city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടെ വായനക്കാര്‍ക്ക് കുറച്ചു നല്ല വര്‍ത്തമാനങ്ങള്‍

അസ്ലം മാവിലെ 

(www.kasargodvartha.com 17.07.2019) ഇന്ന് ( 17/7/19) കൃത്യം മൂന്ന് മണിക്ക് ശിലാസ്ഥാപനം കഴിഞ്ഞിരുന്നു. ഞങ്ങളെത്തുമ്പോള്‍ ഉദ്ഘാടന സെഷന്‍ തുടങ്ങുന്നു. സ്വാഗത പ്രസംഗകന്‍ മൈക്കിന് മുന്നില്‍ നില്‍പ്പുണ്ട്.

അധ്യക്ഷന്‍ അഡ്വ. അപ്പുക്കുട്ടനാണ്. നേരത്തെയും അദ്ദേഹത്തിന്റെ പ്രഭാഷണം ഞാന്‍ കേട്ടിട്ടുണ്ട്. വായന, വായനയുടെ രാഷ്ട്രീയം, സാമൂഹ്യ പശ്ചാത്തലങ്ങള്‍, പുതിയ വെല്ലുവിളികള്‍ എല്ലാം ഉപക്രമ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു വന്നു. മഹാകവി ഗോവിന്ദ പൈ കാസര്‍കോട്ടുകാരനും കവിയും എന്നൊരറിവ് എനിക്കുണ്ട്, എല്ലാവരെയും പോലെ. മുന്‍ രാഷ്ട്രപതി ഡോ. രാധാകൃഷ്ണന്റെ സതീര്‍ഥ്യനായിരുന്നു എന്നത് അപ്പുക്കുട്ടന്‍ സാര്‍ പറഞ്ഞറിഞ്ഞു. 20 - 23 ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനറിയുന്ന വ്യക്തിത്വം, ബഹുഭാഷാപണ്ഡിതന്‍, എന്തിനേറെ.. മഹാത്മാഗാന്ധിക്ക് ദണ്ഡിയാത്ര നടത്താന്‍ ഊന്നുവടി അയച്ചു കൊടുത്തത് ഗോവിന്ദ പൈ ആയിരുന്നുവത്രെ.

വായന പരിപോഷിക്കുന്നതോടൊപ്പം ഇന്ത്യയുടെ പൈതൃകവും സംസ്‌കൃതിയും കൈമോശം വരാതെ നിലനിര്‍ത്തുവാനുള്ള ഭഗീരഥയത്‌നം കൂടി വായനക്കാര്‍ ഏറ്റെടുക്കണമെന്ന ആഹ്വാനത്തോടെ അദ്ദേഹം പ്രസംഗം ഉപസംഹരിച്ചു. ഒരു ഭാഷയും കൈ മോശം വന്നുപോകരുത്. ഗോകര്‍ണ്ണം മുതല്‍ പെരുമ്പുഴ വരെ വ്യാപിച്ച് കിടന്ന തുളുഭാഷാ സംസ്‌കൃതി പഴയ പ്രതാപത്തോടെ വീണ്ടെടുക്കാന്‍ നമുക്കാകണമെന്നും അദ്ദേഹം പറഞ്ഞു വെച്ചു. ചന്ദ്രഗിരിപ്പുഴയുടെ പഴയ തുളുനാടന്‍ പേരാണ് പോല്‍ പെരുമ്പുഴ. അതും പുതിയ അറിവ്.

ഡോ. കുഞ്ഞിക്കണ്ണന്‍ സാറിന്റെ പ്രൗഢഗംഭിരമായ ഉദ്ഘാടന പ്രസംഗം ശരിക്കും പഠനാര്‍ഹമായ ഒന്നായിരുന്നു. കേരള സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ പ്രസിഡന്റ് കൂടിയാണദ്ദേഹം. സമകാലീന ലോകത്ത് വായന എങ്ങനെ കടലെടുക്കുന്നുവെന്ന ആശങ്ക അദ്ദേഹം സദസ്യരോട് പങ്ക് വെച്ചു. അരുതാത്തത് വായിക്കുകയും ആവശ്യമുള്ളതിനോട് പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുമ്പോഴാണ് ഗൗരവ വായന പൊയ്‌പ്പോകുന്നതെന്നദ്ദേഹം പറഞ്ഞു.

നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതിനും സ്വതന്ത്ര്യാനന്തരം നമ്മുടെ അവകാശങ്ങള്‍ വകവെച്ച് കിട്ടിയതിന് വായനാനുഭവത്തിന് മുഖ്യപങ്കുണ്ട്, സോദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ജനാധിപത്യം അപചയം നേരിടുന്ന ഇന്നിന്റെ കാലത്ത് ഭരണഘടനാവകാശങ്ങളും പൗരധര്‍മ്മവും നിരന്തരം വായനയ്ക്ക് വിധേയമാകേണ്ടതിന്റെ ആവശ്യകതയിലേക്ക് അദ്ദേഹം വിരല്‍ ചൂണ്ടി.

കാസര്‍കോടിന്റെ അഭിമാനമായ ലൈബ്രറി സയന്‍സ് അക്കാദമി മാര്‍ച്ച് 31ന് പണി പൂര്‍ത്തിയാകുമെന്നും കുഞ്ഞിക്കണ്ണന്‍ സാര്‍ പറഞ്ഞു. ഈ വര്‍ഷം രജത ജൂബിലി (75 വര്‍ഷം) ആഘോഷിക്കുന്ന ലൈബ്രറി കൗണ്‍സില്‍ കേരളത്തിലൂടനീളം വായനാ സര്‍വ്വേ നടത്താനുള്ള തയ്യാറെടുപ്പിലാണെന്നദ്ദേഹം പറഞ്ഞു. കടമ്മനിട്ടയുടെയും ഐ വി ദാസിന്റെയും നേതൃത്വത്തില്‍ 25 വര്‍ഷം മുമ്പായിരുന്നത്രെ ഇതു പോലൊരു വായനാ സര്‍വ്വെ നടന്നത്.

കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം ഉദയഗിരിയില്‍ പണിയാന്‍ പോകുന്ന അക്കാദമി കെട്ടിടം വലിയ പ്രതീക്ഷ നല്‍കുന്നു. രണ്ട് വര്‍ഷമായി ലൈബ്രറി സയന്‍സ് കോഴ്‌സ് വാടക കെട്ടിടത്തില്‍ നടന്നു വരുന്നുവെന്നതും നമുക്ക് പുതിയ അറിവാകാം. അതിനി ഈ കെട്ടിടത്തിലേക്ക് ഷിഫ്റ്റ് ചെയ്യും.

മാത്രമല്ല, ലൈബ്രറി സയന്‍സില്‍ മികച്ച ഒരു പഠന ഗവേഷണ കേന്ദ്രമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. ലൈബ്രേറിയന്മാര്‍ക്കുള്ള ആധുനിക പരിശീലന സൗകര്യം, കോണ്‍ഫറന്‍സ് ഹാള്‍, റഫറന്‍സ് ലൈബ്രറി, മനോഹരമായ ഓഫീസ് മുറികള്‍, പരിശീലനം നേടുന്നവര്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യം മുതലായവ നിര്‍ദിഷ്ട ലൈബ്രറി സയന്‍സ് അക്കാദമിയില്‍ പെടുന്നുമുണ്ട്.

വായനയെ സ്‌നേഹിക്കുന്നവര്‍ക്ക് ഇതൊക്കെതന്നെയാണ് സന്തോഷവര്‍ത്തമാനങ്ങള്‍

കാസര്‍കോട്ടെ വായനക്കാര്‍ക്ക് കുറച്ചു നല്ല വര്‍ത്തമാനങ്ങള്‍

Keywords: Kerala, Article, kasaragod, Aslam Mavile, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia