city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചരിത്രത്തിലേക്ക് നടന്ന് പോയ പാദൂര്‍ കുഞ്ഞാമു ഹാജി

അനുസ്മരണം / ഖാദര്‍ കണ്ണമ്പള്ളി

(www.kasargodvartha.com 23.04.2017) ഒരു നാടിന്റെ അഭിമാനത്തിന്റെ പ്രതീകമായിരുന്ന പാദൂര്‍ കുഞ്ഞാമു ഹാജി നമ്മെ വിട്ട്പിരിഞ്ഞ് ഒരാണ്ട് തികയുകയാണ്. മറന്നോ നമ്മുടെ കുഞ്ഞാമൂച്ചാനെ, ഇല്ല, സാധ്യതയില്ല... കാരണം ജീവിതത്തില്‍ ഒരിക്കല്‍ കുഞ്ഞാമൂച്ചാനെ പരിചയപ്പെട്ട ആരും പിന്നീട് അദ്ദേഹത്തെ മറക്കില്ല. എത്രയോ രാഷ്ട്രീയ നേതാക്കള്‍ നമ്മളില്‍ നിന്ന് മണ്‍മറഞ്ഞ് പോയിട്ടുണ്ട്. അവരില്‍ പലരും നമ്മുടെ ഓര്‍മ്മയില്‍ പോലും വരാറില്ല. പക്ഷേ കുഞ്ഞാമുച്ച ഇല്ലാത്ത ഒരു വര്‍ഷം വലിയൊരു വിടവായി നമുക്ക് തോന്നാന്‍ കാരണം അദ്ദേഹവും നമ്മളും തമ്മിലുള്ള ആത്മ ബന്ധമായിരുന്നു.

കൂലിപ്പണിയെടുത്ത് ജീവിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരും സമ്പന്നനും പ്രമാണിയുമെല്ലാം കുഞ്ഞാമുച്ചാന്റെ അടുത്ത സുഹൃത്തുക്കളെ പോലെയായിരുന്നു. തന്റെ ആഡംബര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ വഴിയരികില്‍ പാവങ്ങളെ കണ്ടാല്‍ തന്റെ വാഹനം നിര്‍ത്തി എന്താടോ സുഖമാണോ എന്ന് ചോദിക്കാതെ കുഞ്ഞാമുച്ചാന്റെ വാഹനം മുന്നോട്ട് പോവില്ലെന്നുറപ്പാണ്. ഏത് പാതിരാത്രിയും എന്ത് ആവശ്യങ്ങള്‍ക്കും ആര്‍ക്കും കയറിച്ചെല്ലാവുന്ന വീടായിരുന്നു കുഞ്ഞാമു ഹാജിയുടെ വീട്. പക്ഷേ അദ്ദേഹത്തിന്റെ മരണത്തിന് തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ നമ്മോടെല്ലാം സുഖമാണോ എന്ന് ചിരിച്ച് കൊണ്ട് ചോദിക്കുമ്പോള്‍ ആ വലിയ മനുഷ്യന്റെ ആരോഗ്യ സ്ഥിതി എങ്ങനെയായിരുന്നു എന്ന് നമ്മളാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?.

ചരിത്രത്തിലേക്ക് നടന്ന് പോയ പാദൂര്‍ കുഞ്ഞാമു ഹാജി


എങ്ങനെയാണ് ഒരു മനുഷ്യന് ഇത്രയും ജനകീയനാവാന്‍ കഴിയുക. മാരകമായ അസുഖത്തിന്റെ പിടിയിലമര്‍ന്ന് മരണത്തെ മുഖാമുഖം കാണുമ്പോഴും അതിനെക്കാള്‍ പ്രാധാന്യം മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തോന്നണമെങ്കില്‍ അദ്ദേഹം ഒരു സാധാരണ നേതാവല്ല.

അത് കൊണ്ട് തന്നെയാണ് കുഞ്ഞാമു ഹാജിയുടെ ജീവിതം പൊതുജനങ്ങളുടെ ഹൃദയത്തിലായിപ്പോയത്. അദ്ദേഹത്തിന്റെ മരണ വിവരം അറിഞ്ഞപ്പോള്‍ ജാതി-മത-രാഷ്ട്രീയ-ആണ്‍-പെണ്‍-പ്രായ വ്യത്യാസമില്ലാതെ വിങ്ങിപ്പൊട്ടിയതും അദ്ദേഹത്തിന്റെ ജന സമ്മിതിയുടെ അളവ് കോലാണ്. കുഞ്ഞാമൂച്ചാനെ പോലെ കുഞ്ഞാമൂച്ചാ മാത്രം.

ഒന്നല്ല നൂറ് ആണ്ട് കഴിഞ്ഞാലും അദ്ദേഹം സാധാരണക്കാരുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോവില്ല.

അത് തന്നെയാണ് കുഞ്ഞാമൂച്ചാക്കുള്ള അംഗീകാരവും ദുആയും. ജനസേവനത്തിന് പല അവാര്‍ഡുകളും കുഞ്ഞാമുച്ചാനെ തേടിയെത്തിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ച്ച വെച്ച ഗ്രാമ പഞ്ചായത്തിനുള്ള അവാര്‍ഡ് ചെമ്മനാട് പഞ്ചായത്തിന് ലഭിച്ചത് കുഞ്ഞാമുച്ച പ്രസിഡണ്ടായപ്പോഴാണ്. കുഞ്ഞാമൂച്ചാനെ നമ്മുക്ക് സ്വര്‍ഗ്ഗത്തില്‍ കാണിച്ച് തരട്ടെ..

അദ്ദേഹം ഇല്ലാത്ത ഒരു വര്‍ഷം, ആ വിടവ് നികത്താന്‍ കാലം നമുക്ക് നല്‍കിയ ഒരു ഭാഗ്യമാണ് അദ്ദേഹത്തിന്റെ മകന്‍ ഷാനവാസ് പാദൂര്‍. പിതാവിന്റെ വഴിയേ ഏകദേശം അതേ സ്വഭാവത്തില്‍ സഞ്ചരിക്കുന്ന ഒരു മകനെയാണ് ഷാനവാസിലൂടെ നാം കാണുന്നത്. കുഞ്ഞാമൂച്ചാന്റെ പിന്‍ഗാമിയായി ജില്ലാ പഞ്ചായത്ത് മെമ്പറായ ഷാനവാസ് പാദൂര്‍ നാട്ടിലെ പൊതു രംഗത്ത് ഇതിനകം സജീവ സാന്നിധ്യമായി മാറിയിട്ടുണ്ട്.

കുഞ്ഞാമൂച്ചാന്റെ മാത്രം കഴിവ് കൊണ്ട് സ്ഥാപിതമായ ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി ഭരണ സമിതിയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഭരണ സമിതിയുടെയും നാട്ടുകാരുടെയും ആഗ്രഹ പ്രകാരം ഷാനവാസ് പാദൂര്‍ നിയമിതനായതും പാദൂരിന്റെ മകന് കിട്ടിയ വലിയ അംഗീകാരമാണ്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ 1995 ബാച്ചിലെ വിദ്യാര്‍ത്ഥി കൂടിയായ ഷാനവാസ് ആ ബാച്ച് നടത്തിയ കുറെ നല്ല പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.

കുഞ്ഞാമൂച്ചാന്റെ അവസാന കാലത്ത് ഉദുമ പഞ്ചായത്തിലെ ആടിയത്ത് ഒരു കുടിവെള്ള പ്രശ്‌നം വന്ന സമയത്താണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. ഷാനവാസ് പാദൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം ഏറ്റെടുത്തയുടന്‍ ആ വിഷയത്തില്‍ ഇടപെടുകയും, അടിയന്തിര നടപടി എന്ന നിലയില്‍ 1995 അക്ഷരമുറ്റം ബാച്ചിനെ കൊണ്ട് മഴക്കാലം വരെ അവിടെ ശുദ്ധ ജലം എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കിയതും കഴിഞ്ഞ ദിവസമാണ്.

ഷാനവാസിന്റെ പൊതു രംഗത്തുള്ള ഇടപെടലിന്റെ മറ്റൊരു ഉദാഹരണമാണ് ഫെബ്രുവരി 20 ലെ ചട്ടഞ്ചാല്‍ പ്രശ്‌നം. ചട്ടഞ്ചാല്‍ മേഖലയെ കഞ്ചാവടക്കമുള്ള ലഹരിയില്‍ മുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് താക്കീതായി ചട്ടഞ്ചാല്‍ ഐക്യ വേദി നടത്തിയ പ്രകടനത്തിന് നേതൃത്വം നല്‍കിയത് ഷാനവാസ് പാദൂര്‍ ആയിരുന്നു. ടൗണിലുള്ള കഞ്ചാവിന്റെ കേന്ദ്രങ്ങള്‍ ചട്ടഞ്ചാലിലെ യുവാക്കള്‍ അടിച്ച് നിരപ്പാക്കി തീയ്യിട്ടപ്പോള്‍ സമീപത്തുള്ള പെട്ടിക്കടകള്‍ തീയ്യില്‍ നിന്ന് സംരക്ഷിക്കാന്‍ യുവാക്കളോടൊപ്പം സജീവമായി രംഗത്തിറങ്ങിയതും ഷാനവാസ് ആയിരുന്നു.

പോലീസ് സേന ചട്ടഞ്ചാലിലെ ലഹരി വിരുദ്ധ പോരാളികള്‍ക്ക് നേരെ ലാത്തിയും ഗ്രനേഡുമായി ചീറി വന്നപ്പോള്‍ രക്ഷകനായി എത്തിയതും ഷാനവാസ് ആയിരുന്നു. നാളെ നമുക്ക് നല്ലൊരു നേതാവിനെ ഷാനവാസിലൂടെ ലഭിക്കുമെന്നുറപ്പാണ്. ജനകീയനായ പിതാവിന്റെ വഴിയെ ജന ഹൃദയങ്ങളില്‍ ജീവിക്കാന്‍ ഷാനവാസിനും ഭാഗ്യം ലഭിക്കട്ടെ.

Keywords:  Article., Padhur Kunhamu Haji, Remembrance, Memorial, Memories of Padhur Kunhamu Haji, Politics, Police, Chattanchal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia