city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കഥപറച്ചിലിന്റെ നൈസര്‍ഗിക ലാളിത്യം

പുസ്തക പരിചയം/ റഹ് മാന്‍ കിടങ്ങയം

(www.kasargodvartha.com 21.06.2018) നോവലിനെക്കുറിച്ച് ഒരു പറച്ചിലുണ്ട്. അതൊരു കാര്‍ണിവല്‍പോലെയാണെന്ന്. കഥാപാത്രങ്ങളുടെയും കഥാസന്ദര്‍ഭങ്ങളുടെയും ഇടതടവില്ലാത്ത വരവും പോക്കും, ചിരിയും കരച്ചിലും, സംഘര്‍ഷങ്ങളും സംവാദങ്ങളും നിറഞ്ഞ ഒരു കാര്‍ണിവല്‍. അതുകൊണ്ട് തന്നെ മറ്റേതൊരു വ്യവഹാരരൂപത്തിനേക്കാളും നോവലില്‍ എഴുത്തുകാരന്‍ ഒരുപാട് സ്വാതന്ത്ര്യം അനുഭവിക്കുന്നു. നിയതമായ ഒരു തലത്തില്‍നിന്ന് വട്ടംകറങ്ങേണ്ടതായ ഒരു ഗതികേട് അയാള്‍ക്കില്ല. അല്ലെങ്കില്‍, മറ്റ് വ്യവഹാരരൂപങ്ങളെക്കാള്‍ അത് തുലോം കുറവാണ് എന്നെങ്കിലും പറയാം. തന്റെ ചിന്തയുടെയും അനുഭവങ്ങളുടെയും ഭാഷാശേഷിയുടെയും ഭൂമികയില്‍ നിന്നുകൊണ്ട് സര്‍ഗാത്മകതയുടെ മേമ്പൊടി ചേര്‍ത്ത് പാകപ്പെടുത്തിയെടുക്കാവുന്ന ഒരു കലാസൃഷ്ടിയായി നോവല്‍ പ്രമേയത്തെ പരുവപ്പെടുത്താന്‍ അയാള്‍ക്ക് സാധിക്കുന്നു.

ഇവിടെ, ഇബ്രാഹിം ചെര്‍ക്കളയുടെ 'മനുഷ്യവിലാപങ്ങള്‍ എന്ന നോവലിലും എഴുത്തുകാരന്‍ ഈ സ്വാതന്ത്ര്യം അനുഭവിക്കുന്നതായി കാണാം.  തന്റെ അനുഭവ പരിസരത്തുനിന്നുകൊണ്ട് ജാടയേതുമില്ലാതെ ഒരു കഥ നേരെ ചൊവ്വെ പറയാനുള്ള ഒരു ശ്രമമാണ് ഈ എഴുത്തുകാരന്‍ നടത്തുന്നത്. പുതുമയുള്ള ഒരു കഥാപ്രമേയമൊന്നും ഈ കൃതിയിലില്ല, എന്നിരിക്കയാണെങ്കിലും, ഒരു ജീവിതപരിസരത്തെ സത്യസന്ധമായി ആവിഷ്‌കരിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നതായി കാണാം. പ്രവാസി ഭൂതകാലമുള്ള മലയാളി യുവാക്കളുടെ ജീവിതാനുഭവങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ് ഈ നോവല്‍ പ്രമേയമെന്നത് ദീര്‍ഘകാലം പ്രവാസജീവിതമനുഭവിച്ച നോവലിസ്റ്റിന്റെ അനുഭവലോകത്തോട് നീതി പുലര്‍ത്തുന്നുണ്ട്.  അതിനുപുറമെ ഗ്രാമ്യപരിസരങ്ങളുടെ വാങ്മയ ചിത്രങ്ങളിലൂടെ കഥ പുരോഗമിക്കുന്നു എന്നത് ഗൃഹാതുരമായ ഒരു വായന നോവലിന് നല്‍കുന്നുമുണ്ട്.

പ്രധാന കഥാപാത്രമായ മാധവന് പ്രവാസാനന്തരം നാട്ടിലനുഭവിക്കേണ്ടിവരുന്ന ജീവിതസംഘര്‍ഷങ്ങളാണ് പ്രധാനമായും നോവലിന്റെ കഥാതന്തു. സ്‌നേഹിച്ച പെണ്ണിനെ നഷ്ടപ്പെട്ട വേദനയ്‌ക്കൊപ്പം പ്രണയം ലഹരിയായി കൊണ്ടുനടന്ന മറ്റൊരു പെണ്ണിന്റെ രതികാമനകളുടെ ചിലന്തിവലപ്പശയിലൊട്ടി പിടയേണ്ടിവന്ന അയാളുടെ നിസ്സഹായത നോവലിസ്റ്റ് നന്നായി വരച്ചു ചേര്‍ക്കുന്നുണ്ട്. അതിനൊപ്പം കഥാനായകനായ മാധവന്റെ സുഹൃത്തായ മജീദിന്റെ ആദര്‍ശ കുടുംബജീവിതത്തിലേക്ക് വിഷംചേര്‍ക്കുന്ന അന്ധവിശ്വാസങ്ങളുടെയും ആത്മീയ കാപട്യങ്ങളുടെയും പങ്കിനെ നോവല്‍ വിചാരണ ചെയ്യുന്നതായും കാണാം. സാഹചര്യങ്ങളാണ് പലപ്പോഴും തെറ്റുകാരേയും കുറ്റവാളികളെയും സൃഷ്ടിക്കുന്നതെന്ന പൊതുതത്വത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ് മാധവന്‍-ജാനു ബന്ധത്തിന്റെയും നാദിറ-അസീസ്തങ്ങള്‍ ജാരസംസര്‍ഗത്തിന്റെയും കഥാസന്ദര്‍ഭങ്ങള്‍.  ശുദ്ധമായ ദാമ്പത്യബന്ധത്തിന്റെ കെട്ടുറപ്പിനെപ്പോലും നിസ്സാരമാക്കിക്കളയാന്‍ കപട ആത്മീയതയ്ക്കുള്ള കഴിവ് എത്രത്തോളമെന്ന് മജീദിന്റെ കുടുംബത്തിനുമേല്‍വീഴുന്ന കരിനിഴല്‍ നമ്മളെ ബോധ്യപ്പെടുത്തുന്നു.

ചെറിയൊരു പുസ്തകമാണെങ്കിലും അനേകം കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ഈ നോവലിലൂടെ ഇബ്രാഹിം ചെര്‍ക്കള നമുക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നു.  ഗ്രാമ്യമായ ജീവിത പരിസരങ്ങളുടെ നിര്‍മ്മലതയും ഗള്‍ഫ് ജീവിതത്തിന്റെ യാന്ത്രികതയും ഈ രണ്ട് ജീവിത പരിസരങ്ങളും അവയുടെ കാഴ്ചപ്പാടുകളും തമ്മിലുള്ള വളരെ വലിയ അന്തരവും നോവല്‍ ചര്‍ച്ച ചെയ്യുന്നു.  നൈസര്‍ഗികമായ കഥപറച്ചിലിന്റെ ഒരു ഒഴുക്ക് ഈ എഴുത്തുകാരന്റെ തൂലികയ്ക്കുണ്ട്.  എങ്കില്‍പ്പോലും, അസാധാരണമായ രീതിയില്‍ തന്റെ എഴുത്തില്‍ ഒരു ദാര്‍ശനികതലം ബോധപൂര്‍വ്വം സൃഷ്ടിക്കാനോ, ഭാഷയില്‍ ക്ലിഷ്ഠത സൃഷ്ടിക്കാനോ ഒന്നും നോവലിസ്റ്റ് ശ്രമിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ നോവല്‍ എല്ലാത്തരം വായനക്കാരിലേക്കും പെട്ടെന്ന് കടന്നുചെല്ലും.
കഥപറച്ചിലിന്റെ നൈസര്‍ഗിക ലാളിത്യം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Book, Ibrahim Cherkala, Ibrahim Cherkala's Manushya Vilapangal Book Review
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia