city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹരിതരാഷ്ട്രീയം നിത്യ വസന്തം

സൂപ്പി വാണിമേൽ


കാസർകോട്: (www.kasargodvartha.com 17.03.2021) അച്ചടക്കമാണ് ഏതൊരു രാഷ്ട്രീയ പാർടിയുടേയും കേഡർ മഹത്വമെങ്കിൽ അത് ഇതാ ഇവിടെയുണ്ട്, കാസർകോട് മുസ് ലിം ലീഗിൽ. അണികൾ തെരുവിലിറങ്ങി നേതൃത്വത്തെ തിരുത്തി നേടിയ സിപിഎം സ്ഥാനാർഥിയുടെ പ്രചാരണം കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലത്തിൽ പകരുന്ന ആവേശത്തേക്കാൾ ഒട്ടും കുറവല്ല തിരുത്തിയ സ്ഥാനാർഥി പട്ടികയെക്കുറിച്ചുള്ള വർത്തമാനങ്ങൾക്ക് മനസ് കൊടുക്കാതെ കർമ നിരതരാവുന്ന കാസർകോട് മണ്ഡലത്തിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ ഉത്സാഹം. പ്രഖ്യാപനം വന്ന മുതൽ പത്രികാ സമർപണത്തിൽ വരെ പ്രകടമായ ഒരുമ പാർടിയാണ് വലുത് എന്ന സാക്ഷ്യപ്പെടുത്തലായി.

മുൻമന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി ടി അഹ്‌മദ്‌ അലി ഏഴുതവണ തുടർചയായി വിജയിച്ച മണ്ഡലത്തിൽ എൻ എ നെല്ലിക്കുന്ന് മൂന്നാംവട്ടം ജനവിധി തേടുമ്പോഴാണ് ടി ഇ അബ്ദുല്ലയുടെ പേര് വെട്ടി പകരം സിറ്റിംഗ് എം എൽ എയെ ഉൾപെടുത്തി എന്ന പ്രചാരണം. അതിന്റെ രേഖയുടെ പിന്തുണയും.

മുൻ നഗരസഭ ചെയർമാനായ ടി ഇ അബ്ദുല്ല മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ടാണ്. കാസർകോട് മണ്ഡലത്തിൽ നിന്ന് ആദ്യമായി ഏണി ചിഹ്നത്തിൽ മത്സരിച്ച് നിയമസഭയിലെത്തിയ ടി എ ഇബ്രാഹിമിന്റെ മകനാണദ്ദേഹം. കുറ്റ്യാടി മോഡൽ അവലംബിക്കാനൊരുങ്ങിയാൽ മുസ്ലിം ലീഗ് നേതൃത്വം തിരുത്തിന്മേൽ തിരുത്തിന് നിർബന്ധിതമായേനെ. എന്നാൽ മേൽപാളിയിലോ അടിത്തട്ടിലോ അമർഷം പ്രകടിപ്പിക്കാതെ അച്ചടക്കത്തിന് ഉദാത്ത മാതൃക സൃഷ്ടിക്കുകയാണ് ഉത്തരദേശത്തെ ഹരിത രാഷ്ട്രീയം.

ഹരിതരാഷ്ട്രീയം നിത്യ വസന്തം

കർണാടകയിൽ തലവെച്ച് അറബിക്കടലിൽ കാൽ നീട്ടി ചന്ദ്രഗിരി പുഴയോളങ്ങളുടെ തഴുകലേറ്റുകിടക്കുന്ന കാസർകോട് മണ്ഡലത്തിന്റെ ഹരിതാഭയുടെ ചരിത്രം ഫാസിസത്തിനെതിരായ ചെറുത്തു നിൽപിന്റേതാണ്. കഴിഞ്ഞ ഏഴ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ തുടർചയായി രണ്ടാം സ്ഥാനത്തുള്ള ബി ജെ പിയെ തടുക്കാനുള്ള രാഷ്ട്രീയ നിയോഗം വിജയിപ്പിക്കാൻ വിയർക്കുന്ന അണികൾ പാർടിയെ വലുതായും നേതാക്കളെ അനുസരിക്കൽ അച്ചടക്കമായും കാണുന്നതാണ് യു ഡി എഫിന്റെ കരുത്ത്. 1996ലും 2006ലും ഇടതു സ്ഥാനാർഥിയായി മണ്ഡലത്തിൽ ജനവിധി തേടിയ എൻ എ നെല്ലിക്കുന്നിനെ മൂന്നാംസ്ഥാനത്ത് തളച്ചതിൽ ആവേശം കൊണ്ട മുസ്ലിം ലീഗുകാർ അദ്ദേഹത്തെ തന്നെ 2011ലും 2016ലും നെഞ്ചേറ്റിയതിന്റെ തുടർചക്ക് ഒരു ഇടർചയുമില്ല.

കർണാടക സമിതിയും കോൺഗ്രസും വേറിട്ട് മത്സരിച്ച് മണ്ഡലം പ്രതിനിധാനം ചെയ്ത ചരിത്രം യു ഡി എഫ് സംവിധാനത്തിലൂടെ തിരുത്തിയാണ് മുസ്ലിം ലീഗിന്റെ വെന്നിക്കൊടി. 1977ൽ ടി എ ഇബ്രാഹിമാണ് കാസർകോട് നിന്നുള്ള ആദ്യ മുസ്ലിം ലീഗ് എംഎൽഎ. 1980 മുതൽ 2006വരെ മണ്ഡലം പ്രതിനിധാനം ചെയ്ത സിടി അഹ്‌മദ്‌ അലി 1991ൽ മന്ത്രിയുമായിരുന്നു.

ഐക്യകേരളം രൂപവത്കരിച്ച ശേഷം 1957ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ചെറിപാടി കുഞ്ഞികൃഷ്ണൻ നായരാണ് വിജയിച്ചത്. അവിഭക്ത കണ്ണൂർ ഡിസിസി പ്രസിഡണ്ടും എ ഐ സി സി അംഗവുമായിരുന്നു അദ്ദേഹം. 1960ൽ കോൺഗ്രസിലെ എം കുഞ്ഞിക്കണ്ണൻ നമ്പ്യാർ എം എൽ എയായി. 1965ൽ സ്വതന്ത്രനായി മത്സരിച്ച ഇ അബ്ദുൽ ഖാദറാണ് കോൺഗ്രസ്, അവിഭക്ത കമ്യുണിസ്റ്റ് പാർടി സ്ഥാനാർഥികളെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയത്. 1960ൽ കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തിൽ വിജയിച്ച കടത്തനാടൻ അനുഭവ നിറവോടെ സ്വന്തം നാടായ കാസർകോട്ട് അങ്കത്തിനിറങ്ങിയ അഡ്വ. ഹമീദലി ശംനാട് കർണാടക സമിതിയുടെ അഡ്വ. യു പി കുനിക്കുല്ലായയോട് പരാജയപ്പെടുകയാണുണ്ടായത്. ശംനാടിനൊപ്പം വിമോചന സമരത്തിൽ അണിനിരന്ന അഡ്വ. വി കെ ശ്രീധരൻ നായർ കോൺഗ്രസ് ടികെറ്റിൽ മത്സരിച്ചും തോറ്റു. മുസ്ലിം ലീഗ് നേതാവായിരുന്ന ബി എം അബ്ദുർ റഹ്‌മാൻ 1970ൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച് 1977വരെ എം എൽ എയായി.

യുഡിഎഫ് സ്ഥാനാർഥിയായി എൻ എ നെല്ലിക്കുന്ന്, ബി ജെ പി ടികെറ്റിൽ പാർടി ജില്ല പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, ഇടതുമുന്നണി രംഗത്തിറക്കിയ ഐഎൻഎൽ സംസ്ഥാന സെക്രടറി എം എ ലത്വീഫ് എന്നിവരാണ് ഇത്തവണ മത്സരരംഗത്തുള്ളത്.

Keywords:  Kerala, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, Article, Muslim-league, Soopy Vanimel, Green politics is an eternal spring.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia