city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ത്യാഗ സ്മരണയുടെ ബലിപെരുന്നാള്‍

-അനീസ് അത്തിയടുക്കം

(www.kasargodvartha.com 22/09/2015) ലോക മുസ്ലിം ജനതയുടെ വളരെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ത്യാഗസുരഭിലമായ ബലി പെരുന്നാള്‍. വളരെ പ്രാധാന്യമുള്ള മൂന്ന് ആഘോഷങ്ങളാണ് ഇസ്ലാമിലുള്ളത്; ചെറിയ പെരുന്നാള്‍, ബലി പെരുന്നാള്‍, നബിദിനം. ദുല്‍ഹജ്ജ് മാസം പിറന്നതുമുതല്‍ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ പരിശുദ്ധ കഅ്ബയിലേക്കും മദീനയുടെ രാജകുമാരന്റെ കബറിടത്തിലേക്കുമായിരിക്കും. ഭാരതീയര്‍ക്കുമൊപ്പം ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നും ഓസ്‌ട്രേലിയ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് തുടങ്ങിയ ലോകത്തുള്ള എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നും ജനലക്ഷങ്ങള്‍ ആര്‍ത്തിരമ്പുന്ന തിരമാല കണക്കെ പരിശുദ്ധ ഹറമില്‍ സംഗമിക്കുമ്പോള്‍ വെളുത്തവനും കറുത്തത്തവനും മംഗോളിയനും ലക്ഷ്യം വെക്കുന്നത് ഒരേ കാര്യങ്ങളാണ്. തൂവെള്ളയില്‍ ഒരേ തക്ബീറുകള്‍ ചൊല്ലി ശാശ്വത സന്തോഷത്തിന്റെ മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ ലോകം മുഴുവന്‍ മനസ്സുകൊണ്ട് അറേബ്യയിലെത്തുന്നു.

സര്‍വ ചരാചരങ്ങളെയും സൃഷ്ടിച്ച് മനുഷ്യരെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ചുപോകുന്ന അല്ലാഹു, അവന് നാം എത്രത്തോളം നന്ദി ചെയ്യണമെന്ന് ഇബ്രാഹിം നബി നമുക്ക് പറഞ്ഞുതരുന്നു. ദാമ്പത്യ ജീവിതം തുടങ്ങിയതു മുതല്‍ പൈതലിനു വേണ്ടി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത നബിക്കും പ്രിയ പത്‌നിക്കും വാര്‍ധക്യ ദശയിലാണ് മകന്‍ പിറക്കുന്നത്. അതിയായ സന്തോഷത്തില്‍ അവനെ വളര്‍ത്തിവരുന്ന സമയത്താണ് നാഥന്റെ കല്‍പനയെത്തുന്നത്. തങ്ങളുടെ പൊന്നുമോനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ബലി നല്‍കാന്‍, സൂര്യതേജസാര്‍ന്ന മകനെ മാതാവ് അണിയിച്ചൊരുക്കിയ ശേഷം പിതാവിനൊപ്പം അയക്കുകയാണ്. അദ്ദേഹം ഉദ്ദേശിച്ച സ്ഥലമെത്തിയപ്പോള്‍ നബി മകനോട് കാര്യം പറയുന്നു. നാഥനില്‍ നിന്നും ലഭിച്ച സന്ദേശം തന്റെ പ്രിയതമയോടുപോലും പറഞ്ഞിരുന്നില്ല നബി ഇക്കാര്യം, ചെകുത്താന്റെ നോട്ടം പോലും ശരീരത്തില്‍ തട്ടാത്ത ആ പിഞ്ചുബാലന്‍ വളരെ പക്വതയാര്‍ന്ന പണ്ഡിതനെപ്പോലെ പ്രിയ ബാപ്പയോട് പറയുന്നു. അങ്ങ് അല്ലാഹുവിന്റെ പ്രവാചകനല്ലേ തീര്‍ച്ചയായും ഈ കാര്യം നമുക്ക് നടപ്പില്‍ വരുത്താം. എനിക്ക് തെല്ലും സങ്കടമില്ല. മാത്രമല്ലാ അല്ലാഹുവിന്റെ തീരുമാനം നടപ്പില്‍ വരുത്തുന്നതില്‍ സന്തോഷമേയുള്ളൂ. അങ്ങ് എന്നെ അറക്കുന്ന സമയത്ത് മുഖം കാണാത്ത രീതിയില്‍ വേണം കിടത്താന്‍. അല്ലെങ്കില്‍ ചിലപ്പോള്‍ താങ്കള്‍ക്ക് നാഥന്റെ കല്‍പന നടപ്പില്‍ വരുത്താന്‍ സാധിക്കാതെ വരും.

ഇസ്മാഈല്‍ നബി (അ) ബലി നല്‍കാന്‍ സ്വയം തയ്യാറായി കിടന്നപ്പോള്‍ മാലാഖമാര്‍പോലും പൊട്ടിക്കരഞ്ഞു. ഭൂമിയില്‍ ഭൂചലനം അനുഭവപ്പെട്ടു, ചരാചരങ്ങള്‍ മൗനത്തിലായി. അവര്‍ സര്‍വ ശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. ബലി നല്‍കാനായി ഇബ്രാഹിം നബി വാളുയര്‍ത്തിയതും ആകാശത്തില്‍ നിന്നും അല്ലാഹുവിന്റെ മാലാഖ ഇറങ്ങി വന്ന് നബിയുടെ ദൈവ ഭക്തിയില്‍ അല്ലാഹു സന്തുഷ്ടനായെന്നും മകനു പകരം ഈ ആടിനെ ബലി നല്‍കിയാല്‍ മതിയെന്നും അറിയിച്ചു. ഇബ്രാഹിം നബിയുടെ ആ മഹാത്യാഗം പുതുക്കിയാണ് ലോകം ബലിപെരുന്നാള്‍ കൊണ്ടാടുന്നത്.

ലോകത്തിന്ന് ഏറ്റവും കഷ്ടതയനുഭവിക്കുന്ന ജനവിഭാഗം മുസ്ലീങ്ങളാണ്. അറേബ്യന്‍ രാജ്യങ്ങളില്‍ ജനവാസയോഗ്യമല്ലാത്ത രീതിയില്‍  അക്രമങ്ങള്‍ അരങ്ങേറുന്നു. മതത്തിന്റെ പേര് പറഞ്ഞ് ചിലര്‍ അവരുടെ അജണ്ടകള്‍ നടപ്പിലാക്കി വരുന്നു. മുസ്ലിം രാജ്യങ്ങളെ ആയുധ വിപണിയാക്കി മാറ്റുന്നു. ഫലസ്തീന്‍, സിറിയ, ലബനോണ്‍, ഇറാഖ്, പാകിസ്ഥാന്‍, യമന്‍ ഇനിയും ബാക്കിയുള്ള അറേബ്യന്‍ മുസ്ലിം രാജ്യങ്ങള്‍ വീണ്ടും വീണ്ടും ഭിന്നിച്ച് മൂന്ന് രാജ്യങ്ങള്‍ പത്തോളം രാജ്യങ്ങളായി മാറുമെന്ന് പഠനങ്ങള്‍ പറയുന്നു.

തീര്‍ച്ചയായും നമ്മുടെ ആഘോഷം കഷ്ടതയനുഭവിക്കുന്ന ഈ ജനസമൂഹത്തോടൊപ്പം നിന്ന് ഇസ്ലാമിക ചിട്ടയോടു കൂടിയാകണം. വഴിയിലെ ചെറുമുള്ളുകള്‍പ്പോലും നീക്കണം എന്നു പഠിപ്പിച്ച പ്രവാചകര്‍, അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറ് നിറച്ചും ഭക്ഷണം കഴിക്കുന്നവന്‍ യാഥാര്‍ത്ത മുസല്‍മാനല്ല എന്ന് പറഞ്ഞു തന്ന പുണ്യപ്രവാചകന്‍, ലോകത്തുള്ള സകല മതത്തെയും തിരസ്‌കരിക്കുന്ന ജൂതമത അനുയായിയുടെ മൃതദേഹം വഹിച്ച വിലാപയാത്ര കടന്നുപോകുമ്പോള്‍ ആദരവോടെ എഴുന്നേറ്റ് നിന്ന പുണ്യ പ്രവാചകന്‍, യഥാര്‍ത്ഥ മുസല്‍മാനാകണമെങ്കില്‍ ദൈവ, പ്രവാചക വിശ്വാസത്തോടൊപ്പം തന്നെ ദേശീയതയും ഉണ്ടാവണം എന്ന് കര്‍ക്കശമായി പറഞ്ഞ പ്രവാചകര്‍, സ്‌നേഹത്തിന്റെ കുളിര്‍ക്കാറ്റായിരുന്നു പ്രവാചകന്‍.

ബലിപെരുന്നാള്‍ ദിനത്തില്‍ പാപമോചനം നേടുന്ന ജനലക്ഷങ്ങള്‍ക്കൊപ്പം നാഥന്‍ നമ്മെയും ഉള്‍പെടുത്താന്‍ നമുക്കും നന്മകളുടെ പാതകള്‍ സൃഷ്ടിക്കേണ്ടതുണ്ട്. കുടുംബ- സുഹൃത്ത് ബന്ധങ്ങള്‍ പുതുക്കുകയും അയ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയും അന്നദാനം നടത്തുകയും പരിമിധികള്‍ അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുകയും ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണ്. ഈ ബലിപെരുന്നാള്‍ ദിനം പരസ്പര ഐക്യത്തിനും മതേതര കൂട്ടായ്മക്കും ദേശീയത ഊട്ടിയുറപ്പിക്കാനുള്ള വേദിയാകട്ടെ... പ്രവാചകന്‍ സുന്നത്താണെന്നുപറഞ്ഞ തൂവെള്ള നിറത്തില്‍ തന്നെയാകട്ടെ നമ്മുടെ ആഘോഷങ്ങള്‍.

ത്യാഗ സ്മരണയുടെ ബലിപെരുന്നാള്‍

Keywords : Article, Hajj, Eid_Ul_Hajj, Anees Athiyadukkam, Memories, Islam, Memories of Eid al-Adha. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia