പൂടിയ                പീടിക
കുയല്‍           കൈല്                കോരി
മാച്ചി             മാച്ചി                  ചൂല്‍
പുര              ഔത്ത്/പൊ          വീട്
പാങ്ങ്            അരങ്ങ്               ഭംഗിയുണ്ട്
കിടു             കിടിലന്‍              കേമം
ചീതെടുക്കുക   ചളിക്കുക             തണുപ്പുണ്ടാവുക
അലക്കുക       നനക്കുക             വസ്ത്രം തിരുമ്പുക

ഭാഷകളുടെ വൈവിധ്യങ്ങളറിയിക്കുന്ന ഏതാനും ചില വാക്കുകള്‍ മാത്രമേ ഇവിടെ കുറിച്ചുവച്ചിട്ടുള്ളു. ഇതിനപ്പുറം ഒരുപാട് പദങ്ങള്‍ തനി മലയാളിത്തത്തില്‍ നിന്നും ഇരു ജില്ലകളും വിദൂരതയില്‍ നില്‍ക്കുന്നുണ്ട്.
ഭാഷാ വൈവിധ്യങ്ങളുടെ വടക്കന്‍ കേരളം


Keywords:  Article, Language, Kasaragod, Kerala, Kannur, Sawad Irshad Hudavi, North Kerala with different languages. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia