city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊപ്പല്‍ അബ്ദുല്ല: സുഹൃത്തെ വിട...

എ എസ് മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 25/11/2016) കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു സുഹൃത്ത് വിളിച്ചു ചോദിക്കുന്നു. അല്ല താങ്കള്‍ കൊപ്പലിന്റ വിവരം വല്ലതും അറിഞ്ഞോ.? എന്തെ.? ഞാനങ്ങോട്ട് ചോദിച്ചു. മരണപ്പെട്ടുവെന്ന് വാട്‌സാപ്പില്‍ വാര്‍ത്ത പരക്കുന്നു.? അയാള്‍ മറുപടി തന്നു. പെട്ടെന്ന് എനിക്കെന്തോ ഒരു ശക്തിക്ഷയം വന്ന പോലെ തോന്നി. പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരുപാട് ഫോണ്‍ കോളുകള്‍. കൊപ്പലുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന ഇയാള്‍ക്കറിയാതെ പോവില്ല എന്നതാവാം ആ വിളികള്‍ക്കപ്പുറത്തുള്ളവര്‍ പ്രതീക്ഷിച്ചിരിക്കുക.. യഥാര്‍ത്ഥത്തില്‍ ഒരാഴ്ചയായി ഞങ്ങള്‍ പരസ്പരം ഫോണില്‍ പോലും സംസാരിച്ചിരുന്നില്ല. അതിനു മുമ്പൊരു ദിവസം ഫോണ്‍ റിങ്ങായി. ഡിസ്‌പ്ലേയില്‍ കൊപ്പല്‍. നീയവിടെ എന്താക്ക്ന്ന്? ഇവിടെ ഓഫീസിലുണ്ട്. തിരക്കിലായിരുന്നെങ്കിലും അങ്ങനെ പറഞ്ഞു. തുടര്‍ന്ന് മക്കളെക്കുറിച്ചും അന്വേഷണമുണ്ടായി.

നിങ്ങളേടെയിണ്ട് ? ഞാന്‍ തിരിച്ചു ചോദിച്ചു. ഞാനേടെ പോവാന്.? ഇതാ ഇവിടെ വീട്ടില്‍ ഇരിക്കുന്നു. പിന്നെ വര്‍ത്തമാന സാഹചര്യങ്ങളിലേയ്ക്ക് അല്‍പം കടന്നപ്പോള്‍, ഈയിടെയായി അധികം സംസാരിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ ഞാന്‍ തന്നെ വിലക്കാറുണ്ട്. അതിനാല്‍ മറുപടി ഒരു മൂളലിലൊതുക്കി. അദ്ദേഹം ഡിസ്‌കണക്റ്റ് ചെയ്തു. എന്നെ ഉടനെ കാണണമെന്നൊരു ധ്വനി ആ വിളിയിലുണ്ടായിരുന്നുവെന്ന് വ്യക്തം. പക്ഷെ അതൊന്നും നടന്നില്ല. വേണമെങ്കില്‍ വിധിയെ പഴി ചാരാം. ഇടയ്ക്ക് ഞാനൊരു യാത്ര കഴിഞ്ഞ് മടങ്ങവെ കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ബന്ധുക്കളില്‍ ചിലരോടൊപ്പം കൊപ്പല്‍ ഇരിക്കുന്നു. എറണാകുളം ആശുപത്രിയിലേയ്ക്ക് പോകുകയാണെന്ന് പറഞ്ഞു. വന്ന് കാണാമെന്നും. ചെക്കപ്പ് കഴിഞ്ഞ് ഉടനെ തിരിച്ചെത്തിയിരുന്നു. കൊപ്പലിനെ കാണാന്‍ പോയില്ലെ എന്ന ചോദ്യം ഞങ്ങളെ അടുത്തറിയുന്നവര്‍ ഇയാളുടെ നേരെ എയ്തു കൊണ്ടിരിക്കുമായിരുന്നു. അപ്പോഴൊക്കെ, ഇയാള്‍ ചോദിക്കും. അസുഖം വല്ലതും..? വിശ്രമത്തിലാണല്ലോ എന്ന മറുപടി കിട്ടും. അയല്‍വാസികളാണവര്‍. എല്ലാ വിവരവും അപ്പപ്പോള്‍ കിട്ടും. അവരുടെ ചോദ്യം ശരിയാണ്. പോയില്ലല്ലോ എന്ന കുറ്റബോധവും അലട്ടുമായിരുന്നു, അതിനെന്താ ഇനിയും പോയി വീട്ടില്‍ ചെന്ന് കൊപ്പലിനെ കാണാല്ലോ എന്ന ചിന്ത ഇതാ ഇപ്പഴും മനസിനെ സാന്ത്വനിപ്പിക്കുന്നുണ്ട്.

ഇയാളുടെ സാന്നിദ്ധ്യം എന്തോ കൊപ്പലിനെ സന്തോഷിപ്പിച്ചിരുന്നു അത്രമാത്രമെ അറിയൂ,.. അതിന്റെ രഹസ്യമൊന്നും അറിയില്ല. പലപ്പോഴും എന്റെ അറഫാ കെട്ടിടത്തിലെ രണ്ടാം നിലയിലെ ഓഫീസില്‍ കയറി വന്നാല്‍ കുറെ നേരത്തേയ്ക്ക് കിതപ്പ് കൊണ്ട് സംസാരിക്കാനെ ആവില്ല. അതെന്നെ ഏറെ വിഷമിപ്പിക്കുമായിരുന്നു. കൊപ്പലെ താങ്കള്‍ ഒന്നെന്നെ ഫോണില്‍ വിളിച്ച് വിളിച്ചാല്‍-(സഅദിയ കോംപ്ലക്‌സിലെ കൊപ്പല്‍ എക്‌സ്പ്രസ്) മതിയായിരുന്നില്ലെ.? അത് ശരിയല്ലല്ലോ ഏയെസ്സെ, എന്റെ ആവശ്യത്തിന് നിന്നെ വിളിച്ച വരാന്‍ പറയുന്നത്. തീരെ കയറാന്‍ പറ്റാതെ വന്ന ശേഷമാണ് വല്ലപ്പോഴും അങ്ങോട്ട് വിളിക്കുകയോ ഒഴിവാക്കുകയോ ചെയ്തത്. ഇഹലോക ജീവിതത്തിന്റെ അപൂര്‍ണതയും അനിശ്ചിതത്വവും പ്രകടമാകുന്ന ഒരുപാട് സംഭവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ അടിക്കടി ഉണ്ടാകുന്നുണ്ട്. പലരും, അടുത്തിടപഴകുന്നവര്‍, പെട്ടെന്ന് നമ്മുടെയിടയില്‍ നിന്ന് വിട വാങ്ങിപ്പോകുമെന്ന് മനസ് വിശ്വസിക്കാന്‍ കൂട്ടാക്കാറേയില്ല. പലപ്പോഴും ആലോചിക്കാറുണ്ട്, ഈ മറവി എന്നൊന്ന് മനുഷ്യന് നല്‍കിയില്ലായിരുന്നെങ്കില്‍ ജീവിതമെന്നത് ഒരടി മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുമായിരുന്നില്ലെന്ന്. മനുഷ്യനില്‍ നസ' ഉണ്ട്. അതാണ് 'ഇന്‍സാന്‍' ആയ്ത്. അറബിയിലും ഹിന്ദിയിലും ഉറുദുവിലും പേഴ്‌സ്യനിലും ഇന്‍സാന്‍ എന്നാല്‍ മനുഷ്യനാണ്.. 'നസ' എന്നാല്‍ മറവി ആണ്. മനുഷ്യനെന്നാല്‍ മറവിക്കാരന്‍ എന്നര്‍ത്ഥം. കൊപ്പല്‍ ഇയാളുടെ ഏറ്റവും അടുത്ത അപൂര്‍വം സുഹൃത്തുക്കളിലൊരാളായിരുന്നു. വളരെ ചുരുക്കം 'സുഹൃത്തെ'ന്ന് പറയുന്നവരെ ഇയാള്‍ക്കുണ്ടായിരുന്നുള്ളൂ. അതിനാല്‍ മറവിയെ ഇയാളും പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു. പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ കലഹത്തോളമെത്തി ഞങ്ങള്‍ കുറച്ച് സമയത്തേയ്ക്ക് അകന്നു നിന്നിട്ടുണ്ട്. പക്ഷെ അതൊക്കെ ശരീരത്തിലെ മുറി കൂടുന്ന പോലെയാണ് ഇല്ലാതാകുന്നത്. എങ്ങനെയോ ആവിയായിപ്പോകും. അങ്ങനെ ഒരു സംഭവം നടന്നു എന്ന് തന്നെ പിന്നെ ഞങ്ങള്‍ ഓര്‍ക്കുന്നുണ്ടാവില്ല.

കൊപ്പല്‍, അതൊരു അപൂര്‍വ ജെനര്‍ തന്നെയായിരുന്നു. സേവനം എന്നത് ശ്വാസോച്ഛ്വാസം എന്നൊക്കെ പലരേയും പറ്റി പറയാറില്ലെ. പക്ഷെ കൊപ്പല്‍ അബ്ദുല്ലാ സാഹെബിന് അത് അലങ്കാരമല്ല, കേവലം ഭംഗിവാക്കുമല്ല. അതിന്റെ ആള്‍രൂപം തന്നെയായിരുന്നു അദ്ദേഹം. പാതിരായ്ക്ക് ഒരാള്‍ ഫോണില്‍ വിളിക്കുന്നതിനെ നാം 'ഡിസ്റ്റര്‍ബന്‍സ്' എന്നാണ് ചുരുക്കിപ്പറയാറ്. അങ്ങനെയുള്ള പാതിരായ്ക്കും ഒരാള്‍ ഫോണ്‍ കാത്തിരിക്കുന്നുണ്ട് എന്നത് അനുഭവസ്ഥരെ വിശ്വസിക്കൂ.. അങ്ങനെ സംസാരിക്കുമ്പോള്‍ ഒരു ചെറിയ ഈര്‍ഷ്യയൊക്കെ-(ചെറുതല്ല,വലുത്) തോന്നുകയും അത് നമ്മളൊക്കെ പ്രകടിപ്പിച്ച് പോവുകയും ചെയ്യും. അതിന് ഈ പാതിരായ്ക്ക് എന്തു ചെയ്യാനാ..? നിനക്ക് വിളിക്കാന്‍ കണ്ട ഒരു സമയം! അപ്പോ മനുഷന്മാര്‍ക്ക് ഉറങ്ങണ്ടെ സുഹൃത്തെ? എന്നായിരിക്കും നമ്മളൊക്കെ-(മൗനമായാണെങ്കിലും)പ്രതികരിക്കുക. പക്ഷെ കൊപ്പല്‍ അത് അറ്റന്റ് ചെയ്യുക ഒരു സവിശേഷ ശൈലിയിലും. 'ഹലോ പറയൂ..' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ് ശാന്തമാകും. ഈ സമയത്ത് ബുദ്ധിമുട്ടിച്ചതിന് ക്ഷമയാചനം നടത്തിയാല്‍, പിന്നെന്തിനാ താന്‍ വിളിച്ചത് എന്ന ചോദിച്ചേക്കും. തുടര്‍ന്ന് അത് സാരംല്ലിഷ്ടാ..കാര്യം പറയ്..എന്ന്. അദ്ദേഹത്തിന്റെ അപൂര്‍വമെന്നു വിശേഷിപ്പിക്കാവുന്ന ഒരുപാട് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാവാന്‍ സാധിച്ചിട്ടുണ്ട്. അവയൊന്നും ഇപ്പോളിവിടെ എണ്ണിയെണ്ണി നിരത്തുന്നില്ല. അത് സാധ്യവുമല്ല. അതിനു പകരം പ്രാര്‍ത്ഥിക്കാം. അതിനു തക്കതായതും ഇരട്ടിയായതുമായ പ്രതിഫലം നീ നല്‍കണമെ എന്ന്. അദ്ദേഹം ജന്മനാ ഒരു സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. അല്ലാതെ സാഹചര്യങ്ങളുടെ നിര്‍ബന്ധത്താല്‍ ആയ ആളല്ല. ആ സേവനങ്ങളിലെല്ലാം ഒരു പാഠമുണ്ട്. ഒരു കൊപ്പല്‍ മാതൃകയുമുണ്ട്.

ഒരുദിവസം അദ്ദേഹം ഈയുള്ളവന്റെ ഓഫീസില്‍ കയറി വന്നപ്പോള്‍ ഞാനവിടെ ഉണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ രണ്ടാംനില കയറി വേണം അവിടെയെത്താനെന്ന് പറഞ്ഞല്ലോ.. സ്വാഭാവികമായും അദ്ദേഹത്തിന് ദേഷ്യം വന്നു. ഫോണെടുത്ത്, ഞാന്‍ നിന്നെ കാത്ത് ഇവിടെ പുറത്ത് നില്‍ക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇതാ എത്തി എന്ന് പറഞ്ഞ് ഏതാനും മിനുട്ടുകള്‍ക്കകം ഓടിക്കിതച്ചെത്തുകയും ചെയ്തു. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒരു പെണ്‍കുട്ടിയ്ക്ക് അസുഖത്തിന് മേജര്‍ ഓപ്പറേഷന്‍ വേണ്ടി വന്നുവെന്നും വളരെ ദരിദ്രയായ വീട്ടിലെ കുട്ടിയാണെന്നും, ഞാനും അധ്യാപകരും അവിടെയായിരുന്നെന്നും നിങ്ങള്‍ വിളിക്കുമ്പോള്‍ ഇതാ ടൗണിലെത്തിയതെ ഉള്ളൂവെന്നും പറഞ്ഞപ്പോള്‍ അദ്ദേഹം തണുത്ത്. നീയെന്താ അത് നേരത്തെ പറയാത്തത് എന്നും. അതു പോട്ടെ, എനിക്കിപ്പോ അവര്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ പറ്റും എന്ന തിരിച്ചദ്ദേഹം ചോദിച്ചു. ആ വീട്ടിലൊന്നുമില്ല. എന്തെങ്കിലും സാമ്പത്തീകസഹായം എത്തിയാല്‍ ആശ്വാസകരമാകും.  എന്റെ സാമ്പത്തീകം നിനക്കറിയാല്ലോ.. എന്ന് പറഞ്ഞ് കാസര്‍കോട്ടെ ഒരു മുതലാളി സുഹൃത്തിനെ വിളിച്ച് ആശുപത്രിയും ബെഡ് നമ്പറും പറഞ്ഞ് ഉടനെ തന്റെ സക്കാത്തിന്റെ ഒരു വിഹിതം അവിടെ എത്തിക്കണമെന്ന് പറഞ്ഞു. റംസാന്‍ കാലമായിരുന്നു അത്. പിറ്റേന്ന് ബന്ധപ്പെട്ടപ്പോള്‍ ഒരു തുക അവിടെയെത്തിയിട്ടുണ്ടെന്ന് ആ കുട്ടിയുടെ ഉമ്മ പറഞ്ഞപ്പോള്‍ ആ കണ്ണുകളിലെ ഒരു പ്രതീക്ഷയുടെ തിളക്കം ഞാന്‍ ശ്രദ്ധിച്ചിരുന്നു. അത് കൊപ്പലിനെ പോലുള്ളവര്‍ ഈ ഭൂമിയില്‍ ഞങ്ങളോടൊപ്പമുണ്ടല്ലോ എന്ന അറിവ് പകര്‍ന്ന പ്രതീക്ഷയാണ്. പ്രാര്‍ത്ഥനയാണ്. ഇങ്ങനെയെത്രയെത്ര അനുഭവങ്ങള്‍.. 'ബര്‍സഖി'യിലും 'പാരത്രീക'മായ ജീവിതത്തിലും പൊറുത്തു കിട്ടുമാറ്.. ദൈവീകമായ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുമാറാകട്ടെ...

കൊപ്പല്‍ അബ്ദുല്ല: സുഹൃത്തെ വിട...

Keywords:  Article, Friend, Koppal Abdulla, Kasaragod, Call, Whats app, Memories, Phone, Office, Display, Disconnect, Disturbance, Memories of Koppal Abdulla by A.S Mohammed Kunhi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia