city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിവാഹം നടത്തിക്കൊടുക്കുന്നത് പോലെ മൊഴിചൊല്ലപ്പെട്ട സ്ത്രീകള്‍ക്കും താങ്ങുണ്ടാവണം

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 20/04/2015) ബേക്കല്‍ ഹദ്ദാദ് നഗറില്‍ നടന്ന മഹര്‍ 2015 ജനശ്രദ്ധയാകര്‍ഷിച്ച ഒരു സല്‍ക്കര്‍മമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പാവപ്പെട്ട രക്ഷിതാക്കളും അവരുടെ പെണ്‍മക്കളും അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിന് കുളിരേകാന്‍ ഇതുവഴിസാധ്യമായി. ജനസഹകരണവും സഹായവും ഇത്തരം നന്മ നിറഞ്ഞ പ്രവര്‍ത്തനത്തിന് ലഭ്യമാവും. വലിയവരുടെ സാന്നിധ്യം കൊണ്ട് പ്രചാരണം ശക്തമാവും. കൊട്ടും കുരവയും ആര്‍പ്പുവിളികളും കൊണ്ട് സംഘാടകരുടെ മനം കുളിര്‍ക്കും.
ധന്യമായ ഇത്തരം കര്‍മ പരിപാടികള്‍ പ്രാവര്‍ത്തികമാക്കാന്‍ സംഘാടകര്‍ പാടുപെട്ടിട്ടുണ്ടാവും. വലിയ വ്യക്തിത്വങ്ങളുടെ ആശിര്‍വാദങ്ങളും അഭിനന്ദനങ്ങളും സംഘാടകര്‍ക്ക് കൂടുതല്‍ കരുത്തുപകരും. വീണ്ടും വീണ്ടും സമാനസ്വഭാവമുള്ളതോ, ഇതിനേക്കാള്‍ മെച്ചപ്പെട്ടതോ ആയ സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവര്‍ക്ക് ആവേശം പകരും.

വിവാഹം നടത്തിക്കൊടുക്കുന്നത് പോലെ മൊഴിചൊല്ലപ്പെട്ട സ്ത്രീകള്‍ക്കും താങ്ങുണ്ടാവണംഇതൊക്കെ ഒരു ഭാഗത്തുനടക്കുമ്പോള്‍ മൊഴിചൊല്ലപ്പെട്ട നൂറ് കണക്കിന് സഹോദരിമാരുടെ കണ്ണീരുകാണുമ്പോള്‍ മനസ്സ് അങ്കലാപ്പാവുകയാണ്. രണ്ടും മൂന്നും കൈക്കുഞ്ഞുങ്ങളുമായി തന്നെയും, സമൂഹത്തെയും ശപിച്ചുകൊണ്ടവര്‍ ജീവിക്കുന്നു. സുന്ദരമോഹന സ്വപ്നങ്ങളുമായി ഒരു പുരുഷന്റെ ഇണയായി ജീവിക്കാന്‍ കൊതിച്ച് മണിയറയിലേക്ക് കാലെടുത്തുവെച്ചവരാണവര്‍. കേവലം ഒന്നോരണ്ടോ വര്‍ഷക്കാലമോ, ചിലപ്പോള്‍ അതില്‍ കൂടുതലോ ഒന്നിച്ച് ജീവിച്ച് അവളുടെ സൗന്ദര്യവും സമ്പാദ്യവും ക്ഷയിക്കുമ്പോള്‍ നിര്‍ദാക്ഷണ്യം മുത്തലാക്ക് ചൊല്ലി നാണമില്ലാതെ വേറൊരു ഇരയെയും തേടി പോകുന്ന പുരുഷകേസരികളെ നിലയ്ക്കുനിര്‍ത്താന്‍ ഇവിടെ ആര്‍ക്കും സാധിക്കുന്നില്ലല്ലോ?

ഇങ്ങിനെ നരകയാതന അനുഭവിക്കുന്ന സഹോദരിമാരുടെ കണ്ണീരൊപ്പാന്‍ സമൂഹം ശ്രദ്ധിക്കേണ്ടെ? ഗോള്‍ഡ്ഹില്‍ പോലുള്ള സംഘാടകരുടെ ശ്രദ്ധ ഇവിടേക്കും തിരിയേണ്ടേ?

വിവാഹിതരാവാതിരുന്നാല്‍ പെണ്‍കുട്ടികള്‍ വഴിതെറ്റിപ്പോവും എന്ന് സാധാരണ ഒരു കാഴ്ചപ്പാടുണ്ട്. അവര്‍ വഴിതെറ്റിയാല്‍ ഏതെങ്കിലും ഒരു പുരുഷന്റെ കൂടെ ഇറങ്ങിത്തിരിക്കും. അതിന് ഉത്തരവാദി അവള്‍ മാത്രമായിരിക്കും. തീര്‍ച്ചയായിട്ടും അത്തരം പെണ്‍കുട്ടികള്‍ അവനെ മുറുകെ പിടിച്ച് ജീവിത വിജയം നേടാന്‍ ശ്രമിക്കുമെന്നാണ് ചില അനുഭവങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

വീട്ടുകാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ വിവാഹിതരായി രണ്ടോമൂന്നോ കുഞ്ഞുങ്ങളുണ്ടായി മൊഴിചൊല്ലപ്പെട്ട സ്ത്രീകള്‍ ജീവിക്കാന്‍ വഴിയില്ലാതെ വഴിപിഴച്ചുപോയി പലരുടെയും കൂടെ ഇറങ്ങിപ്പോവുന്ന അവസ്ഥയല്ലേ ഇതിനേക്കാള്‍ ഗുരുതരം?

ഇത്തരം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സഹോദരിമാരുടെ നീറുന്ന വേദനകള്‍ പലപ്പോഴും അറിയപ്പെടാന്‍ ഇടയായിട്ടുണ്ട്. ഒരു സഹോദരി പറഞ്ഞത് ഇപ്രകാരമാണ്. രണ്ട് കുട്ടികളായതിനുശേഷം അയാള്‍ എന്നെ മൊഴിചൊല്ലി. ജീവിക്കാന്‍ ഒരു വഴിയുമില്ല. വിദ്യാഭ്യാസമില്ല. ഉമ്മയ്ക്കും ബാപ്പയ്ക്കും ഒന്നും വയ്യ. കിടപ്പിലാണ്. ഇന്നലെ ഒരു ചെറുപ്പക്കാരന്‍ എന്നെ വിളിച്ചു. അയാളുടെ കൂടെ പോയി. ഭാര്യയും കുട്ടികളുമുള്ള സമ്പന്നനാണയാള്‍. ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് എന്നെ വീട്ടിലേക്ക് കൊണ്ടുപോയത്. കാര്യം കഴിഞ്ഞപ്പോള്‍ രണ്ടായിരം രൂപ തന്നു. ഒന്നുരണ്ടാഴ്ച ഇതുകൊണ്ട് കഴിയാം.

വീണ്ടും ആ സഹോദരി ഇത്തരം ഇടപാടുകളുമായി മുന്നോട്ടുപോവും. ജീവിക്കുന്ന ഈ ഉദാഹരണം ചൂണ്ടിക്കാട്ടിയത് സമൂഹത്തില്‍ നടക്കുന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്. തലാഖ് മുസ്ലിം പുരുഷന്മാര്‍ക്ക് സ്ത്രീ വേഴ്ച നടത്താനുള്ള പെര്‍മിറ്റായി മാറിയിരിക്കുന്നു. ഇഷ്ടം പോലെ മൊഴിചൊല്ലാം, ഇഷ്ടമുള്ള പെണ്ണിനെ വീണ്ടും കെട്ടാം. സുഖിച്ച് ജീവിക്കാം. ഇതിന് പ്രതിവിധി കാണേണ്ടെ? പാവപ്പെട്ട പെണ്‍കുട്ടികളെ കണ്ണീര്‍കയത്തിലേക്ക് തള്ളിവിടുന്ന ഈ സമ്പ്രദായം അവസാനിപ്പിക്കേണ്ടേ?

മുസ്ലീം സ്ത്രീകളെ തലാഖ് ചൊല്ലാന്‍ പറയപ്പെടുന്ന കാരണങ്ങള്‍ ഒരുപാടുണ്ട്. സ്ത്രീകളുടെ യൗവ്വനകാലത്ത് പുരുഷന്‍ രോഗിയായിത്തീര്‍ന്നാല്‍ മരണം വരെ സ്ത്രീ പുരുഷനെ പരിചരിച്ച് ജീവിക്കാനാണ് സമൂഹം ആവശ്യപ്പെടുന്നത്. സ്ത്രീ രോഗിയായാല്‍ പുരുഷന്‍മറ്റൊരുവിവാഹം കഴിക്കാന്‍ സമൂഹം പിന്തുണനല്‍കുന്നു. ചുരുക്കത്തില്‍ മൊഴിചൊല്ലപ്പെട്ട സ്ത്രീകള്‍ക്ക് സമൂഹത്തിന്റെയും സമുദായത്തിന്റെയും യാതൊരുപരിഗണനയും ലഭിക്കുന്നില്ല. ഭര്‍ത്താവ് ഉപേക്ഷിച്ചത് തന്റേടിയും അഹങ്കാരിയുമായതുകൊണ്ടാണെന്ന് സമൂഹം മറുവാക്ക് കണ്ടെത്തുകയും ചെയ്യും. മത പ്രസംഗങ്ങളിലോ ഇതര സമൂഹ്യസംഘടനകള്‍ നടത്തുന്ന പൊതുപരിപാടികളിലോ തലാഖ് ചൊല്ലപ്പെട്ട സ്ത്രീകളുടെ കദനകഥയെക്കുറിച്ച് ആരും പറയുകയോ, പ്രസംഗിക്കുകയോ ചെയ്യാറില്ല.

അല്‍പം സമ്പത്തിക ശേഷിയും വിദ്യാഭ്യാസവും ഉള്ള സ്ത്രീകള്‍ മൊഴിചൊല്ലിയ ഭര്‍ത്താവിനെതിരെ കേസുകൊടുക്കും. കേസില്‍ പെട്ട പുരുഷന്മാര്‍ ഭൂരിപക്ഷവും മറ്റൊരുവിവാഹം കഴിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോവുകയും കേസ് നടത്തുകയും ചെയ്യും. എന്നാല്‍ സ്ത്രീയുടെ ജീവിതം വഴിമുട്ടിനില്‍ക്കുന്നു. വിവാഹിതരായ മുസ്ലീം സ്ത്രീകളെ സംബന്ധിച്ചിടത്തോളം തലാഖ് ഒരു പേടി സ്വപ്നമാണ്. പുരുഷന് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്ന ആയുധം.

മുസ്ലീം സമുദായത്തില്‍ പുരുഷാധിപത്യമാണ് എങ്ങും ദൃശ്യമാവുന്നത്. വിവാഹ കാര്യത്തിലും പുരുഷന് അനുകൂലമായാണ് നിയമങ്ങളും നടപടിക്രമങ്ങളും ഉണ്ടാക്കിട്ടുള്ളത്. ഭര്‍ത്താവായ പുരുഷന് എപ്പോള്‍ വേണമെങ്കിലും ഭാര്യയെ മൊഴിചൊല്ലി വേര്‍പെടുത്താം. അവള്‍ നിസ്സഹായയായി, വേദനിക്കുന്ന ഹൃദയവുമായി ഇറങ്ങി പുറപ്പെടുന്നു. പുരുഷന് വീണ്ടും തന്റെ സുഖാന്വേഷണം തുടരുകയും പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് ആസ്വദിച്ച് കഴിഞ്ഞുകൂടാം. അവന്റെ തന്തോന്നിത്തരത്തിന് കടിഞ്ഞാണിടാന്‍ മത നിയമങ്ങള്‍ക്കോ, കോടതികള്‍ക്കോ സാധ്യമില്ലാത്ത അവസ്ഥയാണിന്നുള്ളത്.

മദ്യത്തിനും, മയക്കുമരുന്നിനും, വ്യഭിചാരത്തിനും അടിമകളായ ചിലപുരുഷന്മാര്‍ മര്യാദരാമന്‍മാരായി പുരനിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികളുള്ള വീടുകളിലെത്തി വിവാഹം കഴിക്കും. അവന്റെ ദുഷ്‌ചൈതികള്‍ തിരിച്ചറിഞ്ഞ പെണ്‍കുട്ടിക്ക് അവനില്‍ നിന്ന് വിവാഹമോചനം നേടാന്‍ ഇസ്ലാമിക രീതിയില്‍ അവസരമുണ്ട്. 'ഫസഖ്' എന്നാണ് അതിനെ അറിയപ്പെടുക. പക്ഷേ അതും പ്രയോഗത്തില്‍ കൊണ്ടുവരാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. എങ്ങിനെ നീങ്ങിയാലും സ്ത്രീകള്‍ക്ക് കെണിയില്‍ നിന്ന് മോചനമില്ല.

ഒരു നേരത്തെ ആഹാരമെത്തിച്ചുകൊടുക്കലോ, കുറച്ച് സാമ്പത്തിക സഹായം നല്‍കലോ അല്ല വേണ്ടത്. കോടീശ്വരന്മാരുടെയും, ശതകോടീശ്വരന്മാരുടെയും നാടാണ് നമ്മുടേത്. ഒന്നോരണ്ടോ കുടുബങ്ങളെ ദത്തെടുത്ത് ആജീവനം അവരെ സംരക്ഷിക്കുന്ന പദ്ധതിയെക്കുറിച്ച് ആലോചിച്ചുകൂടെ?

എല്ലാവരുടേയും പ്രശ്‌നം ജീവനോപാധിയാണ്. ജീവിച്ചുപോകാന്‍, സ്വന്തം കാലില്‍ നില്‍ക്കാന്‍ ആവശ്യമായ തൊഴില്‍ ലഭ്യമാക്കിക്കൊടുക്കുകയാണ് ഏറ്റവും അഭികാമ്യം. അതിന് തൊഴില്‍ കണ്ടെത്താനാവശ്യമായ പരിശീലനം നല്‍കേണ്ടിവരും, ഉപകരണങ്ങള്‍ സജ്ജീകരിച്ചുകൊടുക്കേണ്ടിവരും. അങ്ങിനെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള കെല്‍പാണ് വിവാഹമോചിതയായ സ്ത്രീകള്‍ക്ക് ഉണ്ടാവേണ്ടത്.

ഹദ്ദാദ് നഗറില്‍ നടന്ന വിവാഹച്ചടങ്ങില്‍ പുരുഷന്മാര്‍ക്കാണ് ജീവിതോപാധിക്കായി ഓട്ടോറിക്ഷ നല്‍കിയത്. എന്നാല്‍ സ്ത്രീകളുടെ പേരില്‍ തയ്യല്‍ മെഷീന്‍ പോലുള്ള ഉപകരണങ്ങള്‍ നല്‍കാവുന്നത്. എങ്കില്‍ അവര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വബോധം കൈവരിക്കാന്‍ കാരണമാകും.

വിവാഹം നടത്തിക്കൊടുക്കുന്നത് പോലെ മൊഴിചൊല്ലപ്പെട്ട സ്ത്രീകള്‍ക്കും താങ്ങുണ്ടാവണം
Kookkanam Rahman
(Writer)
മൊഴിചൊല്ലപ്പെട്ട സഹോദരിമാര്‍ വഴിപിഴച്ച് യാത്രചെയ്യുന്നത് സമൂഹത്തിനും സമുദായത്തിനും അപമാനകരമല്ലേ? അവരുടെ പിന്‍തലമുറയും തെറ്റിലേക്ക് നീങ്ങാന്‍ സാധ്യതയേറെയാണ്. അതുകൊണ്ടാവാം നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന, കണ്ടുകൊണ്ടിരിക്കുന്ന മിക്ക കേസുകളിലെയും പ്രതികള്‍ മുസ്ലിം നാമധാരികളാണ്. അവര്‍ വളര്‍ന്നുവന്ന ചുറ്റുപാടുകളാണ് തെറ്റിലേക്ക് നീങ്ങാന്‍ അവരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ശ്രദ്ധാപൂര്‍വവും ശ്രമകരവുമായ ഒരു സമുദായോദ്ധാരണ പ്രവര്‍ത്തനം ആരംഭിച്ചാലേ ഇതിന് പരിഹാരം കാണാന്‍ കഴിയൂ. അതിന് സന്മനസുള്ളവരുടേയും, സാമ്പത്തിക സഹായം നല്‍കാന്‍ പ്രാപ്തിയുള്ളവരുടെയും കൂട്ടായ്മയും, മാധ്യമങ്ങളുടെ പ്രോത്സാഹനവും ഉണ്ടാവണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kookanam Rahman, Article, Programme, Marriage, Natives, Auto-rickshaw, Gold Hill Mahar. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia