city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒഴുകി അകന്ന കുളിര്‍ലോല പോലെ


ഒഴുകി അകന്ന കുളിര്‍ലോല പോലെ
K.M.Ahmed
" മര്‍ത്ത്യന്‍ സുന്ദരനാണ്! കാരണമുയിര്‍-
ക്കൊള്ളും വികാരങ്ങള്‍ തന്‍
നൃത്യത്തിന് മുതിര്‍ക്കുവാന്‍
സ്വയമണിഞ്ഞിട്ടോരരങ്ങാണവന്‍
അത്യന്തം കമനീയമേ മഹിതമാ-
യാലും മറിച്ചാകിലും
തല്‍ഭാവങ്ങള്‍ പൂര്‍ണമാണളവ് കോ-
ലെന്നുള്ള കാലം വരെ"


മനുഷ്യമുഖത്തിന്റെ വ്യതിരിക്തയെക്കുറിച്ചാണ് ഇടശ്ശേരി ഇങ്ങനെ പറയുന്നത്. നവരസരങ്ങള്‍ ഏറെ വ്യത്യസ്ഥമായ ഭാവങ്ങള്‍ - എല്ലാം മുഖം കൊണ്ട് മനുഷ്യര്‍ക്ക് അവതരിപ്പിക്കാനാവുന്നു. ഉയിര്‍കൊള്ളുന്ന വികാരങ്ങളുടെ നൃത്യത്തിന് മുതിര്‍ക്കുവാന്‍ സ്വയം അണഞ്ഞിട്ടോരരങ്ങാണവന്‍. മനുഷ്യമുഖം ഒരു തിയറ്റര്‍ പോലെ. ഇത് പോലെ മറ്റൊരങ്ങ് വേറെയില്ല. മനുഷ്യന്റെ ഭാവങ്ങള്‍ കമനീയമായാലും അല്ലെങ്കിലും അത് മനോഹരം തന്നെ.
കെ.എം. അഹ്മദ് മാഷിന്റെ മരണത്തിന് ഒരാണ്ട് തികയുന്ന ഈ സന്തപ്ത നിമിഷത്തില്‍ ആ മുഖച്ഛന്തത്തെ വെളിവാക്കാന്‍ ഇടശ്ശേരിയുടെ ഈ വരികള്‍ പോലെ മറ്റൊന്നില്ല. എം.ടി. വാസുദേവന്‍ നായര്‍ ബഷീറിനെക്കുറിച്ചെഴുതിയ വാക്യങ്ങളും. ഇവിടെ പ്രസക്തമാണ്- ബോധത്തിലും അബോധത്തിലും ശാന്തതയിലും വിഭ്രാന്തിയിലും എല്ലാം ഞാന്‍ ബഷീറിനെ നിരീക്ഷിച്ചിട്ടുണ്ട്.
ബഷീറിന് ചുറ്റും മനുഷ്യര്‍ വേണം. സ്‌നേഹം സ്വീകരിക്കുകയും നല്‍കുകയും ചെയ്യുന്ന മനുഷ്യര്‍.
അഹ്മദ് മാഷിന്റെ ഭാവങ്ങള്‍ മഹിതമായാലും മറിച്ചാകിലും അത്യന്തം കമനീയങ്ങള്‍ തന്നെ. ഇക്കാര്യത്തില്‍ തീര്‍പ്പ് കല്‍പിക്കാനുള്ള കൃത്യമായ ഒരു അളവ് കോല്‍ ഇതു വരെ കണ്ടെത്താനായിട്ടില്ല. അനിഷ്ടങ്ങളുണ്ടാവുമ്പോള്‍ മാഷ് ഇടത്തേ കൈകൊണ്ട് തല്ലും. ഉടനേ വലത്തേ കൈ കൊണ്ട് തടവുകയും ചെയ്യും. സ്‌നേഹത്തിലും, വിദ്വേഷത്തിലും, ദേഷ്യത്തിലും, ബോധത്തിലും, അബോധത്തിലും ശാന്തതയിലും അതിന്റെ വിപരീതത്തിലും ഞാന്‍ മാഷിനെ ജാഗ്രതയോടെ ശ്രദ്ധിച്ചിട്ടുണ്ട്. സ്‌നേഹം സ്വീകരിക്കുകയും നല്‍കുകയും ചെയ്യുന്ന മനുഷ്യരെ തേടിയുള്ളതായിരുന്നു മാഷിന്റെ ജീവിതം. ഒരു പ്രത്യേക സന്ദര്‍ഭം ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ കോളേജ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ദിവസം അന്നത്തെ ഉത്തരദേശത്തില്‍ പ്രസിദ്ധീകരിക്കാന്‍ എന്നെ സംബന്ധിച്ച വിശദാംശങ്ങള്‍ തേടി മാഷ് തന്നെ കോളേജിലെത്തി. അന്ന് ഉച്ചക്കിറങ്ങുന്ന ഉത്തരദേശത്തിന്റെ രണ്ടാം പേജില്‍ ആ ലേഖനം വരണം. ഈ വരവ് എന്നെ വിസ്മയത്തുമ്പത്തെത്തിച്ചു. ആവശ്യമെന്ന് തോന്നിയ വിവരങ്ങള്‍ കുറിച്ച് മാഷ് മലയാള വകുപ്പില്‍ നിന്നും പുറത്തേക്ക് പോയി. നിമിഷങ്ങള്‍ക്കകം അദ്ദേഹം വീണ്ടും എന്റെയടുത്തെത്തി. ജീവിതത്തില്‍ ഏറ്റവും സ്‌നേഹം പകര്‍ന്ന് തന്നെ ആളുകളെക്കുറിച്ച് പറയാമോ ?- മാഷ് ചോദിച്ചു. അങ്ങനെ വിരലിലെണ്ണാവരുന്നുണ്ട്. ഞാന്‍ ആരുടേയും പേര് പറയാതെ ഡിപ്ലോമാറ്റിക്കായി. മാഷിന്റെ മുഖത്ത് വിഷമമൊന്നുമുണ്ടായില്ല. സാമാന്യം വലിപ്പമുള്ള ഫോട്ടോയുടെ കൂടെ ആ ലേഖനം അന്നത്തെ ഉത്തരദേശത്തില്‍ വന്നു. എഴുത്തിന്റെ ലോകത്തേക്ക് കൂടുതല്‍ കരുത്തോടെ ഞാന്‍ മടങ്ങുന്നതിനെക്കുറിച്ചുള്ള തലക്കെട്ടോടെ. തലയുയര്‍ത്തിപ്പിടിച്ച് കോളേജില്‍ നിന്നും പുറത്തിറങ്ങാന്‍ ആ ലേഖനം കാരണമായി.
മറ്റൊരു സന്ദര്‍ഭം കൂടി ഇവിടെ കുറിക്കട്ടെ. രാവിലെ ഞാന്‍ ഒരു സുഹൃത്തിന് ഫോണ്‍ ചെയ്യുകയായിരുന്നു. ഞെക്കിയ ടെലിഫോണ്‍ നമ്പര്‍ മാറി അഹ്മദ് മാഷിന്റേതായിപ്പോയി. മാഷ് ഫോണെടുത്തു. നമ്പര്‍ തെറ്റിയടിച്ചതാണെന്ന് ഞാന്‍ പറഞ്ഞു. അതിനെന്താ നമുക്ക് കുറച്ച് സംസാരിക്കാമല്ലോ എന്നായി മാഷ്.
ഇതാണ് അഹ്മദ് മാഷ്. സ്‌നേഹിക്കാനും കലഹിക്കാനും തനിക്ക് ചുറ്റും കുറേ ആളുകള്‍ വേണമെന്നുള്ള കഠിന നിഷ്‌കര്‍ഷ മാഷിലെന്നുമുണ്ടായിരുന്നു. അത് കൊണ്ടാണ് ഈ കാസര്‍കോട്ടുകാരന്‍ പത്രക്കാരന് ലോകത്തിന്റെ നാനാദിക്കുകളില്‍ സുഹൃത്തുക്കളുണ്ടായത്. ഇത് ഒരു മഹാഭാഗ്യം തന്നെ. എല്ലാറ്റില്‍ നിന്നും പിന്‍വലിയാനുള്ള ഒരു മനസ്സിനെ ദൈവം എനിക്ക് നല്‍കിയപ്പോള്‍ എല്ലാറ്റിലേക്കും പടരാനുള്ള മനസ്സായിരുന്നു ദൈവം അഹ്മദ് മാഷിന് നല്‍കിയത്. ഞാന്‍ വീണ്ടും എഴുതുന്നു. ഇങ്ങനെ ജീവിക്കാന്‍ കഴിയുന്നത് ഒരു ദൈവാനുഗ്രഹം തന്നെ. എത്രയെത്ര ഒന്നിച്ചുള്ള യാത്രകള്‍. നാട്ടിലും, വീട്ടിലും, പുറംനാടുകളിലുമുള്ള എത്രയെത്ര കൂടിച്ചേരലുകള്‍. എത്രയെത്ര പ്രസംഗ വേദികള്‍. സ്വന്തം വീട്ടിലും പുറത്തുമുള്ള എത്രയെത്ര സര്‍ഗ്ഗാത്മക ചര്‍ച്ചകള്‍. പറയാനാവില്ല. പറഞ്ഞാല്‍ തീരില്ല- സ്‌നേഹധന്യ തീര്‍ത്ഥാടനങ്ങളുടെ കഥകള്‍. ആയിരത്തൊന്നു രാത്രികളില്‍ പറഞ്ഞാലും തീരാത്ത കഥകളും കാര്യങ്ങളും.
ഉബൈദ് മാഷിന്റെ തിരഞ്ഞെടുത്ത കവിതകളുടെ പുന:പ്രകാശനം മാഷ്‌ന്റേയും എല്ലാവരുടേയും വലിയ ആഗ്രഹമായിരുന്നു. ഇപ്പോഴുമുള്ള ആഗ്രഹമാണ്. ഉബൈദ് മാഷിന്റെ ജന്മശതാബ്ദി ആഘോഷിച്ച് കഴിഞ്ഞിട്ടും ബാക്കിയുള്ള ഒരു കഠിനാഗ്രഹം. അത് കണ്ടെത്താനും പ്രകാശിപ്പിക്കാനുമുള്ള ശ്രമത്തിന് കൂട്ട് നില്‍ക്കുകയായിരുന്നു 'ഉബൈദ് അക്കാദമി'യിലൂടെ ഞാന്‍ ചെയ്തത്. ആ ലക്ഷ്യത്തിലേക്ക് ഈ സംഘടനയ്ക്ക് എത്തിച്ചേരാന്‍ ഇതു വരെയും പറ്റിയിട്ടില്ല. അത് അഹ്മദ് മാഷ് ഡി.ടി.പി ചെയ്ത് വച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു. ആ കവിതാസമാഹാരം ആരുടേയും കൈകളിലുണ്ടെങ്കില്‍ അത് പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഉബൈദ് മാഷിനോടും അഹ്മദ് മാഷിനോടും കേരളീയ സഹൃദയരോടും ചെയ്യാവുന്ന നീതിയും കടപ്പാടുമാണത്. കേവലം പ്രസംഗങ്ങള്‍ക്കപ്പുറം സൃഷ്ടിപരമായ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് നമുക്കെല്ലാവര്‍ക്കുമെത്താനാവണം. വെറും സാഹിത്യക്കളികള്‍ കൊണ്ടെന്ത് പ്രയോജനം?
എം.ടി യെ ഞാന്‍ വീണ്ടും ഉദ്ദദ്ധരിക്കട്ടെ..
ഞാന്‍ നന്ദി പറയുന്നു. ഈ മനുഷ്യനോടല്ല. പിന്നിട്ട നെടുംപാതയിലെവിടെയോ ഒരു വഴിത്തിരിവില്‍ മുന്നില്‍ നിന്ന ഒരു അനര്‍ഘനിമിഷത്തിന്.
എന്റെ മരുപ്പറമ്പില്‍ തണലും തണുപ്പും സുഗന്ധവും ഇത്തിരി വട്ടത്തില്‍ തരുന്ന ആ പൂമരം മുളപ്പിച്ച കാലത്തിന്റെ ഉര്‍വരതയ്ക്ക്.

ഇബ്രാഹിം ബേവിഞ്ച

ഒഴുകി അകന്ന കുളിര്‍ലോല പോലെ
Ibrahim Bavinja








Keywords: Ibrahim Bavinja, Article, K.M.Ahmed, Remembrance, kasaragod,




Also Read
ഇവനെന്റെ പ്രിയ മാഷ്........

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia