city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റഹീമുച്ച.. സ്‌നേഹത്തിന്റെ നിറകുടം

(അനുസ്മരണം)

(www.kasargodvartha.com 03.07.2016) കഴിഞ്ഞ ദിവസം നമ്മോടൊക്കെ വിട പറഞ്ഞ് പോയ പ്രിയപ്പെട്ട റഹീമുച്ചാനെക്കുറിച്ച് അല്‍പ്പമെങ്കിലും എഴുതിയില്ലങ്കില്‍ നമ്മോട് കാണിച്ച സ്‌നേഹ വായ്പിന് പകരമാകില്ല. റഹീമുച്ച ...നിങ്ങള്‍ ഞങ്ങളെയൊക്കെ ഒരു പാട് കരയിപ്പിച്ച് റബ്ബിന്റെ സന്നിധിയിലേക്ക് പോയി അല്ലെ.  അല്ലാഹ്.. വിശ്വസിക്കാനാകുന്നില്ല. 'കണക്ടിംഗ് പട്‌ള' വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ എം എ മജീദ് സാഹിബിന്റെ വോയ്‌സ് പ്ലേ ചെയ്യുമ്പോള്‍ ഒരിക്കലും വിചാരിച്ചില്ല, അത് താങ്കളുടെ വിയോഗ വാര്‍ത്തയായിരിക്കുമെന്ന്. വോയ്‌സ് വ്യക്തമാകാത്തതാണോ എന്ന് നിനച്ച് ചെവിയോട് ചേര്‍ത്ത്  പിടിക്കാനൊരുങ്ങുമ്പോള്‍ രണ്ടാമത്തെ വോയ്‌സും വന്നു. മജല്‍ റഹീമുച്ച മരിച്ചിരിക്കുന്നു എന്ന്.

വിറയാര്‍ന്ന ചുണ്ടുകളോടെ ഇന്നാ ലില്ലാഹി...പൂര്‍ത്തിയാക്കിയോ എന്നോര്‍മ്മയില്ല. പിന്നെയുളള വോയ്‌സുകളില്‍ പലരും വിങ്ങിപ്പൊട്ടുന്നതും കണ്ഡങ്ങള്‍ ഇടറുന്നതും താങ്കളോടുളള ബന്ധങ്ങളുടെ ആഴം അറിയിക്കുന്നതായിരുന്നു. ചില മരണങ്ങള്‍ അങ്ങിനെയാണ്. നമ്മെ ഒരു പാട് വേദനിപ്പിക്കും.

എല്ലാ ആത്മാക്കളും മരണത്തെ രുചിക്കുക തന്നെ ചെയ്യും എന്ന റബ്ബിന്റെ പരിശുദ്ധ വാക്യം വിസ്മരിക്കാനാവില്ല. എന്നാലും റഹീമുച്ച ഇലാഹീ സന്നിധിയിലേക്ക് അല്‍പ്പം മുമ്പെ നടന്നു അല്ലെ. റഹീമുച്ചാ.. നിങ്ങളുടെ വേര്‍പ്പാട് ഞങ്ങളെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. കാരണം ഈ ചെറിയ പുരുഷായുസ്സ് മുഴുവനും ഞങ്ങള്‍ക്കൊക്കെ കടലോളം സ്‌നേഹമല്ലേ വാരിക്കോരി തന്നത്. പട്‌ളയിലെ മുക്കിലും മൂലയിലും സദാ പുഞ്ചിരിക്കുന്ന മുഖവുമായി സാന്നിദ്ധ്യമറിയിച്ചിരുന്ന അങ്ങയെ മറക്കാനോ മനസ്സിലെ മുറിവുണക്കാനോ കാലം ഏറെ വേണ്ടി വന്നേക്കാം.

കോരിച്ചെരിയുന്ന മഴയത്തും താങ്കളുടെ വിയോഗ വാര്‍ത്തയറിഞ്ഞ് തടിച്ച് കൂടിയ എല്ലാവരുടെ വാക്കുകളിലും നിങ്ങളുടെ നന്മയെക്കുറിച്ചായിരുന്നല്ലോ പറയാനുണ്ടായിരുന്നത്. ആര് മരിച്ചാലും അവരുടെ നന്മകളേ പറയാവൂ എന്ന ഇസ്ലാമിക വീക്ഷണത്തിന്റെ ഒരു ഭംഗി വാക്കായിരുന്നില്ല  റഹീമുച്ചാ അത്. അവരുടൊയൊക്കെ ഓരോ വാക്കുകളും ഹൃദയത്തില്‍ തട്ടിയുളളതായിരുന്നു.

പുണ്യം പൂക്കുന്ന പരിശുദ്ധ റമദാനില്‍ നോമ്പുകാരനായി അതും അല്ലാഹുവിന്റെ ഭവനത്തില്‍, നമ്മുടെ പ്രിയ പ്രവാചകന്റെ തിരു നാവ് കൊണ്ട്  പറഞ്ഞ സ്വര്‍ഗ്ഗത്തില്‍ നിന്നുളള ഒരു തോപ്പായ ഇല്‍മിന്റെ മജ്‌ലിസില്‍. അസൂയ തോന്നുന്നു താങ്കളുടെ മരണത്തില്‍. താങ്കളുടെ വിയോഗത്തില്‍  കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടുമ്പോള്‍ ഞങ്ങളൊക്കെ ഉറച്ച് വിശ്വസിക്കുന്നു. പട്‌ള ജുമാ മസ്ജിദിന്റെ ഓരത്ത് ആറടി മണ്ണിനടിയില്‍ കിടക്കുന്ന താങ്കളോട് അനുഗ്രഹത്തിന്റെ മാലാഖമാര്‍ മന്ത്രിക്കുന്നുണ്ടാകണം.. ഒരു പുതുമണവാളനെപ്പോലെ ഉറങ്ങിക്കോളൂ എന്ന്.

ആ മധുരിക്കുന്ന മന്ത്രോച്ചാരണവും കേട്ട് അങ്ങ് ശാന്തമായി ഉറങ്ങുമ്പോള്‍ ഞങ്ങള്‍ വിതുമ്പുന്ന മനസ്സുമായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു നാഥാ ഞങ്ങളുടെ റഹീമുച്ചാന്റെ പരലോക ജീവിതം പ്രകാശപൂരിതമാക്കണേ... ആമീന്‍

ബി എം പട്‌ള, അബൂദാബി 


റഹീമുച്ച.. സ്‌നേഹത്തിന്റെ നിറകുടം

Keywords:  Memorial, Article, Death, Love, Ramadan, Raheem Majal, Memories.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia