city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു സ്ത്രീ കുറ്റം ചെയ്താല്‍ സ്ത്രീ വര്‍ഗമാകെ കുറ്റക്കാരാകുമോ?

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 31.10.2019)  
ജോളി ഇന്ന് എല്ലാവര്‍ക്കും പരിചിതമായ ഒരു പേരാണ്. അവരുടെ രുപവും, ഭാവവും പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ എല്ലാവരുടെയും മനസില്‍ പതിഞ്ഞിട്ടുമുണ്ട്, ആറ് ബന്ധുജനങ്ങളെ ചതിച്ചുകൊന്ന ദുഷ്ട സ്ത്രീയാണ് ജോളി. ഒരു മനുഷ്യനും ജോളിയുടെ ചൈതികളെ അംഗീകരിക്കുകയോ, അവരുടെ പക്ഷം നിന്ന് സംസാരിക്കുകയോ ചെയ്യില്ല. പക്ഷേ ജോളിയെന്ന ഒരു സ്ത്രീ ചെയ്തിട്ടുള്ള നീചകൃത്യത്തിന്റെ പേരില്‍ സ്ത്രീ സമൂഹത്തെ മൊത്തം അവഹേളിക്കുന്ന അവസ്ഥ ഉചിതമല്ല. സ്ത്രീകളെല്ലാം ജോളിമാരായിത്തീരുമോ?  ഭാര്യമാരെയെല്ലാം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തണോ? ഇത്തരത്തിലുള്ള ട്രോളുകളും കാര്‍ട്ടൂണുകളും കുറിപ്പുകളുമാണ് സമൂഹ മാധ്യമങ്ങളില്‍ ഇന്ന് നിറഞ്ഞു കാണുന്നത്.

ബെഡ് കോഫി കൊണ്ടുവരുന്ന ഭാര്യയോട് അമിത സ്‌നേഹം കാണിച്ച് ഒരു കവിള്‍ കാപ്പി ഭാര്യ കുടിച്ചിട്ടേ ഞാന്‍ കുടിക്കാറുളളുവെന്നും ഭക്ഷണം കൊണ്ടുവെച്ചാല്‍ ഒരു ഉരുള അവള്‍ക്കാദ്യം നല്‍കിയിട്ടേ ഞാന്‍ ഭക്ഷിക്കാറുള്ളു എന്നും സൂചിപ്പിക്കുന്ന ഒരു കുറിപ്പ് കണ്ടു. ഇത്തരം നിരവധി തമാശകളാണ് ദിനംപ്രതി വന്നു കൊണ്ടിരിക്കുന്നത്.

ഒരു സ്ത്രീ കുറ്റം ചെയ്താല്‍ സ്ത്രീ വര്‍ഗമാകെ കുറ്റക്കാരാകുമോ?

ജോളിയെന്ന സ്ത്രീ ഭര്‍ത്താവിന് വിഷം നല്‍കി കൊന്നു. എന്നുവെച്ചാല്‍ എല്ലാ ഭാര്യമാരും ഇത്തരക്കാരല്ലല്ലോ. അവിടെയാണ് സ്ത്രീകള്‍ക്കു നേരെ പുരുഷാധിപത്യം പുലര്‍ത്തുന്ന കാഴ്ചപ്പാടുകള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നത്.

ഇത്തരം നീചപ്രവൃത്തി ഒരു പുരുഷനാണ് ചെയ്തതെകില്‍ പുരുഷ വര്‍ഗത്തെ മൊത്തം വഷളാക്കുന്ന വിധത്തിലുളള ട്രോളുകളും മറ്റും ഉണ്ടാവില്ല. സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യമാരെ കൊല ചെയ്ത എത്ര ഭര്‍ത്താക്കന്മാര്‍ നമ്മുടെ നാട്ടിലുണ്ട്. ഗര്‍ഭിണിയായ സ്ത്രീയെ ചവിട്ടിക്കൊലപ്പെടുത്തിയ കിങ്കര സ്വഭാവമുള്ള ഭര്‍ത്താക്കന്മാര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടില്ലേ. അത്തരം കാര്യങ്ങള്‍ ആ വ്യക്തി ചെയ്ത കുറ്റമായിട്ടേ സമൂഹം കണ്ടിട്ടുള്ളൂ. പക്ഷേ ഇത്തരം കൃത്യം ഒരു സ്ത്രീ ചെയ്താല്‍ പെണ്‍വര്‍ഗത്തെ മൊത്തം കളങ്കപ്പെടുത്തും വിധം പരാമര്‍ശം വരുന്നത് എന്ത് കൊണ്ടും ആശ്വാസ്യമല്ല.

ജീവിതം സുഖിക്കാനുള്ളതാണ് എന്ന കാഴ്ചപ്പാടാവണം ജോളിയെ കൊണ്ട് ഈ കടുംകൈ ചെയ്യിച്ചത്. അതിന് വരുംവരായ്കകളൊന്നും അവര്‍ പ്രശ്‌നമാക്കിയില്ല. എല്ലാവരുടെ മുന്നിലും വലിയവളായി ചമയുക. വിദ്യാഭ്യാസം, ജോലി എന്നീ കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് ആരെയും ബോധ്യപ്പെടുത്തും വിധം കളവ് പറയുക.. ഇതൊക്കെയാണ് ജോളിയുടെ ശൈലി. ഒരുപാട് യാത്രകള്‍ നടത്തിയിട്ടുണ്ട്. എല്ലാം പരിശീലനക്കളരിയിലും മറ്റും പങ്കെടുക്കാനാണെന്നാണ് എല്ലാവരേയും ബോധ്യപ്പെടുത്തിയത്.

വിഷവസ്തുക്കളും സയനൈഡ് പോലുള്ള മാരക വിഷങ്ങളും ജോളി സംഘടിപ്പിച്ചിട്ടുണ്ട്. അതിനൊക്കെയുള്ള വഴികള്‍ കൃത്യമായി അവള്‍ക്കറിയാമായിരുന്നു. ഇടവേള വെച്ച് ഓരോ വ്യക്തിയെ വക വരുത്തിയാല്‍ സംശയിക്കാനുള്ള സാധ്യത കുറയുമെന്ന് അവള്‍ കണക്കുക്കൂട്ടി. പ്രായം ചെന്ന വ്യക്തിയെയും പിഞ്ചുകുഞ്ഞിനെയും നിഷ്‌ക്കരുണം വകവരുത്താന്‍ ജോളിക്ക് സാധ്യമായി.

ഇവിടെ നമ്മള്‍ ചിന്തിക്കേണ്ട ഒരു വസ്തുതയുണ്ട്. ജോളിക്കാവശ്യമായ നിര്‍ദേശം കൊടുക്കാന്‍, വിനോദ യാത്രകളില്‍ പങ്ക് കൊള്ളാന്‍, വിഷ വസ്തുക്കള്‍ കൃത്യമായി നല്‍കാന്‍ ഒക്കെ ഉണ്ടായത് പുരുഷന്മാരാണ്. പുരുഷന്മാരുടെ ഒത്താശയും മാര്‍ഗ നിര്‍ദേശവും സ്‌നേഹകൂട്ടായ്മയും ഇല്ലായിരുന്നെങ്കില്‍ ജോളിക്ക് ഈ കൊലപാതകങ്ങള്‍ നടത്താന്‍ സാധിക്കുമായിരുന്നോ?

ജോളിയെന്ന സ്ത്രീ ചെയ്ത ഈ കൊടുംക്രൂരതകള്‍ അറിയുന്നതിനേക്കാള്‍ കൂടുതല്‍ അവരെക്കുറിച്ചറിയാനാണ് നമുക്കെല്ലാം താല്പര്യം. അവരുടെ വിവാഹം, പ്രണയം, വസ്ത്ര ധാരണം, യാത്രകളുടെ പ്രത്യേകത, ആരൊക്കെയാണ് സഹായികള്‍, കാമുകന്മാര്‍ ആരൊക്കെയാണ് ഇതൊക്കെ  അറിയാന്‍ സമൂഹത്തിന് വളരെ താല്പര്യമായിരുന്നു. ദിനേന അത്തരം വാര്‍ത്തകളും, അഭിപ്രായങ്ങളുമാണ് വാര്‍ത്താമാധ്യമങ്ങളിലൂടെ പുറത്ത് വന്നുകൊണ്ടിരുന്നത്.

ജോളി ഈ കൊലപാതകങ്ങള്‍ നടത്താനും തെറ്റായ വിവരങ്ങള്‍ നല്‍കാനും പ്രേരിപ്പിച്ച വസ്തുതകളിലേക്ക്  സമൂഹ മാധ്യമങ്ങളോ, സമൂഹമോ കടന്നു ചെല്ലുന്നില്ല. ഒരു ചോദ്യം ചെയ്യലില്‍ അവള്‍ വെളിപ്പെടുത്തിയത് സ്വന്തം ഭര്‍ത്താവിനെ സഹായിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവിന്റെ അമ്മയെ കൊലപ്പെടുത്തിയതെന്നാണ്. അവിടെ ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന സഹായിക്കുന്ന ഒരു ഭാര്യയായിട്ടാണ് ജോളിയെ കാണാന്‍ കഴിയുന്നത്. കാമപൂരണത്തിന് സ്വഭര്‍ത്താവ് പ്രാപ്തനല്ലാത്തത് കൊണ്ട് ഇതര പുരുഷന്മാരെ തേടിയിറങ്ങിയവളാണോ ജോളിയെന്ന സ്ത്രീയെന്ന കാര്യം കണ്ടെത്തണം, സര്‍ക്കാര്‍ ജോലിക്കാരാനായ ഒരു പുരുഷന്‍ ഭര്‍ത്താവായിത്തീരണം എന്ന മോഹം കൊണ്ട് സ്വഭര്‍ത്താവിനെ കൊല്ലുന്നു. ഒരധ്യാപകനെ ഭര്‍ത്താവാക്കുന്നു. അദ്ദേഹം തന്റെ ഭര്‍ത്താവ് ആവാന്‍ തടസം അയളുടെ ഭാര്യയാണെന്ന് കണ്ടെത്തി അവളെ വകവരുത്തുന്നു. പോരാ ഡയിംഗ് ഹാര്‍നസില്‍ തനിക്ക് ജോലി തരപ്പെടുത്താന്‍ രണ്ടാം ഭര്‍ത്താവായ അധ്യാപകനെ ചതിച്ചു കൊല്ലാന്‍ പ്ലാനിട്ടിരിക്കേയാണ് പോലീസ് പിടിയിലാവുന്നത്.

ജോളിയുടെ മോഹങ്ങളെല്ലാം കരിഞ്ഞുണങ്ങി. തന്റെ പേരുപോലെ തന്നെ ജോളിയായി ജിവീതം നയിക്കണമെന്ന മോഹം സാക്ഷാത്ക്കരിക്കാന്‍ നടത്തിയ കപടവേഷം കെട്ടലും, അതിന് തനിക്ക് തടസമായി നില്‍ക്കുന്ന വ്യക്തികളെ വകവരുത്തലും ഒക്കെ നടത്തി. ഈ കപടതയും ചങ്കൂറ്റവും കാണിച്ചത് ജോളിയെന്ന ഒരു സ്ത്രീയാണ്. അവരുടെ മനോവ്യവഹാരമാണ് ഇതൊക്കെയും. അതിന് സ്ത്രീ സമൂഹത്തെ മൊത്തം പഴിചാരുന്നതിന് പകരം ജോളിയെന്ന സ്ത്രീയെ മാത്രം, അല്ലെങ്കില്‍ അവരുടെ പ്രവൃത്തിയെ മാത്രം കുറ്റപ്പെടുത്തുകയോ, പഠിക്കുകയോ ആണ് നമ്മള്‍ ചെയ്യേണ്ടത്.

നമ്മുടെ മനസില്‍ നിന്ന് മാഞ്ഞുപോയ ഒരു ഡോ. ഓമന ഉണ്ടായിരുന്നില്ലേ. കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കി ഈസിയായി നടന്നു പോയവള്‍. എല്ലാ സ്ത്രീകളും കാമുകന്മാരെ ഇങ്ങിനെയാണ് ചെയ്യേണ്ടതെന്നോ ഇങ്ങനെ ചെയ്യണമെന്നോ മാധ്യമങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ പുരുഷന്മാരൊക്കെ ഭയന്ന് സ്ത്രീകളെയോ പെണ്‍കുട്ടികളെയോ പ്രണയിക്കാന്‍ പോവുമായിരുന്നോ? ഇന്ന് പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ ആണ്‍പിറന്നോര്‍ കുത്തിക്കൊല്ലുന്നു, ആസിഡ് ഒഴിക്കുന്നു, പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നു. ഇതൊക്കെ ചെയ്യുന്നത് പുരുഷ വര്‍ഗമല്ലേ.

ഇക്കഴിഞ്ഞ ആഴ്ച കാസര്‍കോട് ജില്ലയില്‍ സമാനമായൊരു സംഭവമുണ്ടായി. മൂന്ന് യുവതികള്‍ സ്‌കൂട്ടറില്‍ തങ്ങളുടെ സുഹൃത്തിനെ കാണാന്‍ യാത്ര തിരിച്ചു. മൂന്നുപേരും നല്ല സംഘാടകരും സാമൂഹ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്. അവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ അശ്രദ്ധ മൂലമോ എന്നറിയില്ല, റോഡിലേക്ക് തെന്നിവീണു മറിഞ്ഞു. നാട്ടുകാര്‍ ഓടിയെത്തി. വീണുകിടക്കുന്നവരെ രക്ഷപ്പെടുത്തി. യുവതികളില്‍ ഒരാള്‍ ഛര്‍ദിച്ചു. രക്ഷകരായെത്തിയ പുരുഷന്മാര്‍ യുവതികള്‍ മദ്യപിച്ചതായി കണ്ടെത്തി. വാര്‍ത്തകള്‍ തുരുതുരാ വന്നില്ലേ.. യുവതികളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നില്ലേ.. എന്തൊക്കെയായിരുന്നു കോലാഹലം.

ഇവിടെ മൂന്ന് യുവതികള്‍ക്കു പകരം മൂന്ന് യുവാക്കളാണെങ്കില്‍ ഒരു വാര്‍ത്തയും വരില്ലായിരുന്നു. അവരുടെ ഫോട്ടോ വരില്ലായിരുന്നു. ഇവരുടെ വാര്‍ത്തയും ഫോട്ടോയും വളരെ ആവേശപൂര്‍വം മാധ്യമങ്ങളില്‍ പങ്കുവെച്ചത് പുരുഷന്മാര്‍ തന്നെയാണ്. സാധാരണഗതിയില്‍ ഇങ്ങിനെ സംഭവിച്ചുപോയി എന്നു കരുതി പ്രചരിപ്പിക്കാന്‍ മെനക്കെടാതിരിക്കുന്നതല്ലേ ഭംഗി. അവര്‍ ലഹരി ഉപയോഗിച്ചത് എവിടെ നിന്നാന്നെന്നോ എന്തിനാണെന്നോ, ആരോ കെണിയില്‍ പെടുത്തിയതാണോ എന്നൊന്നും ആരും ശ്രദ്ധിച്ചില്ല. യുവതികളല്ലേ വിട്ടുകൂടാ എന്നൊരു മനോഭവാണ് പെതുവെ സമൂഹത്തിനുള്ളത്.

സ്ത്രീകളില്‍ ചിലര്‍ കൊലപാതകികളുണ്ട്, പിടിച്ചു പറിക്കാരുണ്ട്, വഞ്ചകരുണ്ട്, വഴിപിഴച്ചവരുണ്ട്.. ഇവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം. സമൂഹമധ്യത്തില്‍ തുറന്നുകാണിക്കുകയും വേണം. എന്നാല്‍ ഓരോ സ്ത്രീ ചെയ്യുന്ന കൊള്ളരുതായ്മകള്‍ അവരുടേത് മാത്രമായ തെറ്റായി കാണുകയും സ്ത്രീ വര്‍ഗത്തെയാകെ അവമതിക്കുന്ന രീതി അവസാനിപ്പിക്കുകയും ചെയ്യണം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kookanam-Rahman, Article, Woman, If a woman commits an offense, is the entire women guilty?   < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia