ഇംഗ്ലീഷ് ഫോളോ ചെയ്യാനാവാത്ത മ്ലേഛന്മാര്‍
Mar 20, 2012, 14:10 IST
വേദിയിലിരിക്കുന്ന മാന്യവ്യക്തികള്‍ ഇംഗ്ലീഷ് ഫോളോ ചെയ്യാന്‍ കഴിയാത്തവരായതിനാല്‍ ഞാന്‍ എന്റെ സ്വാഗതഭാഷണം മലയാളത്തിലേക്ക് മാറ്റുന്നു. ഇത് പറഞ്ഞത് കാസര്‍കോട് സ്ഥാപിച്ച കേരളത്തിലെ കേന്ദ്രസര്‍വകലാശായുടെ അധിപതിയായ പ്രൊഫ. ഡോ. ജാന്‍സി ജെയിംസ് അവര്‍കളാണ്.
കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ഭൂമിയുടെ പ്രമാണങ്ങള്‍ ഏറ്റുവാങ്ങുന്ന ചടങ്ങായിരുന്നു രംഗം. പി.ബി അബ്ദുല്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍(ഉദുമ), ഇ. ചന്ദ്രശേഖരന്‍ എന്നീ എംഎല്‍.എമാരെയും ലോക്‌സഭാംഗം പി. കരുണാകരന്‍, മുന്‍മന്ത്രിമാരായ സി.ടി അഹമ്മദലി, ചെര്‍ക്കളം അബ്ദുല്ല എന്നിവരെയും മുന്നിലിരുത്തിയാണ് കാസര്‍കോട്ടേക്ക് കേന്ദ്രസര്‍ക്കാര്‍ നേരിട്ടു നിയോഗിച്ച നമ്മുടെ വി.സി നിങ്ങളൊന്നും ഇംഗ്ലീഷറിയാത്തവരാണെന്ന് തുറന്നടിച്ച് ജനപ്രതിനിധികളെ ഇരുത്തിക്കളഞ്ഞത്.
തന്നെയും മഞ്ചേശ്വരം എം.എല്‍.എയെയും പരിപാടിയിലേക്ക് ക്ഷണിക്കാത്തതിന്റെ പേരില്‍ ചെര്‍ക്കളം അബ്ദുല്ലയുടെ രോഷ പ്രകടനം നേരിട്ട് അനുഭവിച്ചതിന് ശേഷമാണ് ജാന്‍സി ജെയിംസ് സ്വാഗത പ്രഭാഷണം ആരംഭിച്ചത്. വേദിയിലുള്ളവര്‍ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞ മാഡത്തിന് സദസിലുള്ള ഭൂരിഭാഗത്തിനും ഇംഗ്ലീഷ് അറിയാവുന്ന കാര്യം മറന്നുകളയുകയും ചെയ്തു.
ഡോ. ജാന്‍സി ജെയിംസ് കേരളത്തിലെ സര്‍ക്കാരിന്റെ ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്നവരല്ല. നമ്മുടെ രാഷ്ട്രപതി പ്രതിഭാദേവി പാട്ടീല്‍ എന്ന കേന്ദ്രസര്‍വകലാശാലാ ചാന്‍സലറുടെ വൈസ്ചാന്‍സലറാണിവര്‍. അതുകൊണ്ടാണ് അവര്‍ കേരളത്തിലെ മുഖ്യമന്ത്രിയടക്കമുള്ളവരെ മൈന്‍ഡ് ചെയ്യാത്തത്. സര്‍വകലാശാല കാമ്പസിന് സംസ്ഥാന സര്‍ക്കാരിന്റെ സ്ഥലം കൈമാറാന്‍ മുഖ്യമന്ത്രിയെത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ കേന്ദ്രമന്ത്രി നേരിട്ടെത്തി അതിന്റെ പ്രമാണം തനിക്ക് കൈമാറണമെന്നായിരുന്നു വൈസ്ചാന്‍സലറുടെ വാശി. ആ വാശി അവര്‍ ഉറച്ചുനിന്ന് അത് നടപ്പാക്കുകയും ചെയ്തു. സര്‍വകലാശാലാ ഓഫീസില്‍ നിന്നുള്ള ഇത്തരം വിവരങ്ങള്‍ മാലോകരെ വിളിച്ചു പറയുന്നത് മറ്റാരുമല്ല. ഡോ. ജാന്‍സി ജെയിംസിന്റെ ഇടംവലം ഇരിക്കുന്നവര്‍ തന്നെയാണ്.
കേന്ദ്രസര്‍വകലാശാല എന്നു പറയുന്ന ഈ സ്ഥാപനം കാസര്‍കോട്ട് തന്നെ സ്ഥാപിക്കണമെന്ന് ഉറച്ച തീരുമാനമെടുത്ത് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരാണ്. യു.ഡി.എഫായിരുന്നെങ്കില്‍ കേന്ദ്രമെഡിക്കല്‍ കോളേജ് പത്തനംതിട്ടക്ക് ചാര്‍ത്തി നല്‍കിയതുപോലെ തിരുവിതാംകുറിലെ ഏതെങ്കിലും റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിക്കുമായിരുന്നു. ആദ്യം ക്യാമ്പസിന് സ്ഥലം കണ്ടെത്തിയത് കിനാനൂര്‍-കരിന്തളത്തായിരുന്നു. എന്നാല്‍ ഈ സ്ഥലത്താകെ പാറുന്നത് ചെങ്കൊടിയായതിനാല്‍ ചെങ്കോട്ട കാമ്പസിന് അനുയോജ്യമല്ലെന്നായിരുന്നു വിധി. ചെങ്കോടിയെന്ന ഇമ്പാച്ചികാണിച്ച് സംഗതി ഒടുവില്‍ പെരിയയിലെ കശുമാവിന്‍തോട്ടത്തിലെത്തി. എന്നിട്ടും കേന്ദ്രസര്‍വ്വകലാശാലയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ എന്‍ഡോസള്‍ഫാനെ പോലെ പെയ്തിറങ്ങുന്നു.
പറഞ്ഞവിഷയം മാറി. വീണ്ടും വി.സിയിലേക്കെത്തട്ടെ. അവര്‍ക്ക് കാസര്‍കോടിനോട് എന്തോ ഒരു തരം അകല്‍ച്ചയാണെന്നാണ് പണ്ടേയുള്ള ആരോപണം. ഈ ആരോപണം ലൈവായി നില്‍ക്കുന്നുമുണ്ട്. കാസര്‍കോട് ഒന്നിനും കൊള്ളാത്തവരുടെ നാടെന്നാണ് വി.സിയെ ആരോ ധരിപ്പിച്ചിരിക്കുന്നത്. മലബാറുകാരെല്ലാം മ്ലേഛന്മാര്‍; തിരുവിതാംകുറുകാര്‍ കുലീനശ്രേഷ്ഠര്‍. പ്രദേശികവാദം തൊട്ടുതീണ്ടാത്ത നമ്മുടെ നാട്ടില്‍ ആരെങ്കിലും ഈ വാദം അംഗീകരിക്കുമോ? തിരുവിതാംകുറും മലബാറുമൊക്കെ പഴങ്കഥയാണ്. കേരളം മലയാളികളുടെ മാതൃഭൂമിയാണ്. ഈ സത്യാവസ്ഥ വി.സി മനസിലാക്കേണ്ടതല്ലേ?
വള്ളത്തോള്‍ എന്ന ഒരു മഹാകവി കേരളത്തില്‍ ജീവിച്ചിരുന്നു. കേരളമെന്ന പേരുകേട്ടാല്‍ തിളയ്ക്കണം ചോരനമുക്ക് ഞരമ്പുകളില്‍ എന്ന് ഉത്‌ഘോഷിച്ച മഹാനുഭാവനായിരുന്നു അദ്ദേഹം. അദ്ദേഹമാണ് കേരള കലാമണ്ഡലം സ്ഥാപിച്ചത്. കലാമണ്ഡലത്തിന് ലോകം ഒരു സര്‍വകലാശാലപദവി അംഗീകരിച്ചുകൊടുത്തിട്ടുമുണ്ട്. ഭാരതപ്പുഴയോരത്ത് ചെറുതുരുത്തിയില്‍ തലയുയര്‍ത്തിക്കുന്ന ഈ മഹദ്സ്ഥാപനത്തിനുവേണ്ടി ഇന്ത്യയെങ്ങും ചുറ്റി നടന്നാണ് മഹാകവി പണം സ്വരൂപിച്ചത്. പണം സ്വരൂപിക്കാനുള്ള തന്റെ പദ്ധതിയെക്കുറിച്ച് ആലോചിച്ച മഹാകവി വണ്ടികയറിവന്നത് ഇങ്ങ് മേഛന്മാരുടെ കാസര്‍കോട്ടേക്കാണ്.
അദ്ദേഹത്തെ കാസര്‍കോട് റെയില്‍വെസ്റ്റേഷനില്‍ എതിരേറ്റത് കവി ഉബൈദ് മാഷായിരുന്നു. സ്റ്റേഷനില്‍നിന്ന് അവര്‍ നേരെ പോയത് കാസര്‍കോട്ടെ ഒരു തുളുനാടന്‍ കുഗ്രാമത്തിലേക്കായിരുന്നു. കവിവര്യന്മാരെ അവിടെ കാത്തിരുന്നത് എ.കെ ശെറൂല്‍ എന്ന ദേശീയവാദിയായ കോണ്‍ഗ്രസ് നേതാവിന്റെ വസതിയിലേക്കായിരുന്നു. ഇന്നത്തെ പുത്തിഗെ പഞ്ചായത്തിലാണീ സംഭവം നടന്നത്. ശെറൂലിന്റെ വീട്ടില്‍ വള്ളത്തോളിനും ഉബൈദിനും ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്. സ്വീകരണത്തിന് ശേഷം തിരിച്ചുപോകുമ്പോള്‍ ശെറൂല്‍ സാഹിബ് ഒരു പണക്കിഴിയും മഹാകവിക്ക് നല്‍കി. കലാമണ്ഡലത്തിന് കിട്ടിയ ആദ്യ സംഭാവനത്തുക.
മറ്റൊന്നുകൂടി പറയാതെ അവസാനിപ്പിക്കാനാകുന്നില്ല. സ്വതന്ത്യസമരം രാജ്യമെങ്ങും എരിപൊരികൊള്ളുന്ന സമയം. മഹാത്മാഗാന്ധി ഉപ്പ് സത്യാഗ്രഹത്തിലൂടെയും സഹന സമരത്തിലൂടെയും വെള്ളക്കാരുടെ ചങ്ക്പിടിച്ച് മുറുക്കിയകാലം. ദണ്ഡിയിലേക്ക് മഹാത്മാവ് നിയമം ലംഘിച്ച് ഉപ്പുകുറുക്കാന്‍ പോകുന്നു. അദ്ദേഹത്തിന്റെ നഗ്നപാദത്തിന് ബലമേകാന്‍ ഊന്നുവടി നല്‍കിയത് മഞ്ചേശ്വരത്തെ രാഷ്ട്രകവി ഗോവിന്ദപൈയായിരുന്നു. ആ ഊന്നുവടിയിലൂന്നിയ ബഹുജന പ്രക്ഷോഭമാണ് ഇന്ത്യയെ സ്വതന്ത്ര്യത്തിലെത്തിച്ചത്. ഇന്ത്യ സ്വതന്ത്ര്യമായതിന്‌ശേഷമാണ് കൂടുതല്‍ സര്‍വകലാശാലകളും വി.സിമാരും അവതരിച്ചത്. വിദ്യാഭ്യാസ വിചക്ഷണന്‍മാരായ മദനമോഹനമാളവ്യയെയും ഡോ. എസ്. രാധാകൃഷ്ണനെയും അങ്ങേയറ്റം ബഹുമാനിച്ചതും അവരുടെ കഴിവുകളെ രാജ്യത്തിനുവേണ്ടി വിനിയോഗിച്ചതും രാഷ്ട്രീയക്കാരനും പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. അവരൊന്നും ജവഹര്‍ലാല്‍ നെഹ്‌റുവിനെ മ്ലേഛനായ രാഷ്ട്രീയക്കാരനായി കണ്ടിരുന്നില്ല.
പാര്‍ലമെന്റില്‍ കാസര്‍കോടിനെ പ്രതിനിധികരിച്ച എ.കെ.ജി എന്താണ് പറയുന്നതെന്ന് കേള്‍ക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റുവും മകള്‍ ഇന്ദിരയും കാതുകൂര്‍പ്പിച്ചിരുന്നവരാണ്. അവര്‍ തമ്മില്‍ ഒരു ഈഗോ പ്രശ്‌നവും ഉണ്ടായിരുന്നില്ല. ഞങ്ങളെപോലുള്ളവര്‍ കേമന്‍മാര്‍. രാഷ്ട്രീക്കാരും ജനപ്രതിനിധികളും മ്ലേഛന്‍മാര്‍, ഈ ചിന്താഗതി ആര്‍ക്കും ഭൂഷണമല്ല. ഇത്തരം ചിന്താഗതി വെച്ച് പുലര്‍ത്തുന്നവര്‍ അരാഷ്ട്രീയ ബുദ്ധിജീവികളാണ്. ആഗോളവല്‍ക്കരണ കാലത്ത് ഇത്തരം ബുദ്ധിജീവികള്‍ പനപോലെ തഴച്ച് വളരും. ഇത്തരക്കാര്‍ തലയില്‍ മുണ്ടിട്ട് രാഷ്ട്രീയനേതാക്കളുടെ വീട്ടുപടിക്കല്‍ ചെന്ന് കാര്യങ്ങള്‍ നേടാന്‍ കഴിവുള്ളവരുമാണ്. ഒരു നാടിന്റെ ഹൃദയത്തുടിപ്പും സാംസ്‌കാരിക മഹിമയൊന്നും ഇവര്‍ക്കറിയില്ല.
മഹാത്മഗാന്ധിയോടും മഹാകവി വള്ളത്തോളിനോടും കാട്ടിയ ഹൃദയവിശാലത ഈ ബഹുഭാഷാസംഗമമഭൂമിയായ കാസര്‍കോടിന് മാത്രം അവകാശപ്പെട്ടതാണ്. പ്രാദേശികവാദവും ഭാഷവൈരവമൊന്നും ഇവിടെ വേരുപിടിച്ചിട്ടില്ല. ഇംഗ്ലീഷ് ഫോളോ ചെയ്യാനാവാത്തവരാണെങ്കിലും സഹജീവി സ്‌നേഹം പുലര്‍ത്തുന്ന ഒരു മനസ് കാസര്‍കോടിനുണ്ട്. അതുകൊണ്ട് തന്നെയാണ് കാസര്‍കോട്ടുകാര്‍ മ്ലേഛരല്ലെന്ന് ചങ്കുറപ്പോടെ പറയേണ്ടിവന്നത്.
-കെ.എസ്. ഗോപാലകൃഷ്ണന്‍
Keywords: Maruvartha, K.S.Gopalakrishnan, Article