city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; ഇനി ഒരു അശ്രദ്ധ കൊണ്ട് ദുരന്തം വിളിച്ചു വരുത്തരുത്

അസ്‌ലം മാവില 

(www.kasargodvartha.com 30.11.2016) കഴിഞ്ഞ ദിവസം ഒരു ദുരന്തം കാസര്‍കോട് ബദിയടുക്കയില്‍ നടന്നു. രണ്ടു പിഞ്ചുമക്കള്‍ വീട്ടുമുറ്റത്തുള്ള കിണറില്‍ വീണു അതി ദാരുണമായാണ് മരണപ്പെട്ടത്. രണ്ടു സഹോദരന്മാരുടെ നാലും രണ്ടും വയസ്സ് പ്രായമുള്ള കുട്ടികള്‍.

കിണറിനു ആള്‍മറയുണ്ട്. കുട്ടികള്‍ക്ക് എത്തിനോക്കാന്‍ പോലും പറ്റാത്ത പാകത്തിലാണ് അതുള്ളതും. പക്ഷെ അത് മാത്രമായിട്ട് കാര്യമായില്ലല്ലോ. പിഞ്ചു പൈതങ്ങള്‍ക്ക് കിണറിന്റെ ചുറ്റുമതിലില്‍ കയറാന്‍ പാകത്തിന് അതിനു ചുറ്റും കോണ്‍ക്രീറ്റ് ജല്ലി കൂട്ടിയിട്ടിട്ടുണ്ടായിരുന്നു. മാസങ്ങളായിരിക്കണം അതവിടെ തന്നെ. പലവട്ടം കുട്ടികള്‍ അതിനു മുകളില്‍ കയറിയിരിക്കണം. ഉമ്മമാരും അയല്‍പ്പക്കക്കാരും അത് ശ്രദ്ധിച്ചിരിക്കണം. ഒരു വിരട്ടലോ കണ്ണുരുട്ടലോ കൊണ്ടോ കുട്ടികള്‍ അവിടെ നിന്ന് മാറിയിരിക്കും. നാം അവിടെ നിന്ന് മറയുന്ന സമയം വീണ്ടും കുട്ടികള്‍ വരും.

കുഞ്ഞുമക്കളെ സംബന്ധിച്ചിടത്തോളം അതപകടമാണെന്നറിയില്ലല്ലോ. അവര്‍ക്കതൊരു സാഹസമാണ്. ഉത്‌സാഹമാണ്. ആരുമില്ലാത്ത സമയം അവര്‍ക്ക് എത്തിനോക്കാന്‍ കിട്ടിയ അവസരം അവര്‍ ഉപയോഗിച്ചു. മുതിര്‍ന്നവരുടെ അശ്രദ്ധ ഒന്നു കൊണ്ട് മാത്രം ആ അരുമ മക്കളുടെ ജീവന്‍ എന്നെന്നേക്കുമായി അങ്ങിനെ നഷ്ടപ്പെട്ടു.

വിധിയെ നമുക്കാര്‍ക്കും തടുക്കാന്‍ സാധിക്കില്ല. പക്ഷെ വിധിയുടെ പേരും പറഞ്ഞു നാം ചെയ്യേണ്ട പ്രാഥമിക ഉത്തരവാദിത്തത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞു മാറി നില്‍ക്കാനും സാധിക്കില്ല. നമ്മുടെ വീട്ടുമുറ്റത്തും കിണറിന്റെ പരിസരത്തും സമാനമായ സീനുകള്‍ കാണാന്‍ പറ്റും.  അപകടമാണെന്ന് നമുക്ക് നൂറു ശതമാനം ഉറപ്പുള്ളത്. നാളേക്ക് ചെയ്യാമെന്ന് മാറ്റി വെച്ചത്. തലനാരിഴകൊണ്ട് രക്ഷപ്പെട്ട അപകട സീനുകള്‍ ഉണ്ടാക്കിയത്. ഇതേ പോലെ കോണ്‍ക്രീറ്റ് ജല്ലിയാകാം. ചെങ്കല്ലുകളാകാം. പൂഴിയാകാം. മണ്ണാകാം. മടലാകാം. വിറക് കഷ്ണങ്ങളാകാം. തേങ്ങ പൊതിച്ച ചകിരിക്കൂട്ടമാകാം. എന്തുമാകാം. ഇന്നേക്ക് തന്നെ അവിടെനിന്ന് നീക്കാന്‍ പറ്റണം. അതും അവിടെകൂട്ടിയിട്ടു കിണറിനു ആള്‍മറ പൊക്കി കെട്ടിയിട്ട് ഒരു കാര്യവുമില്ല. കുഞ്ഞുമക്കളുള്ള വീട്ടില്‍ പ്രത്യേകിച്ച്. ഇത് മാത്രമല്ല, സമാനമായ ഒരു പാട് നിസ്സാരമെന്ന് നമുക്ക് തോന്നുന്ന അപകടങ്ങള്‍ പതിയിരിക്കുന്ന കാര്യങ്ങളുണ്ട്. വീട്ടില്‍ തൂങ്ങിയാടുന്ന ഇലക്ട്രിക്ക് വയര്‍ മുതല്‍ ഇന്‍സുലേഷന്‍ പോയ ഇസ്തിരി പെട്ടി വരെ.

ആ പിഞ്ചു മക്കള്‍, നസ്‌വാനും റംസാനും, പടച്ചവന്റെ സന്നിധിയില്‍ എത്തിക്കഴിഞ്ഞു. പിലാങ്കട്ടയിലെ അവരുടെ മാതാപിതാക്കളുടെ വറ്റാത്ത കണ്ണീര്‍ ഇനിയും ബാക്കിയുണ്ട്. ആ കണ്ണീരില്‍ നിന്ന് നമുക്ക് പാഠമുള്‍ക്കൊള്ളാന്‍ പറ്റണം. ചെറിയ ഒരശ്രദ്ധ കൊണ്ട് ആരുടെ മക്കളും നഷ്ടപ്പെടരുത്. നമ്മുടെ അശ്രദ്ധയെ പഴിക്കുന്ന ഒരു അന്തരീക്ഷം ഉണ്ടാക്കുകയുമരുത്.

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; ഇനി ഒരു അശ്രദ്ധ കൊണ്ട് ദുരന്തം വിളിച്ചു വരുത്തരുത്


Keywords:  Article, kasaragod, Aslam Mavile, Well, Death, Badiyadukka, Children, Parents, Ramzan, Naswan, Kids-death-Attention-to-parents.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia