city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഖ്യമന്ത്രി അറിയണം, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അവസ്ഥ; അംബികാസുതന്റെ ഒരു കഥാപാത്രം കൂടി യാത്രയായി

നേര്‍ക്കാഴ്ച്ചകള്‍ / പ്രതിഭാരാജന്‍

(www.kasargodvartha.com 18.01.2017) അംബികാസുതന്‍ മാങ്ങാടിന്റെ പ്രസിദ്ധ നോവലാണ് എന്‍മകജെ. എന്‍ഡോസള്‍ഫാന്‍ ഇരകളായി ജീവിതം തള്ളിനീക്കുന്ന നിരവധി പേര്‍ എന്‍മകജെ എന്ന നോവലില്‍ കഥാപാത്രങ്ങളായി. എന്നാല്‍ അതിലെ പല കഥാപാത്രങ്ങളും മരണത്തിന് കീഴടങ്ങി. അതിനകത്തെ മുഖ്യ കഥാപാത്രമായ മുത്തക്കയുടെ മകന്‍ ശ്രീധര്‍ ഷെട്ടി (31) കൂടി ഇപ്പോള്‍ യാത്രയായിരിക്കുകയാണ്.

ഉടന്‍ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ച നഷ്ടപരിഹാരമായ അഞ്ച് ലക്ഷത്തിനു കാത്തുനില്‍ക്കാതെയാണ് ആ ചെറുപ്പക്കാരന്‍ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായത്. ഇനി മുത്തക്കയുടെ മക്കളില്‍ ബാക്കിയുള്ളത് സരസ്വതി മാത്രം. അവളുടെ കൈകാലുകളും തളര്‍ന്നു തുടങ്ങി. ക്ഷീണം കാരണം തൊഴിലുറപ്പിനു പോലും പോകാന്‍ കഴിയുന്നില്ല. സരസ്വതിയേപ്പോലെത്തന്നെ എന്നെയും ഒരു രോഗവും ബാധിക്കില്ലെന്ന് ഉറച്ച് പറയുമായിരുന്നു ശ്രിധര്‍ ഷെട്ടി. മരിച്ചു കിടക്കുന്ന മോനേ വാരിപ്പുണര്‍ന്ന് അമ്മ മുത്തക്ക വാവിട്ടു കരയുമ്പോള്‍ ഏതു കഠിന ഹൃദയവും ആര്‍ദ്രമായിപ്പോകും.

മുഖ്യമന്ത്രി അറിയണം, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അവസ്ഥ; അംബികാസുതന്റെ ഒരു കഥാപാത്രം കൂടി യാത്രയായി


കൃത്യമായി ജോലിക്കു പോകുമായിരുന്നു ശ്രീധരന്‍. പെട്ടന്നാണ് രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കൈകാലുകള്‍ ശോഷിക്കാന്‍ തുടങ്ങി. തുടര്‍ന്ന് മറവി. താമസിയാതെ മുത്ത ജ്യേഷ്ഠന്റെ ഇരുട്ടു മുറിയില്‍ അനിയനും അകപ്പെട്ടു. മുത്തക്കയുടെ രണ്ടു ആണ്‍മക്കളേയും എന്‍ഡോസള്‍ഫാന്റെ തീവ്രത ലോകത്തിനു കാണിച്ചു കൊടുക്കാന്‍ സമ്മാനമായി അര്‍പ്പിക്കുകയായിരുന്നു മുത്തക്ക. ഇപ്പോള്‍ കോടതി വിധിച്ച നഷ്ടപരിഹാരത്തിനു മുമ്പില്‍ ചോദ്യചിഹ്നമായി നഷ്ടപരിഹാരമില്ലാത്ത ലോകത്തിലേക്ക് ശ്രീധരന്‍ യാത്രയായി. ജ്യേഷ്ഠന്‍ കിട്ടണ്ണ ഇപ്പോഴും ഇരുട്ടില്‍ തന്നെ. പതിറ്റാണ്ടുകളായി വെളിച്ചമുള്ള ലോകം കണ്ടിട്ട്. എന്തിനിങ്ങനെയൊരു ജീവിതം എന്നു നൊന്തു കരയുകയാണ് ആ മാതാവ്.

എന്‍ഡോസള്‍ഫാന്‍ ഒരു ഗ്രാമത്തെ എങ്ങനെ നക്കിത്തുടക്കുന്നുവെന്നതിന് മാതൃകയാണ് മുത്തക്കയുടെ കുടുംബം. രണ്ടായിരാമാണ്ട് കാലം. എന്‍ഡോസള്‍ഫാന്‍ വിഷം മനുഷ്യ ശരീരത്തില്‍ അവരറിയാതെത്തന്നെ സ്വാധീനം ചെലുത്തുന്നുവോ എന്നറിയാന്‍ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ഡല്‍ഹിയില്‍ നിന്നും ഒരു മെഡിക്കല്‍ സംഘമെത്തി. ഗ്രാമത്തിലെ കുഞ്ഞുകുട്ടികള്‍ മുതല്‍ വൃദ്ധരെ അടക്കം പരിശോധിച്ചു. അന്ന് ശ്രിധരന്‍ സ്‌കുളില്‍ പോകുന്ന ചുണക്കുട്ടന്‍. അമ്മ മുത്തക്കയുടെ ശരീരത്തില്‍ വിഷത്തിന്റെ അംശം കണ്ടെത്തിയത് 616 പിപിഎം അളവില്‍. ഇത് മനുഷ്യ ശരീരത്തിനു താങ്ങാനാവുന്നതിന്റെ 900 മടങ്ങ് കുടുതലാണ്. ഡോക്ടര്‍മാരേപ്പോലും ഇത് അത്ഭുതപ്പെടുത്തി. ലോകം ഇതേറ്റെടുത്തു.

സ്റ്റാര്‍ ടിവി ചാനലില്‍ അന്നത്തെ ജില്ലാ കലക്ടറുമായി അഭിമുഖം നടന്നതു ലോകം കാതു കൂര്‍പ്പിച്ചു കേട്ടു നിന്നു. സര്‍ക്കാരിനു വേണ്ടിസംസാരിക്കാന്‍ കലക്ടര്‍ നിര്‍ബന്ധിതനായി. പരിസ്ഥിതി പ്രവര്‍ത്തകര്‍ അന്നു മുതല്‍ക്കേ പറയാന്‍ തുടങ്ങിയതാണ് സര്‍ക്കാരിനേയും, വിഷംവില്‍ക്കുന്നവനേയും, ഒത്താശ ചെയ്യുന്നവരേയും പ്രതി ചേര്‍ത്ത് കേസെടുക്കണം. കൊലക്കുറ്റം ചുമത്തി ജയിലില്‍ അടക്കണം. പറയുക മാത്രമല്ല പരിസ്ഥിതി പ്രവര്‍ത്തകര്‍ എഴുതിയും പറഞ്ഞു കൊണ്ടേയിരുന്നു. അങ്ങനെ വന്നതാണ് അംബികാസുതന്‍ മാങ്ങാടിന്റെ എന്‍മകജെയും, എം എ റഹ് മാന്റെ ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന പുസ്തകങ്ങളും മറ്റും.

ഈ വേവലാതിക്കൊന്നും കാത്തുനില്‍ക്കാതെ ശ്രീധരന്റെ സഹോദരങ്ങളില്‍ ഒരുവള്‍ കുസുമം നേരത്തേത്തന്നെ കിണറ്റില്‍ ചാടി ജീവനൊടുക്കിയിരുന്നു. ബാക്കി വന്ന കിട്ടണ്ണയോടൊപ്പം കാലം ശ്രീധരനേയും ഇരുട്ടു മുറിയിലേക്കു തള്ളി. എന്നെ കൊല്ലാന്‍ ഈ വിഷത്തിനാവില്ലെന്ന് വീമ്പ് പറഞ്ഞ ശ്രീധര്‍ ഷെട്ടിയുടെ സഹോദരിയാണ് സരസ്വതി. നല്ല ആരോഗ്യമുണ്ടായിരുന്നു. ചെറുപ്പത്തില്‍ തന്നെ വിവാഹവും നടന്നു. എന്നാല്‍ കുട്ടികളില്ലാതെ വന്നപ്പോള്‍ മുത്തക്ക തിരികെ കുട്ടി കൊണ്ടു വന്നു. രോഗ ലക്ഷണങ്ങള്‍ ഒന്നും പ്രത്യക്ഷപ്പെടാത്തതു കാരണം സര്‍ക്കാരിന്റെ ഒരു ആനുകുല്യത്തിനും നിന്നു കൊടുത്തില്ല. അഭിമാന ബോധം അതിനു അനുവദിച്ചില്ലെന്നു പറയുന്നു സരസ്വതി. എന്നാല്‍  സരസ്വതിയേയും ഈ നിശബ്ദ കൊലയാളി ഇഞ്ചിഞ്ചായി തിന്നു തീര്‍ക്കുയയായിരുന്നുവെന്ന് ഇപ്പോഴാണറിയുന്നത്. സരസ്വതിക്ക് തൊഴിലുറപ്പിനു പോലും പോകാന്‍ ഇപ്പോള്‍ കഴിയുന്നില്ല. സദാസമയവും ക്ഷീണം.

അംബികാസുതന്‍ മാങ്ങാടിന്റെ എന്‍മകജെ എന്ന നോവലിലെ പ്രധാന കഥാപാത്രങ്ങളാണ് ഇവിടെ പറഞ്ഞ മുത്തക്കയും സരസ്വതിയും മരിച്ചുപോയ ശ്രീധരനുമെല്ലാം.

കുടുംബത്തില്‍ ഇനി ബാക്കിവരുന്ന സരസ്വതിയെയെങ്കിലും രക്ഷപ്പെടുത്താന്‍ സമൂഹത്തിന് കഴിയുമോയെന്ന് ചോദിക്കുകയാണ് ആ എഴുത്തുകാരന്‍. ദരിദ്രരായ നാട്ടുകാര്‍ കൈമലര്‍ത്തുകയാണ്. കനിവു തേടുകയാണ് ഈ കുടുംബം.

Keywords:   Article, Prathibha-Rajan, Endosulfan, Endosulfan-victim, Enmakaje, mangad, Pinarayi-Vijayan, Minister, CM, Ambikasuthan Mangad, Dies, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia