city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ എസ് സുലൈമാന്‍ ഹാജി കാസര്‍കോടിന്റെ രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം

ടി ഇ അബ്ദുല്ല

(www.kasargodvartha.com 23/11/2015) അന്തരിച്ച മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ എസ് സുലൈമാന്‍ ഹാജി കാസര്‍കോടിന്റെ രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക - മത വിദ്യാഭ്യാസ രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമാണ്. മാലിക് ദീനാര്‍ ജുമാ മസ്ജിദിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ദഖീറത്ത് ഉഖ്‌റ സംഘം പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

1979 മുതല്‍ 84 വരെ നഗരസഭാ ചെയര്‍മാനായിരുന്ന സുലൈമാന്‍ ഹാജി കാസര്‍കോട് നഗരസഭയില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നേരിട്ടിടപ്പെട്ട് പരിഹാരമുണ്ടാക്കുകയും ചെയ്തിരുന്നു. മുസ്ലിം ലീഗിന്റെ കാസര്‍കോട് താലൂക്ക് പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായും, ചന്ദ്രിക ദിനപത്രം ഡയറക്ടറായും, മുസ്ലിം ലീഗ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ച അദ്ദേഹം കാസര്‍കോട്ട് പാര്‍ട്ടിയെ വളര്‍ത്തുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.

1974ല്‍ മുസ്ലിം ലീഗിലുണ്ടായ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിന്റെ കാലഘട്ടത്തില്‍ കാസര്‍കോട് താലൂക്കിൽ മുസ്ലിം ലീഗിനെ ശക്തിപ്പെടുത്തുന്നതില്‍ തന്റെ പിതാവ് ടി എ ഇബ്രാഹിം സാഹിബിനോടൊപ്പം അദ്ദേഹത്തിന്റെ വലംകയ്യായും നിന്ന് പ്രവര്‍ത്തിച്ച് മുസ്ലിം ലീഗ് അണികള്‍ക്ക് ആവേശവും കരുത്തും പകര്‍ന്നത് സുലൈമാന്‍ ഹാജി സാഹിബായിരുന്നു.

മുസ്ലിം ലീഗ് നേതാക്കന്‍മാരായ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, സി എച്ച് മുഹമ്മദ് കോയ, ബി വി അബ്ദുല്ലക്കോയ, പാണക്കാട് ശിഹാബ് തങ്ങള്‍, ഒ കെ മുഹമ്മദ് കുഞ്ഞി എന്നിവരുമായും അടുത്തബന്ധം പുലര്‍ത്തിയനേതാവായിരുന്നു സുലൈമാന്‍ ഹാജി.

നേതാക്കള്‍ പല കാര്യങ്ങളിലും അഭിപ്രായങ്ങള്‍ തേടിയിരുന്നതും കെ എസ് സുലൈമാന്‍ ഹാജിയുടെ അടുത്തുനിന്നായിരുന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റായിരുന്ന അന്തരിച്ച കെ എസ് അബ്ദുല്ലയുടെ സഹോദരന്‍കൂടിയാണ് കെ എസ് സുലൈമാന്‍ ഹാജി. സുലൈമാന്‍ ഹാജിയുടെ വിയോഗം കാസര്‍കോടിന്റെ സാമൂഹ്യ സാംസ്‌ക്കാരിക മണ്ഡലങ്ങള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനായി കോട്ടക്കണ്ണിയില്‍ സ്ഥലം ഏറ്റെടുത്തതും ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനം ആദ്യഘട്ടത്തില്‍ തുടങ്ങിയതും  കെ എസ് സുലൈമാന്‍ ഹാജി ചെയര്‍മാനായിരുന്നപ്പോഴാണ്. നഗരസഭയുടെ പാലികാഭവന്‍ കോംപ്ലക്‌സ് നിര്‍മിച്ചതും കാസര്‍കോട് നഗരസഭയില്‍ സമഗ്ര നഗരാസൂത്രണ പദ്ധതി നടപ്പിലാക്കിയതും പുലിക്കുന്നില്‍ മുന്‍സിപ്പല്‍ ലൈബ്രറി കോംപ്ലക്‌സ് നിര്‍മിച്ചതും കെ എസ് സുലൈമാന്‍ ഹാജി ചെയര്‍മാനായിരുന്നപ്പോഴാണ്.

തളങ്കരയ്ക്ക് തലയെടുപ്പുള്ള ഒരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്. പ്രവര്‍ത്തന മണ്ഡലങ്ങളിലെല്ലാം സംശുദ്ധിയും വിശുദ്ധിയും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദിന്റേയും ദഖീറത്ത് ഉഖ്‌റ സംഘത്തിന്റേയും പ്രവര്‍ത്തനം ഏറ്റവും ശക്തമായിമുന്നോട്ടുപോയിരുന്നത് കെ എസ് സുലൈമാന്‍ ഹാജി ഭാരവാഹിത്വം വഹിച്ചപ്പോഴായിരുന്നു. അടുത്തകാലത്ത് വിശ്രമജീവിതം നയിച്ചുവന്നിരുന്ന കെ എസ് സുലൈമാന്‍ ഹാജി വാര്‍ധക്യസഹജമായ അസുഖമുള്ളപ്പോള്‍ പോലും എല്ലാകാര്യങ്ങളിലും തന്റേതായ നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ ബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്നു.

കെ എസ് സുലൈമാന്‍ ഹാജി കാസര്‍കോടിന്റെ രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം

Keywords:  Article, Ex. Municipal Chairman T.E Abdulla, KS Sulaiman Haji, KS Sulaiman Haji article by TE Abdulla

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia