city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസി വിഷയത്തിലെ ലേഖനത്തിനു വന്ന പ്രതികരണങ്ങള്‍ക്ക് കെ. ടി. ഹസന്റെ മറുപടി

ഖാസി വിഷയത്തിലെ ലേഖനത്തിനു വന്ന പ്രതികരണങ്ങള്‍ക്ക് കെ. ടി. ഹസന്റെ മറുപടി
കോടതിയുടെ മുമ്പാകെയെന്ന പോലെ, ബഹുമാന്യ വായനക്കാരെ സാക്ഷി നിര്‍ത്തി പറയട്ടെ - അറിവില്‍ പെട്ടിടത്തോളം സത്യമെന്നു പൂര്‍ണബോധ്യമുള്ള കാര്യങ്ങളാണ് ഞാനിവിടെ ബോധിപ്പിക്കുന്നത്. മറ്റാര്‍ക്കെങ്കിലും എന്റെ സാന്നിധ്യം അത്യാവശ്യമെന്നു തോന്നാത്തിടത്തോളം, ദീര്‍ഘായുസ്സു വേണമെന്ന മോഹമൊന്നും എനിക്കില്ല. പക്ഷേ ഉള്ളത്ര കാലം സത്യസന്ധതയില്‍ കണിശത വേണമെന്ന് ആഗ്രഹമുണ്ട്. തൊണ്ണൂറ്റിയാറിലെത്തിയ ഖുഷ്‌വന്ത് സിംഗ്, കഴിഞ്ഞ ദിവസം ഡെക്കാന്‍ ഹെറാള്‍ഡില്‍ തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യങ്ങള്‍ പരസ്യമാക്കുന്ന കൂട്ടത്തില്‍ സത്യമേവ ജയതേ എന്ന നമ്മുടെ മഹത്തായ രാഷ്ട്രമന്ത്രത്തിന്റെ പ്രസക്തി വിശദമാക്കിയ പശ്ചാത്തലത്തില്‍ നമ്മുടെ വിഷയവും ആയുസ്സും സത്യവുമാണല്ലോ എന്നോര്‍ത്തു.

ബഹുമാനപ്പെട്ട ചെമ്പരിക്ക ഖാസി സി. എം. അബ്ദുല്ല മൗലവി അവര്‍കളുടെ വിയോഗവുമായി ബന്ധപ്പെട്ട് ഞാനെഴുതിയ കുറിപ്പിന്റെ കാതല്‍ ഇതായിരുന്നു. അന്വേഷണസംഘങ്ങള്‍ ഒന്നിനു പിറകെ ഒന്നായി സ്ഥാപിക്കുന്നത് മരണം, കൊലപാതകമല്ലെന്നാണ്. അത് ആത്മഹത്യയാണെന്ന് ഞാനാരോപിച്ചിട്ടില്ല. ഖാസിയവര്‍കളെപ്പോലുള്ള ഒരു മഹാന്റെ അദ്ഭുതമരണം, നട്ടാന്തരം (കറാമത്ത്) ആയി കാണലല്ലേ വിശ്വാസികള്‍ക്കു കരണീയം എന്നു സൂചിപ്പിച്ചു. കൊലപാതകമല്ലെങ്കില്‍ അത് ആത്മഹത്യയായിപ്പോകും എന്നു കല്പിക്കാന്‍ തുടങ്ങിയാല്‍ ആത്മീയമായ വിശ്വാസവും ഭൗതികതയും തമ്മില്‍ പിന്നെന്തു വ്യത്യാസം? സാധാരണക്കാര്‍ക്ക് എളുപ്പം മനസ്സിലായിക്കൊള്ളണമെന്നില്ല, ഉന്നതനായ ഒരു പണ്ഡിതന്റെ, സൂഫീവര്യന്റെ ജീവിതവും അന്ത്യവും. കൊലപാതകമല്ലെങ്കില്‍ ആത്മഹത്യ എന്ന ഒറ്റ പരിഹാരം നിര്‍ദേശിക്കുന്നത്, മഹാനവര്‍കളോടു ചെയ്യുന്ന കടുത്ത അപരാധമായിപ്പോകും, അവഹേളനമായിപ്പോകും.

പ്രതികരണങ്ങളില്‍ ഞാന്‍ പറഞ്ഞതിനോട് അനുകൂലിച്ചും തീര്‍ത്തും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ നിരീക്ഷിച്ചു. പിഴവുകള്‍ ചൂണ്ടിക്കാണിച്ചു തരുന്നത് വളരെ കടപ്പാടുള്ള കാര്യമാണ്. എനിക്കീ വിഷയത്തില്‍ തീരെ അറിവില്ലെന്ന് മാന്യവായനക്കാര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ശരിയാണ്, സംഭവത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് യാതൊരറിവുമില്ല. എന്നെ വിസ്മയിപ്പിക്കുന്ന അദ്ഭുതസംഭവമാണത്. എഴുതുമ്പോള്‍ മുന്നുലുണ്ടായുരുന്ന ന്യായങ്ങള്‍ പറയാം.

1. കൊലപാതകമാണെന്ന ആരോപണത്തെ സാധൂകരിക്കുന്ന ബോധ്യന്യായങ്ങള്‍ പരസ്യമാക്കപ്പെട്ടിട്ടില്ല.
2. അന്വേഷണസംഘങ്ങള്‍ സംഭവം കൊലപാതകമല്ലെന്നു നിരന്തരം സ്ഥാപിക്കുന്നു.
3. വിഷയത്തെ വിശ്വാസിസമൂഹം എങ്ങനെ നോക്കിക്കാണണമെന്നതു സംബന്ധിച്ച് ആത്മീയമായ ഒരു രീതി പരിചയപ്പെടുത്താന്‍ ആദരണീയ പണ്ഡിതവൃത്തം മുന്നോട്ടു വന്നതായി കണ്ടില്ല. തുടക്കത്തില്‍ പൊലീസും മാധ്യമങ്ങളും ആത്മഹത്യയാണെന്ന നിഗമനത്തിലേയ്ക്കു നീങ്ങുന്നതു കണ്ടപ്പോള്‍ അതു പ്രതിരോധിക്കാനാകണം കൊലപാതകമെന്ന ആരോപണം എടുത്തിട്ടതെന്ന് ഞാന്‍ കരുതുന്നു. ആത്മഹത്യയെന്ന ഭൗതികമായ വ്യാഖ്യാനത്തിനു പകരം വിശ്വാസത്തിന്റെ കാമ്പും കരുത്തുമുള്ള വിശദീകരണം പണ്ഡിതന്മാര്‍ക്കു സാധ്യമായിരുന്നു. അത് ഖാസിയവര്‍കള്‍ അര്‍ഹിക്കുന്ന ആദരവുമായേനെ.
4. കൊലപാതകദുരന്തമാണ് സംഭവിച്ചതെങ്കില്‍, അന്വേഷണത്തില്‍ പാകപ്പിഴവുകളുണ്ടെങ്കില്‍ അതു നികത്തപ്പെടണമെന്ന്, യാഥാര്‍ഥ്യം വ്യക്തമാവണമെന്ന് ഞാനും ആശിക്കുന്നു. പക്ഷേ അതിനായി റോഡുപരോധം പോലെ രാഷ്ട്രീയക്കാരുടെ നാടന്‍ നടപടികളിലേയ്ക്കു വഴുതി വീഴുന്നത്, ആദരവാര്‍ന്ന സുന്നീസമൂഹത്തിന്റെ അന്തസ്സ് ഖേദകരമാം വിധം ചോര്‍ത്തിക്കളയുന്നു.

കുറേ കാത്തിരുന്നു ഞാന്‍. സുന്നീപ്രസ്ഥാനത്തിന്റെ ഉള്ളില്‍ നിന്നു തന്നെ സ്വയം വിലയിരുത്തലിന്റെ ഭാഗമായി തിരുത്തല്‍ശ്രമങ്ങളുണ്ടാകുമെന്ന്. അതു കാണാഞ്ഞപ്പോള്‍ ഞാനെന്റെ വിവരക്കേടുകള്‍, ഒരു സാധാരണക്കാരന്റെ ഇടപെടലെന്ന നിലയില്‍ സൗമ്യമായ ഭാഷയില്‍ സാദരം എഴുതി ഫലിപ്പിച്ചു.

ഇവിടെ മറ്റൊരു പ്രശ്‌നം കൂടി കാണേണ്ടതുണ്ട്. നീതിപൂര്‍വകമെന്നു സര്‍വര്‍ക്കും അംഗീകരിക്കാവുന്ന ഇനിയൊരന്വേഷണം നടന്ന് അവരും കൊലപാതകമല്ലെന്ന് സ്ഥാപിക്കുന്ന പക്ഷം അതുണ്ടാക്കുന്ന തിരിച്ചടിയേക്കാള്‍ ആപല്‍ക്കരമാണ് അതുവഴി മരണം ആത്മഹത്യയാണെന്ന പ്രചാരണം വരുന്നതിലൂടെ ഖാസിയവര്‍കളോടു മനപ്പൂര്‍വമല്ലെങ്കിലും ചെയ്യേണ്ടി വരുന്ന കടുത്ത അനീതിയും അപമര്യാദയും. ഈ വക കാര്യങ്ങളെല്ലാം കണ്ടു കൊണ്ടുള്ള മുന്‍കരുതലോടെയുള്ള തുടര്‍നടപടികള്‍ ബഹുമാനപ്പെട്ട സുന്നീ നേതൃത്വത്തില്‍ നിന്ന് ഒരിക്കലൂടെ ഞാനപേക്ഷിക്കുന്നു.

കുറിപ്പെഴുത്തിലെ എന്റെ ഉദ്ദേശ്യശുദ്ധി വിശദീകരിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ആര്‍ക്കെങ്കിലും വേണ്ടി ഞാന്‍ പേനയുന്തുകയായിരുന്നോ എന്ന ശങ്ക അസ്ഥാനത്താകുന്നു. എഴുതും മുമ്പ് ഒരാളോടും വിഷയം ചര്‍ച്ച ചെയ്തിട്ടില്ല എന്നു മാത്രം സൂചിപ്പിക്കട്ടെ.

ഞാന്‍ സിമി പ്രവര്‍ത്തകനായിരുന്നു എന്ന തരത്തിലാണ് ഒരു വ്യക്തിപരാമര്‍ശം. ലോകത്താകെ ഇസ്‌ലാമിക ഖിലാഫത്ത് പുലരുന്നതും കാത്തു കഴിയുന്ന സ്വപ്നജീവികളായ സാധുക്കളാണ് എനിക്കറിയുന്ന പഴയ സിമിക്കാര്‍. ആശയപരവും താത്ത്വികവുമായ കാരണങ്ങളാല്‍ ഞാന്‍ പക്ഷേ ഒരിക്കലും സിമിയായിട്ടില്ല. സിമിയുടെ മുഖപത്രമായ വിവേകത്തിന്റെ എഡിറ്റിംഗ് സേവനം അഭ്യര്ഥിച്ചപ്പോള്‍ നല്കിയിട്ടുണ്ട്, എന്റേതായ രചനാസ്വാതന്ത്ര്യം ഉറപ്പുവരുത്തിക്കൊണ്ട്. വിവേകത്തിനു ശേഷം മറ്റു ചില മുഖ്യധാരാ പത്ര - പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചു. വിവേകത്തിലായിരിക്കെ സിമിയടക്കമുള്ള ഇസ്‌ലാമിസ്റ്റുകളെ നിശിതമായി വിമര്‍ശിക്കുന്ന നിലപാടുകള്‍ ഞാന്‍ തുറന്നെഴുതുമായുരുന്നു. അക്കാലയളവിലെ എന്റെ ഗവേഷണങ്ങളും പ്രബന്ധങ്ങളായി അതില്‍ വന്നു. ആദ്യമായി എഴുതിയത് എന്റെ ഇഷ്ടവിഷയത്തെക്കുറിച്ച്, ഗണിതത്തിന്റെ ആത്മാവ് എന്ന തലക്കെട്ടില്‍. ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പഠനമാണ് ശിയാസ്വാധീനം കേരളത്തില്‍. 1996ല്‍ 19 വയസ്സുള്ളപ്പോഴായിരുന്നു ആ രചന. മൊഗ്രാലിലെ നടത്തോപ്പില്‍ അബ്ദുല്ല രചിച്ച പക്ഷിപ്പാട്ടിനെക്കുറിച്ച് ഞാന്‍ ആ ലേഖനത്തില്‍ പ്രതിപാദിച്ച രീതിയുടെ ആസ്വാദനത്തിന്, പത്തു വര്‍ഷത്തിലേറെക്കഴിഞ്ഞ് പ്രൊഫ. ഇബ്രാഹീം ബേവിഞ്ച മൊഗ്രാലിനെക്കുറിച്ചെഴുതിയ പുസ്തകത്തില്‍ ഒരധ്യായം തന്നെ മാറ്റിവച്ചിട്ടുണ്ട് എന്ന് ഉത്തരദേശത്തില്‍ കെ. എം. അഹ്മദ് മാഷിന്റെ നിരൂപണത്തില്‍ വായിച്ചതോര്‍ക്കുന്നു.

വ്യക്തിപരമായി ഇതൊക്കെയാണ് എന്റെ ലോകം. കഴിഞ്ഞ കുറിപ്പില്‍ സൂചിപ്പിച്ചതു പോലെ തനിഭൗതികന്‍. ബഹളക്കാരായ സിമിക്കാരെ ഒതുക്കാന്‍ ഭരണകൂടമിട്ട ഭീകരക്കെണിയില്‍ കുരുങ്ങുമല്ലോ എന്ന ആധി കൊണ്ടല്ല ഞാന്‍ സിമിക്കാരനല്ലെന്ന് ഇത്ര കണ്ട് സ്ഥാപിക്കുന്നത്. ഒരു ബ്രാന്‍ഡിലും ലേബല്‍ ചെയ്യപ്പെടാന്‍ ഞാനാഗ്രഹിക്കുന്നില്ല. അതെന്റെ വിനീതമായ സ്വാതന്ത്യത്തിന്റെ പ്രശ്‌നമാണ്. നന്മയിലധിഷ്ഠിതമായ പരിപാടികള്‍ക്ക് ആരു ക്ഷണിച്ചാലും ഞാന്‍ ക്ലാസോ പ്രഭാഷണമോ പ്രബന്ധമോ എഡിറ്റിംഗോ നല്കും, മറ്റു നിലയ്‌ക്കെനിക്ക് അസൗകര്യമില്ലെങ്കില്‍. അതില്‍ വിവിധ മുസ്‌ലിം സംഘടനകള്‍ പെടും. സംഘപരിവാറിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളടക്കം ഹിന്ദു സ്ഥാപനങ്ങള്‍ പെടും. ഇതര മത, മതേതര, രാഷ്ട്രീയ, സര്‍ക്കാര്‍ തല സംരംഭങ്ങളും. വിദ്യാഭ്യാസ മനശ്ശാസ്ത്രം, ഗണിതരസം, മാനവശേഷി വികസനം, ഓര്‍മശേഷി വര്‍ധന, അങ്ങനെ വിഷയമേതായാലും, വേദി ഏതായാലും സാധ്യമാകുന്നത്ര പോസിറ്റീവ് ഊര്‍ജം പ്രസരിപ്പിക്കുക എന്നതാണ് എന്റെ രീതി. കൂട്ടത്തില്‍ പറയട്ടെ, ഇപ്പോഴും എന്റെ സേവനം തുടരെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളില്‍ പ്രമുഖമായ ഒന്ന്, സമസ്തയുടെ കീഴിലുള്ളതാണ്. ആ സമസ്തയോടുള്ള സര്‍വാദരവും സൂക്ഷിച്ചുകൊണ്ട്, എന്റെ പിതാമഹസ്ഥാനത്തു കൂടി വരുന്ന ഖാസിയവര്‍കളോട് അങ്ങേയറ്റം ബഹുമാനത്തോടെ, വേദനയോടെ എഴുതിയതാണ് ആ കുറിപ്പ്.

ബഹുമാനപ്പെട്ട ഖാസി: സുന്നീ സമൂഹം ചെയ്യേണ്ടത്

Keywords: Article, K.T. Hassan, C.M Abdulla Maulavi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia