പ്രിയ സുഹൃത്തിന് വിട
Dec 30, 2011, 15:56 IST
മറവി ഒരനുഗ്രമാണെന്ന് പറയപ്പെടുന്നു. മരണത്തെ സദാ ഓര്‍ത്തു കൊണ്ട് ജീവിക്കുകയെന്നത് പ്രയാസകരം തന്നെയാണ്. അങ്ങനെ മരണത്തെ മറന്ന് മനുഷ്യന്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകവെയായിരിക്കും എവിടെയെങ്കിലും ഏതെങ്കിലും ഉറ്റവരുടെ ജീവനുമായി അത് കടന്നു പോകുന്നത്. ഓരോര്‍മ്മപ്പെടുത്തല്‍ പോലെ. മരണം ഇതാ ഞാന്‍ ഇവിടെ അദൃശ്യനായി നിങ്ങളുടെ തൊട്ടടുത്ത് തന്നെയുണ്ടെന്ന മട്ടില്‍. രാത്രി രണ്ട് മണി കഴിഞ്ഞാണ് സുബഹിക്കുണരാന്‍ അലാറം വെച്ച മൊബൈലില്‍ മെസേജ് അലെര്‍ട് വന്നത്. അതീ ദുഃഖവാര്‍ത്തയായിരുന്നു. എന്‍.എ. സുലൈമാന്‍ പാസ്ഡ് എവേ...ബി.എസ്. മഹമൂദായിരുന്നു മെസേജ് അയച്ചത്. അല്‍പം കഴിഞ്ഞ് പീയെമിന്റെ മെസേജും വന്നു. പീയെം ഇപ്രാവശ്യം പിന്നിലായിപ്പോയതാണ്. അല്ലെങ്കില്‍ അതാവും മുമ്പെയെത്തുക. പിന്നെ മനസില്‍ വടംവലിയായിരുന്നു. തന്റെ ഉറ്റ സുഹൃത്തുക്കളിലൊരാള്‍ മൃദദേഹമായി ചലനമറ്റ് കിടക്കുന്ന കാഴ്ച കാണാന്‍ എറങ്ങിപ്പുറപ്പെടണോ എന്ന്. അത് കാണാനുള്ള ത്രാണി ഈ ഓഡ് സമയത്തിനുണ്ടോ എന്നും. പിന്നെ ഉറങ്ങാന്‍ ഫറ്റിയില്ല. പിറകെ ഫോണ്‍കോളുകളും വന്നു തുടങ്ങി. പലതും അറ്റന്റ് ചെയ്തില്ല. ഇതേ വാര്‍ത്ത തന്നെയാവും എല്ലാര്‍ക്കും തരാനുണ്ടാവുക. ആരും, ഇതാ സുലൈമാന്‍ ഉണര്‍ന്നിരിക്കുന്നു എന്ന പറയാന്‍ സാധ്യതയില്ലല്ലോ. അത് കൊണ്ട് പലതും അറ്റന്റ് ചെയ്തില്ല. പിന്നെ വീട്ടുകാരും പെട്ടെന്നുണര്‍ന്ന് ഹ-ദയം പിളര്‍ക്കുന്ന വാര്‍ത്ത കേള്‍ക്കരുത ല്ലോ എന്നും കരുതി.
വളരെ മുമ്പെ എന്‍.എ. സുലൈമാനെ അറിയുമായിരുന്നു. പക്ഷെ ഞങ്ങള്‍ ഹൃദയം കൊണ്ടടുത്തത്. 1982ന്റെ ശേഷമാണ്. മുംബൈ സബര്‍ബനിലെ ഖാര്‍റോഡില്‍ ഞാന്‍ താമസിക്കവെയാണ് പീയെം അബ്ദുല്‍ ഖാദര്‍ വന്ന് താല്‍ക്കാലികമായെങ്കിലും മുംബൈ മൗലവിയില്‍ താങ്കളുടെ സേവനം ആവശ്യമുണ്ടെന്നറിയിച്ചത്. അപ്പോള്‍ ഞാന്‍ ഒരു സൗദി കമ്പനിയിലെ തൊഴില്‍ ഒഴിവാക്കി വന്നതായിരുന്നു. വീണ്ടും കുറച്ചും കൂടി മെച്ചപ്പെട്ട ശമ്പളമുള്ള ജോലിയില്‍ തിരിച്ചു പോകാന്‍. ഇന്റര്‍വ്യൂകള്‍ അറ്റന്റ് ചെയ്തു ഊഴം കാത്തിരിക്കുകയായിരുന്നു. ആദ്യം ഓഫര്‍ നിരസിച്ചെങ്കിലും പിന്നെ സുഹൃത്തിന്റെ നിര്‍ബ്ബന്ധത്തിന് വഴങ്ങുകയായിരുന്നു. ഡോംഗ്രി മൗലവി ട്രാവല്‍സില്‍ ചാര്‍ജെടുത്ത ഉടനെ സുലൈമാന്‍ കസേരയൊഴിഞ്ഞു തന്നു. അദ്ദേഹം-(അദ്ദേഹംമെന്ന് പ്രയോഗിക്കുന്നത് മുമ്പെ കടന്നു പോയി എന്ന ഒറ്റ സീനിയോരിറ്റി കൊണ്ടാണ്) മുതലാളിയും ഞാന്‍ തൊഴിലാളിയുമായിരുന്നു. പക്ഷെ ഞങ്ങള്‍ക്കിടയില്‍ അങ്ങനെയൊന്നുമില്ലായിരുന്നു എന്ന് വിവക്ഷിക്കാനാണതിത്രയും എഴുതിയത്. ജോലിയില്‍ നിന്ന് ഒവിവ് കിട്ടിയാല്‍ പിന്നെ ഞങ്ങളുടെ സംസാരം കലയിലേയ്ക്കും സംഗീതത്തിലേയ്ക്കും വഴുതും . രണ്ട് പേര്‍ക്കും അതേറെയിഷ്ടമായിരുന്നല്ലോ? ആ സൗഹൃദം 85 വരെ നീണ്ടു. പിന്നെ വീണ്ടും ഞാന്‍ സൗദിയിലേയ്ക്ക്. ഒരു ചെറിയ സന്ദര്‍ശനവുമായി സൗദിയിലെത്തിയ സുലൈമാന് എന്നെ കണ്ടെ ഒക്കൂ... ഞാന്‍ വളരെ ദീരെയാണെന്നും എത്തിപ്പെടാന്‍ ബദ്ധിമുട്ടാണെന്നും പറഞ്ഞപ്പോള്‍ എന്നാല്‍ ഞാനങ്ങോട്ട് വരാമെന്നായി. അത് വേണ്ടെന്ന് വെച്ച് ഞാന്‍ ചെന്നു. തിരിച്ചദ്ദേഹം എയര്‍പോര്‍ട്ടിലേയ്ക്ക് തിരിക്കും വരെ വിട്ടിട്ട് വേണ്ടെ... 1989-90 കാലയളവിലും ഒരു ഹ്രസ്വകാലം ഞാന്‍ സുലൈമാന്റെ ക്ഷണം സ്വീകരിച്ച് മുംബൈ മൗലവിയില്‍ ജോലി ചെയ്തിട്ടുണ്ട്. ആയിടെയാണ് സുലൈമാന്‍ ശസ്ത്രക്രിയ്ക്ക് വിധേയനായത്.
സൗദിയിലായിരുന്നു എന്റെ അനിയന്‍ അബു ഇതേ അസുഖവുമായാണ് മുംബൈയിലിറങ്ങിയത്. അവിടുന്ന നേരെ സാന്റാക്രൂസ് രാമകൃശഷ്ണ മിഷ്യന്‍ ഹോസ്പിറ്റലിന്റെ ഐ.സി.യുവിലേയ്ക്ക്. അവിടുന്ന് വെന്റിലേറ്ററിലേയ്ക്കും പിന്നെ മരണത്തിലേയ്ക്കും. ആറ് ദിവസങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഐ.സി.യുവിന്റെ പുറത്ത് ഫ്രീസിങില്‍ വെച്ച മൃതദേഹവുമായി ഇതികര്‍ ത്തവ്യമൂഢനായി നില്‍ക്കുന്ന എന്നെ സമാശ്വസിക്കുക മാത്രമല്ല. ആ മരണാനന്തര ചടങ്ങുകള്‍ മുഴുവനും കഴിഞ്ഞ് എന്നെയും കൂട്ടിയാണ് സുലൈമാന്‍ ഫ്‌ലാറ്റിലേയ്ക്ക് തിരിച്ചത്. കാസര്‍കോട്ടെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ ഒരു നിറസാന്നിദ്ധ്യമായിരുന്നല്ലോ സുലൈമാന്റേത്. ദഖീറത്ത് സ്‌കൂളിന്റെയും മറ്റ് സാംസ്‌കാരിക കേന്ദ്രങ്ങളുടേയും പ്രവര്‍ത്ത നങ്ങളിലും വികസനപ്രക്രിയകളിലും മുഴുകിയിരിക്കവേയാണ് മരണം തട്ടിയെടുത്ത്. അസുഖം മറന്ന് എല്ലാ പരിപാടികളിലും സംബന്ധിക്കാന്‍ പ്രേരണയായത് ഒരു പക്ഷെ മനസിന്റെ അകാലത്തില്‍ പൊലിയുമെന്ന തിരിച്ചറിവോ അതല്ലെങ്കില്‍ നാട് ഒരു സാംസ്‌കാരിക കേന്ദ്രമായുയര്‍ന്ന കാണാനുള്ള ത്വരയോ? കൊട്ടി ഘോഷങ്ങളൊന്നുമില്ലാതെ അശരണരെ അഗതികളെ മാത്രമല്ല, സമൂഹത്തിന വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സംഘടനകളേയും കൈ യയഞ്ഞു സഹായിക്കുമായിരുന്നു. ഒരു റംസാന്‍ പകല്‍ സുലൈമാന്റെ വീട്ടില്‍ ചെന്ന ഇയാള്‍ ഇത് നേരില്‍ കണ്ടനുഭവിച്ചതാണ്. അദ്ദേഹം സ്വയം അത് വിളിച്ചു പറഞ്ഞാലല്ലെ ദൈവത്തില്‍ നിന്നുള്ള പ്രതിഫലം നഷ്ടപ്പെട്ടു പോവുക? ഞാന്‍ പറയുന്നതില്‍ പ്രശ്‌നമില്ലെന്ന തോന്നുന്നു. എന്നാലും അതിനെക്കുറിച്ച് കൂടുതല്‍ വാചാലനാവുന്നില്ല. നമസ്‌കാരത്തിന്റെ കാര്യത്തിലും റംസാനിലും മറ്റും വ്രതമനുഷ്ടിക്കുന്നതിലും സുലൈമാന്‍ രോഗം വകവെച്ചിന്നതാണ് ആ നിഷ്ടഠയുടെ മകുടോദാഹരണം.
.
.
വളരെ സാത്വികനായാണ് സുലൈമാന്‍ ജീവിച്ചത്. ജീവിത്തില്‍ പുലര്‍ത്തിയ ചിട്ടയും ആ നിഷ്ടയുമാവാം അസുഖം വളരെ മാരകമായിരുന്നിട്ടും ഇത്‌വരെ ആ ആയുസ് നീട്ടിക്കിട്ടിയത്. വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് കണ്ണാടിപ്പള്ളിയില്‍ നിന്നിറങ്ങി സുലൈമാന്‍ പുറത്ത് എന്നെ കാത്തിരിക്കാറുണ്ട് പലപ്പോഴും. അടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ട് പോയി ഭക്ഷണം നല്‍കാന്‍. പലപ്പോഴും ഒഴികഴിവ് പറഞ്ഞിട്ടുള്ളത് ഇയാളാണ്. രോഗം കൊണ്ടവശമെങ്കിലും ആ ഹൃദയും കലയെ ആവോളം സ്‌നേഹിച്ച ഹൃദയമാണ്. പ്രത്യേകിച്ചും സംഗീതം. റഫിയുടെ ശബ്ദവും, അദ്ദേഹത്തിന്റെ ഗാനങ്ങളേയും ഹൃദയത്തിലേറ്റി നടന്ന ആളാണ്. അതാണല്ലോ തളങ്കരയില്‍ ഒരു റഫി മഹല്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ഒരു പക്ഷെ റഫിസാബിന് ഇത്തരം ഒരു സ്വകാര്യസ്മാരകം ഇന്ത്യയില്‍ തന്നെ ആദ്യത്തേതാവാം. ഇപ്പോള്‍ ഫലയിടത്തുമുയര്‍ന്നു വന്നിട്ടുണ്ടെന്ന് കേള്‍ക്കുന്നു. മുംബൈയില്‍ നടക്കുന്ന റഫിയുടേയും മറ്റ് ഹിന്ദുസ്ഥാനീ മ്യൂസിക്കല്‍ കണ്‍സേര്‍ടുകളെക്കുറിച്ചും അപ്പപ്പോള്‍ കിട്ടുന്ന വിവരം ഫോണ്‍ മുഖേനയോ അല്ലെങ്കില്‍ മെസേജ് ആയോ കൈമാറാന്‍ സുലൈമാന്‍ ഒരിക്കലും മറക്കാറില്ല. സംഗീതത്തെക്കുറിച്ച് എന്റെ ഒരു പുസ്തകം ഇറങ്ങാനുണ്ടെന്ന് ഞാന്‍ ഉണര്‍ത്തിയിരുന്നു. ഫോണി ല്‍ ബന്ധപ്പെടുമ്പോഴൊക്കെ ആ പുസ്തകത്തെക്കുറിച്ച് ചോദിച്ചു കൊണ്ടിരിക്കും. ഞാനും മനസിലിട്ട പദ്ധതിയില്‍, ആ പുസ്തകമിറങ്ങിയാല്‍ കാസര്‍കോട്ട് ഒരു ഫങ്ഷനില്‍ തീര്‍ച്ചയായും അതേറ്റു വാങ്ങുന്നത് സുലൈമാനായിരിക്കും എന്നും കണക്ക് കൂട്ടിയിരുന്നു. പക്ഷെ നമ്മുടെ കണക്ക് കൂട്ടലെവിടെ.. പടച്ചവന്റെ വിധിയെവിടെ... മഗ്ഫിറത്തിനും മര്‍ഹമത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട്
-എ എസ്. മുഹമ്മദ്കുഞ്ഞി
Keywords: N.A Sulaiman, Article, A.S Mohammed Kunhi