ആകുലതകളുടെ അടയാളപ്പെടുത്തല്‍
Jan 16, 2013, 11:34 IST
കെ.എം. അബ്ബാസിന്റെ 'ശീര്‍ഷകം ആവശ്യമില്ലാത്തത്' എന്ന പുസ്തകത്തെക്കുറിച്ചുള്ള പരിചയം
കുമ്പള ആരിക്കാടി സ്വദേശിയും സിറാജ് ദിനപത്രം ഗള്‍ഫ് എഡിഷനുകളുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ കെ.എം. അബ്ബാസിന്റെ പുതിയ പുസ്തകമാണ്- ശീര്‍ഷകം ആവശ്യമില്ലാത്തത്. ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തികുന്ന ചിരന്തന പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. വാണിഭം, മൂന്നാമത്തെ നഗരം, പലായനം. ഗള്‍ഫ് കാഴ്ച എന്നീ പുസ്തകങ്ങള്‍ അബ്ബാസ് നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗള്‍ഫ് മലയാളികളുടെ ആധിയും വ്യഥയുമാണ് ഈ പുസ്തകമെന്ന് പിന്കവര്പേജില് പറയുന്നുണ്ട്. സ്മാര്‍ട്ട് സിറ്റി, എമര്‍ജിംഗ് കേരള, ഇന്ത്യന്‍ വിമാനത്താവളങ്ങള്‍, ഗള്‍ഫില്‍ ഇന്ത്യക്കാരോടുള്ള വിവേചനം, വിമാനങ്ങള്‍ റദ്ദുചെയ്യല്‍, വിമാന ടിക്കറ്റ് നിരക്ക് വര്‍ധന, സാമ്പത്തിക മാന്ദ്യം തുടങ്ങി ക്രിക്കറ്റ് മുതല്‍ ഫുട്ബോള്‍ വരെ ഗള്‍ഫുകാരന്റെ ജീവിതത്തിലൂടെ കടന്നുപോകുന്നതാണ് ഈ പുസതകമെന്ന് കവര്‍ പേജില്‍ എടുത്തുപറയുന്നുണ്ട്.
ഒന്നര പേജും കൂടിയാല്‍ രണ്ടര പേജും മാത്രം ദൈര്‍ഘ്യമുള്ള 59 ലേഖനങ്ങളാണ് 128 പേജ് വരുന്ന ഈ പുസ്തകത്തിലുള്ളത്. ഒരു പത്ര പ്രവര്‍ത്തകന്റെ കണ്ണിലൂടെ ഗള്‍ഫും മാതൃ രാജ്യമായ ഇന്ത്യയും ലോകവും കടന്ന് പോയതിനെ കുറിച്ചുള്ള കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്. എല്ലാം പ്രസക്തമായതും പ്രതികരണം അര്‍ഹിക്കുന്നതുമാണ്. ലളിതവും ഋജുവും സുന്ദരവുമായ ഭാഷയാണ് അബ്ബാസിന്റേത്. കാര്യമാത്ര പ്രസക്തമായ കാര്യങ്ങള്‍ നേരിട്ട് വായനക്കാരോട് പറയാനും അവരെ ചിന്തിപ്പിക്കാനുമാണ് പുസ്തകത്തില്‍ ശ്രമിച്ചിട്ടുള്ളത്. തന്റെ അനുഭവത്തിലൂടെയും വായനയിലൂടെയും ബോധ്യപ്പെട്ട സംഗതികള്‍ വളച്ചുകെട്ടില്ലാതെ വായനക്കാര്‍ക്ക് അബ്ബാസ് പകര്‍ന്നു തരുന്നു. മാധ്യമ പ്രവര്‍ത്തകനായ അബ്ബാസിന് ഒരു മൂന്നാം കണ്ണും ആറാം ഇന്ദ്രിയവും ഉണ്ട്. അത് സദാ ലോകത്തിലേക്ക് തുറന്ന് വെച്ചാണ് അദ്ദേഹം തൂലിക കയ്യിലെടുക്കുന്നത്.
മനുഷ്യനും അവന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലൂടെയും അബ്ബാസിന്റെ തൂലിക കടന്നു പോവുന്നു. ഒരു പ്രവാസി ഇന്ത്യക്കാരന് അഥവാ പ്രവാസി മലയാളി എന്ന തട്ടകത്തില്‍ നിന്നുകൊണ്ട് പ്രവാസികളുടെ പ്രശ്നങ്ങളിലേക്കും പരിഹാരങ്ങളിലേക്കും അബ്ബാസിന്റെ വിചാരങ്ങള്‍ കടക്കുകയും തനിക്ക് സാധ്യമായ എഴുത്തിലൂടെ അത് സമൂഹവുമായി പങ്കുവെക്കാനും അബ്ബാസ് തയ്യാറാവുന്നു. കാലിക പ്രസക്തവും സമൂഹത്തെ മൊത്തം ബാധിക്കുന്നതുമായ പ്രശ്നങ്ങളിലൂടെ അബ്ബാസ് സഞ്ചരിക്കുന്നു.
ലോകത്തെല്ലായിടത്തുമുള്ള മനുഷ്യര്‍ക്കിടയിലും ദുഃഖവും ദുരിതവും ഉണ്ടെന്നും ദേശ-മത-വര്‍ഗ പരിമിതികള്‍ക്കുള്ളില്‍ അവ തളച്ചിടപ്പെടുന്നില്ലെന്നും ഗ്രന്ഥകാരന് ബോധ്യമുണ്ട്. ഈ ലോകം ഇങ്ങനെ അല്ലല്ലോ വേണ്ടിയിരുന്നത് എന്ന ഉല്‍കണ്ഠയും ആശങ്കയും പുസ്തകം പങ്കുവയ്ക്കുന്നു. ശീര്‍ഷകം ആവശ്യമില്ലാത്തത് എന്ന ശീര്‍ഷകം തന്നെ വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നു. മനുഷ്യന്റെ ദുഃഖങ്ങള്‍ക്കും കണ്ണീരിനും പ്രതിഷേധങ്ങള്‍ക്കും ശീര്‍ഷകവും ഭാഷയും വേണ്ട എന്ന ചിന്ത പുസ്തകനാമം ഉണര്‍ത്തുന്നു. മരുഭൂമിയില്‍ ജീവിതം ഹോമിച്ച് ജന്മ ഭൂമിയെ പച്ച പിടിപ്പിച്ച എത്രയോ ആത്മാക്കളുണ്ട്. അവരൊക്കെ ഈ പുസ്തക വായനയിലൂടെ ഓര്‍മ്മയിലെത്തുന്നു.
കൊച്ചി സ്മാര്‍്ട്ട് സിറ്റി യാഥാര്‍ത്ഥ്യമാക്കാന്‍ എം.എ. യൂസുഫലി നടത്തിയ പ്രവര്‍ത്തനങ്ങളും അതിന്റെ വിജയവും എടുത്തുകാട്ടുകയാണ് പുസ്തകത്തിലെ ആദ്യ ലേഖനമായ സ്മാര്ട്ടലിയിലൂടെ. അത്മഹത്യയ്ക്കെതിരെ യു.എ.ഇ. എക്സ്ചേഞ്ച് ഏറ്റെടുത്തുനടപ്പാക്കിയ പദ്ധതിയെക്കുറിച്ചാണ് രണ്ടാം ലേഖനമായ ഉദാത്തത്തില് പറയുന്നത്. തുടര്‍ന്നുള്ള ഓരോ ലേഖനവും വ്യത്യസ്തവും പ്രസക്തവുമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അവയുടെ തലക്കെട്ടുകള്മാത്രം ഇവിടെ പരിചയപ്പെടുത്താം. നമുക്കിടയില്‍ ഇങ്ങനെയും ചിലര്‍, ഒബാമ വീണ്ടുമെത്തുമ്പോള്‍, പുരോഗതി, ദുബൈ, കൊടിയേറ്റം, നിഗൂഢ കൊലപാതകങ്ങള്‍, കുലപതിയുടെ പതനം, വരൂ തെരുവിലെ ചോര കാണൂ, ആപത്കര നീക്കം, ഈ നീക്കത്തിന് പിന്നിലാര്, നയവും തന്ത്രവും, എങ്ങോട്ടാണ് കാറ്റ്, വിലക്കയറ്റവും സമീപരാജ്യങ്ങളും, പെരുകുന്നതിന്റെ രഹസ്യം, പ്രക്ഷോഭം വ്യാപിക്കുമ്പോള്‍, ഇടപെടല്‍ അവസാനിപ്പിക്കൂ, പാരസ്പര്യം കുതന്ത്രങ്ങള്‍, വിട്ടുവീഴ്ച വേണം, അന്വേഷണം, രക്തസാക്ഷിത്വം, കുമിള പൊട്ടിയപ്പോള്‍, ഇത് വഞ്ചനയാണ്, പൊതുമാപ്പ്, കൂട്ടക്കുരുതി, ഇത്രയും സ്മാര്‍ട്ടാകരുത്, സുതാര്യമാകണം, അവരുടെ ബാധ്യത, പുട്ടടി, മലയാളികളുടെ സ്വപ്നത്തില്‍ നിന്നകലുന്ന ഗള്‍ഫ്, അവര്‍ മടങ്ങുന്നു, ഒളിച്ചോടിപ്പോകുന്നവരാല് അനാഥമാക്കപ്പെടുന്നവര്‍, അവര്‍ക്ക് വേണ്ടി ഇത്തിരി ദയ, നവീകരണം, ഇത് നല്ലതിന്, വൈരുധ്യങ്ങള്‍, മദ്യം ഉന്മാദം, മയക്കുമരുന്നിനെതിരെ, ഏറെ ദുഃഖകരം, മൃഗീയത, വലയില്‍ വീണാല്‍, കള്ളനോട്ട്, ജീവിതം, സര്‍ഗാത്മകമാകട്ടെ, കലയുടെ ധര്‍മ്മം, കഥയും കാലവും, ക്രിക്കറ്റ് മാമാങ്കത്തിലേക്ക്, പന്തുരുളുമ്പോള്‍, എന്തൊരു ക്രൂരത, പെട്ടി അഴിക്കേണ്ടി വരുന്നില്ല, അവരും മോശമല്ല, ഇങ്ങനെയും ദിവസങ്ങള്‍, വേവലാതികളിലൂടെ യാത്രക്കൊരുങ്ങുമ്പോള്‍, പൊറുക്കാവുന്നതല്ല, ദയ കാട്ടണം, വിചിത്ര വഴികളില്‍ കുടുംബ ബന്ധങ്ങള്‍, എണ്ണയെ ചുറ്റിപ്പറ്റി, പുതുലോക ക്രമം.
K.M. Abbas |
സിറാജ് ദിനപത്രത്തില്‍ നിരീക്ഷണം എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചവയാണ് പുസ്തകത്തിലുള്‍പ്പെടുത്തിയ മിക്ക ലേഖനവുമെന്ന് ഗ്രന്ഥകാരന് പറയുന്നു. കാലിക പ്രസക്തമായ കാര്യങ്ങള്‍ കോളത്തിലൂടെ അവതരിപ്പിക്കുമ്പോഴും അവയുടെ സാര്‍വകാലിക കാലത്തേക്കുമുള്ള പ്രസക്തി ചൂണ്ടിക്കാട്ടുന്ന തരത്തില്‍ അവതരിപ്പിക്കുന്നതില്‍ ഗ്രന്ഥ കര്‍ത്താവ് ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. ഒറ്റ ഇരിപ്പിന് വായിച്ച് തീര്‍ക്കാമെങ്കിലും പുസ്തകത്തിലെ പല ലേഖനങ്ങളും വായനക്കാരുടെ ചിന്തയെ ആഴ്ചകളോളം മഥിക്കുകയും അസ്വസ്തപ്പെടുത്തുകയും ചെയ്യുമെന്ന് പറയേണ്ടി വരുന്നു. കാസര്‍കോട്ട് നിന്ന് പത്രപ്രവര്‍ത്തനത്തിന്റെ ഹരിശ്രീ കുറിച്ച് യു.എ.ഇയില്‍ അതിന്റെ വൈഭവം പ്രകടമാക്കുന്ന അബ്ബാസില്‍ നിന്ന് കനപ്പെട്ട രചനകള്‍ വീണ്ടും ഉണ്ടാകുമെന്ന് ഇവിടെ പരാമര്‍ശിക്കപ്പെട്ട പുസ്തകം നമുക്ക് ഉറപ്പ് തരുന്നു.
-ആര്.പി.
Keywords: Book, Article, Dubai, Siraj Daily, News Paper, Book review, Gulf Edition, K.M. Abbas, Sheershakam Avashyamillathathu.