എന്നെ ഞാനാക്കിയ കൂക്കാനത്തെക്കുറിച്ച്
Jan 3, 2013, 09:12 IST
കൂക്കാനം എന്ന കൊച്ചു പ്രദേശത്തിന്റെ അരനൂറ്റാണ്ടു മുമ്പുളള ചിത്രം എന്റെ മനസ്സിലേക്ക് തികട്ടി വരികയാണ്. എന്റെ കുഞ്ഞുമനസ്സില്‍ പതിച്ച കൂക്കാനത്തിന്റെ ഗ്രമീണ സൗന്ദര്യം പലതും ഇന്ന് ചോര്‍ന്നു പോയെങ്കിലും അതിനെക്കുറിച്ചോര്ക്കുകയും, പറയുകയും ചെയ്യുന്നത് പുതിയ തലമുറക്ക് പ്രയോജനപ്പെടുമെന്ന് ആശിക്കുകയാണ്. പ്രദേശത്തിന്റെ കിഴക്ക് ഉയര്‍ന്നു നില്ക്കുന്ന കുറുവന്‍ കുന്നും, പടിഞ്ഞാറ് ഭാഗത്തെ വെളള വയലും, അതിനിടയില്‍ സമൃദ്ധമായി പച്ച പിടിച്ചു നില്ക്കുന്ന തെങ്ങിന് തോപ്പുകളും, കശൂമാവിന് തോട്ടങ്ങളും മറക്കാന്‍ കഴിയാത്ത ഓര്‍മകളാണ്.
ചരിത്ര സ്മാരകങ്ങള്‍ എന്ന പോലെ നിലനിന്നിരുന്ന കുണ്ടു പൊയിലിലെ ചുമടുതാങ്ങിയും, അതിനടുത്തായി സ്ഥിതി ചെയ്തിരുന്ന തണ്ണീര്‍ പന്തലും പ്രദേശത്തിന്റെ നന്മയുടെ പ്രതീകങ്ങളായിരുന്നു. കരിവെളളൂര്‍, കുണിയന്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ വസിക്കുന്ന ജനങ്ങള്‍ക്ക് അവര്‍ക്കാശ്യമായ വിറക് ശേഖരിക്കാനും, പുരമേയാനുളള നെയ്പുല്ല് ശേഖരിക്കാനും നിരനിരയായി സ്ത്രീകള്‍ ചീമേനിക്കാടുകളിലേക്കും കുന്നിന് പുറങ്ങളിലേക്കും പോകുന്നതും വരുന്നതുമായ കാഴ്ച മറക്കാനാവില്ല. അതിരാവിലെ കുളുത്തത് മണ് കലത്തിലാക്കി തലയില്‍ വെച്ചാണ് അവര്‍ പോയിരുന്നത്. വിറക് കെട്ടും പുല്ല് കെട്ടും ചുമന്ന് വരുന്ന സ്ത്രീകള്‍ക്ക് അല്പം ആശ്വാസമായിരുന്നു കൂക്കാനത്തെ ചുമട് താങ്ങിയും, ദാഹം തീര്‍ക്കാന്‍ തണ്ണീര്‍ പന്തലില്‍ നിന്ന് കിട്ടുന്ന സമ്പാരവും.
കൂക്കാനത്തിന്റെ ഹൃദയ ഭാഗത്തു കൂടി കടന്നു പോകുന്ന കൊല്ലി മഴക്കാലത്തെ അത്ഭുതകാഴ്ചകളിലൊന്നാണ്. കറുവന് കുന്നിന്റെ തെക്കു ഭാഗത്തു നിന്ന് ആരംഭിക്കുന്ന പ്രസ്തുത കൊല്ലിയിലുടെ വെളളം കുത്തിയൊലിച്ചൊഴുകും, ആ ഒഴുക്കിന്റെ ശബ്ദം ഇന്നലെയെന്ന പോലെ എന്റെ കാതില്‍ മുഴങ്ങുന്നുണ്ട്. കര്‍ക്കിടകത്തിന്റെ വറുതിയും, കൊല്ലിയിലെ കുത്തിയൊലിച്ച ശബ്ദത്തോടെ ഒഴുകുന്ന മഴവെളളവും വിശപ്പിനോടൊപ്പം ഭയവും ഉണ്ടാക്കിയിരുന്നു.
ഇന്ന് കൂക്കാനം സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ അല്പം പടിഞ്ഞാറു മാറി ഉച്ചന്‍ വളപ്പില്‍ തെയ്യം കല്ലായി മറിഞ്ഞ ഒരു കാഴ്ച ഉണ്ടായിരുന്നു. പടര്‍ന്നു പന്തലിച്ച ഒരു വലിയ പറങ്കി മാവിന് ചോട്ടിലായിരുന്നു ആ കല്ലുകള്‍ ഉണ്ടായിരുന്നത്. ഒരാള്‍ പൊക്കത്തിലുളള ഒരു വലിയ കല്ലും, നാലഞ്ച് അരയാള്‍ പൊക്കത്തിലുമുളള കല്ലുകളായിരുന്നു അത്. അടുത്തൊന്നും മറ്റ് പാറ ഭാഗമൊന്നുമില്ലായിരുന്നു. ഏതോ ഒരു തെയ്യക്കാവില്‍ നിന്ന് പുറപ്പെട്ട തെയ്യവും കൂട്ടരും നേരം പുലരും മുമ്പേ ലക്ഷ്യസ്ഥാനത്തെത്തിയില്ലയെന്നും നേരം പുലര്‍ന്നപ്പോഴേക്കും കൂക്കാനത്തെത്തിയെന്നും അതുകൊണ്ടാണ് തെയ്യവും കൂട്ടാളികളും കല്ലായി മറിഞ്ഞതെന്നും കുഞ്ഞുങ്ങളായ ഞങ്ങളോട് മുതിര്‍ന്നവര്‍ പറഞ്ഞു തന്നിട്ടുണ്ട്.
എന്തായാലും അതിലൂടെയാണ് ഓലാട്ടു സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞങ്ങള്‍ പോയ്ക്കൊണ്ടിരുന്നത്. തനിച്ച് പോകാന്‍ ഭയമായിരുന്നു. ഒരു ഇടുങ്ങിയ കിളയിലൂടെയാണ് നടന്നു പോകേണ്ടിയിരുന്നത്. തനിച്ചാവുമ്പോള്‍ കല്ലായി മറിഞ്ഞത് നോക്കാതെ കണ്ണുചിമ്മി ഓടുകയാണ് എന്റെ പതിവ്. അതൊരു കെട്ടുകഥയാണെന്ന് ഇന്നത്തെ കൂക്കാനത്തുകാര് തെളിയിച്ചു. കല്ലായി മറിഞ്ഞത് എന്ന് പറയുന്ന കല്ലുകളൊക്കെ വെട്ടിപ്പൊളിച്ച് അവിടം മനോഹരങ്ങളായ കെട്ടിടങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഇടുങ്ങിയ ഇടവഴി വീതി കൂടിയ റോഡായി മാറി.
കൂക്കാനം പ്രദേശത്തിന്റെ തൊട്ടടുത്ത് പലിയേരിക്കൊവ്വല്‍ എന്ന അതിവിശാലമായ മൈതാനം. പതുപതുപ്പുളള പച്ചപ്പുല്ല് നിറഞ്ഞ മൈതാനമായിരുന്നു അത്. ഓടിച്ചാടി തിമിര്‍ക്കാന്‍ പറ്റുന്ന മനോഹരമായ സ്ഥലം. ഞങ്ങള്‍ കുട്ടികള്‍ ഫുട്ബാള്‍ കളിച്ച് വളര്‍ന്ന സ്ഥലമാണത്. വര്‍ഷം തോറും ഫുട്ബാള്‍ ടൂര്‍ണമെന്റ് നടത്തിയ സ്ഥലം. കരിമ്പില്‍ ഭാസ്കരന്, കരിമ്പില്‍ രാമചന്ദ്രന് എന്നീ ഫുട്ബാള്‍ പ്രേമികള്‍ കുട്ടികളായ ഞങ്ങള്‍ക്ക് ഫുട്ബാള്‍ കളിയില്‍ പരിശീലനം നല്കിയ മൈതാനം. ഇന്നത് അപ്രത്യക്ഷമായി. ചെറുചെറു പറമ്പുകളായി മാറി. അവിടങ്ങളിലൊക്കെ നിരവധി വീടുകള്‍ ഉയര്‍ന്നു വന്നു. ആ സൂന്ദര മൈതാനം സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിച്ചിരുന്നെങ്കില്‍ കരിവെളളൂരിന് അഭിമാനിക്കാവുന്ന ഒരു സ്റ്റേഡിയം അവിടെ ഉണ്ടാകുമായിരുന്നു.
ഗ്രാമീണരായ കവികളും കലാകാരന്മാരും ഇവിടെ ജീവിച്ചിരുന്നിട്ടുണ്ട്. പാറക്കെ വെളുത്തമ്പു എന്ന ഒരു ഗ്രാമീണ കര്ഷകന്. നാടുവിട്ടുപോയ അദ്ദേഹത്തിന്റെ സുഹൃത്തിന് കത്ത് രൂപത്തില്‍ എഴുതിയ ഒരു കവിതയുടെ ഈരടി എന്റെ മനസ്സില്‍ ഇന്നും തങ്ങിനില്ക്കുന്നു.
എന്നുടെ ജോലി വിശേഷിച്ച് ചൊല്ലണോ
ഏറ്റാണു പുല്ലരിഞ്ഞീടലുമുണ്ടു ഞാന്‍
പ്രദേശത്തിന്റെ അക്കാലത്തെ ചിത്രം ഈ വരികളിലൂടെ വായിച്ചെടുക്കാം. ഇന്ന് ജീവിച്ചിരിക്കുന്ന കൂക്കാനത്തെ ആദ്യത്തെ അധ്യാപകനും എന്റെ ഗുരുനാഥനുമായ കെ.കുമാരന് മാഷും നല്ലൊരു കവിയാണ്. ഒന്നോ രണ്ടോ കവിതാ പുസ്തകങ്ങള്‍ അക്കാലത്തു തന്നെ മാഷും മാഷിന്റെ സുഹൃത്തുക്കളും കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേപോലെ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത സുലൈമാനും നല്ലൊരു കവിമനസ്സിന്റെ ഉടമയാണ്. നിരവധി കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അവയൊന്നും വെളിച്ചം കണ്ടില്ലിതേവരെ. അദ്ദേഹത്തിന്റെ ഒരു സുഹൃത്തായിരുന്നു കോട്ടയത്തുനിന്ന് വന്ന് കരിവെളളൂര്‍ ആശുപത്രിയില്‍ സേവനം ചെയ്ത ഒരു രാജന് കമ്പോണ്ടര്‍. ഇവിടെ നിന്ന് മാറ്റം കിട്ടിപ്പോയ രാജന് കമ്പോണ്ടര്‍ക്ക് കവിതാ രൂപത്തിലയച്ച ഒരു കത്തിന്റെ ആദ്യവരികള്‍ ഇതായിരുന്നു.
എനിക്കേറ്റം പ്രിയപ്പെട്ട രാജനേട്ടനറിയുവാന്
സാധുവാമീ സോദരന് ഞാന്‍ എഴുതിടുന്നൂ...
നല്ലനാടകനടന്മാരുണ്ടായിരുന്നു ഇവിടെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയവര്‍. അവരില്‍ ജീവിച്ചിരിക്കുന്ന ചിലരാണ് വി.വി അമ്പു, ടി.വി ഗോവിന്ദന് മാഷ്, പി.പി. രാഘവന്, ഈ കുറിപ്പുകാരന് തുടങ്ങിയവര്‍. അഞ്ചോ ആറോ നാടകങ്ങള്‍ കൂക്കാനം നവോദയ കലാസമിതിയുടെ ബാനറില്‍ ഞങ്ങള്‍ അഭിനയിച്ചവതരിപ്പിച്ചിട്ടുണ്ട്. കെ.ജി. കൊടക്കാട് പോലെ ഞങ്ങളെ അക്കാലത്ത് പ്രോത്സാഹിപ്പിച്ചവര്‍ നിരവധിയുണ്ട്.
ഇന്ന് കേരളം മുഴുക്കെ അറിയപ്പെടുന്ന ശില്പി സുരേന്ദ്രന് കൂക്കാനവും നാടകനടന്‍ വി.വി. ചന്ദ്രബാബുവും കൂക്കാനത്തിന് അഭിമാനിക്കാവുന്ന പ്രതിഭകളാണ്.
കൂക്കാനത്തിന്റെ പഴയകാല ചരിത്രത്തിലേക്ക് ഒന്നു കൂടി കണ്ണോടിക്കാം. 1950-60കളില്‍ ഓടിട്ട വീടുകള്‍ നന്നേ കുറവായിരുന്നു. വിരലിലെണ്ണാവുന്ന വീടുകളേ അന്ന് ഓടുമേഞ്ഞതുണ്ടായിരുന്നുളളൂ. മിക്കതും പുല്ലുമേഞ്ഞ വീടുകളായിരുന്നു. ഇടുങ്ങിയ കിളകളിലുടെയായിരുന്നു ജനങ്ങള്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. മുളള് മുരട് മൂര്‍ഖന്‍ പാമ്പുകള്‍ നിറഞ്ഞ വഴികളായിരുന്നു എന്നു പറയാം. ഞങ്ങളുടെ വീടിനടുത്തുണ്ടായിരുന്ന കല്ലിടാമ്പി പേടിപ്പെടുത്തുന്ന സ്ഥലമായിരുന്നു. ഇരു ഭാഗവും വലിയ കരിങ്കല്‍ പാറകള്‍. കടന്നു പോകാന്‍ അതീവ ശ്രദ്ധവേണം. അവിടെയും കൂക്കാനത്തുകാരുടെ നന്മനിറഞ്ഞ മനസ്സുകാണാം. സന്ധ്യയോടെ ആ സ്ഥലത്ത് ഒരു നാട്ടുവെളിച്ചം കൊളുത്തും. പഞ്ചായത്തിന്റെ സഹായമുണ്ടോ എന്നറിയില്ല. കോയ്യന്‍ ചിരുകണ്ടന് എന്ന ഗ്രാമീണനായ നല്ലമനുഷ്യനാണ് സന്നദ്ധമായി ആ കര്‍മം നിര്‍വ്വഹിച്ചിരുന്നത്.
ഹിന്ദു മതക്കാരാണ് ഭൂരിപക്ഷം. അന്ന് മൂന്നു വീടുകള്‍ മാത്രമെ മുസ്ലിം വിഭാഗത്തിന്റേതായി ഉണ്ടായിരുന്നുളളൂ. വീഭാഗീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത ജീവിതമാണ് ഇവിടുത്തുകാരുടേത്. ഹിന്ദു വിഭാഗത്തില്‍പെട്ട തീയ്യ, വാണിയ, കൊല്ലന്, പുലയ, ചെരുപ്പുകുത്തി, മാരാര്‍ തുടങ്ങിയവരാണ് അന്നുണ്ടായിരുന്നത്. അക്കാലത്ത് ഓരോ വിഭാഗത്തിന്റെയും കുലത്തൊഴിലിലാണ് അവരവര്‍ ഏര്‍പെട്ടിരുന്നത്. കള്ള്ചെത്ത്, എണ്ണയാട്ട്, ചെരുപ്പുതുന്നല്‍, പായമെടയല്, ഇരുമ്പുപണി, ഇവയൊക്കെയാണ് പലകുടുംബങ്ങളുടെയും ജീവിതമാര്‍ഗം.
-കൂക്കാനം റഹ്മാന്
Part 1:
മുഖച്ഛായ മാറിയ കുക്കാനം
Keywords: Article, Kookkanam-Rahman, Kerala, Kookkanam, Village, Kasaragod, Kookkanam School, Theyyam.