city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഈ ടെന്‍ഷന്‍ സമയത്തെ എങ്ങനെ വളരെ സിമ്പിളായി നേരിടാം

മുജീബുല്ല കെ എം

( www.kasargodvartha.com 13.08. 2020) ജീവിതത്തില്‍ സംഘര്‍ഷമനുഭവിക്കുന്നയാളാണോ നിങ്ങള്‍, ഈ ടെന്‍ഷന്‍ സമയത്തെ എങ്ങിനെയാണ് നിങ്ങള്‍ നേരിടുന്നത്. വളരെ സിമ്പിളായി ശ്രീബുദ്ധന്‍ ശിഷ്യരെ ഇത് പഠിപ്പിച്ചത് നോക്കുക. ഒരു ദിവസം ശ്രീബുദ്ധനും ശിഷ്യന്മാരും ഒരു കാട്ടിലൂടെ യാത്ര ചെയ്യുകയായിരുന്നു. കുറേദൂരം നടന്നു കഴിഞ്ഞപ്പോള്‍ ശ്രീബുദ്ധന് ദാഹം തോന്നി. അടുത്തെവിടെ നിന്നെങ്കിലും അല്‍പം വെള്ളം കൊണ്ടുവരാന്‍ അദ്ദേഹം തന്റെ ശിഷ്യന്മാരിലൊരാളെ അയച്ചു.

വെള്ളമന്വേഷിച്ച് ആ ശിഷ്യന്‍ കാട്ടിലൂടെ നടന്നു. ഒടുവില്‍ ഒരു തടാകത്തിന്റെ കരയിലെത്തി. അപ്പോഴതാ പലരും ആ വെള്ളത്തില്‍ തുണിയലക്കുന്നു. ഈ വെള്ളം എങ്ങനെ ഗുരുവിന് കൊടുക്കുമെന്നോര്‍ത്ത് ശിഷ്യന്‍ വേവലാതിപ്പെട്ട് നില്‍ക്കുമ്പോള്‍തന്നെ ഒരു കാളവണ്ടി അതുവഴി വന്നു. വണ്ടിക്കാരന്‍ തന്റെ വണ്ടി കാളകളെ ആ തടാകത്തിലേക്കിറക്കിയതും വെള്ളമാകെ ചെളി നിറഞ്ഞതായി മാറി. നിരാശനായ ശിഷ്യന്‍ തിരിച്ച് ഗുരുവിന്റെ അടുത്തെത്തി ഇക്കാര്യം സങ്കടത്തോടെ പറഞ്ഞു.

സാരമില്ലെന്ന് ശ്രീബുദ്ധന്‍ ആ ശിഷ്യനോട് പറഞ്ഞു സമാധാനിപ്പിച്ചു. ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞതും അതേ തടാകത്തിനടുത്തേക്ക് പോയി കുറച്ചുവെള്ളം കൊണ്ടുവരാന്‍ പഴയ ശിഷ്യനോട് ബുദ്ധന്‍ ആവശ്യപ്പെട്ടു. ശിഷ്യന്‍ വീണ്ടും തടാകത്തിനടുത്തേക്ക് പുറപ്പെട്ടു. തടാകത്തിന്റെ തീരത്തെത്തിയതും അലക്കിക്കൊണ്ടിരുന്നവരെ ആരെയും അവിടെ കണ്ടില്ല.

കാളകളുമായി വണ്ടിക്കാരനും യാത്രയായിരുന്നു. ശാന്തമായി കിടന്ന തടാകത്തിലേക്ക് നോക്കിയതും ജലം തെളിഞ്ഞു കിടക്കുന്ന കാഴ്ച ആ ശിഷ്യന്‍ കണ്ടു. ജലത്തിലെ ചെളിയെല്ലാം ഈ സമയം കൊണ്ട് താഴെ അടിഞ്ഞ് ഇല്ലാതായിരുന്നു. മുകളില്‍ നിന്ന് തെളിഞ്ഞ ജലം ശേഖരിച്ചുകൊണ്ട് ശിഷ്യന്‍ ഗുരുവിന്റെ അടുത്തേക്ക് സന്തോഷത്തോടെ മടങ്ങി.

ജലം ശേഖരിച്ച കുടം ഗുരുവിന് കൈമാറിയതും അതിലേക്ക് നോക്കിക്കൊണ്ട് ഗുരു ശിഷ്യനോട് ചോദിച്ചു.

'അരമണിക്കൂര്‍ മുമ്പ് കളങ്കപ്പെട്ട ഈ വെള്ളം ശുദ്ധമാക്കാന്‍ എന്താണ് ചെയ്തത്?'

ശിഷ്യന്‍ പറഞ്ഞു: 

'ഒന്നും ചെയ്തില്ല. അവിടെ എത്തി അല്‍പനേരം കാത്തിരുന്നപ്പോള്‍ വെള്ളത്തിലെ ചെളി തനിയെ തടാകത്തിന്റെ അടിയില്‍ അടിഞ്ഞതും നല്ല ജലം കിട്ടി'

അതെ, നമ്മുടെ മനസ്സും ഈ ജലംപോലെയാണ് ബുദ്ധന്‍ പറഞ്ഞു തുടങ്ങി...

ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളാല്‍ മനസ്സ് കലുഷിതമാകുമ്പോള്‍ അല്‍പനേരം മനസ്സിനെ സ്വസ്ഥമായിരിക്കാന്‍ അനുവദിക്കുക. പതിയെ പതിയെ മനസ്സ് ശാന്തമായി വികാരങ്ങള്‍ക്കപ്പുറത്ത് നിന്നുകൊണ്ട് ചിന്തിക്കാന്‍ നാം പ്രാപ്തരായിത്തീരുന്നു. കുടുംബങ്ങളിലെ ഉള്‍പ്പെടെ ജീവിതത്തിലെ പല പ്രശ്‌നങ്ങളും വിവേകത്തോടെ നേരിടാനും പരിഹരിക്കാനും ഇതുമൂലം നമുക്ക് കഴിയും. ശ്രീബുദ്ധന്‍ ശിഷ്യരോടായി പറഞ്ഞ് നിര്‍ത്തി.

ഈ ഉപദേശത്തില്‍ നമുക്കുമുണ്ട് പഠിക്കാന്‍. ഒരിക്കലും നിരാശ വേണ്ട, ക്ഷമയോടെയുള്ള കാത്തിരിപ്പുകള്‍ നിങ്ങളില്‍ പോസിറ്റീവ് ചിന്ത ഉണര്‍ത്തും. നിങ്ങളുടെ മനസിനെ ശാന്തമാക്കും. ശാന്തമായ മനസ് നിങ്ങളില്‍ പ്രസന്നഭാവമുണ്ടാക്കും, വിജയങ്ങള്‍ നിങ്ങളെ തേടി വരാന്‍ അത് കാരണമാകും.

നിങ്ങളിലും അത്തരം ചിന്തകള്‍ ഉണ്ടാവട്ടെ...

(സിജി ഇന്റര്‍നാഷനല്‍ കരിയര്‍ ആര്‍ ആന്‍ഡ് ഡി കോര്‍ഡിനേറ്റര്‍ ആണ് ലേഖകന്‍)

ഈ ടെന്‍ഷന്‍ സമയത്തെ എങ്ങനെ വളരെ സിമ്പിളായി നേരിടാം

Keywords: Kasaragod, Kerala, News, Mujeebullah KM, Tension, Lock down, How to deal this tension very simply

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia