city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'മാര്‍ച്ചിനോട് വെറുപ്പാണ് അന്നും ഇന്നും എന്നും'

യൂനുസ് ദേലംപാടി

(www.kasargodvartha.com 13.04.2018) നിമിഷങ്ങള്‍ കടന്ന് പോയതറിഞ്ഞതേയില്ല. മഴക്കാലം മാറി വേനല്‍ക്കാലമായത് ആരും ശ്രദ്ധിച്ചിതുപോലുമില്ല, മറന്നതാണോ? അല്ല മനപ്പൂര്‍വ്വം ഓര്‍ക്കാതിരുന്നതോ? മാര്‍ച്ച് എപ്പോഴും നൊമ്പരങ്ങള്‍ മാത്രമെ സമ്മാനിച്ചിട്ടുള്ളൂ....ഇനിയും അതങ്ങനെയായിരിക്കും. കൂട്ടുക്കൂടുന്നതിന് മുമ്പ് പിരിയേണ്ടി വരുന്നവസ്ഥ ആദ്യമായാണ് അനുഭവിച്ചത്. എപ്പോഴോ നാം അറിയാതെ ഒന്നിച്ചു... ചില മുഖങ്ങള്‍ പ്രിയപ്പെട്ടതായി, മറ്റു ചില മുഖങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി. ചില മുഖങ്ങള്‍ നമ്മെ വെറുക്കുന്നു എന്നറിഞ്ഞിട്ടു പോലും നാം അവരെ ഇഷ്ട്ടപ്പെട്ടു. എന്നോ നാം അറിയാതെ തന്നെ ഒരു സൗഹൃദ വലയം തീര്‍ത്തു.

ചിരിച്ചും കളിച്ചും ഇണങ്ങിയും പിണങ്ങിയും പരിഭവം പറഞ്ഞു നാം നമുക്കായി മാത്രം ചേര്‍ത്തു വച്ച ഓര്‍മകള്‍. സ്‌കൂള്‍ എനിക്ക് വിദ്യാലയം എന്നതിലുപരി ഒരു വീടു കൂടിയായിരുന്നു. ആ ക്യാംപസ് നല്‍കുന്നത് സ്വന്തമെന്ന തോന്നല്‍. വേറെ ഒരിക്കലും ഒന്നിനോടും തോന്നിയിട്ടില്ല. എന്നും രാവിലെ ചങ്ങാതിയോടൊപ്പമുള്ള കാല്‍നട യാത്രയും സ്‌കൂളില്‍ എത്തിയാല്‍ വരാന്തയില്‍ ഇരുന്നുള്ള കഥപറച്ചിലും വെറുതെ അലഞ്ഞു തിരയലും അധ്യാപകരുടെ ഉപദേശവും ഒന്നും നടന്നിട്ടില്ല എന്ന മട്ടില്‍ ക്ലാസിലേക്ക് പോകുന്നതും ഒരു ഓര്‍മ മാത്രമെന്ന് ഓര്‍ക്കുമ്പോള്‍ വല്ലാതെ വെറുപ്പാണ് മാര്‍ച്ചിനോട്.

സ്‌കൂളില്‍ ഒരുപാടു വര്‍ഷക്കാലം പഠിച്ചിട്ടും എസ് എസ് എല്‍ സിയിലെ അനുഭവങ്ങള്‍ എനിക്ക് സമ്മാനിച്ചത് ചെറുതൊന്നുമല്ല. എട്ടോളം അധ്യാപകരും നാല്‍പതോളം മുഖങ്ങളും. ഞങ്ങള്‍ ഒരു കുടുംബം തന്നെയായിരുന്നു. ഓരോ വ്യക്തിയില്‍ നിന്നും ഓരോ കാര്യങ്ങള്‍ പഠിച്ചു. വ്യത്യസ്തമായ കാഴ്ചപ്പാടുകളും ശൈലികളാണെങ്കില്‍ പോലും ഞങ്ങള്‍ക്കിടയില്‍ ഒരു ഒത്തൊരുമയുണ്ടായിരുന്നു. ഒരു കൊച്ചു സൗഹൃദം വലയം... അതില്‍ ഏറെ സന്തോഷിച്ചു വര്‍ഷം പോയതറിഞ്ഞതേയില്ല, എല്ലാം ഇന്നലെ സംഭവിച്ചത് പോലെ.

ജൂണ്‍ മാസത്തില്‍ ക്ലാസ് മുറികളില്‍ മൊത്തം നനവും ചളിയും കുടയുമായിരുന്നു. മഴയത്ത് കൂട്ടുകാരുമൊത്ത് കളിച്ചും തമാശകള്‍ പങ്കിട്ടും, പാടവരമ്പത്തും കവുങ്ങിന്‍ തോട്ടങ്ങള്‍ക്കുമിടയിലൂടെയുള്ള പോക്ക്, അതിന്റെ സുഖം ഇപ്പോഴാണ് മനസ്സിലാവുന്നത്. ഇനിയൊരു മഴക്കാലം കുടയും ചൂടി സ്‌കൂള്‍ മുറ്റത്തേക്ക് പോവാന്‍ കഴിയില്ല. ഇനിയും ആ വഴികളിലൂടെ കുട്ടികളും പോവും. പക്ഷെ ഞങ്ങള്‍ ആ വഴിയിലുണ്ടാവില്ല. ഇനിയും സ്‌കൂളില്‍ മണി മുഴങ്ങും, പക്ഷെ ഞങ്ങളുടെ ക്ലാസ് മുറികളില്‍ ഞങ്ങള്‍ക്ക് പകരം വേറെ ചില മുഖങ്ങള്‍. ഇനിയും മാസങ്ങള്‍ കടന്ന് പോകും അന്നൊക്കെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും ഞങ്ങളുടെ അധ്യാപകരും ഉണ്ടാവും പക്ഷെ ഞങ്ങളുണ്ടാവില്ല.

ഈ വ്യത്യാസം മനസ്സിലാക്കുമ്പോള്‍ ഹൃദയമൊന്ന് പിടക്കും, പഴയകാല കുറെ നല്ല നല്ല ഓര്‍മ്മകള്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുന്ന സമയത്ത് ഒന്ന് പുറകോട്ട് പോകാന്‍ കൊതിക്കും... വിദ്യാലയത്തിലെ ആ അവസാന ദിവസം അവസാനിച്ചിട്ടില്ലെങ്കില്‍...മാര്‍ച്ച്, നിന്റെ മുഖം ക്രൂരമാണ്. എന്നും നീ വേര്‍പാടുകള്‍ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ...

കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങള്‍ കണ്ട് വന്ന ഒരുപാട് മുഖങ്ങളോട് വളരെയധികം കടപ്പാടും നന്ദിയുമുണ്ട്. ഒരുപാട് കുസൃതി കാണിച്ചിട്ട് പോലും സ്‌നേഹത്തോടെ വഴക്കു പറഞ്ഞ ഗുരുക്കന്മാര്‍, നന്മ മാത്രം ആഗ്രഹിച്ചു ചെവിയില്‍ നുള്ളിയും ചൂരല്‍ പ്രയോഗിച്ച അധ്യാപകര്‍. അവരുടെ പ്രാര്‍ത്ഥനയും സാന്നിധ്യവും കൊണ്ടാണ് ഇന്ന് എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍, എന്നെ ഞാനാക്കി മാറ്റിയതില്‍ ഏറ്റവും വലിയ പങ്ക് എന്റെ കൊച്ചു വിദ്യാലയം തന്നെയാണ്.

വിദ്യാലയ ജീവിതത്തില്‍ സുഹൃത്തുക്കളോടുള്ള വഴക്കും പിണക്കവും പിന്നെ കുറച്ച് സമയത്തെക്കുള്ള ദേഷ്യം, കുറച്ചു കഴിഞ്ഞ് പതിയെ ചെന്ന് സോറി പറയലും ആലിംഗനവുമെല്ലാം ഒരു ഓര്‍മ മാത്രം. പക്ഷെ അവര്‍ക്കൊക്കെ പറയാന്‍ ഒരായിരം കഥകളുണ്ടാവും. സൗഹൃദത്തിന്റെയും വഴക്കുകളുടെയും കുസൃതികളുടെയും കണ്ണീരിന്റെയും വേര്‍പ്പാടിന്റെയും സ്‌നേഹത്തിന്റെയും പിണക്കങ്ങളുടെയും കഥകള്‍, എത്രയോ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ വരാന്തയ്ക്ക് പോലും പറയാനുണ്ടാകും കഥകള്‍.
'മാര്‍ച്ചിനോട് വെറുപ്പാണ് അന്നും ഇന്നും എന്നും'

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Top-Headlines, March, school, College, Sent off, Younus Delampady, March month hated, Article
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia