city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലബാറില്‍ നിന്ന് ഒരു മുസ്‌ലിം കമ്മ്യൂണിസ്റ്റുകാരി

മലബാറില്‍ നിന്ന് ഒരു മുസ്‌ലിം കമ്മ്യൂണിസ്റ്റുകാരി
1980-85 കാലഘട്ടത്തില്‍ പടന്നയില്‍ അധ്യാപകനായി ജോലിചെയ്തപ്പോള്‍ ആ പ്രദേശത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും കുറേ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വളരെ പെട്ടെന്നൊന്നും പുരോഗമനാശയങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഒരു ഭൂപ്രദേശമാണെന്ന ധാരണയാണ് എനിക്കുണ്ടായിരുന്നത്.


മുസ്‌ലിം ഭൂരിപക്ഷപ്രദേശമാണ്. വിദ്യാഭ്യാസരംഗത്ത് അന്ന് വളരെ പിന്നോക്കമായിരുന്നു. കാലം മാറി. പടന്നയുടെ ചിത്രം മാറി. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ പഴയ കെട്ടിടങ്ങളുടെ സ്ഥാനത്ത് മണിമന്ദിരങ്ങള്‍ ഉയര്‍ന്നുപൊങ്ങി. വിദ്യാഭ്യാസരംഗത്ത് കുതിച്ചുചാട്ടമുണ്ടായി. ഹൈസ്‌കുളുകളും കോളജുകളും സ്ഥാപിതമായി. മുക്കിനുമുക്കിന് ഇംഗ്ലീഷ്മീഡിയം സ്‌കൂളുകള്‍ തലപൊക്കി.
വിദേശത്തും സ്വദേശത്തും ചോരനീരാക്കി അധ്വാനിച്ചതിന്റെ ഫലമായി സാമ്പത്തിക ഉന്നമനം ഉണ്ടായി. ജീവിതനിലവാരത്തില്‍ അത് പ്രതിധ്വനിക്കാന്‍ തുടങ്ങി. സാമൂഹിക-സാംസ്‌കാരിക- രാഷ്ട്രീയരംഗത്തും പ്രവര്‍ത്തനശേഷിയുമായി പലരും മുന്നോട്ടുവന്നു. കമ്യുണിസ്റ്റാശയങ്ങള്‍ വേരുപിടിക്കാന്‍ പറ്റുന്ന അന്തരീക്ഷമല്ലായിരുന്നു പടന്ന പ്രദേശം. അവിടെനിന്ന് ഒരു മുസ്‌ലിം സ്ത്രീ കമ്യൂണിസ്റ്റ് ആശയവുമായി സഹകരിക്കുകയും പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തു എന്നത് അത്ഭുതത്തോടെയാണ് ഞാന്‍ നോക്കിക്കണ്ടത്.

പത്രമാധ്യമങ്ങളിലുടെ പി.സി.സുബൈദ എന്ന മഹിളാ സഖാവിനെക്കുറിച്ച് വായിച്ചറിഞ്ഞപ്പോള്‍ അവരെങ്ങനെ ഇതിനുളള ത്രാണി കാണിച്ചു എന്നറിയാന്‍ ആഗ്രഹം തോന്നി. വളരെക്കാലമായുളള ഒരാഗ്രഹമായിരുന്നു ഇതെങ്കിലും ഇക്കഴിഞ്ഞ ദിവസം പടന്നയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍ തുടങ്ങുന്ന സ്മാര്‍ട്ട് ക്ലാസിന്റെ ഉദ്ഘാടന വേളയില്‍ നേരിട്ടു കണ്ടപ്പോഴാണ് തമ്മില്‍ സംസാരിക്കാന്‍ ഇടയായത്.

അന്നു മറ്റു പല പരിപാടികളിലും പങ്കെടുക്കേണ്ടതിനാല്‍ വീണ്ടും വിളിക്കാമെന്നു പറഞ്ഞ് പിരിഞ്ഞു. രാത്രി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സുബൈദ അവരുടെ ജീവിതാനുഭവങ്ങള്‍ പറഞ്ഞതിങ്ങനെയാണ് - 'കമ്യൂണിസ്റ്റ് ആശയങ്ങളോട് ചെറുപ്പത്തിലേ ആഭിമുഖ്യം തോന്നി. നാട്ടിലെ തൊഴിലെടുത്തു ജീവിക്കുന്ന സ്ത്രീകളെ സംഘടിപ്പിക്കാനും സമരം ചെയ്യാനുമൊക്കെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ താല്‍പ്പര്യമായിരുന്നു. എട്ടാംക്ലാസ് വരെയേ വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞുളളൂ. പടന്നയുടെ പഴയ നാട്ടുനടപ്പനുസരിച്ച് ചെറിയ പ്രായത്തില്‍ ഭാര്യയാകേണ്ടിവന്നു. പഠനം മുടങ്ങി. മുടങ്ങിയ പഠനം തുടങ്ങണമെന്ന മോഹം മനസ്സിനെ വല്ലാതെ മദിച്ചു. എസ്.എസ്.എല്‍.സി വരെയെങ്കിലും പഠിക്കണമെന്നും പാസാകണമെന്നും ഉളള ആഗ്രഹം സഫലമായത് 34 -മത്തെ വയസിലാണ്.' പാര്‍ട്ടി മെമ്പര്‍ഷിപ്പ് ലഭിച്ചതും നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നതും മറ്റും പറയുമ്പോഴും കൃത്യമായി അളന്നു മുറിച്ച വാക്കുകളിലൂടെയാണ് പ്രതികരിച്ചത്. കുടുംബശ്രീ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടപ്പോഴാണ് അല്‍പ്പം പുറത്തിറങ്ങി കാര്യങ്ങള്‍ ചെയ്യാനുളള അവസരം ലഭ്യമായത്.

അയല്‍ക്കൂട്ടത്തിന്റെ പ്രസിഡന്റായി. അപ്പോഴേക്കും ചെറുപ്പകാലത്തുണ്ടായിരുന്ന പ്രവര്‍ത്തന മോഹങ്ങള്‍ ചിറകുവിരിക്കാന്‍ തുടങ്ങി. മഹിളാ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതിലൂടെ സി.പി.എമ്മിന്റെ അനുഭാവി ഗ്രൂപ്പില്‍ നിന്നു പ്രവര്‍ത്തിച്ചു.
2002 ല്‍ സി.പി.എം മെമ്പര്‍ ഷിപ്പ് കിട്ടി. മഹിളാ അസോസിയേഷന്റെ ഏരിയാ പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സി.പി.എമ്മിന്റെ ഏരിയാ കമ്മിറ്റി മെമ്പറാണ്. പടന്ന പോലുളള പ്രദേശത്തുനിന്ന് ഒരു സ്ത്രീയായ നിങ്ങള്‍ക്ക് അതും ഒരു മുസ്‌ലിം സ്ത്രീയായ നിങ്ങള്‍ക്ക് സമൂഹത്തില്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുമ്പോള്‍ പ്രയാസങ്ങളൊന്നും അനു'വിക്കേണ്ടിവന്നില്ലേ എന്ന ചോദ്യത്തിന് ഉത്തരം പെട്ടെന്നായിരുന്നു. അതിനുളള കരുത്ത് പകര്‍ന്നുകിട്ടിയത് എന്റെ ഭര്‍ത്താവില്‍ നിന്നാണ്. അദ്ദേഹവും പാര്‍ട്ടി മെമ്പറാണ്. 2001 ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഫോണിലൂടെയുളള ഭീക്ഷണിപ്പെടുത്തല്‍ ഉണ്ടായി പക്ഷേ, അതൊക്കെ വളരെ പെട്ടെന്ന് കെട്ടടങ്ങി.

പടന്നയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണിത്. ഒരു മുസ്‌ലിം സ്ത്രീ രാഷ്ട്രീയരംഗത്ത് സജീവമാകുക, അതും ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ നെടുനായകത്വം വഹിക്കുന്ന സി.പി.എമ്മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക എന്നത് പലര്‍ക്കും സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അതിനെയൊന്നും ഭയപ്പെടാതെ പിടിച്ചു നിന്നു. ഒപ്പമുളള പാര്‍ട്ടി സഖാക്കള്‍ കരുത്തുപകര്‍ന്നു. ഇന്നു മറ്റു പാര്‍ട്ടിയില്‍പ്പെട്ടവര്‍കൂടി എനിക്ക് സ്‌നേഹവും ബഹുമാനവും തരുന്നു. സ്ത്രീ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടു. അതിനു ഞാന്‍ കക്ഷിരാഷ്ട്രീയം നോക്കാറില്ല. പാവപ്പെട്ടവരുടെ വേദനയും കഷ്ടപ്പാടും ശരിക്കും അറിയുന്ന വ്യക്തി എന്ന നിലയില്‍ അവര്‍ക്ക് സാന്ത്വനമേകാന്‍ ഞാന്‍ മുന്നിട്ടുനിന്ന് പ്രവര്‍ത്തിച്ചു. അതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പില്‍ കണ്ടു. എന്റെ വാര്‍ഡില്‍, കക്ഷിഭേദം മറന്ന് എനിക്ക് വോട്ടുനല്‍കി. ഞാന്‍ നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു.

പടന്ന പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ അനുഭവിക്കുന്ന പ്രയാസങ്ങളും സന്തോഷങ്ങളും പറയാന്‍ പറ്റുമോ എന്നതിനുളള പ്രതികരണവും എളുപ്പമുണ്ടായി. 'അഭിമാനവും സന്തോഷവും തോന്നുന്നു. പഞ്ചായത്തില്‍ മൊത്തം എന്തെങ്കിലും ചെയ്യാനുളള അവസരമാണ് ലഭിച്ചതെന്ന പൂര്‍ണ്ണബോധം ഉണ്ട്. അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.  മതവും രാഷ്ട്രീയവും ഒരേ പോലെ കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ടൊന്നുമില്ല. തികഞ്ഞ ഈശ്വരവിശ്വാസിയാണ്. മതപരമായി എന്നില്‍ അര്‍പ്പിക്കപ്പെട്ട എല്ലാ കര്‍മ്മങ്ങളും ചിട്ടകളും ഞാന്‍ പാലിക്കുന്നുണ്ട്. പക്ഷേ, ഞാന്‍ അന്ധവിശ്വാസിയല്ല. മന്ത്രത്തിലും തന്ത്രത്തിലുമൊന്നും വിശ്വാസമില്ല. അതൊക്കെ ആളുകളെ വഞ്ചിക്കുന്ന ഏര്‍പ്പാടുകളാണ്. പുരോഗമന പരമായി ചിന്തിക്കുന്ന ഏതൊരാള്‍ക്കും ഇത്തരം കപടതയെ ഉള്‍ക്കൊളളാനാകില്ല എന്ന് സുബൈദ തറപ്പിച്ചുപറയുന്നു.

പിന്നെ എന്റെ ചോദ്യം സുബൈദയുടെ വസ്ത്രധാരണരീതിയെക്കുറിച്ചായി. പര്‍ദ്ദ ധരിച്ചു നടക്കുന്നതു കണുമ്പോള്‍, പുരോഗമനാശയം ഉള്‍ക്കൊളളാത്ത വ്യക്തിയായി തോന്നിപ്പോകുന്നല്ലോ എന്ന എന്റെ പ്രതികരണത്തിലും ഉറച്ച നിലപാടില്‍ നിന്നുകൊണ്ടുളള മറുപടി വന്നു. പര്‍ദ്ദ തന്നെ വേണമെന്ന നിര്‍ബന്ധമൊന്നുമില്ല. പക്ഷേ ഈ വേഷത്തിനു ഒരു ഗുണമുണ്ട്. സുബൈദ തന്റെ അഭിപ്രായം പറഞ്ഞതിങ്ങനെ-എനിക്ക് എന്നെ ശ്രദ്ധിക്കാതെ യാത്ര ചെയ്യാം. ഈ ഡ്രസ്സില്‍ സുരക്ഷിതത്വം തോന്നുന്നു. കഴുകക്കണ്ണോടെ പെണ്‍രൂപങ്ങളെ ശ്രദ്ധിക്കുന്ന പുരുഷന്മാരില്‍ നിന്ന് രക്ഷപ്പെടാം. പക്ഷേ കണ്ണുമാത്രം വെളിയില്‍ കാണിച്ചു നടക്കുന്ന വേഷത്തോട് എനിക്ക് അതിയായ വിരോധമുണ്ട്. ഇപ്പോള്‍ തിരക്കുപിടിച്ച ജീവിതമാണ്. ജില്ലയിലായാലും സംസ്ഥാനത്തിനകത്തും പുറത്തുമായാലും പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി പരിപാടിയില്‍ പങ്കെടുക്കും. യാത്രചെയ്യാനൊന്നും ഒരു ബുദ്ധിമുട്ടും ഇപ്പോള്‍ അനുഭവപ്പെടുന്നില്ല. എല്ലാ ഭാഗത്തുനിന്നും പ്രോത്സാഹനം ലഭിക്കുന്നുണ്ട്. അതു തന്നെയാണ് ഈ രംഗത്തു പ്രവര്‍ത്തിക്കാനുളള എന്റെ കരുത്തും. സുബൈദ ദൃഢ സ്വരത്തില്‍ പറഞ്ഞു നിര്‍ത്തി.

നാല്‍പതിനോടടുത്തു നില്‍ക്കുന്ന സുബൈദ ഇപ്പോഴും ചുറുചുറുക്കോടെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളിയാവുന്നുണ്ട്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ അനുഗ്രഹമാണ്. ബിസിനസുകാരനായ ടി.പി. മുഹമ്മദ്കുഞ്ഞിയാണ് ഭര്‍ത്താവ്. മൂന്നു മക്കള്‍. ഷമീറ, ഇമ്രാന്‍, ഇര്‍ഫാന്‍. വടക്കന്‍ കേരളത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന ഈ മുസ്‌ലിം വനിതാ കമ്മ്യൂണിസ്റ്റുകാരി ഭരണതലത്തിലും, രാഷ്ട്രീയ തലത്തിലും ഉയരങ്ങള്‍ കീഴടക്കുമെന്ന് പ്രതീക്ഷിക്കാം.

മലബാറില്‍ നിന്ന് ഒരു മുസ്‌ലിം കമ്മ്യൂണിസ്റ്റുകാരി -കൂക്കാനം റഹ്മാന്‍

Keywords: Article, Kookanam-Rahman

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia