city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുത്തലി, നീ ഇവിടെ തന്നെയുണ്ട്

സാദിഖ് കാവില്‍
(www.kasargodvartha.com 05.04.2017) ആരായിരുന്നു മുത്തലീ, നീയെനിക്ക്?. ബാല്യ കാല സുഹൃത്ത്, ഉറ്റമിത്രം.. അല്ല, അതൊന്നുമല്ല. കാവില്‍ കുടുംബത്തിലെ ഒരംഗമായിരുന്നു നീ. എന്റെ സഹോദരന്‍. നാല് പതിറ്റാണ്ടിലെ ജീവിത നാള്‍വഴികളില്‍ സന്തോഷസന്താപങ്ങളില്‍ കൂടെ നിന്നവന്‍. യാഥാര്‍ത്ഥ്യത്തിന്റെ ചൂടും ചൂരും നിറഞ്ഞ ദിനരാത്രങ്ങളില്‍ ഒരു പുഞ്ചിരി കൊണ്ട്, ഒരു തമാശകൊണ്ട് മനസിലെ തീ കെടുത്തിയവന്‍.. മുത്തലീ, നീ ഞങ്ങളുടെ ആരൊക്കെയോ ആയിരുന്നു.

എല്ലാ ദിവസവും എന്റെ ഉമ്മ തറവാട് വീടിന്റെ കോലായയില്‍ വഴിക്കണ്ണുമായി നിന്നെ കാത്തിരിക്കുന്ന രംഗം ഇപ്പോഴും മനോമുകുരത്തിലുണ്ട്. തൊട്ടടുത്ത സ്വന്തം വീട്ടില്‍ നിന്ന് എന്തു ഭക്ഷണം കഴിച്ചാലും നീ 'കാവിലി'ല്‍ വന്ന് ഇത്തിരിയെങ്കിലും കഴിക്കാതിരുന്നില്ല. ഉമ്മ നിനക്കായി എന്നും പാത്രത്തില്‍ കരുതി വയ്ക്കുമായിരുന്നുവല്ലോ, ഒരുരുള ചോറ്. അതുണ്ട ശേഷം കോലായിലെ ചുവന്ന നിറമുള്ള സിമന്റ് തിട്ടയില്‍ കാല്‍നീട്ടിയിരുന്ന് നീ എന്നോടൊപ്പം സ്വപ്നങ്ങള്‍ നെയ്തു. വിശാലമായ ആകാശത്ത് പറക്കാന്‍ തുടങ്ങിയപ്പോള്‍, നമ്മള്‍ രണ്ടുപേരും രണ്ടു വഴിക്കായെങ്കിലും ഇരുവരും ഹൃദയങ്ങളില്‍ പരസ്പരം സ്‌നേഹവും സൗഹൃദവും കെടാതെ സൂക്ഷിച്ചു. ഒടുവില്‍, നീ എന്നെ ഈ മരുഭൂമിയില്‍ തനിച്ചാക്കി യാത്ര പോലും ചോദിക്കാതെ വിടപറഞ്ഞിരിക്കുന്നു. തിരക്കേറിയ ജീവിതപ്പാച്ചിലിനിടയിലും എന്താവശ്യത്തിനും അവിടെ നീയുണ്ടല്ലോ എന്ന എന്റെ ആത്മധൈര്യമാണ് കെട്ടുപോയത്.

മുത്തലി, നീ ഇവിടെ തന്നെയുണ്ട്

ജോലി കഴിഞ്ഞ് രാത്രി ദുബൈയില്‍ നിന്ന് ഷാര്‍ജയിലേയ്ക്കുള്ള യാത്രക്കിടെയാണ് നിനക്ക് അപകടം സംഭവിച്ചു എന്ന വാര്‍ത്തയറിഞ്ഞത്. നിന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരോടൊപ്പം ഞാനും പ്രാര്‍ത്ഥനയിലായിരുന്നു. പക്ഷേ... നിന്റെ വിയോഗ വാര്‍ത്ത കേട്ടതോടെ ആകെ തളര്‍ന്നുപോയി. വണ്ടി വഴിയരികില്‍ നിര്‍ത്തിയിട്ടു, മിനിറ്റുകളോളം. ആ നിമിഷം മുതല്‍ എന്റെ കണ്‍കോണില്‍ നിന്ന് കണ്ണീര്‍തുള്ളികള്‍ മാഞ്ഞുപോയിട്ടില്ല. നിന്നെയൊന്ന് അവസാനമായി കാണാന്‍ സാധിച്ചില്ലല്ലോ എന്ന ദുഃഖം ഇനിയുള്ള ജീവിതകാലം എന്നെ വേട്ടയാടുക തന്നെ ചെയ്യും.

എത്ര വര്‍ഷങ്ങള്‍ പിന്നിട്ടാലും ആ ഓര്‍മകള്‍ക്ക് ഇന്നും മധുരമാണ്, മുത്തലീ. നാട്ടില്‍ സംഘടന രൂപീകരിക്കുമ്പോള്‍, നാടകമൊരുക്കുമ്പോള്‍, കയ്യെഴുത്തു മാസിക തയ്യാറാക്കുമ്പോള്‍.. എല്ലായ്‌പോഴും നീ നിന്നെ നിന്റേതായ പ്രത്യേകതകള്‍ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു. എന്ത് കാര്യം ആവശ്യപ്പെട്ടാലും പറ്റില്ല എന്നൊരു വാക്ക് നിന്റെ നിഘണ്ടുവിലില്ലായിരുന്നു.

ഞാനോര്‍ക്കുന്നുനിന്നെ ആദ്യമായി 'കാരവല്‍; ഓഫീസിലേയ്ക്ക് ഞാന്‍ കൂട്ടിക്കൊണ്ടു പോയ ദിവസം. ബിരുദ പരീക്ഷയെഴുതി വെറുതെയിരിക്കുന്ന സമയത്ത് സുരേന്ദ്രേട്ടന്റെ നിര്‍ബന്ധപ്രകാരം കാരവലില്‍ പത്രപ്രവര്‍ത്തന പരിശീലനത്തിന് ചേര്‍ന്നതായിരുന്നു ഞാന്‍. രാജുവേട്ടന്‍ ഒരിക്കല്‍ ചോദിച്ചു, പ്രസിലെ അത്യാവശ്യ ജോലികള്‍ക്ക് ഒരാളെ കിട്ടുമോ എന്ന്. നിന്നെയല്ലാതെ മറ്റാരെ ഞാന്‍ അവിടെയെത്തിക്കാന്‍. ഫോര്‍ട്ട് റോഡിലെ കാരവല്‍ ഓഫീസിലേയ്ക്ക് എന്നോടൊപ്പം കയറിച്ചെന്ന നിന്നെ ഒറ്റ നോട്ടത്തില്‍ തന്നെ എഡിറ്റര്‍ സുരേന്ദ്രേട്ടനും രാജുവേട്ടനും ഇഷ്ടമായി. പിന്നീട്, നീ സുരേന്ദ്രേട്ടന്റെ കുടുംബത്തിലെ ഒരംഗമയി. അതായിരുന്നല്ലോ, നിന്റെ സവിശേഷത. ആരുടെയും മനം എളുപ്പത്തില്‍ കവരുന്ന തന്ത്രശാലി.

വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ദുബൈ് കാണാനെത്തിയപ്പോള്‍ നീ ഇവിടെയുണ്ടായിരുന്നു, എന്നെ സ്വീകരിക്കാന്‍. നിന്റെ മുറിയില്‍ താമസിപ്പിച്ച്, ഒരു കടം വീട്ടല്‍ പോലെ വൈവിധ്യമാര്‍ന്ന ഭക്ഷണം വാങ്ങിത്തന്ന്, ദുബായുടെ സൗന്ദര്യവും യാഥാര്‍ത്ഥ്യവും പറഞ്ഞും കാണിച്ചും തന്നു ഈ മരുഭൂമിയില്‍ നീ എനിക്ക് തണലായി. പിന്നീട് ഞാനൊരു പ്രവാസി ആയപ്പോള്‍ നീ നാട്ടിലേയ്ക്ക് കൂടുമാറിയിരുന്നു. വീണ്ടും കാരവലിലേയ്ക്ക്. അവിടെ നീ കേവലമൊരു ജീവനക്കാരന്‍ മാത്രമല്ല, പോരായ്മകളെ സധൈര്യം നേരിട്ട് ഫോട്ടോഗ്രാഫറും റിപ്പോര്‍ട്ടറുമായി. ഓള്‍റൗണ്ടറായിത്തീര്‍ന്ന നീ പിന്നീട്, കാരവല്‍ മുത്തലിബായി വ്യക്തിമുദ്ര പതിപ്പിച്ചു. നാട്ടുകാര്‍ക്ക് പരസഹായിയായി, പ്രിയപ്പെട്ടവനായി.

കഴിഞ്ഞ ഡിസംബറില്‍ കാസര്‍കോട് പ്രസ് ക്ലബില്‍ എന്റെ നോവല്‍ 'ഔട്പാസ്' പ്രകാശനം ചെയ്തപ്പോള്‍ നീ വീണ്ടും പഴയ മുത്തലിയായി എല്ലാ കാര്യങ്ങളും ഏറ്റെടുത്തു. ഞങ്ങള്‍, പ്രവാസികള്‍ എന്നും പറയുന്ന ഒരു പരാതിയാണ്, നാട്ടില്‍ അവധിക്ക് ചെന്നാല്‍ പഴയ പോലെ സുഹൃത്തുക്കളെ ഒന്നു സംസാരിക്കാന്‍ പോലും കിട്ടാറില്ല. എല്ലാവരും അതിഭയങ്കര തിരക്കിലാണെന്ന്. എന്നാല്‍, നാട്ടിലെത്തിയാലുള്ള സൗഹൃദപ്രേമമേയുള്ളൂ, ഇവിടെ തിരിച്ചെത്തിയാല്‍ പിന്നെയാരും ആരെയും കാര്യമായി ഓര്‍ക്കുക പോലുമില്ലല്ലോ എന്നതാണ് ഇതിനുള്ള മറുപടി. എന്നാല്‍, നമ്മള്‍ അതിന് അപവാദമായിരുന്നുവല്ലോ.

പ്രിയ മുത്തലീ.. നിന്നെക്കുറിച്ച് ഇത്ര പെട്ടെന്ന് ഇത്തരമൊരു കുറിപ്പ് എഴുതേണ്ടി വരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അല്ലെങ്കില്‍, നമ്മുടെ വിശ്വാസങ്ങള്‍ക്കും ചിന്തകള്‍ക്കും അപ്പുറമാണല്ലോ വിധി പലപ്പോഴും തന്റെ തീരുമാനങ്ങള്‍ നടപ്പാക്കാറ്. ഞങ്ങള്‍, കാവിലിലെയും കാരവലിലെയും അംഗങ്ങളെ സംബന്ധിച്ചിടത്തോളം നീ എവിടെയും പോയിട്ടില്ല. കണ്‍മുന്നിലില്ലെങ്കിലും ഹൃദയത്തില്‍ എപ്പോഴും ജീവിക്കും. നിന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു പിടി കണ്ണീര്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Article, Sadiq Kaavil, Friend, Press Club, Novel, Kerala, Photographer, Reporter, Desert, Expat, Journalist, Memories of Muthalib by Sadiq Kaavil.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia