city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കീഴൂര്‍ അബ്ദുര്‍ റഹ് മാന്‍ ഹാജി എന്ന പക്കുച്ച ഇനി ഓര്‍മ മാത്രം

കെ എസ് സാലി കീഴൂര്‍

(www.kasargodvartha.com 13.12.2016) കീഴൂര്‍ അബ്ദുര്‍ റഹ് മാന്‍ ഹാജി എന്ന പക്കുച്ച ഇനി ഓര്‍മ മാത്രം. നബിദിനാഘോഷ പരിപാടികളുടെ ചെയര്‍മാനായി മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച് കൊണ്ട് ഘോഷയാത്രക്കിടെ കുഴഞ്ഞ് വീണ് മരിച്ചപ്പോള്‍ ഇല്ലാതായത് ഒരു നാടിന്റെ സംഘാടകനെ. ആ വിയോഗം നിമിഷങ്ങക്കുളില്‍ നാടിന്റെ ദുഖവും തേങ്ങലും ശൂന്യതയുമായി മാറി. മരണവീട്ടിലേക്ക് ജനം ഒഴുകിയെത്തിയപ്പോള്‍ സമീപ പ്രദേശവാസികള്‍ക്ക് തങ്ങളുടെ കുടംബത്തിലെ പ്രിയപ്പെട്ട ആരെയോ നഷ്ടപ്പെട്ടത് പോലെയായിരുന്നു.

നിശബ്ദമായ കാരുണ്യ പ്രവര്‍ത്തനത്തിലൂടെ താന്‍ ഏറ്റെടുക്കുന്ന ഏത് പ്രവര്‍ത്തിയും വളരെ ആത്മാര്‍ത്ഥതയോടെ മാത്രം ചെയ്തു തീര്‍ക്കുന്ന പക്കുച്ച സ്ഥാനമാനങ്ങള്‍ മാന്യതയ്ക്കുള്ള ഒരു ചിഹ്നമായി കണ്ട് നടക്കുന്ന ആളായിരുന്നില്ല. ഘോഷയാത്രയ്ക്ക് മുമ്പ് പതാക ഉയര്‍ത്തി സുസ്‌മേരവദനനായി ജാഥയുടെ മുന്‍ നിരയില്‍ പതാകയും പിടിച്ച് കീഴൂരിന്റെ മണ്ണിലൂടെ നടന്നു നീങ്ങുമ്പോള്‍ ഇത് തന്റെ അവസാന യാത്രയാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല.

കീഴൂര്‍ അബ്ദുര്‍ റഹ് മാന്‍ ഹാജി എന്ന പക്കുച്ച ഇനി ഓര്‍മ മാത്രം


കേവലം 200 മീറ്റര്‍ മാത്രം മുന്നോട്ട് നീങ്ങിയ ഘോഷയാത്രക്കിടയില്‍ വച്ച് തക്ബീര്‍ ധ്വനികളോടെ തന്റെ ശരീരം തളര്‍ന്ന് ആള്‍കൂട്ടത്തിലേക്ക് ചെരിഞ്ഞ് വീഴുമ്പോഴും മുഖം നിറയെ പുഞ്ചിരി മാത്രം ബാക്കിയായിരുന്നു. ജീവിതത്തിലെ സിംഹഭാഗവും പ്രവാസിയായി കഴിയുമ്പോഴും സഹജീവികളുടെ ദുഖത്തിലും സന്തോഷത്തിലും പങ്ക് ചേരാന്‍ പക്കുച്ച മുന്‍ നിരയിലായിരുന്നു. പുതുതായി ഗല്‍ഫിലെത്തുന്നവര്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും നല്‍കിയും ജോലി നഷ്ടപ്പെട്ട് ദുരിതത്തില്‍ കഴിയുന്നവരെ ടിക്കറ്റ് നല്‍കി നാട്ടിലേക്കയക്കാനും നിര്‍ധന യുവതികളുടെ ദുരിതങ്ങളിലും പൊളിഞ്ഞു വീഴാറായ വീടുകള്‍ പുനര്‍നിര്‍മിക്കുന്ന കാര്യത്തിലും അതീവ ശ്രദ്ധാലുവും അവര്‍ക്ക് തണലായും പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മറ്റുള്ളവരില്‍ നിന്നും സഹായങ്ങള്‍ സ്വരൂപിച്ച് നല്‍കുന്ന കാര്യത്തില്‍ അദ്ദേഹം കാണിച്ച ശുഷ്‌കാന്തിയും സേവന മനോഭാവവും കീഴൂരിലെ ജനങ്ങള്‍ക്ക് എളുപ്പം മറക്കാന്‍ കഴിയില്ല.

പക്കുച്ചയുടെ കാരുണ്യ സ്പര്‍ശം പലര്‍ക്കും ലഭിച്ചിട്ടുണ്ട്. ഏത് സദസ്സിലും തന്റെ സാന്നിധ്യം അറിയിക്കുന്ന നേതൃത്വഗുണം അദ്ദേഹത്തിനുണ്ടായിരുന്നു. അന്ത്യദര്‍ശനത്തിനായി അവിടെ കൂടിയവരില്‍ ഈറനണിയാത്ത കണ്ണുകള്‍ ചുരുക്കമായിരുന്നു. ഒരുറച്ച മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാഷ്ട്രിയ നിലപാടിലും വിട്ട് വീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. പരസ്പരം സംവദിക്കുമ്പോഴും പ്രതിപക്ഷ ബഹുമാനം കാണിക്കുന്ന കാര്യത്തില്‍ മറ്റാരേക്കാളും മുന്നിലായിരുന്നു പക്കുച്ച. ഏത് തരത്തിലുള്ള താര്‍ക്കിക പ്രശ്‌നങ്ങളുണ്ടായാലും അത് പറഞ്ഞ് കഴിയുന്നതോടെ ആ പ്രശ്‌നം തീര്‍ന്നതായും അത് മനസ്സില്‍ വച്ച് പരസ്പരം കലഹിക്കരുതെന്നും പറഞ്ഞ് ഹസ്തദാനം നല്‍കി പിരിയുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്.

പ്രാദേശിക വിഷയത്തെ ചൊല്ലി രാഷ്ട്രിയത്തിന്റെ പേരില്‍ തമ്മില്‍ കലഹിക്കുമ്പോഴും രാഷ്ട്രിയ അയിത്തം നാടിനാപത്താണെന്ന് പറഞ്ഞ് പരസ്പരം ഭിന്നിച്ച് നില്‍ക്കേണ്ടവരല്ല, ഐക്യത്തോടെ പോകേണ്ടവരാണ് എന്ന നിലപാടില്‍ ഉറച്ച് നിന്ന് എല്ലാവരേയും തുല്യപരിഗണനയില്‍ കൊണ്ട് വരാന്‍ ശ്രമിച്ചിരുന്നു. രാഷ്ട്രിയത്തിന്റെ പേരില്‍ പരസ്പരം പകയും വിദ്വേഷവും വച്ച് നടക്കുന്ന ഇക്കാലത്ത് പക്കുച്ചാന്റെ ഇടപ്പെടലുകള്‍  മാതൃകയായിരുന്നു.

നബിദിനാഘോഷ ദിവസം പുതുവസ്ത്രങ്ങള്‍ അണിഞ്ഞു സമുദായത്തിലെ നിരവധി പേര്‍ മരണവീട്ടിലേക്ക് ഓടി എത്തിയത് വിശുദ്ധമനസ്സിന്റെ സ്‌നേഹത്തിലായിരുന്നു. ഇനി നമ്മുക്കിടയില്‍ ശാന്തിയുടെയും സമാധാത്തിന്റെയും വാക്കുകള്‍ ഉരുവിടാന്‍ പക്കുച്ച ജീവിച്ചിരിപ്പില്ല. പകരം അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മാത്രം. ആകസ്മികമായ വിയോഗത്തിലൂടെ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി വേര്‍പിരിഞ്ഞ ആ നല്ല മനുഷ്യന്റെ കുടുംബത്തിന് സമാധാനവും ശാന്തിയും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...

Keywords:  Article, Milad-e-Shereef, KS Sali Keezhoor, Kasargod, Keezhoor, Milad Rally.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia