city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചങ്കുറപ്പുള്ള ഖത്തീബുമാരുണ്ടാവണം, അവര്‍ക്ക് വെട്ടിത്തുറന്നു പറയാന്‍ കഴിയണം

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 09.08.2016) അവ്വക്കര്‍ക്ക വരുന്നത് കാണുമ്പഴേ ഉളളിലെനിക്ക് പേടിയാണ്. സംശയങ്ങളുമായിട്ടായിരിക്കും അങ്ങേരുടെ വരവ്. മിക്ക ഞായറാഴ്ചകളിലും ഒഴിവ് കിട്ടുന്ന സമയം എന്റെ വീട്ടിലേക്ക് വരും. പാരമ്പര്യ കൃഷിക്കാരനാണ്. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ മുതല്‍ സന്ധ്യമയങ്ങും വരെ കൃഷിയിടത്തിലാണ്. കാര്‍ഷിക ഉപകരണങ്ങള്‍ കയ്യില്‍ നിന്ന് താഴെ വെക്കാത്ത അധ്വാനി. അദ്ദേഹത്തിന്റെ പറമ്പിന്റെ ഇരുവശവും കൊച്ചരുവികളാണ്. ഫലഭൂയിഷ്ഠമാണ് മണ്ണ്. പറമ്പ് മുഴുവന്‍ പച്ചപിടിച്ചു നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. നല്ല വായനക്കാരനുമാണ്, കിട്ടുന്നതെന്തും വായിക്കും. ആരുപറയുന്നതും ശ്രദ്ധിച്ചു കേള്‍ക്കും. പഴയ നാലാംക്ലാസുകാരനാണെങ്കിലും അനുഭവത്തിലൂടെ പൊതുകാര്യങ്ങളിലെല്ലാം അറിവ് നേടിയ വ്യക്തിയാണ്.

ഇന്ന് ഞായറാഴ്ചയല്ലേ? അവ്വക്കറ്ക്ക വരാതിരിക്കില്ല എന്ന് ചിന്തിച്ചിരിക്കുമ്പോഴേക്കും ഗേറ്റ് കടന്ന് അങ്ങേര് നടന്നു വരുന്നു. വന്ന ഉടനെ ഉമ്മറത്ത് കയറി ഇരുന്നു. ഇത് സ്ഥിരം പതിവാണ്. ഇന്ന് സംശയമുന്നയിക്കുന്ന മുഖഭാവത്തിലല്ല അവ്വക്കറ്ക്ക. അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി, നമ്മുടെ പുതിയ ഖത്വീബ് നല്ല മന്ശനാ അല്ലേ മാഷേ? നല്ല പഠിപ്പുള്ള ആളാണെന്നാ തോന്നുന്നേ... കയിഞ്ഞ ബെള്ളിയാഴ്ച ഖുത്തുബക്ക് മുമ്പേ ചെയ്ത പ്രസംഗം നമ്മക്ക് നന്നേ പുടിച്ചു. അത്തരം കാര്യങ്ങള് മാഷും പറയാറില്ലേ? പക്ഷേങ്കില് ഒരു ഖത്തീബ് പറയുമ്പോ ഞമ്മളെ ആള്‍ക്കാര്‍ക്ക് മനസ്സില്‍ കയറും. ഖത്തീബ് പറഞ്ഞ കാര്യങ്ങളെല്ലാം മാഷിന്റെ മനസ്സിലുണ്ടാവില്ലേ? അതൊന്ന് വിശദമായി പറഞ്ഞു തര്വോ മാഷേ...

അതിനെന്താ അവ്വക്കറ്ക്കാ പറഞ്ഞ് തരാല്ലോ? ആദ്യം നബിവചനം ശ്രദ്ധിക്കൂ... 'മന്‍ ഇഹത റമ സൗജതഹു ഹുവാകരീം മന്‍ ഹഖറ ഹുര്‍മതഹു ഹുവലഈം' അയിന്റെ മലയാളമെന്താ മാഷേ? 'ആരെങ്കിലും തന്റെ ഭാര്യയെ മാനിക്കുന്നുവോ അവനാണ് മാന്യന്‍ ആരെങ്കിലും തന്റെ സ്ത്രീയെ നിന്ദിക്കുന്നുവോ അവനാണ് നിന്ദ്യന്‍' 'എത്ര മനോഹരവും ഉദാത്തവും, ചിന്താര്‍ഹവുമായ വചനങ്ങള്‍ അല്ലേ അവ്വക്കറ്ക്കാ?' ഭാര്യമാരെ ആദരി ക്കുകയും സ്‌നേഹിക്കുകയും വേണമെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞ കാര്യങ്ങള്‍ എത്രമാത്രം ശരിയാണ്. അദ്ദേഹം പള്ളിഹാളില്‍ നിറഞ്ഞു നിന്ന ആണുങ്ങളെ നോക്കി ചോദിച്ച ചോദ്യങ്ങള്‍ നോക്കൂ... നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ്? അവളെ നിങ്ങള്‍ എത്രവട്ടം ചുംബിക്കാറുണ്ട്? എത്രവട്ടം അവളുടെ മുടിയിഴകളില്‍ തലോടാറുണ്ട്? എത്ര പ്രാവശ്യം അവളെ മാറോട് ചേര്‍ക്കാറുണ്ട്? അവളുടെ കൈകളില്‍ എത്ര വട്ടം സ്‌നേഹപൂര്‍വ്വം പിടിച്ച് ഓമനിക്കാറുണ്ട്? എത്രവട്ടം മുഖത്ത് നോക്കി പുഞ്ചിരിച്ചു സംസാരിക്കാറുണ്ട്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നമുക്കും കണ്ടെത്തേണ്ടെ? നനവുള്ള, കനിവുള്ള, സ്‌നേഹമുള്ള, കുടുംബനാഥനില്‍ നിന്നേ ഇതൊക്കെ കിട്ടു.

'മാഷേ, ഭാര്യയെ പേര് ചൊല്ലി ബിളിക്കേണ്ട കാര്യം പറഞ്ഞില്ലേ അതെന്തായിരുന്നു?' 'ഭാര്യയുടെ മനം നിറയുന്നൊരു പേര് കണ്ടെത്തണം. ആ വിളികേട്ടാല്‍ അവള്‍ സന്തോഷത്തോടെ ഓടിയെത്തണം. എല്ലാവരും വിളിക്കുന്ന പേരല്ല ഭര്‍ത്താവ് വിളിക്കേണ്ടത്. പ്രിയേ എന്നോ, കരളേയെന്നോ, ഹൃദയമേ എന്നോ, സ്‌നേഹമയീ എന്നോ വിളിക്കണം. ഇതൊക്കെ സ്‌നേഹത്തിന്റെ, ലാളനയുടെ ഭാഗമായുള്ള വിളികളാണ്. പക്ഷേ ഗൃഹാന്തരീക്ഷത്തില്‍ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ താലപൊക്കുമ്പോള്‍ ഭര്‍ത്താവിന്റെ വിളികള്‍ പലപ്പോഴും ഇങ്ങിനെയൊക്കെയാവാ റാണ് പതിവ്. പോത്തേ, കഴുതേ, പണ്ടാരമേ, കുരങ്ങേ... തുടങ്ങിയ മൃഗ പേരുകളാവും നാവില്‍ വരുന്നത്. നാം നിസാരമെന്നു കരുതുന്ന കൊച്ചുകാര്യങ്ങളില്‍ പോലും എത്രയെത്ര കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഇരിപ്പുണ്ട്. വേദനിപ്പിക്കുന്ന, വെറുപ്പുണ്ടാക്കുന്ന വാക്ക്പ്രയോഗ ങ്ങള്‍ ഇരുകൂട്ടര്‍ക്കും മാനസിക പ്രയാസമല്ലേ ഉണ്ടാക്കുക?' 'അതേ മാഷേ ഇതൊക്കെ നിസ്സാര കാര്യങ്ങളാണെങ്കിലും ശ്രദ്ധിക്കേണ്ടവ തന്നെ. പര സ്പരം സ്‌നേഹത്തോടെ ജീവിക്കുമ്പോഴല്ലെ ജീവിതം ആസ്വദിക്കാനാവൂ. ഖത്തീബ് പറഞ്ഞത് ഗൗരവത്തിലെടുക്കേണ്ട കാര്യം തന്നെ...

'അവ്വക്കറ്ക്ക അങ്ങിനെയാണ്. സമൂഹത്തില്‍ കാണുന്ന നന്മകള്‍ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. തിന്മകള്‍ കണ്ടാല്‍ നഖശിഖാന്തം എതിര്‍ക്കും. ഈ മുസ്ലീം കര്‍ഷകന്റെ ഹൃദയം നല്ലത് കാണുമ്പോള്‍ ലോലമാകും, തെറ്റ് കാണുമ്പോള്‍ കഠോരമാവും.

'വേറൊരു പള്ളിയിലെ ഖത്വീബിന്റെ കഴിഞ്ഞ വെള്ളിയാഴ്ചത്തെ ഖുത്തുബക്ക് മുമ്പുള്ള പ്രസംഗം മാഷ് അറിഞ്ഞില്ലേ? 'ഇല്ലല്ലോ അവ്വക്കറ്ക്കാ എന്തായിരുന്നു അത്?' 'അത് നന്നായിട്ടുണ്ട് മാഷേ ഹറാം പിറന്ന നമ്മളെ പുള്ളമ്മാറ് ബയ്‌തെറ്റി പ്പോകുന്നതിനെയാണ് ഓറ് വിമര്‍ശിച്ചത്. ആ കാര്യങ്ങളൊക്കെ മൊബൈലില്‍ എല്ലാവരും വായിച്ചറിഞ്ഞു. അപ്പോ മാഷ് അത് കണ്ടില്ലാ... 'ലഹരി ഉപയോഗം ആണ്ങ്ങള്‌ടെ ഒരു ഫാഷനല്ലേ?' പണമുണ്ടാക്കാന്‍ അത് വിറ്റ് നടക്കല്, കുശാലാവാന്‍ അത് അടിച്ച് കിടക്കല്. നശിച്ചു മാഷേ നമ്മടെ നാട്. ഇത് ശരിയാക്കാന്‍ ബല്ല ബയീണ്ടാ? പെണ്‍കുട്യോള് ബയ്‌തെറ്റിപ്പോന്നത് ഇല്ലാതാക്കന്‍ ബല്ല മാര്‍ഗോണ്ടാ? അതാണ് ആ ഖത്വീബ് തുറന്നടിച്ചത്. അദ്ദേഹം കണ്ണും മോത്തും നോക്കാതെ തുറന്നടിച്ചിരിക്ക്ന്ന്. 'നിസ്‌കരിക്കാന്‍ നിക്കുന്നവന്റെ കയ്യില്‍ പോലും കഞ്ചാവ്'. കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് വികാരം വരും. അദ്ദേഹം എല്ലാവരുടേയും കാര്യമല്ല പറഞ്ഞത്. ചിലര്‍ ഈ പരുവത്തിലായിരിക്കുന്നു എന്ന് സൂചിപ്പിച്ചതാണ്.

ഗള്‍ഫിലേക്ക് പോകുന്ന സുഹൃത്തിന്റെ ലഗേജില്‍ അയാള്‍ അറിയാതെ കഞ്ചാവ് പാക്കറ്റ് വെച്ചുകൊടുക്കുന്നു. ഗള്‍ഫിലെത്തിയപാടെ അവന്‍ പിടിയിലാവുന്നു. എങ്ങും, എവിടെയും ചതിയാണ്. എന്നും ഒപ്പം നടക്കുന്ന സുഹൃത്തുക്കള്‍ പോലും വഞ്ചനയുടെ പൊയ്മുഖമണിയുന്നു. പണ മുണ്ടാക്കാനുള്ള കുരുട്ടു വിദ്യ നടപ്പാക്കുന്നു. ഖത്വീബ് തുടര്‍ന്നു പറഞ്ഞ കാര്യവും ശ്രദ്ധേയമാണ്... 'കാസര്‍കോടും പരിസരങ്ങളില്‍ നിന്നും ക്വിന്റല്‍ കണക്കിന് കഞ്ചാവ് പിടിക്കപ്പെട്ടു. പിടിക്കപ്പെട്ടവരെല്ലാം അള്ളാഹുവിന്റെ പേരുള്ളവര്‍'. ഇതെങ്ങിനെ ഒരു മതാധ്യാപകന് സഹിക്കാന്‍ കഴിയും? ലഹരി നിഷിദ്ധമാക്കപ്പെട്ട ഒരു സമുദായത്തില്‍പെടുന്ന വ്യക്തികള്‍ അത് തന്നെ വ്യാപരമാക്കി മാറ്റുകയും കുറ്റകരമായ പ്രവര്‍ത്തിയി ലൂടെ പിടിക്കപ്പെടുകയും ചെയ്യുമ്പോള്‍ പ്രതികരിക്കേണ്ടത് സമുദായ നന്മ കാംക്ഷിക്കുന്നവരുടെ ബാധ്യതയാണ്.

തെറ്റായ വഴിക്കു നീങ്ങുന്ന പെണ്‍കുട്ടികളെ അത്തരത്തിലാക്കി മാറ്റുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത് രക്ഷിതാക്കളാണെന്നും അദ്ദേഹം തുറന്നടിച്ചു. 'പര്‍ദ്ദയും മഫ്ത്തയും ധരിച്ച് വിദ്യാര്‍ത്ഥിനികള്‍ നേരത്തേ വീട്ടില്‍ നിന്നിറങ്ങുന്നു. വഴിവക്കില്‍ കാത്തുനില്‍ക്കുന്ന യുവാക്കളുമായി സൊള്ളിക്കുന്നു. അവരെങ്ങിനെ ഒളിച്ചോടാതിരിക്കും? വിലകൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കും. അവര്‍ ആണ്‍പിള്ളേരുമായി കളിക്കും. ഇവരൊക്കെ ഒളിച്ചോടാതെ പിന്നെവിടെ പോകാന്‍?' ഖത്തീബ് വികാരത്തോടെ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കേണ്ടത് തന്നെ. യഥാര്‍ത്ഥ്യത്തി നുനേരെയുള്ള ശരങ്ങളാണീ ചോദ്യങ്ങള്‍. കൊള്ളേണ്ടവര്‍ക്കു കൊള്ളണം. പെണ്‍കുട്ടികളെ ശ്രദ്ധിക്കാന്‍ രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണിത്. അവ്വക്കറ്ക്ക അമര്‍ഷം കൊള്ളുകയാണ്...

'മാഷേ ഈ സത്യം സമൂഹം തിരിച്ചറിയേണ്ടെ? കുടുംബത്തില്‍ മാന്യത പുലര്‍ത്താന്‍, ലഹരി വസ്തുക്കളുടെ ഉപയോഗം തടയാന്‍, പെണ്‍കുഞ്ഞുങ്ങളെ സുരക്ഷിതരായി വളര്‍ത്താന്‍ സമൂഹം ഇനി എന്നാണ് പഠിക്കുക? ചങ്കുറപ്പുള്ള ഖത്തീബുമാരുണ്ടാവണം, അവര്‍ക്ക് വെട്ടിത്തുറന്നു പറയാന്‍ കഴിവുണ്ടാകണം.' ഇങ്ങിനെ മുറുമുറുത്ത് അവ്വക്കറ്ക്ക യാത്ര പറഞ്ഞിറങ്ങി.

ചങ്കുറപ്പുള്ള ഖത്തീബുമാരുണ്ടാവണം, അവര്‍ക്ക് വെട്ടിത്തുറന്നു പറയാന്‍ കഴിയണം

Keywords:  Article, Kookanam-Rahman, Masjid, Girl, Students, Imam, Story, Old remember, Gulf, Drugs.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia