തൂവെള്ളയുടെ തിളക്കവും തെളിമയും
Jan 3, 2012, 14:00 IST
N.A.Sulaiman |
വലിയ ബന്ധങ്ങളുടെ ഉടമയായിരുന്നു എന്‍.എ.എസ്. നിരന്തരമായ ക്ഷേമാന്വേഷണങ്ങളിലൂടെ, വിളികളിലൂടെ, മെസേജുകളിലൂടെ വിപുല സൗഹൃദങ്ങളെ അദ്ദേഹം പൊലിപ്പിച്ചു കൊണ്ടേയിരുന്നു. അതൊക്കെ അത്ര വലിയ കരുത്തായിരുന്നുവെന്ന തിരിച്ചറിവില്‍ നുറുങ്ങി നീറുകയാണ്, പെട്ടെന്നൊരു നാള്‍ എല്ലാമൊറ്റയടിക്കു വിട്ടൊഴിയുമ്പോള്‍. എല്ലാവരുടെയും ശക്തി ചോര്‍ന്നു പോവുകയാണ്, ആത്മനിയന്ത്രണത്തിനു വേണ്ടി പെടാപ്പാട് പെടുകയാണ്.
ട്രാവല്‍ ഏജന്‍സി ഡയറക്ടര്‍ എന്ന നിലയില്‍ എണ്ണമറ്റ പ്രവാസികളാണ് എന്‍. എ. സുലൈമാന്‍ എന്ന തങ്ങളുടെ ആര്‍ദ്രസഹായിയെ കടപ്പാടോടെ ഓര്‍ക്കുന്നത്. വിസ കാര്യങ്ങളില്‍, ടിക്കറ്റില്‍ പെട്ടെന്നു മാറ്റം വേണ്ടി വരുമ്പോള്‍, അടിയന്തരമായി പാസ്‌പോര്‍ട്ട് പുതുക്കേണ്ട വിഷയത്തില്‍, മറ്റു നൂറായിരം നൂലാമാലകളില്‍ കാസര്‍കോട്ടുകാര്‍ക്ക് രക്ഷക്കെത്തുക സുലൈമാന്‍ച്ച എന്ന ധൈര്യമാണ്. പുലര്‍ച്ചെ തൊട്ട് വൈകുവോളം അദ്ദേഹം അതിന്റെ തിരക്കുകളിലായിരിക്കും.
വിമാനദുരന്തത്തിലെ ഇരകള്‍ക്കു വേണ്ടിയടക്കം അദ്ദേഹം ചെയ്ത വിശ്രമമില്ലാത്ത പൊതുപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കേണ്ട ആവശ്യമില്ല. ദഖീറത്ത് സ്‌കൂളിനും യത്തീംഖാനയ്ക്കും ഒക്കെ വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങളും അതേ പോലെ. റഫി സംഗീതം അദ്ദേഹത്തിന്റെ വികാരമായിരുന്നല്ലോ. കുറച്ചു വര്‍ഷം മുമ്പാണ്. റഫിയുടെ കേട്ടുമറന്നൊരു പാട്ടു കേള്‍ക്കാന്‍ പൂതി. എവിടെയും കിട്ടുമെന്നു തോന്നുന്നില്ല എന്നൊക്കെ പരിഭവം. തുടക്കം ഓര്‍ക്കുന്നുണ്ടോ എന്നു ചോദിച്ച് ഞാന്‍ ഇന്റര്‍നെറ്റില്‍ നിന്നും എടുത്തു കൊടുത്തു. ഇത്രയൊക്കെ സാധ്യതകള്‍ നെറ്റിനുണ്ടോ എന്നു ചോദിച്ച് വല്ലാത്തൊരാവേശത്തോടെ ആ പാട്ടങ്ങദ്ദേഹം ആസ്വദിച്ചു. പിന്നീട് പലപ്പോഴും ചോദിക്കുമായിരുന്നു, ആരാണിതൊക്കെയൊന്നും വിടാതെയിങ്ങനെ അപ്‌ലോഡ് ചെയ്യുന്നതെന്ന്. നിഷ്ഠയോടെയുള്ള കര്‍മങ്ങള്‍ക്കിടയില്‍ കിട്ടുന്ന കൊച്ചിടവേളകള്‍ അദ്ദേഹത്തിന് പഴയ ഇഷ്ടങ്ങള്‍ സെര്‍ച്ച് ചെയ്തു നോക്കാനുള്ളതുമായി മാറി. വാര്‍ത്താചാനലുകള്‍ കാണാനും മെയില്‍ വായിക്കാനുമാണ് നെറ്റ് തുറക്കുക. പിന്നെയെത്തുക, അമ്പതുകള്‍ മുതല്‍ എഴുപതുകള്‍ വരെയുള്ള ഹിന്ദി ലോകത്തേയ്ക്ക്.
ഇതൊക്കെ മതപരമായ ദിനചര്യകളില്‍ വിട്ടുവീഴ്ചയില്ലാത്ത കൃത്യതയ്ക്കിടയിലാണെന്നോര്‍ക്കണം. നല്ല മനസ്സിനു നന്ദി. എന്നെയും മതകാര്യങ്ങളില്‍ ബോധവാനാക്കാന്‍ വിടാതെ ശ്രമിച്ചുകൊണ്ടിരുന്നു. വല്ലാത്ത സ്‌നേഹോഷ്മളത അനുഭവിച്ചിരുന്നതു കൊണ്ട് ഞാനുമതില്‍ ഭംഗിയായി സഹകരിച്ചു. ചിലപ്പോള്‍ ഒളിച്ചുകളിച്ചു. ആ നിമിഷങ്ങളൊന്നുമിനിയില്ലെന്ന് കണ്ണു നനയാതെയെഴുതുക പരീക്ഷണം തന്നെയാണ്. എല്ലാം ഓര്‍മയാവുകയാണ്, ദുഃഖമാവുകയാണ്.
മംഗലാപുരത്ത് വല്ല പരിപാടിക്കും പോകുന്നതിനിടയിലായിരിക്കും ഡോക്ടറെ കാണാന്‍ സമയമെടുത്തിരിക്കുക. ബാംഗ്ലൂരില്‍ മകളെക്കാണാന്‍ പോകുന്നതിനിടയില്‍ ശ്രീനാരായണ ഹൃദയാലയം. അസുഖത്തെപ്പറ്റി ആരുമേറെയറിയാതെ നോക്കും. എന്നിട്ട് നര്‍മ്മമുള്ള നുറുങ്ങുകഥകള്‍ പറയും. ചിരിക്കും. ചിരിപ്പിക്കും. പുതിയതോര്‍ത്തില്ലെങ്കില്‍ പഴയതു തന്നെ ആവര്‍ത്തിച്ച് അതിന്റെ പേരില്‍ ഒരു ചിരിയരങ്ങൊരുക്കും. എം.ജി.ആര്‍ നാഗേഷിനെ ഇംഗ്ലീഷ് പഠിക്കാന്‍ അമേരിക്കയിലയച്ച്, പ്രൊഫസര്‍ ഇംഗ്ലീഷ് വിട്ട് തമിഴ് സംസാരിക്കാന്‍ തുടങ്ങിയ കഥയൊക്കെ എത്ര വട്ടമാണ് പറഞ്ഞു ചിരിപ്പിച്ചിരിക്കുക. ചിരിച്ച നിമിഷങ്ങളൊക്കെ ഇപ്പോള്‍ നൊമ്പരങ്ങള്‍ക്കു വഴി മാറുന്നു.
പതിവു പിരിവുകാരുടെയും പരസ്യം ചോദിച്ചു വരുന്നവരുടെയും തൃപ്തിക്കപ്പുറം അശരണരെ ഉള്ളറിഞ്ഞു സഹായിക്കുന്ന ഒരു കാരുണ്യത്തിന്റെ ഉറവയാണിവിടെ മണ്ണിനടിയിലായത്. പൊതുചടങ്ങുകളുടെ മുന്‍നിരയില്‍ നാം നിരന്തരം എന്‍.എ. സുലൈമാനെ കണ്ടപ്പോഴും തന്റെ ഉദാരമായ ധര്‍മപ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടുമേ പബ്ലിസിറ്റി നല്‍കിയില്ല അദ്ദേഹം. അഗതികളായ ചിലര്‍ക്ക് സ്ഥിരമായി നല്ലൊരു വിഹിതം നല്‍കുന്നതടക്കം ഒത്തിരി പ്രവര്‍ത്തനങ്ങള്‍.
ഒടുവിലത്തെ ഒരുദാഹരണം പറയാം. കോഴിക്കോട്ടു നിന്ന് ഒരു സാധുകുടുംബം വരുന്നു. പകര്‍ച്ചവ്യാധി ബാധിച്ച ഒരു കുട്ടിയുടെ ചികിത്സയ്ക്കു വേണ്ടിയാണ്. കാസര്‍കോട്ടെ ഒരു ചികിത്സാലയവുമായി ബന്ധപ്പെട്ട് അതിനുള്ള ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. അവര്‍ക്കവിടെ താമസിപ്പിക്കാന്‍ നിവൃത്തിയില്ല. ചികിത്സ തീരുവോളം താമസവും ഭക്ഷണവും നമുക്ക് ഏര്‍പ്പാടാക്കണം. എവിടെയാണ് സൗകര്യം കണ്ടെത്തുക എന്നാണ് എന്നോട് അന്വേഷണം. ഞാന്‍ സംവിധാനമുണ്ടാക്കിയെങ്കിലും ദിവസവും നാലുവട്ടം ചികിത്സാലയത്തിലേയ്ക്കു പോകാനുള്ള യാത്രാബുദ്ധിമുട്ടു പരിഗണിച്ച് വേറെ മാര്‍ഗമാലോചിച്ചു. കൊട്ടിയാഘോഷിക്കാത്ത ഇതുപോലുള്ള ഒരുകൂട്ടം നന്മകളുടെ പേരായിരുന്നു എന്‍. എ. സുലൈമാന്‍.
എഴുത്തുകാരനായ ഒരു എന്‍. എ. സുലൈമാനുമുണ്ട്. പുതിയ തലമുറ കാണുന്നത്, വിമാനത്താവളം, വിമാനദുരന്തം, വിമാനക്കമ്പനി - ടിക്കറ്റ് വിഷയങ്ങള്‍ എന്നിങ്ങനെ വ്യോമയാത്രാമേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇടപെടലുകളും എഴുത്തായി വരുന്നതാണ്. പിന്നോട്ടു പോയാല്‍ ഒരു കാലമുണ്ട്. ബിരുദപഠനകാലത്തും തുടര്‍ന്ന് മുംബൈയിലായിരുന്നപ്പോഴും എഴുത്തില്‍ സജീവമായ കാലം. മലയാളത്തിനു പുറമേ ഇംഗ്ലീഷിലുമുള്ള എഴുത്തുകള്‍. മുംബൈ വിശേഷങ്ങളെല്ലാം, വിശേഷിച്ച് ചന്ദ്രികയ്ക്ക് റിപ്പോര്‍ട്ടു ചെയ്യുമായിരുന്നു. ഭീവണ്ഡി കലാപത്തെത്തുടര്‍ന്നുണ്ടായ വ്യാവസായികത്തകര്‍ച്ചയുടെ വിശകലനം വിശദമായി നമുക്ക് അദ്ദേഹം സൂക്ഷിച്ച ഫയലില്‍ വായിക്കാം. എഴുപതുകളുടെ അന്ത്യവും എണ്‍പതുകളുടെ ആദ്യപകുതിയും എഴുത്തില്‍ നിറഞ്ഞുനിന്ന കാലം. ചന്ദ്രികയ്ക്കു വേണ്ടി മാധ്യമമേഖലയിലെ ചലനങ്ങള്‍ പരിചയപ്പെടുത്തുന്ന മീഡിയ എന്ന പംക്തി ദീര്‍ഘകാലം ചെയ്തു. ആഴവും പരപ്പുമുള്ള വായനയുടെയും ഇടപെടലുകളുടെയും നിദര്‍ശനങ്ങളാണവ. വായനയും പുസ്തകബന്ധങ്ങളും പരമ്പരാഗതമായി സിദ്ധിച്ചതുമാണല്ലോ.
ബിസിനസ് തിരക്കു കൊണ്ടാകാം, പിന്നീട് സജീവമായ എഴുത്ത് നിര്‍ത്തി. ബിസിനസാകട്ടെ സാമൂഹികസേവനത്തിന്റെ മികച്ച പ്രവര്‍ത്തനമണ്ഡലമാക്കി. ഒരുപാടു പേരെ യാത്രയാക്കി അദ്ദേഹം ഇടയ്ക്ക് സ്വന്തമായൊരു ഇടം തേടിപ്പോകുന്നു. വിട ചൊല്ലി എന്നു പറഞ്ഞാണ് എന്റെയീ കുറിപ്പ് ആരംഭിച്ചത്. യഥാര്‍ഥത്തില്‍ വിട ചൊല്ലാന്‍ കൂടി നില്‍ക്കാതെ, ധൃതിയിലൊരു പോക്ക്. മകന്‍ എയര്‍പോര്‍ട്ടില്‍ 2011 ലെ ഏറ്റവും നല്ല സ്റ്റാഫായി തെരഞ്ഞെടുക്കപ്പെട്ടത് ഉറ്റവരെയെല്ലാം സാഭിമാനം അറിയിച്ച ശേഷമൊരു പോക്ക്.
ഈ പോക്കില്‍ സമൂഹം തേങ്ങുന്നു. വ്യക്തിപരമായ എന്റെ സങ്കടം വാക്കുകളിലൊതുങ്ങുന്നില്ല. പ്രായത്തില്‍ ഞാനേറെ പിന്നിലെങ്കിലും എത്ര പ്രാവശ്യമാണ് ഹസന്‍ച്ച എന്ന വിളി കേട്ടു കൊണ്ടിരുന്നത്. ആകര്‍ഷകമായൊരു ശ്രുതിയില്‍ അതിപ്പോഴും ചെവിയില്‍ മുഴങ്ങും പോലെ. പക്ഷേ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ കറമുല്ല ഹാജി, തന്നെ ആശ്വസിപ്പിക്കാന്‍ വാക്കുകളുഴറി വ്യാകുലപ്പെടുന്നവരെ, മരണദിവസം പോലും പുഞ്ചിരി തൂകി തിരിച്ചാശ്വസിപ്പിക്കുന്നതു കാണുമ്പോള്‍ നാമുറപ്പിക്കുന്നു - ജീവിതയാഥാര്‍ഥ്യങ്ങളോടു പൊരുത്തപ്പെടുകയേ നിവൃത്തിയുള്ളൂ. അതെത്ര അവിശ്വസനീയമെങ്കിലും.
-കെ.ടി.ഹസ്സന്‍