city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ എസ് ടി പി റോഡ്: മിനുക്കു പണികള്‍ പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍/ പ്രതിഭാരാജന്‍

(www.kasargodvartha.com 03.10.2017) കെ എസ് ടി പി റോഡ് നിര്‍മാണം അവസാന ഘട്ടത്തിലെത്തിയതായി ബന്ധപ്പെട്ടവര്‍ അവകാശപ്പെടുമ്പോഴും മിനുക്കുപണികള്‍ തുലാസിലായി. ഡിവൈഡര്‍, ഓവുചാല്‍, സിഗ്നല്‍ ലൈറ്റുകള്‍, തുടങ്ങി പ്രധാനപ്പെട്ട കാര്യങ്ങളൊന്നും അധികൃതര്‍ നടപ്പാക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. ഉദുമയില്‍ നേരത്തെ കെ എസ് ടി പി നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഉദുമയിലെ വ്യാപാരി സംഘടന ഇടപെട്ടിരുന്നു.  പിന്നീട് പാലക്കുന്നില്‍ ഡി.വൈ.എഫ്ഐയും മറ്റു സംഘടനകളും സമരപരിപാടികളുമായി രംഗത്തെത്തിയിരുന്നു. സമരമുണ്ടാകുന്നിടത്തു തന്നെ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്ത കെ.എസ്.ടി.പി അലംഭാവമാണ് കാണിക്കുന്നത്. തൊട്ടുവെച്ച പല മിനുക്കു പണികളും തീരാനുണ്ട്. അവരിപ്പോഴും മെല്ലേപ്പോക്കില്‍ തന്നെ.

കെ എസ് ടി പി റോഡ്: മിനുക്കു പണികള്‍ പാളുന്നു


കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്റ്റ് അഥവാ കെ എസ് ടി പി റോഡുകളുടെ ബാക്കി വരുന്ന പ്രവൃത്തികള്‍ ചെയ്തു തീര്‍ക്കാനുള്ള സമയം നവംബര്‍ 30ന് അവസാനിക്കുകയാണ്. ലോകബാങ്ക് ഒരു തവണ കൂടി അന്ത്യശാസനം പുറപ്പെടുവിപ്പിച്ചു കഴിഞ്ഞു. ഇതുകൂടി ചെവികൊള്ളാത്ത പക്ഷം തൊട്ടു വെച്ചവ പാതിയില്‍ കിടക്കും. നവംബറിനു മുമ്പായി പണി പൂര്‍ത്തിയാക്കി പണം വാങ്ങിയില്ലെങ്കില്‍ പിന്നെ പണം ചോദിച്ച് ഇങ്ങോട്ടു വരേണ്ടതില്ലെന്ന് സര്‍ക്കാരിനെ അവര്‍ അറിയിച്ചിരിക്കുന്നു. ചെയ്തു കൂട്ടിയ പ്രവൃത്തിയില്‍ ജനങ്ങളെന്ന പോലെ ലോകബാങ്കും തൃപ്തരല്ല. കരാറുകാരെ കുറിച്ച് ലോകബാങ്കിനു അതൃപ്തിയുണ്ട്. ഉയര്‍ന്ന സാങ്കേതിക വിദ്യയില്ല. മെല്ലേപ്പോക്കു നയമാണ് സ്വീകരിക്കുന്നത്.  ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ ചെവികൊള്ളുന്നില്ല. ഇതൊക്കെ കൊണ്ട് ലോക ബാങ്ക് മടുത്തിരിക്കുകയാണ്.

2013 നവംബര്‍ 30നാണ് കെ.എസ്.ടി.പിയുമായി ബാങ്ക് കരാര്‍ ഒപ്പു വെച്ചത്. 2017 നവംബറില്‍ തീരാനിരിക്കുകയാണ്. ഒരു കാരണവശാലും സമയം നീട്ടിത്തരില്ലെന്ന് ബാങ്ക് അധികൃതര്‍ തീര്‍ത്തു പറഞ്ഞിരിക്കുന്നു. കാസര്‍കോട്- കാഞ്ഞങ്ങാട് റോഡിന് നിര്‍ദ്ദേശിക്കപ്പെട്ട 27.76 കിലോമീറ്ററോളമുള്ള പണി പൂര്‍ത്തിയായെങ്കിലും, പലയിടത്തും ഓവുചാലുകള്‍ പാതി വഴിയിലാണ്. സൗന്ദര്യ വല്‍ക്കരണം പേരിനു പോലുമായിട്ടില്ല. വേഗത നിയന്ത്രണ സംവിധാനങ്ങളൊന്നും തന്നെ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയിട്ടില്ല. സിഗ്നല്‍ ലൈറ്റുകളും, സോളാര്‍ തെരുവു വിളക്കുകളും നിരീക്ഷണ ക്യാമറകളുമെല്ലാം തൊട്ടും തൊടാതെയും കിടക്കുകയാണ്. അടിയന്തിരമായും ഇവ പൂര്‍ത്തീകരിക്കാതെ വന്നാല്‍ പണം ലാപ്സാവുകയും, പണിതീരാത്ത റോഡായി കെ എസ് ടി പി റോഡ് ചരിത്രത്തിലിടം നേടുകയുമായിരിക്കും ഫലം. കാഞ്ഞങ്ങാട് മാത്രമല്ല, കെ.എസ്.ടി.പി ഏറ്റെടുത്ത മറ്റു റോഡുകളുടെ സ്ഥിതിയും തഥൈവ.

കെ എസ് ടി പി പണി ഏറ്റെടുത്ത റോഡുകളില്‍ പൊലിഞ്ഞത് 4049 ജീവനുകളാണെന്ന് കെ എസ് ടി പി തന്നെ കണക്ക് നിരത്തുന്നു. ഇത്രയേറെ മരണമുണ്ടായിട്ടും റോഡ് സുരക്ഷാ അതോറിറ്റി സുരക്ഷക്കായി 52 കോടി ചിലവിട്ടിട്ടു പോലും അപകടത്തിനു കുറവുണ്ടാകുന്നില്ല. ഇതുവഴിയുള്ള യാത്ര ഇപ്പോഴും സുരക്ഷിതമല്ല. അങ്ങിങ്ങായി സ്ഥാപിച്ചിരിക്കുന്ന സ്പീഡ് ബ്രേക്കറുകളും പരാതിയേത്തുടര്‍ന്ന് ഇപ്പോള്‍ എടുത്തു മാറ്റിയിരിക്കുകയാണ്. വെള്ളം കെട്ടി നിന്ന് മാലിന്യ പ്രതിസന്ധികള്‍ ഉണ്ടാകുന്ന അതിഞ്ഞാലിനും നോര്‍ത്ത് കോട്ടച്ചേരിക്കുമിടയിലുള്ള പ്രതിസന്ധി പരിഹരിക്കാതെ കിടക്കുകയാണ്. ദീര്‍ഘവീക്ഷണമില്ലാതെ നടത്തിയ പ്രവൃത്തിയാണ് ന്യൂനതകള്‍ക്ക് കാരണമായി  ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അനധികൃതമായി മുറിച്ചു വിറ്റ മരത്തിനു മാത്രംവരും ദശലക്ഷക്കണക്കിന് രൂപയുടെ മൂല്യം. റോഡിനിരുവശവും ചേര്‍ന്ന് കുട്ടികള്‍ പഠിക്കുന്ന പത്തോളം സ്‌കൂളുകളുണ്ട്. അവിടങ്ങളില്‍ സീബ്രാലൈന്‍ പോലും ആവശ്യത്തിനില്ല. ഇങ്ങനെ പറഞ്ഞാല്‍ തീരില്ല കെടു കാര്യസ്ഥതകള്‍. പണി കാഞ്ഞങ്ങാടാണെങ്കിലും ഓഫീസ് കണ്ണൂരാണ്. ഒന്നു ബന്ധപ്പെടാനോ പൊതുജനത്തിനു പരാതി പറയാനോ അവസരങ്ങളില്ല. ജോലിക്കാര്‍ മിക്കവരും ബംഗാളികള്‍. ആ പാവങ്ങളോട് പറഞ്ഞിട്ടെന്തു കാര്യം... ചെറക്കാപ്പാറ തമ്പടിച്ചിരിക്കുന്ന ഉത്തരേന്ത്യക്കാരായ എഞ്ചിനീയര്‍മാര്‍ക്ക് തോന്നിയതു പോലെ ചെയ്യുന്നു. രാജ്യാന്തരമാനദണ്ഡം അനുസരിച്ചാണ് ഈ റോഡുകള്‍ നിര്‍മ്മിക്കേണ്ടത്. നിശ്ചിത അളവില്‍ വിവിധ പാളികളായി നിശ്ചയിച്ച സമയമെടുത്തു വേണം ടാറിംഗ് പൂര്‍ത്തിയാക്കാന്‍. ഇവിടെ എല്ലാം ഒറ്റ ശ്വാസത്തിലായിരുന്നു നടന്നതെന്ന ആക്ഷേപം ആരോടു പറയാന്‍, പറഞ്ഞിട്ടെന്തു കാര്യമെന്ന അവസ്ഥയിലാണ് ജനം.

പൊന്‍ക്കുന്നം- പുനലൂരിനു നീക്കി വെച്ച ഫണ്ട് കെടുകാര്യസ്ഥത മൂലം നഷ്ടമായി. മൂവാറ്റുപുഴ- പുനലൂര്‍ പാതിവഴിയില്‍. ഇവ അടക്കം ഏഴു പദ്ധതികള്‍ പാതി വഴിയിലാകുന്ന സാഹചര്യത്തില്‍ പുതിയ പദ്ധതിക്കായി ആവശ്യപ്പെട്ട 600 കോടി രൂപ അനുവദിച്ചു കിട്ടുമെന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നു.
കെ എസ് ടി പി റോഡ്: മിനുക്കു പണികള്‍ പാളുന്നു

കെ എസ് ടി പി റോഡ്: മിനുക്കു പണികള്‍ പാളുന്നു

കെ എസ് ടി പി റോഡ്: മിനുക്കു പണികള്‍ പാളുന്നു


Keywords:  Kasaragod, Kerala, news, Road, KSTP Road, Contractors, Protest, Strike, KSTP Road; Final work in threat

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia