city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാമൂഹ്യ പ്രവര്‍ത്തനം കൈമുതലാക്കി ഹുസൈന്‍ പടിഞ്ഞാര്‍

(www.kasargodvartha.com 12.03.2016) കഠിനാധ്വാനാധ്വാനത്തിലൂടെയും അര്‍പ്പണമനോഭാവത്തിലൂടെയും മണലാരണ്യത്തില്‍ ജോലി ചെയ്ത് വിജയം കൈവരിച്ച അപൂര്‍വം കാസര്‍കോട്ടുകാരില്‍ ഒരാളാണ് ഹുസൈന്‍ പടിഞ്ഞാര്‍. കാസര്‍കോട് തളങ്കര പടിഞ്ഞാര്‍ അബ്ദുര്‍ റഹ് മാന്റെ മകനായ ഹുസൈന്‍ 1980ല്‍ അബുദാബി ഷെറാട്ടണ്‍ ഹോട്ടലില്‍ ജീവനക്കാരനായാണ് പ്രവാസജീവിതത്തിന് തുടക്കമിട്ടത്. കിട്ടിയ ജോലിയില്‍ ഒതുങ്ങിക്കൂടാതെ ദീര്‍ഘദൃഷ്ടിയോടെ കാര്യങ്ങള്‍ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതായിരുന്നു ഹുസൈന്റെ വിജയ മന്ത്രം. പ്രയത്‌നത്തിലൂടെ ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു അദ്ദേഹം. ജോലിയിലെ ആത്മാര്‍ത്ഥതയും നിഷ്‌കളങ്കമായ പെരുമാറ്റവും സ്ഥിരോത്സാഹവും അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായി. 1983ല്‍ സ്ഥാപനത്തിലെ 400 ജീവനക്കാരില്‍ നിന്ന് ബെസ്റ്റ് എംപ്ലോയ് ഓഫ് ദി ഇയര്‍ അവാര്‍ഡിനായി തെരെഞ്ഞെടുക്കപ്പെട്ടത് ഹുസൈനെയായിരുന്നു.

അംഗീകാരവും പ്രശംസയും ദൈവത്തിന്റെ അനുഗ്രഹമായാണ് കാണുന്നതെന്ന് അദ്ദേഹം പറയുന്നു. കൂടുതല്‍ ആത്മാര്‍ത്ഥതയോടെ മുന്നേറിയ ഹുസൈനെ ഹോട്ടല്‍ ശൃംഖലയുള്ള മാനേജ്‌മെന്റിന്റെ അച്ചീവ്‌മെന്റ് സര്‍ട്ടിഫിക്കറ്റും നിരവധി പ്രശംസാ പത്രങ്ങളും പിന്നീട് തേടിയെത്തി. ഹുസൈനെ കുറിച്ച് ഷറാട്ടണ്‍ ഹോട്ടല്‍ ഡയറക്ടര്‍ വിവരിക്കുന്നതിങ്ങനെയാണ്... തികഞ്ഞ ഉത്തരവാദിത്തബോധമുള്ള ചെറുപ്പക്കാരന്‍.., മനസ്സും ശരീരവും പൂര്‍ണമായി ജോലിയില്‍ അര്‍പിച്ചുള്ള ആത്മാര്‍ത്ഥത അത്ഭുതപ്പെടുത്തുന്നതാണ്. ഏതു സാഹചര്യത്തിലും കഠിനമായി പ്രവര്‍ത്തിക്കുകയും ഏതു പദവിയും ഭംഗിയായി നിര്‍വ്വഹിക്കാനുള്ള കരുത്തും ഹുസൈനിനുണ്ട്.

അബുദാബിയില്‍ ജോലി ചെയ്യുന്ന സമയത്ത് അവിടെയെത്തിയ അന്നത്തെ കേന്ദ്രമന്ത്രി എം എ റഹീം ഷെറാട്ടണില്‍ താമസിക്കുകയും വിദേശ ഇന്ത്യന്‍ സമൂഹം ഒരുപാട് നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തിന് കിട്ടിയ നിവേദനങ്ങളില്‍ കുറച്ച് വെയ്സ്റ്റ് ബോക്‌സില്‍ ഇപേക്ഷിച്ചിരുന്നു. ഇത് റൂം ബോയിക്ക്് കിട്ടുകയും ഈ നിവേദനങ്ങള്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കാന്‍ ബേവിഞ്ച അബ്ദുര്‍ റഹ് മാന്റെ കൈയ്യില്‍ ഏല്‍പ്പിക്കുകയും ചെയ്തു. സത്യത്തില്‍ അന്നാണ് എഴുത്ത് ആരംഭിച്ചത്. രാഷ്ട്രീയ-കലാ-സാംസ്‌കാരിക-സാമൂഹിക രംഗത്തെല്ലാം ഹുസൈന്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി എഴുതാറുണ്ട്. കാസര്‍കോട് മുസ്ലിം ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ എം എസ് എഫ് ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1974ല്‍ തളങ്കരയില്‍ നടന്ന എം എസ് എഫ് സമ്മേളനത്തിന്റെ സംഘാടകന്‍, അബുദാബി താലൂക്ക് കെ എം സി സി പ്രസിഡണ്ട് തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചിരുന്നു.

മൂന്നര പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനത്തിലെ സംശുദ്ധിയും ആദര്‍ശവും കൈമോശം വരാതെ സൂക്ഷിച്ച ഊര്‍ജസ്വലത ഇപ്പോഴും തുടര്‍ന്ന് പോകുന്നു. ഗള്‍ഫില്‍ കാസര്‍കോടിന്റെ ഹൃദയതാളം എന്ന്് തന്നെ ഹുസൈനെ വിശേഷിപ്പിക്കാം. കാസര്‍കോട് ജില്ലയിലെ നേതാക്കള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമൊപ്പം ജില്ലയുടെ ജീവിത ശൈലി നെഞ്ചേറ്റുകയും ചെയ്ത ഹുസൈന്‍ എല്ലാ പ്രവര്‍ത്തനങ്ങളുടെ പിന്നിലെ ശക്തി ചൈതന്യമായി വര്‍ത്തിച്ചു. മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡണ്ട്, കെസെഫ് ഫൗണ്ടര്‍ മെമ്പര്‍, ടി ഉബൈദ് ഫൗണ്ടേഷന്‍ സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏത് പ്രതികൂല സാഹചര്യത്തിലും സാംസ്‌കാരികത്വം ഉയര്‍ത്തിപ്പിടിക്കുക എന്ന മൗലികതയാണ് കേരളീയരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥരാക്കുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പ് ഗള്‍ഫിന്റെ ചൂടും ചൂരും അനുഭവിക്കാന്‍ എത്തിയ ഹുസൈന്‍ പടിഞ്ഞാര്‍ അതിനൊരു ഉദാഹരണമാണ്. പ്രവാസ ജീവിതത്തിന്റെ നിരവധി മേഖലകളില്‍ വ്യാപൃതനാകുകയും ആത്മാര്‍ത്ഥതയുടെ തങ്കക്കസവുകള്‍ അവിടെയൊക്കെ വിതറുകയും ചെയ്തു എന്നതാണ് ഹുസൈനിന്റെ മഹത്വം. കാസര്‍കോടന്‍ സാംസ്‌കാരിക-സാമൂഹിക-സാഹിത്യ മേഖലകളിലും ഹുസൈന്‍ നിറഞ്ഞു നില്‍ക്കുന്നു. ജീവിതോപാധി കണ്ടെത്താന്‍ പ്രവര്‍ത്തനത്തെ ഉദരപൂരണത്തിന് അദ്ദേഹം നിമിത്തമാക്കില്ലെന്ന് ഉറപ്പായും വിശ്വസിക്കാം.

പ്രവാസികളെ സംബന്ധിച്ചിടത്തോളം സാമൂഹിക പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെടുകയും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കെതിരെ എഴുത്ത് യുദ്ധം നടത്തുകയും ചെയ്യുന്ന വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ് അദ്ദേഹം. 2005ല്‍ ബി എം അബ്ദുല്‍ റഹ് മാന്‍ എം എല്‍ എ യുടെ നാമധേയത്തില്‍ ഏറ്റവും മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം കാസര്‍കോട് ടൗണ്‍ ഹാളില്‍ വെച്ച്് ഏറ്റുവാങ്ങി. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നിരന്തരമായി അധികാര വര്‍ഗത്തിന്റെ ശ്രദ്ധയില്‍പെടുത്തിക്കൊണ്ട് മികച്ച ഇടപെടലുകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. നാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സദാരംഗത്തുണ്ട്. ഈ കാലയളവില്‍ പ്രധാനപ്പെട്ട രണ്ടു പ്രശ്‌നങ്ങള്‍ അതീവ ഗൗരവത്തോടെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തുകയും പരിഹാരം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. 2004ല്‍ അല്‍ഖൂസ് വെയര്‍ ഹൗസില്‍ തീപിടുത്തം മൂലം പടിഞ്ഞാര്‍ സ്വദേശിയായ അബ്ദുല്‍ ഹമീദിന്റെ മരണം എല്ലാവരേയും ദുഖ:ത്തിലാഴ്ത്തിയിരുന്നു. മരണം അദ്ദേഹത്തിന്റെ കുടുംബത്തെ വല്ലാതെ തളര്‍ത്തുകയും ചെയ്തിരുന്നു.

ആ യുവാവിന്റെ കുടുംബത്തിനുള്ള ബെനിഫിറ്റ് ഫണ്ടിന് വേണ്ടി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഷാര്‍ജ ഇന്ത്യന്‍ എംബസി മുന്‍ സെക്രട്ടറി നിസാര്‍ തളങ്കരയെ നിരന്തരമായി ഇടപെടുത്തിക്കൊണ്ട് നടത്തിയ പ്രവര്‍ത്തനം മൂലം ആ കുടുംബത്തിനുള്ള ഫണ്ട് ഏകദേശം 15 ലക്ഷം രൂപ ലഭിക്കാന്‍ സാധിച്ചത് സേവനത്തിന്റെ മികവായി ഹുസൈന്‍ കാണുന്നു. റാസല്‍ ഖൈമയില്‍ ജയിലിലായ സന്തോഷ് നഗര്‍ സ്വദേശിയുടെ മോചനം സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലുണ്ടായിരുന്നതും ഹുസൈനായിരുന്നു. എട്ട്് മാസം വിചാരണ ഇല്ലാതെ തടങ്കലില്‍ കഴിയുകയായിരുന്ന യുവാവിനെ മുഖ്യമന്ത്രിയേയും എം എല്‍ എ, എന്‍ എ നെല്ലിക്കുന്നിനേയും ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനത്തിലൂടെ യുവാവിന്റെ ജയില്‍മോചനം സാധ്യമായി. കെസെഫ് പാവപ്പെട്ട ഹൃദ്‌രോഗികള്‍ക്കായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിക്ക് ഡയാലിസിസ് മെഷീന്‍ നല്‍കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന സംഘാടകനുമായിരുന്നു ഇദ്ദേഹം.

ലാഭേച്ഛയില്ലാത്ത ഹുസൈന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തളങ്കര പടിഞ്ഞാര്‍ ജമാഅത്ത് ഹുസൈനിനെ ആദരിച്ചിരുന്നു. ജീവിതത്തിലെ വിലമതിക്കാനാവാത്ത അംഗീകാരമായാണ് ഹുസൈന്‍ ഇതിനെ കാണുന്നത്. പുരസ്‌കാരങ്ങളുടെ പെരുമഴക്കാലത്ത് സാമൂഹ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന് പകരം വ്യവസായ പ്രമൂഖരെ ആദരിക്കുന്നത് സര്‍വ്വസാധാരണമായി മാറിയിരിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകരെ പലപ്പോഴും നിരാശപ്പെടുത്താറുണ്ട്. സ്വന്തം നാട്ടുകാര്‍ തന്നെ ഹുസൈനിനെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനായി തെരെഞ്ഞെടുത്തത് അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

ചെങ്കളയിലെ ആയിശയാണ് ഭാര്യ. മക്കളായ ഹുസൈഫ ഹുസൈന്‍ ബിടെക്ക് വിദ്യാര്‍ത്ഥിനിയും നേഹ ഹുസൈന്‍ ദുബൈ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്.
സാമൂഹ്യ പ്രവര്‍ത്തനം കൈമുതലാക്കി ഹുസൈന്‍ പടിഞ്ഞാര്‍

Keywords:  Business-man, Article, Thalangara, Abudhabi, Hotel, Award.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia