city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ എ സുലൈമാന്‍ ഇവിടെയൊക്കെയുണ്ട്...

എ എസ് മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 30/12/2015) എന്‍.എ സുലൈമാന്‍ (മൗലവി) ഇഹലോകവാസം വിട്ടതിനു പിറകെ നാല് ആണ്ടുകള്‍ കൂടി കടന്നു പോവുകയാണ്. കഴിഞ്ഞ രാത്രികളിലൊന്നില്‍ ഞാന്‍ ഓര്‍ത്തിരിക്കുകയായിരുന്നു. കിടന്ന് ഉറക്കം വന്നതേയില്ല. പിന്നിട്ട ജീവിതോപരിതലത്തിലൂടെ മനസ് അതിവേഗം ചിറകടിച്ച് പറക്കുകയായിരുന്നു. പലരുടെ കൂട്ടത്തില്‍ സുലൈമാനും ഓര്‍മയില്‍ തെളിഞ്ഞു. കൂടെ ആ ഒരൊറ്റ ദൃശ്യവും. യാദൃശ്ചികമായി കണ്ടുമുട്ടുന്ന സുലൈമാന് ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ പുസ്തകം റിലീസ് ചെയ്യുന്ന പരിപാടിയുടെ ക്ഷണക്കത്ത് കൈയില്‍ വെച്ചപ്പോള്‍ പറഞ്ഞുവത്രെ. വിവരം പത്രത്തില്‍ വായിച്ചു. എ.എസും പരിപാടിയില്‍ ഉണ്ട്. കൂടെ വരുമായിരുന്നു. പക്ഷെ അന്ന് ചില അസൗകര്യങ്ങള്‍ നിമിത്തം കാഞ്ഞങ്ങാട് വരെയെത്താനാവില്ല എന്ന്.

വലിയൊരു സൗഹൃദവലയമൊന്നുമില്ലാത്ത ഈയുള്ളവനുമായി വളരെ ഇന്റിമേറ്റ് ആയ ഒരു സൗഹൃദം സൂക്ഷിച്ചവരില്‍ ഒരാളായിരുന്നു സുലൈമാന്‍. അത്തരക്കാരില്‍ പലരും ഓരോരുത്തരായി ജീവിതത്തിനപ്പുറത്തേയ്ക്ക് പറന്നു പോയി. അഹമദ് വിദ്യാനഗര്‍ തുടങ്ങി ഒരുപാട് പേര്‍... സുലൈമാനും ഞാനും മുംബൈ മൗലവിയില്‍ ഒന്നിച്ചുണ്ടായിരുന്ന കാലം. 1982 മുതല്‍ 1985 വരെ പിന്നീട് 1989 -90 കാലയളവ്. ഞങ്ങള്‍ക്ക് മാത്രം അറിയാമായിരുന്നു, ഇതിലല്‍പം ഹൃദയബന്ധത്തിന്റെ അംശമുണ്ടെന്ന്. എനിക്ക് ഫിറ്റായ ജോലിയോ ശമ്പളമോ അവിടുന്ന് കിട്ടുമായിരുന്നില്ല. അതു പോലെ ഒരു പക്ഷെ നല്‍കിയ ശമ്പളത്തിനു എന്നെക്കാള്‍ നല്ല ഒരുത്തനെ സുലൈമാനും കിട്ടുമായിരുന്നു. പക്ഷെ ഞങ്ങള്‍ക്കിടയിലെ മുതലാളി -തൊഴിലാളി ബന്ധങ്ങള്‍ക്കപ്പുറത്തെ ഒരു പാരസ്പര്യമായിരുന്നു അവിടെ പ്രവര്‍ത്തിച്ചത്.

ഞങ്ങള്‍ ഞായര്‍ സന്ധ്യകളില്‍ നരിമാന്‍ പോയിന്റിലെ കടല്‍ത്തീരത്തെ സിമന്റ് ബെഞ്ചിലിരുന്ന് കടലില്‍ പെയ്യുന്നത് മഴ ആസ്വദിക്കുമായിരുന്നു. വെളിച്ചം 'ക്വീന്‍സ് നെക്ലേസ് '(റാണിയുടെ സ്വര്‍ണമാല) തീര്‍ക്കുന്ന രാത്രികളില്‍ ചോപ്പാട്ടിയിലൂടെ കടല കൊറിച്ച് നടക്കുമായിരുന്നു. കാരണം ഞങ്ങള്‍ക്ക് മാത്രമായി പറയാന്‍ ഏറെ കഥകളുണ്ടായിരുന്നു. ഇതിലാരുമൊരിക്കലും അവഹേളന പാത്രമായി കടന്നു വരാറില്ലായിരുന്നു. ഞായറാഴ്ച വൈകുന്നേരങ്ങളുടെ ഹ്രസ്വ യാത്രകള്‍ക്കിടയിലെ തിരക്കുകള്‍ക്കിടയിലും നമസ്‌കാരം വഖ്ത്തിനു നിറവേറ്റുമായിരുന്നു. എല്ലാം കഴിഞ്ഞ് ഏതെങ്കിലും ഹോട്ടലില്‍ നിന്ന് ലൈറ്റ് ഫുഡ് കഴിച്ചായിരിക്കും മടങ്ങിയിരുന്നത്.

മുംബൈ നഗരത്തെ ഞങ്ങളിരുവരും ഏറെ സ്‌നേഹിച്ചിരുന്നു. സുലൈമാനാണെങ്കില്‍ തന്റെ ഇഷ്ട നാദവിസ്മയം മുഹമ്മദ് റഫി ജീവിച്ചു മരിച്ച നഗരം, എനിക്കാണെങ്കില്‍ ഇന്ത്യന്‍ കലയുടെ, സംസ്‌കാരത്തിന്റെ ഈറ്റില്ലമായ നഗരം. അതിന്റെ ഊടുപാവുകളിലൂടെ ഞങ്ങളൊരുപാട് സഞ്ചരിച്ചു. മിക്കവാറും ഞങ്ങളുടെ അവധി നാളാഘോഷങ്ങള്‍ 'ഗെയിറ്റ് വേ ഓഫ് ഇന്ത്യ'യിലോ, 'മലബാര്‍ ഹില്ലി'ലോ അവസാനിക്കാറാണ് പതിവ്. ഒരിക്കല്‍ അല്‍പം ദൂരെ പോകണമെന്ന ആശയം മുമ്പോട്ട് വെച്ചത് സുലൈമാന്‍ തന്നെയാണ്. അപ്പോള്‍ 'ലോനാവാല'യാണ് എന്റെ മനസിലെത്തിയതെങ്കിലും അത് 'വിഹാര്‍ ലെയിക്കി'ലേയ്ക്കാ (ഢശവമൃ ഘമസല)യി ചുരുങ്ങി. മുംബൈ നഗരത്തിന് കുടിവെള്ളമെത്തിക്കുന്ന തടാകങ്ങളിലൊന്ന്.

മൗലവിയുടെ ഫിയറ്റ് പദ്മിനിയിലായിരുന്നു മിക്ക യാത്രകളും. ആ കാറില്‍ കൊള്ളുന്നത്ര പേര്‍ കൂടെ വരും. സുലൈമാനും ഞാനും മാറി മാറി ഡ്രൈവ് ചെയ്തിട്ടുണ്ട്. ഞാന്‍ മുംബൈയില്‍ നേരത്തെയെത്തിയിരുന്നു. 74ല്‍ ഒരു ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം. ഇയാള്‍ പിന്നീട് ഡിഗ്രി കഴിഞ്ഞ് തൊഴില്‍ തേടി രണ്ടാമതായെത്തുന്നു. അന്ന് താമസം ബാന്ദ്രാ ഈസ്റ്റ്/ വെസ്റ്റുകളിലായി മാറി മാറിയായിരുന്നു. എന്റെ ഇളയ സഹോദരന്‍ അബുവിന് ബാന്ദ്രാ ഈസ്റ്റില്‍ കഷ്ടിച്ച് കഴിയാന്‍ വേണ്ട സൗകര്യമുണ്ടായിരുന്നു.

20ല്‍ത്തന്നെ എക്‌സ്‌പേര്‍ട് െ്രെഡവറായി അവന്‍ എനിക്ക് ധൈര്യം പകര്‍ന്നു. മുംബൈ പരിചയപ്പെടല്‍ അതെന്നെ പ്രയാസകരമല്ലാതാക്കി. 82 ല്‍ ഞാന്‍ മൗലവിയിലെത്തുന്നത് യാദൃശ്ചികം എന്നെ പറയാവൂ. സൗദിയില്‍ മൂന്ന് വര്‍ഷം ജോലി ചെയ്തു തിരിച്ചു വന്ന് വീണ്ടും പോകാനായി അനുയോജ്യമായ അവസരം തേടി കാത്തിരിക്കുന്നതിനിടയില്‍ ഒരു വൈകുന്നേരം പീയെം(അന്തുക്ക), എസ്.എ.എം. ബഷീറിനേയും കൂട്ടി വന്ന് (ഞാനന്ന് തങ്ങിയിരുന്ന ബാന്ദ്രയ്ക്കടുത്ത ഖാര്‍പാലി റോഡിലെ താമസസ്ഥലം ശ്രമിച്ച് കണ്ടു പിടിച്ചു്) ഞാന്‍ സഹായിച്ചെ ഒക്കൂ എന്ന പറയുകയായിരുന്നു. പറ്റുന്നത്ര നാള്‍ ഡോംഗ്രിയിലെ ഓഫീസിലിരിക്കണം. പെട്ടെന്നുണ്ടായ രണ്ടു പേരുടെ ഒഴിവിലേയ്ക്ക്. അത്രെയുള്ളൂ ആവശ്യം. ആ 'പറ്റുന്നത്ര നാള്‍' പിന്നീട് നീണ്ടു നീണ്ടു പോവുകയാണ് ചെയ്തത്. അതിന് പല കാരണങ്ങളുണ്ടെങ്കിലും ഒന്ന് സുലൈമാനുമായുള്ള ഇഴ പിരിക്കാനാവാത്ത സൗഹൃദവുമായിരുന്നു.

എന്റെ അനിയന്‍ അബു ടാക്‌സി ഡ്രൈവറായിരിക്കുന്നതിനിടയിലാണ്, അവിചാരിതമായി ടാക്‌സില്‍ കയറിയ ഒരു സൗദി പൗരന്റെ വിസയില്‍ സൗദിയിലേയ്ക്ക് പോകുന്നത്. ആ പോയി വന്നപ്പോള്‍ കൊണ്ടു വന്ന വിസകളിലൊന്നിലാണ് പിന്നീട് തിരിച്ചു പോയത്. മറ്റൊരു സ്ഥലത്തേയ്ക്ക്. ഒരു വര്‍ഷത്തിനിടയില്‍ കടുത്ത ഹൃദ്രോഗവുമായാണ് അനിയന്‍ മുംബൈയില്‍ തിരിച്ചിറങ്ങുന്നത്. ഓക്‌സിജന്‍ കിറ്റിന്റെ സഹായത്തോടെ ഫ്‌ളൈറ്റിലും സഹാര്‍ എയറോഡ്രോമില്‍ നിന്ന് ആംബുലന്‍സില്‍ സാന്റാക്രൂസ് മിഷ്യന്‍ ആസുപത്രിയിലേയ്ക്കും. അപ്പോള്‍ കാസര്‍കോട്ടായിരുന്നു ഞാന്‍.

വിവരമറിഞ്ഞ് മുംബൈയിലേയ്ക്ക് പുറപ്പെടുമ്പോള്‍, മുംബൈയിലുണ്ടെന്നറിഞ്ഞ സുലൈമാന്റെ നമ്പര്‍ വാങ്ങി വിളിച്ചു. എത്തിയ ഉടനെ കോണ്‍ടാക്ട് ചെയ്യാനാവശ്യപ്പെട്ടതനുസരിച്ച് ബന്ധപ്പെട്ടു. സുലൈമാന്‍ ആശുപത്രിയിലെത്തിയിരുന്നു. ആ നിസ്സഹായാവസ്ഥയില്‍ സുലൈമാന്‍ ശരിക്കുമൊരത്താണിയാവുകയായിരുന്നു എനിക്ക്. പൊതുവെ ദുര്‍ബലനാവാത്ത ഞാന്‍ തളരുമ്പോള്‍ സുലൈമാന്റെ ആശ്വാസവാക്കുകള്‍ എനിക്ക് ഊന്നുവടിയായി. ഹോസ്പിറ്റലില്‍ രാത്രി ഒരാള്‍ക്ക് മാത്രമെ കൂടെ നില്‍ക്കാവൂ എന്ന നിബന്ധനയുള്ളതിനാല്‍ രാത്രി എന്നെ സുലൈമാന്‍ കൂട്ടിക്കൊണ്ട് പോയി.

ഡോംഗ്രിയിലെ നാലാം നില ഫഌറ്റ് (സുലൈമാന്) കയറാനാവാത്തതിനാല്‍ മറ്റൊരു ഫഌറ്റിലായിരുന്നു അപ്പോള്‍ താമസം. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ അബു വെന്റിലേറ്ററിന്റെ സഹായത്തോടെ തുടര്‍ന്നുള്ള നാലു ദിനരാത്രങ്ങളെ ജീവിച്ചിരുന്നുള്ളൂ. പാതിരായ്ക്ക് മരണവാര്‍ത്ത കിട്ടിയ ഉടനെ സുലൈമാന്‍ ടി.എ. ഖാലിദടക്കം വേണ്ടപ്പെട്ടവരെയെല്ലാം വിളിച്ചറിയിച്ച് പ്രഭാതത്തില്‍ ആശുപത്രി മുറ്റത്ത്. ഓര്‍മയില്‍ വ്യക്താവ്യക്തമാകുന്ന ആ ദിനങ്ങളില്‍ സുലൈമാന്‍ പകര്‍ന്ന ആശ്വാസം എന്തായിരുന്നു എന്ന് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ പരിമിതം. അത് പോലുള്ള ഇനിയും ചിലരുണ്ടായിരുന്നു. അത് സന്ദര്‍ഭവശാല്‍ (ഇ.അ) പിന്നീടൊരിക്കല്‍...


ജീവിതത്തിലേയ്ക്ക് പാളിവന്നു വീഴുന്ന യാദൃശ്ചികത എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 86ലോ 87ലോ സുലൈമാന്‍ സന്ദര്‍ശനാര്‍ത്ഥം സൗദിയുടെ കിഴക്കന്‍ പ്രവിശ്യാ തലസ്ഥാനമായ ദമ്മാമിലെത്തിയപ്പോള്‍ ഇയാള്‍ കേവലം 50 കി.മീ അകലെയുള്ള ദഹ്‌റാന്‍ ദോഹയിലെ ഹൗസിങ് കോളനിയില്‍ വീടുകള്‍ പണിയുന്ന ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി സൂപ്പര്‍വൈസറായി ജോലി നോക്കുകയായിരുന്നു. ഞാനെപ്പോഴോ സുലൈമാന് മാത്രം അയച്ചു കൊടുത്ത കമ്പനിയുടെ വിസിറ്റിങ് കാര്‍ഡ്, അദ്ദേഹം അത് പ്രത്യേകം സൂക്ഷിച്ചു വെച്ചിരുന്നു എന്നത് മാത്രം മതി സുലൈമാന്‍ സൗഹൃദങ്ങള്‍ക്ക് എന്തുമാത്രം വില കല്‍പ്പിക്കുന്നു എന്നറിയാന്‍. ഞങ്ങളുടെ കമ്പനി ഓഫീസും ദമ്മാമിലായിരുന്നു.

ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ എ.എസ്. ദൂരെയൊരു സൈറ്റിലാണെന്ന് അവര്‍ പറഞ്ഞു നോക്കി. സുലൈമാന്‍, അയാളെ(എന്നെ)ക്കാണാന്‍ മാത്രമായി ദമ്മാമിലെത്തിയതാണ്, എനിക്കിപ്പോ കണ്ടെ ഒക്കൂ നാളെ തിരിച്ചു പോകുകയാണെന്നും അറിയിച്ചു. അന്നത്തെ പരിമിതമായ സൗകര്യങ്ങ(ഫോണ്‍)ളിലും അവര്‍ മെസേജ് എനിക്ക് പാസ് ചെയ്തു തന്നു. ഞാനാ യാത്ര ഒരു പ്രത്യേക സാഹചര്യത്തിലാണ് നടത്തിയിരുന്നത്. 'മൗലവി'യില്‍ ജോലി ചെയ്യുന്നതിനിടയില്‍ തന്നെയാണ്. കാര്യങ്ങളൊക്കെ ഒരുക്കിയതെങ്കിലും ആരോടും പറഞ്ഞിരുന്നില്ല. ഏറെയൊന്നും ബന്ധങ്ങള്‍ സ്ഥാപിക്കാതെ കുറച്ച് ഉത്തരേന്ത്യക്കാരും പാകിസ്ഥാനികളുമുള്ള കമ്പനി.

സുലൈമാന്റെ മെസേജ് അവര്‍ തന്നത് വിചിത്രമായാണ്. താങ്കളുടെ ആരോ ഒരാള്‍ താങ്കളെ കാണാന്‍ മാത്രമായി ദമ്മാമിലെത്തിയിട്ടുണ്ടെന്ന്. ഉടനെ ഞാന്‍ മുറിയില്‍ ചെന്ന് ഫ്രഷായി ഡ്രസ് മാറി ദമ്മാമിലെ അന്നത്തെ വലിയ കാപിറ്റല്‍ കെട്ടിടമായ സീക്കോ ബില്‍ഡിങ്ങിലെത്തി. ശാഹുല്‍ ഹമീദി(മോഡേണ്‍)ന്റെ അതിഥിയായിരുന്നു സുലൈമാന്‍. ഞങ്ങള്‍ ഏറെ നേരം സംസാരിച്ചു അന്നു പിരിഞ്ഞു പിറ്റേന്ന് ഒന്നിച്ച് ശാഹുവിന്റെ ഫഌറ്റില്‍ നിന്ന് ഉച്ചഭക്ഷണം കഴിഞ്ഞ് ദഹ്‌റാന്‍ (അന്ന്) എയര്‍പോര്‍ട്ടില്‍ സുലൈമാനെ കൊണ്ടുവിട്ടാണ് പിരിഞ്ഞത്.

കണ്ണാടിപ്പള്ളിയില്‍ ജുമുഅ നമസ്‌കാരം കഴിഞ്ഞ് നേരത്തെ ഇറങ്ങി സുലൈമാന്‍ പുറത്ത് ഗെയിറ്റിനടുത്ത നില്‍പുണ്ടാവും മിക്കവാറും. ഞാന്‍ ഇറങ്ങിയ ഉടനെ കൈപിടിക്കും. വീട്ടില്‍ നിന്ന് ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍. ക്ഷണം നിരസിക്കാനാവില്ല. പലപ്പോഴും എന്തെങ്കിലും ഒഴികഴിവ് പറഞ്ഞൊഴിയും. സുലൈമാന് അസുഖം നിമിത്തം ഉപ്പ്, മുളക് തുടങ്ങിയ സ്‌പൈസസ് കുറഞ്ഞ ഭക്ഷണം. എനിക്ക് എരിവും പുളിയും കുറച്ചധികം വേണം. പള്ളിയില്‍ നിന്നിറങ്ങുമ്പോള്‍ ഇപ്പോഴും വെള്ളവസ്ത്രധാരികള്‍ എന്നെ മാനസീക വിഭ്രാന്തി സൃഷ്ടിക്കാറുണ്ട്. സുലൈമാന്‍ അതാ അവിടെയെവിടെയോ നില്‍ക്കുന്നു. പാരത്രീക ജീവിതത്തില്‍ സൗഖ്യമരുളട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

എന്‍ എ സുലൈമാന്‍ ഇവിടെയൊക്കെയുണ്ട്...


Keywords: Article, A.S Mohammed Kunhi, N.A Sulaiman, Remembrance, In Memories.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia