city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസിയുടെ മരണം; ആത്മഹത്യയാണെന്ന് പറയാന്‍ സിബിഐ വേണോ?

സിദ്ദീഖ് നദ് വി ചേരൂര്‍

(www.kasargodvartha.com 30.03.2018) സിഎം ഉസ്താദ് ആക്ഷന്‍ കമ്മിറ്റിയുടെ ഒരു പ്രധാന ഭാരവാഹിയെ ഖാസി കേസ് അന്വേഷിക്കുന്ന സിബിഐ ടീമിലെ ഒരു പ്രധാന ഉദ്യോഗസ്ഥന്‍ കഴിഞ്ഞദിവസം കണ്ടുമുട്ടിയിരുന്നു. ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് സമര പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു ഭാരവാഹിയെ സിബിഐ ഉദ്യോഗസ്ഥന്‍ കണ്ടത്. സംസാരത്തിനിടയില്‍ ഉദ്യോഗസ്ഥന്‍ ഭാരവാഹിയോട് പറഞ്ഞ കാര്യം ആശ്ചര്യമുണ്ടാക്കുന്നതാണ്. നിങ്ങള്‍ എന്തിനാണ് ഇതിന്റെ പിന്നില്‍ സമരം നടത്തി സമയം കളയുന്നത്? അത് ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കപ്പെട്ട കാര്യമല്ലേയെന്നായിരുന്നു സിബിഐ ഉദ്യോഗസ്ഥന്റെ ചോദ്യം. സിബിഐയുടെ ഒരു പ്രധാന ഉദ്യോഗസ്ഥന്റെ അസംബന്ധമായ ചോദ്യം തന്നെയാണ് അന്വേഷണത്തിലെ പാകപ്പിഴവുകളെന്ന് നിസംശയം പറയാന്‍ കഴിയും.

എന്ത് അസംബന്ധമായ ജല്‍പ്പനങ്ങളാണ് ഉദ്യോഗസ്ഥന്‍ നടത്തുന്നതെന്ന് കേള്‍ക്കുന്ന ആര്‍ക്കും തോന്നിപ്പോകും. പക്ഷെ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനായത് കൊണ്ട് അങ്ങനെ ചോദിക്കുന്നില്ല. പക്ഷെ, അര്‍ഹിക്കുന്ന എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് തന്നെ ചോദിക്കട്ടെ, ഏത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ ഇത് ആത്മഹത്യയാണെന്ന് സ്ഥാപിക്കുന്നത്? ഒന്നാം സി ബി ഐ അന്വേഷണ റിപ്പോര്‍ട്ടില്‍ ആത്മഹത്യയാക്കി ചിത്രീകരിക്കാന്‍ അന്വേഷണ സംഘം ഇറക്കിയ ന്യായങ്ങള്‍ കൊച്ചു കുട്ടികളെപ്പോലും ബോധ്യപ്പെടുത്താന്‍ പാകത്തിലായിരുന്നില്ല. അത് കൊണ്ടാണല്ലോ സി ജെ എം കോടതി ആ റിപ്പോര്‍ട്ട് തള്ളിയത്? ഇപ്പോള്‍ പുതുതായി എന്ത് തെളിവാണ് സര്‍ അന്വേഷണ സംഘത്തിന് ആ വാദത്തിന് ഉപോല്‍ ബലകമായി ലഭിച്ചത്? അങ്ങനെ വല്ലതും ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ബന്ധുക്കളുമായോ വര്‍ഷങ്ങളായി ഈ കേസുമായി ഓടി നടക്കുന്ന നീതിക്ക് വേണ്ടി ദാഹിക്കുന്നവരെയോ ധരിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജഡ്ജിയുടെ അംഗീകാരം വാങ്ങാന്‍ കഴിയണം. ഇതൊന്നുമില്ലാതെ കേവലം അനുമാനങ്ങളുടെ പിന്‍ബലത്തില്‍ ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ സമരനായകനെ ആത്മഹത്യയാണെന്ന് പറഞ്ഞു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഏത് വകുപ്പനുസരിച്ചാണെന്നറിയാന്‍ താല്‍പ്പര്യമുണ്ട്.

കൊലപാതകമാണെന്ന് സ്ഥാപിക്കാന്‍ വേണ്ട തെളിവുകള്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് തുറന്നു പറഞ്ഞാല്‍ മതി. തെളിവുകള്‍ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ആരും നിങ്ങളെ ചോദ്യം ചെയ്യാന്‍ പോകുന്നില്ല. എന്നാല്‍ കൊലപാതകത്തിന് തെളിവില്ലാത്തത് കൊണ്ട് ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമമുണ്ടല്ലോ, അത് സമ്മതിച്ചു തരാന്‍ ആ സാത്വികനെ അടുത്തറിഞ്ഞ പതിനായിരങ്ങള്‍ക്ക് മനസില്ല.

ഇക്കാര്യം കഴിഞ്ഞ വര്‍ഷം പയ്യന്നൂരില്‍ വെച്ച് തെളിവെടുപ്പ് വേളയില്‍ ഞങ്ങള്‍ നേരിട്ട് വ്യക്തമാക്കിയതാണ്. അന്ന് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യയെന്ന് വിധിയെഴുതുന്നതെന്ന് ചോദിച്ചപ്പോള്‍ ആത്മഹത്യയ്ക്ക് പ്രത്യേകിച്ച് തെളിവൊന്നും വേണ്ടെന്നാന്ന് മറുപടി ലഭിച്ചത്. പ്രത്യേകിച്ച് കാരണങ്ങള്‍ ഇല്ലാതെയും ആത്മഹത്യ ചെയ്യാം. ഒരു ദുര്‍ബല നിമിഷത്തില്‍ അങ്ങനെ സംഭവിക്കാം. എന്നാല്‍ ഈ കേസില്‍ ദുര്‍ബലനിമിഷം എന്ന ന്യായം സിബിഐ തന്നെ ന്യായീകരണ വേളയില്‍ നിരാകരിച്ചതാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തത് ആത്മഹത്യ ചെയ്യാനുളള മുന്നൊരുക്കത്തിന്റെ ഭാഗമാണെന്ന് സിബിഐ വാദിക്കുന്നുണ്ട്. അപ്പോള്‍ ദുര്‍ബല നിമിഷത്തിലുള്ള എടുത്തു ചാട്ടമല്ലെന്ന് വ്യക്തം.

പിന്നെ എന്ത് കാരണത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യണം സര്‍? ഏവര്‍ക്കും അറിയാവുന്നത് പോലെ ലോകത്ത് ആത്മഹത്യാ നിരക്ക് ഏറ്റവും കുറവ് മുസ് ലിം വിഭാഗത്തിലാണ്. അതില്‍ തന്നെ താരതമ്യേന മതബോധത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നവരാണ് കേരളീയ മുസ് ലിംകള്‍. അവരില്‍ തന്നെ പണ്ഡിതര്‍ക്കിടയില്‍ ഈ പ്രവണത അത്യപൂര്‍വമായി പോലും കേട്ടിട്ടില്ല. ഇദ്ദേഹമാണെങ്കില്‍ ഒരു സാധാരണ പണ്ഡിതനല്ല. 77 വര്‍ഷത്തെ ജീവിതം കൊണ്ട് അസാധാരണ നിശ്ചയദാര്‍ഢ്യവും സമ ചിത്തതയും ആത്മസംയമനവും പ്രകടിപ്പിക്കുക വഴി അടുത്തവരുടേയും അകന്നവരുടേയും ശ്രദ്ധയും ആദരവും നേടിയ വ്യക്തി. മുഖ്യധാരയിലുള്ള പ്രധാന മതപണ്ഡിത സംഘടനയുടെ പ്രമുഖ നേതാക്കളില്‍ ഒരാള്‍. നൂറു കണക്കിനു പണ്ഡിതരുടെ ഗുരുവര്യന്‍. വര്‍ഷങ്ങളായി നിരവധി മുസ്ലിം മഹല്ലുകളിലെ മതപരവും കുടുംബ പരവും മറ്റുമായ പ്രശ്‌നങ്ങള്‍ക്ക്  പരിഹാരം നിര്‍ദേശിക്കുന്ന അവരുടെ ഖാസി. കുടുംബ പരമായോ സാമൂഹികമായോ സാമ്പത്തികമായോ മാനസികമായോ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി കഴിഞ്ഞ എട്ട് വര്‍ഷം തിരിച്ചും മറിച്ചും അപഗ്രഥിച്ച ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല.

ജീവിതത്തില്‍ ഒരിക്കല്‍ പോലും നിയന്ത്രണം വിട്ടു പെരുമാറിയിട്ടില്ലാത്ത വ്യക്തി. മരണത്തിന് മാസങ്ങള്‍ക്ക് മുമ്പ് മാരകമായ അസുഖം ബാധിച്ചു ശസ്ത്രക്രിയ നടത്തുകയും അതിന് ശേഷമുള്ള വിശ്രമ വേള പോലും വായനയ്ക്കും പഠനത്തിനും ഗ്രന്ഥരചനയക്കുമായി വിനിയോഗിച്ചതിന്  കൂടെയുള്ളവര്‍ സാക്ഷി. ആയിടെ എഴുതിയ തന്റെ ആത്മകഥാപരമായ കൃതിയില്‍ (എന്റെ കഥ; വിദ്യാഭ്യാസത്തിന്റേയും) വ്യക്തിപരവും കുടുംബ പരവുമായ ഉത്തരവാദിത്തങ്ങളെല്ലാം ആരെയും ആശ്രയിക്കാതെ നിര്‍വഹിക്കാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തി രേഖപ്പെടുത്തുകയും ഇനി സംഘടനാപരവും ഖാസി സ്ഥാനവുമായി ബന്ധപ്പെട്ടതുമായ ചുമതലകള്‍ നിര്‍വഹിച്ചുകൊണ്ട് നാഥന്റെ വിളിക്ക് ഉത്തരം നല്‍കാന്‍ കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ശേഷം തന്നേപ്പറ്റി വിവരദോഷികള്‍ പറഞ്ഞു പരത്താന്‍ സാധ്യതയുള്ള കാര്യം മുന്‍കൂട്ടി കണ്ടറിഞ്ഞു നിലപാട് വ്യക്തമാക്കിയത് പോലെ!

അദ്ദേഹത്തെ അത്രമേല്‍ അലട്ടുന്ന മുട്ടുവേദന ഉണ്ടായിട്ടില്ലെന്ന് അടുത്ത് പെരുമാറിയ എല്ലാവര്‍ക്കും അറിയാം. അത് പോലെ വിഷാദരോഗം ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്ന സിബിഐ അനുമാനവും വിശ്വസനീയമോ പരിഗണനീയമോ അല്ല. അത് ബോധ്യപ്പെടണമെന്ന് സിബിഐക്ക് ആത്മാര്‍ത്ഥമായ താല്‍പ്പര്യമുണ്ടെങ്കില്‍ മരിക്കുന്നതിന് മുമ്പുള്ള മണിക്കൂറുകളിലും ദിവസങ്ങളിലും മാസങ്ങളിലും അദ്ദേഹവുമായി അടുത്തിടപഴകിയ ആളുകളുമായി സംസാരിച്ചാല്‍ മതിയല്ലോ. ഏതോ ഏകാന്ത ലോകത്ത് ഒറ്റപ്പെട്ടു ജീവിച്ചതല്ല, സമൂഹമധ്യത്തില്‍ അവര്‍ക്ക് താങ്ങും തണലുമായി അവസാനം വരെ ജീവിച്ച ചരിത്രമാണ് ആ മഹാന് പറയാനുള്ളത്. അത്തരമൊരു വ്യക്തിക്ക് അങ്ങനെ വല്ല പ്രശ്‌നവും ഉണ്ടങ്കില്‍ കൂടെയുള്ളവര്‍ അറിയേണ്ടതാണല്ലോ.

ഇതൊന്നും പരിഗണിക്കാതെ തെളിഞ്ഞതോ വളഞ്ഞതോ ആയ തെളിവുകള്‍ നിരത്തി ഇതിനെ ആത്മഹത്യയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ അത് വഴി കേരളീയരുടെ മനസില്‍ സിബിഐയെ പറ്റി ഉള്ള മതിപ്പ് കുറയുകയല്ലാതെ അദ്ദേഹത്തെ അറിയുന്നവരാരും അത് വിശ്വസിക്കാന്‍ പോകുന്നില്ല. പ്രമാദമായ അഭയ വധക്കേസ് സിബിഐ രണ്ട് തവണ ആത്മഹത്യയാക്കി ഫയല്‍ ചുരുട്ടിക്കെട്ടിയെങ്കിലും പിന്നീട് തുറക്കണ്ടവര്‍ ഫയല്‍ തുറന്നപ്പോള്‍ എന്തുണ്ടായെന്ന് കേരളീയര്‍ക്കറിയാം. ഇത് പോലെ എത്ര കേസുകളില്‍ സിബിഐ സംശയത്തിന്റെ നിഴലിലായിട്ടുണ്ട്!

ചുരുക്കത്തില്‍ ഖാസി കേസ് ആത്മഹത്യയാക്കി ഫയല്‍ ക്‌ളോസ് ചെയ്യാന്‍ സിബിഐ വേണമെന്നില്ല. ഏത് ഏഴാം കൂലിക്കും അത് എളുപ്പത്തില്‍ കഴിയും. സി ബി ഐ യുടെ മികവും വൈദഗ്ധ്യവും തെളിയിക്കേണ്ടത് പ്രത്യക്ഷത്തില്‍ ആത്മഹത്യയാക്കി മാറ്റാന്‍ എളുപ്പമുള്ള വിധത്തില്‍ തന്ത്രപരമായി നടത്തിയ കൊലപാതകത്തിന്റെ ചുരുളുകള്‍ നിവര്‍ത്തുന്നതിലൂടെയാണ്. അതിന് സാധിക്കുന്നില്ലെങ്കില്‍ കൊലപാതകമാണെന്ന് തെളിയിക്കുന്നതില്‍ ഞങ്ങള്‍ ഇനിയും വിജയിച്ചില്ലെന്ന് തുറന്നു പറയാം. അല്ലാതെ ഇത് പോലുള്ള ഒരു കേസില്‍ കൃത്യവും വിശ്വസനീയവുമായ തെളിവുകളുടെ പിന്‍ബലമില്ലാതെ പത്ത് ടീമുകള്‍ തുടര്‍ച്ചയായി ആത്മഹത്യയെന്ന് തീര്‍പ്പു കല്‍പ്പിച്ചാലും ജനങ്ങളുടെ മനസില്‍ ആ മഹാന്റെ കാര്യത്തിലുള്ള ദൃഢബോധ്യത്തെ മറികടയ്ക്കാന്‍ ആ അനുമാന റിപ്പോര്‍ട്ടുകള്‍ക്ക് കഴിയില്ല.
ഖാസിയുടെ മരണം; ആത്മഹത്യയാണെന്ന് പറയാന്‍ സിബിഐ വേണോ?

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, CBI, Top-Headlines, C.M Abdulla Maulavi, Siddeeque Nadvi Cherur, Khazi's death; Is need for CBI to To say suicide
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia