city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാംസ്‌കാരിക രംഗത്തെ പൂര്‍ണചന്ദ്രന്‍; പിണക്കങ്ങളുടെ മുന്നിലും, ഇണക്കത്തിന്റെ പതിനാലാം രാവ് തീര്‍ത്ത ബഹുമുഖ പ്രതിഭ; കെ എം അഹ്മദ് മാഷിനെ ഓര്‍ക്കുമ്പോള്‍...

എ. ബെണ്ടിച്ചാല്‍

(www.kasargodvartha.com 15.12.2019)
ബഷീര്‍, എംടി, തകഴി, ചെറുകാട് തുടങ്ങി മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ കൃതികള്‍ വായിച്ചപ്പോള്‍, എനിക്കും ഒരാഗ്രഹം. ഒരു കഥ എഴുതണം. അങ്ങിനെ ഒരു കഥ എഴുതി. കഥയുടെ പേരു് 'ചെരിപ്പ്' എന്നാണ്. പൂണൂല്‍കാരന്റെ മകള്‍ ചെരിപ്പ് കുത്തിയുടെ മകന്റെ കരവലയത്തില്‍ ഒതുങ്ങുന്നു. മാന്യത്വം കണക്കിലെടുത്ത പൂണൂല്‍കാരന്‍ സ്വയം വെടിവെച്ച് മരിക്കുന്നു. അച്ഛന്റെ മാറില്‍ കിടന്ന പൂണൂല്‍ പൊട്ടിച്ചെടുത്തു കൊണ്ട് മകള്‍, ഭര്‍ത്താവായി സ്വീകരിച്ചചെരിപ്പ് കുത്തിയെ കൊണ്ട് ഒരു ചെരിപ്പ് തുന്നിക്കുന്നു. ഇതാണു കഥയുടെ കാതല്‍.

സാഹിത്യത്തിലും, വായനയിലും അല്‍പസ്വല്‍പം താല്‍പര്യമുള്ള നാട്ടിലെ പലരേയും കഥ കാണിച്ചു. കൂട്ടത്തില്‍ ഉദുമ കൊക്കാലിലെ ഭാസ്‌കരന്‍ എന്ന ആള്‍ ഒരു ഉപദേശം തന്നു. ഈ കഥ നീയൊന്ന് മാതൃഭൂമി അഹമദ് മാഷിനെ കാണിക്കണം. അങ്ങിനെ 1974-ല്‍ അഹമദ് മാഷിനെ ചെന്നു കണ്ട് കഥ കാണിച്ചു .മാഷ് മനസിരുത്തി വായിച്ചതിന് ശേഷം പറഞ്ഞു: 'ആശയം കൊള്ളാം'. ചെരിപ്പിന്റെ മിനുക്ക് പണി നടത്താന്‍ പി.എ.എം.ഹനീഫയെ ഏല്‍പിച്ചു. മിനുക്ക് പണി ഇന്നോളം നടന്നിട്ടില്ല. അഹമദ് മാഷുമായുള്ള പരിചയപ്പെടലിന്റെ തുടക്കം ഇങ്ങനെയായിരുന്നു.

1974 മുതല്‍ 2011 വരെയുള്ള മാഷും, ഞാനും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ച് മാഷ് തന്നെ ഒരു സായാഹ്ന പത്രത്തില്‍ എഴുതിയത് ഇങ്ങനെയാണ്. ഞങ്ങള്‍ തമ്മില്‍ ഇണങ്ങിയും, പിണങ്ങിയും കഴിയുന്നവരാണ്. തമ്മിലുണ്ടായിരുന്ന ഇണക്കവും, പിണക്കവും അമ്മയും, കുഞ്ഞും തമ്മിലുള്ളത് പോലെയായിരുന്നു. എന്തിനു വേണ്ടിയും വാശിപിടിക്കാനുള്ള സ്വാതന്ത്ര്യം മാഷ് തന്നിരുന്നു. എം.പി.നാരായണപ്പിള്ള ട്രയല്‍ വീക്കിലിയുടെ എഡിറ്റര്‍ ആയിരുന്നപ്പോള്‍ (1986-87) മിക്ക ലക്കങ്ങളിലും എന്റെ ഒരു കവിത അതില്‍ കാണുമായിരുന്നു. ഒരിക്കല്‍ മാഷ് സ്വന്തം കവിത എന്റെ കയ്യില്‍ തന്നു കൊണ്ട് പറഞ്ഞു. നീ ഇത് എം.പി.നാരായണപ്പിള്ളക്ക് അയച്ചു കൊടുക്കണം. ഞാന്‍ ആ കവിത പിള്ള സാറിന് അയച്ചു കൊടുക്കുകയും, അടുത്ത ലക്കം ട്രയല്‍ വീക്കിലിയില്‍ അത് പ്രസിദ്ധീകരിച്ചു വരികയും ചെയ്തു.

മണിപ്പാലിലെ മഴ

കെ.എം.അഹമദ്

മണിപ്പാലില്‍ മഴ പൊയ്തു
മഴയ്ക്കു മുമ്പിടി വെട്ടി
ഇടനെഞ്ചിലിടി വെട്ടി... ഇങ്ങനെയായിരുന്നു ആ കവിത

കാസര്‍കോട്ട് ഒരു സായാഹ്ന പത്രമെന്ന ആശയം എം.പി.നാരായണപ്പിള്ളയുടെതാണ്. അതിന് കാരണം, ചെരിപ്പ് സിനിമയാക്കണമെന്ന എന്റെ അടങ്ങാത്ത ആവേശമായിരുന്നു. 1977 ല്‍ ദുബൈയില്‍ എത്തിയ ഞാന്‍ 1979-ല്‍ തിരിച്ചു വരുന്ന വഴി ബോംബയില്‍ വെച്ച് എം.പി.നാരായണപ്പിള്ളയെ നേരില്‍ കാണുകയും ചെയ്തു. എഴുത്തിലൂടെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയ നാരായണപ്പിള്ള പറഞ്ഞു: നിനക്ക് ദുബൈ മടുത്തുവെങ്കില്‍ നീ സിനിമ രംഗത്തേക്ക് പോകണ്ട. നിന്റെ കാസര്‍കോട്ട് ഒരു സായാഹ്ന പത്രമില്ല. അത് നീ തുടങ്ങുക. 1979 ആദ്യവാരം നാട്ടില്‍ എത്തിയ ഞാന്‍ അഹമദ് മാഷിനെ പോയി കണ്ടു. മാത്യഭൂമി പത്രത്തിന്റെ മുന്‍ പേജില്‍ രാമൂകാര്യാട്ട് അന്തരിച്ചു എന്ന വാര്‍ത്ത വന്ന ദിവസമായിരുന്നു അത്. കാര്യാട്ടിന്റെ മരണവാര്‍ത്ത സിനിമ മോഹമെന്ന പുഷ്പത്തെ നഖക്ഷതം ഏല്‍പ്പിച്ചു.

സാംസ്‌കാരിക രംഗത്തെ പൂര്‍ണചന്ദ്രന്‍; പിണക്കങ്ങളുടെ മുന്നിലും, ഇണക്കത്തിന്റെ പതിനാലാം രാവ് തീര്‍ത്ത ബഹുമുഖ പ്രതിഭ; കെ എം അഹ്മദ് മാഷിനെ ഓര്‍ക്കുമ്പോള്‍...

നാരായണപ്പിള്ള പറഞ്ഞ സായാഹ്ന പത്രം എന്ന കാര്യം ഞാന്‍ അഹമദ് മാഷിനോട് സൂചിപ്പിക്കുകയും ചെയ്തു. നീ ഒരു പ്രാവശ്യവും കൂടി ദുബൈയില്‍ പോയി കുറച്ച് പണവുമായ് വരിക. നമുക്ക് ഒന്നിച്ച് പത്രം തുടങ്ങാം എന്നാണ് മാഷ് മറുപടി തന്നത്. അങ്ങിനെ വീണ്ടും ദുബൈക്ക് പോയി. ഒരു വര്‍ഷം കഴിഞ്ഞ് തിരിച്ചു വരുമ്പോഴേയ്ക്കും മാഷ് പത്രം തുടങ്ങിയിരുന്നു. പൊതുവെ പ്രതികാര സ്വഭാവക്കാരനായ ഞാന്‍ മാഷിനോട് പകരം വീട്ടാനുള്ള വഴികള്‍ തേടി. കാരവല്‍ പത്രത്തിന്റെ പബ്ലിഷിയറായ കാഞ്ഞങ്ങാട് അതിയാമ്പൂല്‍ പി.വി.കുഞ്ഞികൃഷ്ണനെയും, പി.എ.എം ഹനീഫയേയും ഞാന്‍ വശത്താക്കി. കാരവലിനെ പിന്‍വലിപ്പിച്ചു. അപ്പോഴാണ് മാഷ് ജയനാദം പത്രം തുടങ്ങിയത്. ഞാനും കുഞ്ഞികൃഷ്ണനും ,ഹനീഫയും ചേര്‍ന്ന് റസിന പ്രിന്റേസില്‍ വെച്ച് കുറച്ചു നാള്‍ അടിച്ചു നോക്കി. എന്റെ ഇരുപത്തി അയ്യായിരം തീര്‍ന്നപ്പോള്‍ പത്രം നിര്‍ത്തി. ഇതാണ് ഞാനും, മാഷും പിണങ്ങാനുള്ള കാരണം.

എം.പി.നാരായണപ്പിള്ള 1985 മെയ് 12-18 വരെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്നെ കുറിച്ച് എഴുതിയ 'തടവറയില്‍നിന്നൊരന്വേഷണം' എന്ന ലേഖനം അറിയുന്നത് മാഷ് പറഞ്ഞാണ്. നാരായണപ്പിള്ള മരിച്ചപ്പോള്‍ മാതൃഭൂമി പത്രത്തില്‍ മാഷ് എഴുതിയ കുറിപ്പിന്റെ തലക്കെട്ട്. നാരായണപ്പിള്ളയുടെ വേര്‍പാടില്‍' വ്രണിത ഹൃദയനായ് എന്നാണ്. ഞാനായിരുന്നു ആ വ്രണിത ഹൃദയന്‍. ഒരിക്കലും മാഷിന് എന്നോട് വെറുപ്പ് ഉണ്ടായിട്ടില്ല. എല്ലാ റംസാന്‍ മാസത്തിലും സാമ്പത്തികമായി സഹായിക്കാറുള്ള മാഷ്, ഒരു റംസാന്‍ മാസം എന്നെ കാണാതിരുന്നത് കൊണ്ട് വീട് മുന്‍പരിചയം ഇല്ലാതിരുന്നിട്ടും അന്വേഷിച്ച് വീട്ടില്‍ വന്ന് നിസാരമല്ലാത്ത ഒരു തുക തന്നു.

മകളുടെ കല്യാണദിവസം രാവിലെ വന്ന മാഷ് വൈകുന്നേരമായിരുന്നു തിരിച്ചുപോയിരുന്നത്. ഒരിക്കല്‍ മൂത്ത മകന്‍ മദനിയുടെ കൈപിടിച്ചു കൊണ്ട് പറഞ്ഞത്, ഇവന്‍ നിന്നെ രക്ഷപ്പെടുത്തും എന്നാണ്. ഞാന്‍ മാതൃരമ ദ്വൈവാരിക തുടങ്ങുമ്പോള്‍ ആദ്യ ലക്കത്തിലേക്ക് 'പരിഭവം' എന്ന ഒരു കവിത തന്നു കൊണ്ട് പറഞ്ഞത്, 1980കളില്‍ ഇവിടെ ശൂന്യമായിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി എന്നായിരുന്നു'. കേരളത്തിന്റെ വടക്കെയറ്റത്തെ ഒരു സാംസ്‌കാരിക, സാഹിത്യ പൂര്‍ണ്ണചന്ദ്രനായിരുന്നു മാഷ്. പത്രധര്‍മ്മമെന്ന പാലില്‍ ഒരിക്കലും മാഷ് വെള്ളം ചേര്‍ത്തിട്ടില്ല. മരണ വാര്‍ത്തകളുടെ സത്യാവസ്ഥ മനസ്സിലാക്കാന്‍ വേണ്ടി മരിച്ച ആളുടെ വീട് വരെ ഞങ്ങള്‍ ഒന്നിച്ച് മൈലുകളോളം നടന്നു പോയിട്ടുണ്ട്. മാതൃഭൂമി പത്രവും, മാഷും ഏകനാണയത്തിന്റെ ഇരുവശങ്ങളായിരുന്നു.

മാഷിന്റെ പ്രത്യേകത എന്നത് ഒരിക്കല്‍ ഒരാള്‍ മാഷുമായ് ബന്ധപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് അയാള്‍ക്ക് ഒരിക്കലും മാഷിനെ മറക്കാന്‍ പറ്റില്ല എന്നതാണ്. പലരുടെയും വഴികാട്ടിയായിരുന്നു അദ്ദേഹം. പുഷ്പാകരന്‍ കവിത എഴുതി തുടങ്ങുന്ന കാലം ഒരു കവിത എന്നെ കാണിച്ചു. ഞാന്‍ പറഞ്ഞു നീ പോയി അഹ്മദ് മാഷിനെ കാണിക്കുക. അങ്ങിനെ പുഷ്പാകരന്‍ അഹമദ് മാഷിനെ കാണുകയും, പുഷ്പാകരന്റെ കവിത സായാഹ്ന പത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതോടെ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ ആയി തീരുകയും ചെയ്തു. എന്റെ ഒരു കവിത' അമ്പിളിക്കണിയാരും നക്ഷത്രക്കവടിയും 'മാതൃഭൂമി പത്രത്തിലെ യുവധാരയില്‍ വന്നത് എനിക്ക് കാണിച്ചു തന്നത് മാഷായിരുന്നു. ടി. ഉബൈദ് എന്ന ബഹുമുഖ പ്രതിഭയുടെ വിളക്കില്‍ എണ്ണ ഒഴിച്ച് പ്രകാശം പരത്തിയവരില്‍ പ്രഥമ സ്ഥാനം മാഷിനാണ്. മാത്യഭൂമി കെ.എം.അഹമദ് മാഷാകുന്ന പൂന്തേന്‍ നുകരാത്തവരായ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളിലും, സാമൂഹ്യ, സാഹിത്യകാരന്‍മാരിലും ആരും തന്നെയുണ്ടാകില്ല. ഇത് മാഷിന് ജന്മനാ ലഭിച്ച ഒരു സൗഭാഗ്യമായിരുന്നു. മാഷില്ലാത്ത എട്ട് വര്‍ഷം കടന്നു പോയത് ഇന്നലെ എന്നത് പോലെയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Article, Malayalam, news, kasaragod, Kerala, journalists, Story, K M Ahammad master, Mathrubhumi, Evening Daily, Literature, Article, Malayalam, news, kasaragod, Kerala, journalists, Story, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia