city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണിയാശാന്‍ ഇനിയും പലതവണ മന്ത്രിയാവണം: എന്‍ എ നെല്ലിക്കുന്ന്

നേര്‍ക്കാഴ്ച്ചകള്‍ /പ്രതിഭാരാജന്‍

(www.kasargodvartha.com 29.05.2017) ഊര്‍ജ്ജവകുപ്പു മന്ത്രി മാത്രമല്ല, വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായി ഇനിയും വാഴട്ടെ എം.എം മണിയെന്ന് ആശിര്‍വദിച്ചു കൊണ്ടാണ് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ആശംസാ പ്രസംഗം തുടങ്ങിയത്. പത്രത്തിലൊക്കെ നമ്മള്‍ വായിച്ചു മനസിലാക്കിയ പോലുള്ള ആളല്ല നമ്മുടെ മന്ത്രിയെന്ന് ഇപ്പോള്‍ നിങ്ങള്‍ക്കും ബോധ്യമായിക്കാണുമല്ലോ എന്നും നെല്ലിക്കുന്ന് പറഞ്ഞു.

സമ്പൂര്‍ണ വൈദ്യുതി സമൃദ്ധ ജില്ലയായി മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപന വേദിയില്‍ വെച്ചായിരുന്നു നെല്ലിക്കുന്നിന്റെ ആശിര്‍വാദം. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെ പ്രസംഗത്തോടൊപ്പം ആംഗ്യ ഭാഷ കൂടി ആസ്വദിക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പാലക്കുന്നിലായിരുന്നു വേദി. പ്രസംഗം തുടങ്ങും മുമ്പെത്തന്നെ കൈയ്യടി ആരംഭിച്ചിരുന്നു.

വി.എസിന്റെ നീട്ടി വലിച്ചുള്ള പ്രസംഗം കേട്ടു പരിചയിച്ച ഉദുമക്കാര്‍ക്ക് മണി പുത്തന്‍ അനുഭവമായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ അടക്കമുള്ള നിരവധി പേര്‍ ഒപ്പം ചേര്‍ന്ന് സെല്‍ഫി എടുത്തു.

മണിയാശാന്‍ ഇനിയും പലതവണ മന്ത്രിയാവണം: എന്‍ എ നെല്ലിക്കുന്ന്


യു.ഡി.എഫ് വന്നപ്പോഴും ഇവിടെ പല കാര്യങ്ങളും ചെയ്തു വെച്ച് പോയിട്ടുണ്ടെന്ന കാര്യം ഇപ്പോള്‍ ഞങ്ങള്‍, ഇടതുപക്ഷക്കാര്‍ മറച്ചു പിടിച്ചിട്ടൊന്നും ഒരു കാര്യവുമില്ലെന്ന് തുറന്നടിച്ചതാണ് പ്രതിപക്ഷ എം.എല്‍.എമാരെ രസിപ്പിച്ചത്. വേദിയിലിരുന്ന എന്‍.എ നെല്ലിക്കുന്ന് അടക്കം കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. ജനം കൂവിയും, വിസിലൂതിയും ആഹ്ലാദം പ്രകടിപ്പിച്ചു.

കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നമെന്നത് കേന്ദ്രത്തിന്റെ പരിഗണന വേണ്ടെത്ര ലഭിക്കുന്നില്ലെന്നതാണെന്ന് മണി പറഞ്ഞു. അതു കൊണ്ടു തന്നെ നമ്മള്‍ പിന്നിലാവുന്നു. നമ്മുടെ പൂര്‍വ്വികര്‍ ഐക്യ കേരളത്തിനു മുമ്പും പിമ്പും, അതിനു മുമ്പുള്ള രാജഭരണ കാലത്തും നാട്ടില്‍ കുറെ പുരോഗതികള്‍ കൊണ്ടു വന്നു പോയി എന്ന കാരാണത്താലാണ് നമ്മെ ഇപ്പോള്‍ കേന്ദ്രം തള്ളുന്നത്.

ഇന്ത്യയിലെ ഏതു സംസ്ഥാനത്തേക്കാളും ഉയര്‍ന്ന നിലപാടും ബോധവും നമുക്കുണ്ട്. നമ്മുടെ സാമൂഹ്യ സുരക്ഷിതത്വം പാകപ്പെട്ട ഒന്നാണ്. ഇതൊക്കെ ചൂണ്ടിക്കാണിച്ച് കേരളം മുന്നിലാണെന്ന് പറഞ്ഞാണ് കേന്ദ്രം നമ്മെ പിന്നിലാക്കുന്നത്. അങ്ങനെ നാം കൊടിയ അവഗണനക്ക് പാത്രമാകുന്നു. ഇത്തരം മികവുകളൊക്കെ ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇനിയും നേടിയെടുക്കാന്‍ കഴിയാത്ത കാര്യമാണ്. കേന്ദ്രം മാത്രമല്ല, ഇങ്ങനെ കരുതി വെച്ചിരിക്കുന്നതില്‍ വിദേശ രാജ്യങ്ങളും പെടും. അവര്‍ പറയുന്നത് ഇത് ദൈവത്തിന്റെ സ്വന്തം നാടാണെന്നാണ്.

ദൈവത്തിന്റെ സ്വന്തം നാടാണിതെന്നും മറ്റും ഞാന്‍ തത്വത്തില്‍ അംഗീകരിക്കുന്നില്ലെങ്കിലും ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ വെച്ച് കേരളം വേറിട്ടു നില്‍ക്കുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് മണി കൈയ്യും തലയും കുലുക്കി സമ്മതിച്ചപ്പോള്‍ ജനം പൊട്ടിച്ചിരിച്ചും കൈയ്യടിച്ചും കൂടെകൂടി. ജില്ല കൈവരിച്ച ഈ വിജയത്തിന് ജില്ലാ കലക്ടറെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല.

സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്ന വെളിച്ച വിപ്ലവത്തിന്റെ ഭാഗമായുള്ള മുഴുവന്‍ വീട്ടിലും വൈദ്യുതി എന്ന പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനമായിരുന്നു ചടങ്ങ്. വൈദ്യുതി ബോര്‍ഡാണ് ചടങ്ങ് സംഘടിപ്പിച്ചത്. ജില്ലയില്‍ നിന്നും ലഭിച്ച 8,141 അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചു കൊണ്ടാണ് ബോര്‍ഡ് ഈ നേട്ടത്തിലെത്തിച്ചേര്‍ന്നത്. 1,614 പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവരുടേയും, 2,310 പട്ടിക ജാതിയില്‍ പെട്ടവരുടേയും, അപേക്ഷക്ക് തീര്‍പ്പ് കല്‍പ്പിക്കാന്‍ ബോര്‍ഡിനു കഴിഞ്ഞു. ഇതില്‍ 7,179 പേര്‍ ബി.പി.എല്‍ ലിസ്റ്റില്‍ പെട്ടവരാണ്. 8,24,40,099 രൂപയാണ് പദ്ധതി വിജയത്തിനു വേണ്ടി ചിലവാക്കിയതെന്ന് ചീഫ് എന്‍ജിനീയര്‍ കൃഷ്ണന്‍ അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സഹായിച്ചു. മഞ്ചേശ്വരം എം.എല്‍.എ അബ്ദുല്‍ റസാഖ് അദ്ദേഹത്തിന്റെ ഫണ്ടില്‍ നിന്നും തുക അനുവദിച്ചു. വൈദ്യുതി ബോര്‍ഡിന്റെ തനത് ഫണ്ടിലേക്ക് തന്നു. എല്ലാം ചേര്‍ത്ത് 3,09,16,273 രൂപ ഇങ്ങനെ ശേഖരിച്ചത്. 173.85 കി.മി സിംഗിള്‍ ഫേസ് ലൈനും, 3 കി.മി ത്രീഫേസ് ലൈന്‍ വലിക്കാനും തുക ചിലവിട്ടു. സ്വന്തമായി വയറിങ്ങ് നടത്താന്‍ പ്രാപ്തിയില്ലാത്ത കുടുംബങ്ങളെ തെരഞ്ഞു പിടിച്ച് വൈദ്യൂതി ബോര്‍ഡ് ജീവനക്കാരും, വ്യാപാരികളും മറ്റും ചേര്‍ന്ന് വൈദ്യൂതീകരിച്ചു നല്‍കി.

ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരുടെ വിശ്രമ രഹിത പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇത് സാധിച്ചെടുക്കാനായതെന്ന് ചീഫ് എന്‍ജിനീയര്‍ പറഞ്ഞു. പി. കരുണാകരന്‍ എം.പി അദ്ധ്യക്ഷത വഹിച്ചു. ചീഫ് എന്‍ജിനീയര്‍ കുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, അബ്ദുല്‍റസാഖ് എം.എല്‍.എ, എം. രാജഗോപാലന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍, കലക്ടര്‍ ജീവന്‍ ബാബു, കാസര്‍കോട് ജില്ലാ ചെയര്‍പേര്‍സണ്‍ ബീഫാത്തിമാ ഇബ്രാഹിം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗൗരിക്കുട്ടി തുടങ്ങിയ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, N.A.Nellikunnu, Palakunnu, District Collector, Electricity, M.M Mani, P. Karunakaran MP, M.M Mani should be minister more times; N.A Nellikkunnu.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia