city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടി എ ഇബ്രാഹിം കാസര്‍കോടിന്റെ കനല്‍വഴി താണ്ടിയ മതേതരവാദി

എ അബ്ദുര്‍ റഹ് മാന്‍

(www.kasargodvartha.com 10/08/2016)
കാസര്‍കോടിന്റെ കനല്‍വഴി താണ്ടിയ മതേതര വാദിയായിരുന്നു ടി എ ഇബ്രാഹിം സാഹിബ്. മുസ്ലിംലീഗിന്റെ സമുന്നത നേതാവും മുന്‍ എം എല്‍ എയുമായിരുന്ന ടി എ ഇബ്രാഹിം സാഹിബ് നമ്മെ വിട്ടുപിരിഞ്ഞ് 38 വര്‍ഷം പിന്നിടുന്നു. 1978 ആഗസ്ത് പത്തിനാണ് തിരുവനന്തപുരത്ത് വെച്ച് ഇബ്രാഹിം സാഹിബ് ഈ ലോകത്തോട് യാത്രപറഞ്ഞത്. 1977ല്‍ കാസര്‍കോട് നിയോജകമണ്ഡലത്തില്‍ നിന്നും എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബി എം അബ്ദുര്‍ റഹ്്മാനെ 6783 വോട്ടിന് തോല്‍പ്പിച്ചാണ് ടി എ ഇബ്രാഹിം നിയമസഭയിലെത്തിയത്.

എം എല്‍ എ എന്നനിലയിലും ദീര്‍ഘകാലം കാസര്‍കോട് പഞ്ചായത്ത് - നഗരസഭ അംഗമെന്ന നിലയിലും നാടിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാനും സമഗ്രപദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും അവസാന ശ്വാസം വരെ ശബ്ദമുയര്‍ത്തുകയും ഭരണാധികാരികളുടെ മുന്നില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്ത ടി എ ഇബ്രാഹിം ആധുനിക കാസര്‍കോടിന്റെ വികസന ശില്‍പിയായിരുന്നു. പിന്നീട് വന്ന ജനപ്രതിനിധികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും എന്നും മാതൃകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗില്‍ സംഘടനാ സംവിധാനം പട്ടാളച്ചിട്ടയോടെ കൈകാര്യം ചെയ്ത അദ്ദേഹം തികഞ്ഞ മതേതര വാദിയും ജനാധിപത്യ വിശ്വാസിയും മാന്യനായ രാഷ്ട്രീയക്കാരനുമായിരുന്നു. മുസ്്‌ലിം ലീഗില്‍ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരു പോലെ കാണുകയും പാര്‍ട്ടി പ്രവര്‍ത്തകരുടെ ദുഖങ്ങളിലും സന്തോഷങ്ങളിലും പങ്കാളിയാവാന്‍ സദാസമയവും സന്നദ്ധനായിരുന്ന ജനനായകനായിരുന്നു ഇബ്രാഹിം സാഹിബ്. പാര്‍ട്ടിയില്‍ അനീതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ശക്തമായി പ്രതികരിക്കുകയും അച്ചടക്കം നിലനിര്‍ത്തുന്നതിന് ആരുടെയും മുഖം നോക്കാതെ കര്‍ശന നിലപാട് സ്വീകരിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. ഒരിക്കലും അധികാരത്തിന്റെ പിന്നാലെ ഓടാന്‍ തയാറായിരുന്നില്ല എന്ന് മാത്രമല്ല, തേടി വന്ന സ്ഥാനമാനങ്ങള്‍ നിരാകരിക്കുകയായിരുന്നു.

1977ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്നും ടി എ ഇബ്രാഹിമിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം അതിന് തയാറായാവാത്തതിനാല്‍ കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പാര്‍ട്ടിക്ക് മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് എല്ലാ ഭാഗത്തുനിന്നുമുണ്ടായ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മത്സരിക്കാന്‍ സമ്മതം മൂളിയതെന്ന് പഴയകാല നേതാക്കന്മാര്‍ പറയാറുണ്ടായിരുന്നു. പ്രസ്ഥാനം പ്രതിസന്ധി നേരിട്ടപ്പോഴും നാട്ടിലെ പ്രമാണിമാരും പണക്കാരും പാര്‍ട്ടിക്ക് എതിരായിരുന്നപ്പോഴും മുസ്്‌ലിംലീഗിന്റെ പ്രവര്‍ത്തന രംഗത്ത് പാറപോലെ ഉറച്ചു നില്‍ക്കുകയും ധീരമായി നേതൃത്വം നല്‍കുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കരുത്ത് പകരുകയും ചെയ്ത അദ്ദേഹം പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ നാടുനീളെ ഓടിനടന്നു.

എനിക്ക് ശേഷം പ്രളയം എന്നത് അദ്ദേഹത്തിന്റെ രീതിയായിരുന്നില്ല. സംഘടനയിലെ സഹപ്രവര്‍ത്തകരെയും യുവാക്കളെയും അവരവരുടെ കഴിവ് കണ്ടെത്തി വളര്‍ത്തിയെടുക്കാനും പ്രോത്സാഹിപ്പിക്കാനും സ്ഥാനമാനങ്ങള്‍ ലഭ്യമാക്കാനും പ്രത്യേകം താല്‍പര്യം കാണിച്ചിരുന്ന ടി എ ഇബ്രാഹിം സാഹിബിന് വലിയവനും ചെറിയവനുമുണ്ടായിരുന്നില്ല. എല്ലാവരുടെയും തോളില്‍ കയ്യിട്ട് നടന്നിരുന്ന അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എന്നും ആവേശവും അതിലേറെ ധൈര്യവുമായിരുന്നു.

പിന്നോക്കം നില്‍ക്കുന്ന നാടിന്റെ വികസനത്തിനും പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്നതിനും മനുഷ്യസ്‌നേഹിയായ അദ്ദേഹം ചെയ്ത സേവനങ്ങള്‍ തലമുറകള്‍ക്ക് മറക്കാന്‍ കഴിയില്ല. മസ്ലിം ലീഗിന്റെ പ്രവര്‍ത്തന രംഗത്ത് സമഭാവനയും സ്‌നേഹസമ്പൂര്‍ണമായ പെരുമാറ്റവും കൊണ്ട് എല്ലാവിഭാഗം ജനങ്ങളെയും തന്നിലേക്കും പാര്‍ട്ടിയിലേക്കും അടുപ്പിച്ച ഇബ്രാഹിം സാഹിബ് എല്ലാവരുടെയും ഉറ്റതോഴനായിരുന്നു. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായി പുസ്തകങ്ങളെ സ്‌നേഹിക്കുകയും സമ്പാദിക്കുകയും ചെയ്ത അദ്ദേഹം പലരെയും വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയിട്ടുണ്ടെന്നും അനുഭവസ്ഥര്‍ പറയുന്നു. ടി എ ഇബ്രാഹിമിന്റെ സ്‌നേഹാദരവുകള്‍ പിടിച്ചുപറ്റാന്‍ സാധിച്ചിരുന്ന റഹ് മാന്‍ തായലങ്ങാടിക്കും പരേതനായ കെ എം അഹ്മദ് മാഷിനും അദ്ദേഹത്തെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം എപ്പോഴും ആയിരം നാക്കായിരുന്നു.

മണ്‍മറഞ്ഞ് 38 വര്‍ഷം പിന്നിട്ടിട്ടും കാസര്‍കോട്ടെ ജനങ്ങള്‍ ഇന്നും ആദരവോടെ മനസില്‍ കൊണ്ടു നടക്കുന്ന ടി എ ഇബ്രാഹിമിനെ അദ്ദേഹത്തിന്റെ എല്ലാ ചരമവാര്‍ഷികത്തിലും മുസ്്‌ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ച് ഓര്‍മ്മ പുതുക്കാറുണ്ട്. ഇന്ന് (ബുധന്‍) വൈകിട്ട് നാലുമണിക്ക് കാസര്‍കോട് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ പുതുക്കും. ഒരു കാലഘട്ടത്തിന്റെ ശക്തിയും ചൈതന്യവുമായിരുന്നു ടി എ ഇബ്രാഹിം സാഹിബ്. ആ കര്‍മ്മധീരന്‍ കാസര്‍കോടുകാരുടെ മനസുകളില്‍ മരിക്കാത്ത ഓര്‍മ്മയായി എന്നും നിലനില്‍ക്കും.

ടി എ ഇബ്രാഹിം കാസര്‍കോടിന്റെ കനല്‍വഴി താണ്ടിയ മതേതരവാദി

Keywords: TA Ebrahmi, Kasaragod, Ex. MLA, Article, STU Abdul-Rahman, A Abdul Rahman, Memories of TA Ebrahim

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia