city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖത്വീബ് എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പാരമ്പര്യ വിജ്ഞാനികളുടെ തോഴന്‍

മന്‍സൂര്‍ ഹുദവി കളനാട്

(www.kasargodvartha.com 10/02/2016) ഉത്തര കേരളത്തിലെ വേറിട്ട പണ്ഡിതനായിരുന്നു മേല്‍പറമ്പ് എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍. ജ്ഞാനസപര്യയായിരുന്നു ആ ജീവിതം. വിജ്ഞാനം നുകരുക, പകരുക എന്നതിലപ്പുറം ഒന്നും ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തില്ല. പാരമ്പര്യ അറബി കിതാബുകളോടൊപ്പമായിരുന്നു 98 വര്‍ഷത്തെ ആയുസ്സിലധികവും വര്‍ത്തിച്ചത്. അറബി ഭാഷയിലെ അവഗാഹം വിവിധ ഇസ്ലാമിക മത വിഷയങ്ങള്‍ക്ക് മാറ്റു കൂട്ടുകയും ചെയ്തിരുന്നു. സൗമത്യയും വിനയവുമാണ് മഹാന്റെ മഹത്തായ വൈജ്ഞാനിക ലബ്ധിക്ക് നിദാനമെന്ന് ആര്‍ക്കുമറിയാവുന്നതാണ്. പ്രൗഢിയോ ജാഡയോ തീരെ ഇല്ല. പൊതുവേദിയില്‍ കസറാനോ മിന്നാനോ താല്‍പര്യപ്പെട്ടുമില്ല. പഠിച്ചത് പ്രവര്‍ത്തിക്കുക എന്നതിലപ്പുറം മറ്റൊരു ആഗ്രഹവുമുണ്ടായിരുന്നില്ല. ആഴത്തിലിറങ്ങിയ വായനയും അതുല്യമായ മതജ്ഞാനവുമുണ്ടായിട്ടും എല്ലാം അറിയാമെന്ന അഹംഭാവം തൊട്ടുതീണ്ടിയിട്ടുമില്ല. പഠിച്ചത് അറിയാത്തവനെ പഠിപ്പിക്കും, ചോദിച്ചുവന്നവന് പണ്ഡിതോചിതമായ മറുപടി പ്രബലമായി അവതരിപ്പിച്ചുകൊടുക്കുകയും ചെയ്യും... അത്രതന്നെ.

ജീവിതത്തില്‍ രണ്ട് സ്ഥാനങ്ങള്‍ മാത്രമാണ് അദ്ദേഹം കൊതിച്ചതും നാഥന്‍ അദ്ദേഹത്തിന് വിധിച്ചതും: വിദ്യാര്‍ത്ഥി, അധ്യാപകന്‍. അദ്ദേഹം മരിക്കുവോളം നല്ലൊരു വിദ്യാര്‍ത്ഥിയും അധ്യാപകനുമായിരുന്നു. അപൂര്‍വ്വങ്ങളായ ജ്ഞാനങ്ങളെ തേടിപ്പിടിക്കുമായിരുന്ന അദ്ദേഹത്തിന്റെ വലിയ സമ്പത്ത് വീട്ടില്‍ അതിമനോഹരമായി സംവിധാനിച്ചിരിക്കുന്ന കിതാബുകള്‍ (അറബിക് ഗ്രന്ഥങ്ങള്‍) തന്നെയായിരുന്നു. കിതാബുകള്‍ ലോകത്തിന്റെ ഏത് ഭാഗത്തു നിന്നാണെങ്കിലും എന്തുവില കൊടുത്തും എത്തിക്കും. അവ മുതാലഅ (പാരായണം) ചെയ്യാനായിരുന്നു ആയുസ്സിന്റെ ബഹുഭൂരിഭാഗവും നീക്കിവെച്ചത്.

ഖത്വീബ് എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പാരമ്പര്യ വിജ്ഞാനികളുടെ തോഴന്‍

അവയില്‍പെടാതെപോയ അറിവുകളില്ല, എല്ലാമുണ്ടായിരുന്നു: ഖുര്‍ആന്‍ വ്യാഖ്യാനം, പ്രവാചകാധ്യാപനങ്ങളായ ഹദീസ്, വിശ്വാസശാസ്ത്രം, കര്‍മ്മശാസ്ത്രം, ചരിത്രം, തത്വശാസ്ത്രം, അറബി ഭാഷ പഠനങ്ങള്‍......... വായനയിലും പഠനത്തിലും അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടതും തെരഞ്ഞെടുത്തതും പാരമ്പര്യമൂല്യങ്ങളോതുന്ന ക്ലാസിക്കുകളെയായിരുന്നു. ആധുനിക പഠനങ്ങളെ തീരെ വെടിഞ്ഞതുമില്ല. പൂര്‍ണവായനക്കും പഠനത്തിനും ശേഷം കിതാബുകള്‍ സെല്‍ഫില്‍ കുന്നുകൂട്ടുന്നതിന് പകരം അവ വിദ്യാഭ്യാസ സ്ഥാനപങ്ങളിലെത്തിച്ച് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കലാണ് മഹാന്‍ പതിവായി ചെയ്യാറ്. താന്‍ കൂടി സാരഥ്യമരുളുന്ന സമസ്ത ജില്ലാ മുശാവറ നടത്തുന്ന മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ്, തൊട്ടടുത്തുള്ള സഅദിയ്യ കോളജ്, പരവനടുക്കം ആലിയ കോളജ് എന്നീ സ്ഥാപനങ്ങളിലെ ലൈബ്രറികളെ ഇദ്ദേഹത്തിന്റെ പുസ്തക നിക്ഷേപം സമ്പന്നമാക്കുന്നുണ്ട്.

പഠനവും സേവനവും പൂര്‍ണമായും സ്വന്തം നാട്ടിലാണെന്ന വസ്തുതയാണ് അദ്ദേഹത്തെ ഏറെ വ്യതിരിക്തനാക്കുന്നത്. അത്‌കൊണ്ട് തന്നെ പ്രദേശത്തുകാര്‍ക്ക് ചെമ്പരിക്ക ഖാളിയര്‍ച്ച പോലെത്തന്നെ മേല്‍പറമ്പ് ഖത്വീബ്ച്ചയും ഏറെ പ്രിയങ്കരനായി. നീണ്ട 57 വര്‍ഷമാണ് അദ്ദേഹം മേല്‍പറമ്പ് ജുമാ മസ്ജിദില്‍ ഖത്വീബായി സേവനമനുഷ്ഠിച്ചത്. കേവലം ശമ്പളക്കാരനായല്ല, നാടിന്റെ ആത്മീയ പ്രഭാകേന്ദ്രമായി സാധാരണക്കാര്‍ക്കിടയില്‍ ജീവിച്ച് പഠിപ്പിക്കുകയായിരുന്നു. അനാരോഗ്യം കാരണത്താല്‍ മസ്ജിദിലെ സേവനം അവസാനിപ്പിച്ചിട്ടും ആ പ്രഭ നാടിനെ വലയം ചെയ്യുന്നുണ്ടായിരുന്നു. മസ്ജിദിന്റെ പ്രസിഡണ്ട് കൂടിയായിരുന്നു മഹാനവര്‍കള്‍.

ഉറച്ച സുന്നി ആദര്‍ശക്കാരനായ അദ്ദേഹം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ അംഗമായിരുന്നു. ആരോഗ്യപ്രശ്‌നമുള്ളത് കൊണ്ട് സജീവമായിരുന്നില്ല. എല്ലാ വിഷയത്തിലും ഉറച്ച നിലപാടും ആദര്‍ശവും ഉണ്ടായിരുന്നെങ്കിലും പൊതുവേദികളില്‍ തീരെ പങ്കെടുക്കാറില്ല, വിവാദ വിഷയങ്ങളില്‍ പ്രസ്താവന നടത്താറുമില്ല. വ്യക്തിപരമായി സമീപിച്ചാല്‍ എല്ലാത്തിനും ഉത്തരം വ്യക്തമാക്കിത്തരും. എല്ലാവരെയും ഉള്‍ക്കൊള്ളുന്നത് കൊണ്ട് തന്നെ എല്ലാ ആശയക്കാര്‍ക്കും സര്‍വ്വ സമ്മതനുമാണ്. എല്ലാ വിഭാഗം ആള്‍ക്കാരും സംശയനിവാരണത്തിനായി അദ്ദേഹത്തെ സമീപക്കാറുണ്ട്. ഈ അതുല്യ പ്രതിഭയുടെ അഭിപ്രായത്തിനായി ദൂരെദിക്കില്‍ നിന്ന് പോലും പണ്ഡിതര്‍ മേല്‍പറമ്പിലെ വസതിയില്‍ എത്താറുണ്ട്. കീഴൂര്‍ മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസിയായിരുന്ന സിഎം അബ്ദുല്ല മൗലവിയുമായും പിതാവ് ഖാസി സി മുഹമ്മദ് മുസ്ലിയാരുമായും പൂര്‍വ്വകാലം മുതല്‍ തന്നെ ബന്ധമുണ്ടായിരുന്നു. പരസ്പരം മത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും സംശയം ദൂരീകരിക്കുകയും ചെയ്തിരുന്നു. ഖാസി സിഎം അബ്ദുല്ല മൗലവി വിദേശ പര്യടന സമയത്ത് ഫത് വക്കുള്ള ഖളാഅ് ഏല്‍പ്പിച്ചിരുന്നത് അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരെയായിരുന്നു.

ധര്‍മ്മപഠനവും ആരാധനയും മാത്രമായിരുന്നു ആ മഹാ പണ്ഡിത തേജസ്സിയുടെ മാര്‍ഗവും ലക്ഷ്യവും. ഭൗതികത തീരെയുണ്ടായിരുന്നില്ല. അറബിയല്ലാത്ത ഒന്നും വായിക്കാനും എഴുതാനുമറിയില്ല. മേല്‍പറമ്പില്‍ നിന്ന് അഞ്ച് കിലോ മീറ്റര്‍ അകലെയുള്ള കാസര്‍കോട് ടൗണിലേക്ക് പോലും പോയി പരിചയമില്ല. അക്ഷരക്കൂട്ടുകള്‍ തന്നെയായിരുന്നു എന്നും കൂട്ടിന്, ഗ്രന്ഥങ്ങളായിരുന്ന വിഹാരകേന്ദ്രം. ഈ വിരഹത്തോടെ പാരമ്പര്യ അറബി പഠനങ്ങളുടെ അവസാന കണ്ണിയാണ് അറ്റുപോയിരിക്കുന്നത്.

ഖത്വീബ് എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പാരമ്പര്യ വിജ്ഞാനികളുടെ തോഴന്‍

Related News:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia