ഡി.വൈ.എഫ്.ഐക്ക് അഭിവാദ്യങ്ങള്‍
Nov 19, 2012, 10:31 IST
ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പടന്നക്കാട് മേല്‍പ്പാലത്തില്‍ സംഘടിപ്പിച്ച
പ്രതീകാത്മക ടോള്‍ പിരിവ്
|
ആത്മാര്‍ത്ഥത നിറഞ്ഞ കോണ്‍ട്രാക്ടര്‍ അവരുടെ സര്‍വ സന്നാഹങ്ങളും പ്രയോജനപ്പെടുത്തി മലബാര്‍ ഭാഗത്തെ ഏറ്റവും ദൈര്‍ഘ്യം കൂടിയ റയില്‍വേ ഓവര്‍ ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാക്കി. ജനത്തിന് സന്തോഷമായി. ഉല്‍ഘാടനം കെങ്കേമമായി നാട്ടുകാര്‍ ആഘോഷിച്ചു. പാലം നിര്‍മാണത്തിന് ചെലവായ തുക ടോള്‍ ഏര്‍പ്പെടുത്തി പിരിച്ചെടുക്കുന്നതിനും ജനത്തിന് വൈമനസ്യം ഉണ്ടായില്ല. പക്ഷേ വാഹനങ്ങള്‍ക്ക് എര്‍പ്പെടുത്തിയ ടോള്‍ നിരക്ക് കൂടിപ്പോയി എന്നതില്‍ മുറുമുറുപ്പുണ്ടായിരുന്നു. എങ്കിലും അതും സഹിക്കാന്‍ വാഹന ഉടമകള്‍ തയ്യാറായി.
പക്ഷെ ടോള്‍ പിരിവിന്റെ മറവില്‍ പകല്‍ കൊളള നടത്താനുളള കുതന്ത്രങ്ങള്‍ മെനഞ്ഞത് ആദ്യമൊന്നും ജനത്തിന് ശ്രദ്ധയില്‍ പതിഞ്ഞില്ല. ഡി.ഫി.യുടെ ചുണക്കുട്ടികള്‍ കളളത്തരം കണ്ടെത്തി. ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്ന് ബോധ്യപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അതു പുറത്തുകൊണ്ടു വന്നു. പോലീസ് സഹായത്തോടെ ഒരു ദിവസത്തെ പിരിവിനത്തില്‍ കണക്കില്‍ പെടുത്താതെ വെച്ച 27,000 രൂപയും, തുക പിരിച്ചെടുക്കുന്നതിന് ഉപയോഗിക്കാന്‍ സൂക്ഷിച്ച 25 ലക്ഷം രൂപയുടെ വ്യാജ രസീതുകളും സീലും പിടിച്ചെടുത്തു.
നോക്കണേ ജനാധിപത്യ രാജ്യത്തിലെ ഭരണയന്ത്രം കാട്ടിക്കൂട്ടുന്ന നീച പ്രവര്‍ത്തികള്‍. പൊതുമരാമത്ത് വകുപ്പും, ഭരണക്കാരും അറിഞ്ഞുകൊണ്ടു തന്നെയാവില്ലേ ഈ പകല്‍ക്കൊളളയ്ക്ക് കളമൊരുക്കിയത്. വരുമാനം കുറച്ചു കാണിക്കാനുളള സൂത്രപ്പണി. അതിനനുസരിച്ച് മാത്രമെ ടോള്‍ പിരിവ് ലേലം ചെയ്തു കൊടുക്കൂ. ലേലം കൊളളാനും ഈ കോക്കസ് തയ്യാറായിവരും. രണ്ടു മൂന്നുതരത്തില്‍ പൊതുജനത്തെ പിഴിയാന്‍ ഈ തട്ടിപ്പ് വഴിയൊരുക്കും. ദീര്‍ഘനാള്‍ ടോള്‍ പിരിവ് നടത്തേണ്ടിവരും. പൊതു ഖജനാവില്‍ ലഭിക്കേണ്ട പണം കുറയും. കോക്കസിന് നല്ലൊരു തുക ദിവസംപ്രതി പോക്കറ്റിലാക്കാം. ചതിയിലകപ്പെടുന്നത് വാഹനയാത്രക്കാരും, മൊത്തത്തില്‍ പൊതു സമൂഹവും.
പ്രചരണാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കുപരി നിര്‍മാണാത്മക പ്രവര്‍ത്തനവും നടത്താന്‍ ആവുമെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തെളിയിച്ചു. സമര ചരിത്രത്തിന്റെ അപൂര്‍വ ഏടാണ് ഡി.വൈ.എഫ്.ഐ രചിച്ചത്. ഊണും ഉറക്കവും ഉപേക്ഷിച്ച് 24 മണിക്കൂര്‍ പ്രതികാത്മക ടോള്‍ പിരിവ് നടത്തിയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സമൂഹത്തിന്റെ ആശീര്‍ വാദവും ആദരവും ഏറ്റുവാങ്ങിയത്. ശാസ്ത്രീയമായ രീതിയില്‍ തട്ടിപ്പ് വെളിച്ചത്തു കൊണ്ടു വന്ന സന്നദ്ധപ്രവര്‍ത്തകരായ ഡി.വൈ.എഫ്.ഐക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നു.
മേല്‍പ്പാലത്തിലൂടെ ഒരു ദിവസം കടന്നു പോയ വിവിധ വാഹനങ്ങളുടെ കൃത്യമായ കണക്കെടുത്തു. ടോള്‍ നിശ്ചയ പ്രകാരം ഇത്രയും വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പിരിച്ചെടുക്കാന്‍ പറ്റുന്ന തുക 3,30,500 രൂപയാണെന്ന് കണ്ടെത്തി. ഇത് പൊതുജനത്തെ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെത്തി വ്യക്തമായ കണക്കുകള്‍ നിരത്തി ബോധ്യപ്പെടുത്തിക്കൊടുത്തു.
ഇനി ഈ വഞ്ചന നടക്കില്ല. ഈ സത്യം കണക്കിലെടുക്കാതെയാണ് ടോള്‍ പിരിവ് ലേലം ഉറപ്പിക്കുന്നതെങ്കില്‍ ശക്തമായ തിരിച്ചടിക്ക് ഡി.വൈ.എഫ്.ഐക്കൊപ്പം കൊടിയുടെ നിറം നോക്കാതെ സകലരും അണിനിരക്കുമെന്ന് ഉറപ്പാണ്. ജനാധിപത്യ ഭരണ ക്രമം മഹത്തരമാണ്. പക്ഷെ അത് കെട്ടുപോയാല്‍ സര്‍വത്ര നാറ്റംവരും. ഭരണ തലപ്പത്തിരിക്കുന്നവര്‍ താന്താങ്ങളുടെ നന്മമാത്രമേ ലക്ഷ്യമിടുന്നുളളു. സമൂഹമാണ് ഞങ്ങളെ ഇവിടെ എത്തിച്ചത് എന്ന ചിന്തയില്ല. പകരം എന്റെ ആള്‍ക്കാര്‍, എന്റെ പാര്‍ട്ടി എന്നധാരണ തന്നെയാണ് ഇക്കൂട്ടരെ നയിക്കുന്നത്.
ഭരണത്തിന്റെ എത് കോണിലും നടക്കുന്നത് അഴിമതിയും. സ്വാര്‍ത്ഥ താല്‍പര്യങ്ങളുമാണ്. ഔദ്യോഗിക ചിട്ടവട്ടങ്ങളെ ഇതിനായി പ്രയോജനപ്പെടുത്തുന്നു. ഉദ്യോഗസ്ഥന്മാരെ ഭയപ്പെടുത്തിയും, അനുനയിപ്പിച്ചും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കുന്നു. നിയമനകാര്യങ്ങളില്‍ നടക്കുന്ന അഴിമതികള്‍ ഇടയ്ക്കിടയ്ക്ക് പത്ര വാര്‍ത്തയാകാറുണ്ട്. അവസാനമായി കിലയില്‍ നടക്കാന്‍ പോകുന്ന നിയമനങ്ങളും അഴിമതി പുരണ്ടതാണെന്ന് വാര്‍ത്താമാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയ്തു കഴിഞ്ഞു. എന്തിനധികം ദിവസ വേതനത്തിനും താല്‍ക്കാലിക നിയമനത്തിനും, ലാസ്റ്റ് ഗ്രേഡ് ജോലിക്കാരെ നിയമിക്കുന്ന കാര്യത്തില്‍ പോലും പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന നല്‍കിയാലേ നിയമനം കിട്ടു.
തങ്ങളുടെ നിര്‍ദേശങ്ങളും ആവശ്യങ്ങളും അംഗീകരിക്കാത്ത ഉദ്യോഗസ്ഥരെ രായ്ക്കുരാമാനം സ്ഥലം മാറ്റം നല്‍കി പീഡിപ്പിക്കുന്ന കാഴ്ചകളും നിത്യസംഭവങ്ങളാണ്. എന്തിനധികം കാസര്‍കോട് ജില്ലയില്‍ തന്നെ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. നീതിമാനും, ജനകീയനുമായ ജില്ലാകലക്ടര്‍ വി. എന്‍ ജിതേന്ദ്രനെ കെട്ടു കെട്ടിച്ചു. നിയമപാലകാരായ പോലീസു ഓഫീസര്‍മാര്‍മാരെ തങ്ങളുടെ ഇംഗിതത്തിനു വഴങ്ങിയില്ലെങ്കില്‍ മണിക്കൂര്‍ വെച്ച് സ്ഥലം മാറ്റം നല്‍കും
ഇത്തരം സന്ദര്‍ഭങ്ങളിലും, അനീതിയാണ് നടക്കുന്നതെന്ന് ബോധ്യപ്പെട്ടാല്‍ ഭരണ കൂടത്തിനെതിരെ ശക്തമായി പോരാടാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തയ്യാറാവണം. ഏത് ഭരണം വന്നാലും ഇങ്ങിനെയൊക്കെയാണ്. നടക്കുക എന്നാണ് പലരുടെയും പ്രതികരണം. ചിലപ്പോള്‍ അത് ശരിയായിരിക്കാം. പക്ഷെ യുവജന പ്രസ്ഥാനങ്ങള്‍ പക്ഷം നോക്കാതെ പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ യുവജനസംഘടനകളുണ്ട്. മാതൃസംഘടനയിലേക്ക് കയറിച്ചെല്ലാനുളള ഒരു റിക്രൂട്ടിംഗ് വിഭാഗമായി മാത്രം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ യുവജന വിഭാഗങ്ങള്‍ നിന്നു കൊടുക്കരുത്.
പടന്നക്കാട് മേല്‍പാലം ടോള്‍ പിരിവിന്റെ മറവില്‍ നടത്തിയ പകല്‍കൊളള കണ്ടെത്തിയ സി.പി.എമ്മിന്റെ യുവജന വിഭാഗമായ ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തനത്തെ ഭരണ പക്ഷക്കാര്‍ പോലും എതിര്‍ത്ത് പറഞ്ഞില്ല. അവരുടെ യൂത്ത് വിഭാഗവും മറുത്തൊരു പ്രസ്താവന ഇറക്കിയില്ല. അതില്‍ നിന്ന് ഒരു കാര്യം വ്യക്തമാവുന്നുണ്ട്. അനീതിയെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാണെന്ന്.
ഒരു കാര്യവും കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റ് യുവജന പ്രസ്ഥാനങ്ങളില്‍ നിന്ന് വേറിട്ടൊരു പ്രവര്‍ത്തന ശൈലി ഡി.വൈ.എഫ്.ഐക്കുണ്ട്. അച്ചടക്കവും പ്രവര്‍ത്തന ശേഷിയും ശേമുഷിയും പഠിച്ചു പ്രതീകരിക്കാനുളള കരുത്തും ഡിഫി പ്രവര്‍ത്തകര്‍ക്കു സ്വന്തം. അതുകൊണ്ടു തന്നെ സമൂഹത്തില്‍ നടമാടുന്ന അനീതികള്‍ക്കും, അസമത്വങ്ങള്‍ക്കും എതിരായി പോരാട്ടം നയിക്കുന്ന ഡിഫിയില്‍ സമൂഹം മൊത്തം ആശ്വാസം കൊളളുന്നുണ്ട്. ആ ഒരു കാഴ്ചപ്പാടോടെ വേണം പ്രസ്തുത സംഘടന മുന്നേറാനും സമൂഹ നന്മയ്ക്ക് വേണ്ടി ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും.
ധര്‍ണയും, റാലിയും, ഹര്‍ത്താലും, പ്രകടനവും ഒന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നില്ല. അതൊക്കെ ജനശ്രദ്ധ പിടിച്ചു പറ്റാനും, ജന പിന്തുണ നേടിയെടുക്കാനും പ്രയോജനപ്പെടുത്താം. പക്ഷെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് നേരിട്ട് ഇടപെട്ടു കൊണ്ടു വേണം. കറപ്ഷന്‍ എവിടെ കണ്ടാലും കയ്യോടെ പിടി കൂടി ജനമധ്യത്തിലെത്തിക്കാന്‍ ത്രാണി കാണിക്കുന്ന പ്രവര്‍ത്തന ശൈലി ആവിഷ്‌കരിക്കണം. പക്ഷെ അത് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലോ മറ്റോ ആവാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.
കാസര്‍കോട്ട് ഡി.വൈ.എഫ്.ഐ നടത്തിയ ഈ പ്രവര്‍ത്തനരീതി കേരളമാകെ മാതൃകയാക്കാന്‍ നേതൃത്വം ശ്രമിക്കണം. അഴിമതി രഹിത കേരള സൃഷ്ടിക്കായുളള കണ്ടെത്തലുകളും ഡി.വൈ.എഫ്.ഐയുടെ ഭാഗത്തു നിന്നും തുടര്‍ന്നു കൊണ്ടേയിരിക്കണമെന്നാണ് കേരള ജനത ആഗ്രഹിക്കുന്നത്.
-കൂക്കാനം റഹ്മാന്‍
Related news:
DYFI ജനകീയ ടോള്‍ പിരിവ്: 17 മണിക്കൂറിലെ വരുമാനം 1,90,990 രൂപ
Keywords: DYFI, Toll, Collection, Padnnakad, Over bridge, Scam, Kanhangad, Article, Kookanam Rahman
Keywords: DYFI, Toll, Collection, Padnnakad, Over bridge, Scam, Kanhangad, Article, Kookanam Rahman