city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി. കരുണാകരനൊപ്പം ഒരു പ്രചരണദിനത്തില്‍

പ്രതിഭാരാജന്‍

(www.kasargodvartha.com 03.04.2014) ഇന്ന് പി. കരുണാകരന്‍ എം.പി.യുടെ തെരഞ്ഞെടുപ്പ് പര്യടനം റിപോര്‍ട്ടു ചെയ്യലാണ് ചുമതല. അദ്ദേഹത്തെ പ്രിയ വായനക്കാര്‍ക്ക് എങ്ങനെ പരിചയപ്പെടുത്തണം?. കാസര്‍കോട് മണ്ഡലത്തെ രണ്ടു തവണ പ്രതിനിധീകരിച്ചെന്നോ, കാസര്‍കോട് ജില്ലയുണ്ടായപ്പോള്‍ പാര്‍ട്ടിയെ നയിച്ച പ്രഥമ സെക്രട്ടറിയെന്നോ, കേന്ദ്ര കമ്മറ്റി അംഗമെന്നോ? നിറകാതലുള്ള ഈ തേക്കുമരത്തിനെ ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

അടിയന്തിരാവസ്ഥക്കു മുമ്പ്. ഇന്ദിരാഗാന്ധി നാട് ഭരിക്കുന്നു. പോലീസിന്റെ തേര്‍വാഴ്ചയെ പ്രതിരോധിക്കാനുള്ള ജനകീയ പ്രക്ഷോഭം നീലേശ്വരത്തെത്തി. ജനം പോലീസിനെ വഴിയില്‍ തടഞ്ഞു. ആകാശത്തിലേക്ക് വെടി. ഓടിപ്പോകാന്‍ പറഞ്ഞ പോലീസിനോടും സമരക്കാരോടുമായി കരുണാകരന്‍ പറഞ്ഞു. സഖാക്കളേ, റോഡില്‍ കുത്തിയിരിക്കുക. സമാധാനപരമായി പ്രതിരോധിക്കാം. അക്രമമല്ല നമ്മുടെ വഴി. ജനം പിരിഞ്ഞു പോകുന്നില്ലെന്ന് കണ്ടപ്പോള്‍ ലാത്തിച്ചാര്‍ജ് . കണ്ണീര്‍ വാതകം. കണ്ണുകലങ്ങിയതല്ലാതെ യോഗം കലക്കാനായില്ല പോലീസിന്. ജനം ഇളകി. തോക്കുപേക്ഷിച്ച് പോലീസ് തിരിഞ്ഞോടി. കേസു വന്നത് ഇങ്ങനെ. 

പോലീസിന്റെ തോക്കു പിടിച്ചെടുത്തു. കൃത്യ വിലോപത്തിനു തടസം നിന്നു. പ്രതി കെ. കരുണാകരന്‍. ഉടന്‍ അറസ്റ്റുണ്ടായി. 6 ദിവസത്തെ ലോക്കപ്പ് മര്‍ദനം . പോലീസ്ബൂട്ടുകള്‍ മാറി മാറി പെരുമാറി. മൃതതുല്യമായപ്പോള്‍ ജയിലിലെത്തിച്ചു. കളളക്കേസില്‍ പ്രതിഷേധിച്ച് നാടാകെ ജ്വലിച്ചു. നിശാ സമരങ്ങള്‍, പ്രക്ഷോഭങ്ങള്‍. പിക്കറ്റിംഗ്. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ജാമ്യം. കുറേകാലം വെളിയില്‍ കഴിയാന്‍ ഒത്തില്ല സഖാവിന്. അടിയന്തിരാവസ്ഥയിലെ മിസാ തടവുകാരനായി പ്രഖ്യാപിക്കപ്പെട്ടു. വീണ്ടും ഒളിവില്‍. നല്ല വോളിബോള്‍ താരമായിരുന്നു പി.കരുണാകരന്‍. നീലേശ്വരത്തിന്റെ മിന്നും താരം . നീലേശ്വരത്തെ ചേടിക്കമ്പനിയില്‍ ട്രേഡ് യൂണിയന്‍ കെട്ടിപ്പടുത്തു. പാര്‍ട്ടി പറഞ്ഞു. എ.കെ.ജി.യുടെ മോളെ കെട്ടാന്‍. പറഞ്ഞതൊന്നും ഇതുവരെ അനുസരിക്കാതിരുന്നിട്ടില്ല.

പര്യടന മദ്ധ്യം. പള്ളഞ്ചിയില്‍ നിന്നും അഡൂരിലേക്കുള്ള മലകയറ്റം. അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് കാട്ടുപാതയിലൂടെയുള്ള യാത്ര. പഴയ ഓര്‍മ്മകള്‍ സഖാവില്‍ ഓടിയെത്തി. ഇതുപോലെയൊരു കാട്ടിലായിരുന്നു എന്റെ ഒളിവു ജീവിതം. കൂരാകൂരിരുട്ട്. കാലില്‍ എന്തോ തണുപ്പേറ്റു. ചോര പൊടിയുന്നു. പാമ്പു കടിയേറ്റതാണ്. ആശുപത്രിയിലേക്ക് ഏറെ ദൂരമുണ്ട്. വാഹനമില്ല. പോകാനും നിവൃത്തിയില്ല. പാര്‍ട്ടിയുടെ വിലക്കുണ്ട്. പോലീസ് കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്നു. കൂടെയുള്ള സഖാക്കള്‍ പാമ്പിനെ ഓടിച്ചിട്ടു പിടിച്ചു. ചാക്കിലാക്കി മലഞ്ചെരിവിലെ വൈദ്യരുടെ അടുത്തേക്ക് കടിച്ച പാമ്പുമായി. നീണ്ട കാലത്തെ നാട്ടുചികില്‍സ . ഒടുവില്‍ അടിയന്തിരാവസ്ഥ അറബിക്കടലില്‍ ആണ്ടു പോയതിനു ശേഷവും ചികില്‍സ തുടര്‍ന്നു.

ട്രേഡ് യുണിയന്‍ രംഗത്തുമാത്രമായിരുന്നില്ല പോലീസ് മര്‍ദനം. മുത്തങ്ങ സംഭവം. കണ്ണൂര്‍ എസ്.പി. ഓഫീസ് പിക്കറ്റിങ്ങ്, പോലീസ് നിലത്തിട്ടു ചവിട്ടി അരച്ച വേദന ഇന്നും മാറിയിട്ടില്ലെന്ന് പറയുന്നു പാവപ്പെട്ടവന്റെ പടത്തലവനായ എ.കെ.ജി.യുടെ അനന്തിരവന്‍.

ഇനിയും വേണോ പരിചയപ്പെടുത്തല്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പ്രതിപക്ഷ എം.പി. യു.ഡി.എഫിന്റെ പദ്ധതി വിജയിപ്പിക്കാന്‍ തന്റെ എം.പി. ഫണ്ടില്‍ നിന്നും ഒന്നരക്കോടി തന്നിരിക്കുന്നു. ഏതു വാക്കുപയോഗിച്ചാണ് ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുക. സഞ്ചരിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ നീലേശ്വരത്തു വെച്ചായിരുന്നു ഈ പാരിതോഷികം.

പര്യടനം റിപോര്‍ട്ടു ചെയ്യാന്‍ ഈ കുറിപ്പുകാരന്‍ എത്തുന്നതിനു മുമ്പേ സഖാവ് തയ്യാര്‍. രാവിലെ 9 മണി . ഏതോ ഒരു സല്‍കര്‍മ്മത്തില്‍ പങ്കെടുക്കുന്നതു പോലെ കാത്തിരിക്കുന്നു ജനം. നിരവധി പ്രസംഗങ്ങള്‍ കേട്ടു തഴമ്പിച്ച അമ്പലത്തറ സ്വീകരിച്ചു. വെയിലിന് പതിവിലേറെ ചൂട്.

വാഹനത്തില്‍ കേറിയാല്‍ അച്ചടക്കമുള്ള പ്രവര്‍ത്തകന്‍. പ്രചരണകമ്മറ്റി സെക്രട്ടറി കെ.വി. കുഞ്ഞിരാമന്റെ നിര്‍ദേശം. അനുസരണയുള്ള കുട്ടിയെപ്പോലെ. പാര്‍ട്ടി പഠിപ്പിച്ച ഡിസിപ്ലിന്‍ ഇന്നും കൈമോശം വരാതെ.

പി. കരുണാകരനൊപ്പം ഒരു പ്രചരണദിനത്തില്‍

പുല്ലൂരില്‍ എത്തി. എം. രാജഗോപാലന്‍ വിശദീകരിക്കുന്നു. സഖാവിനും ചുമതലയുണ്ട്. ജില്ലാ സെക്രട്ടറിയേറ്റിന്റെ അവലോകന ചാര്‍ജ്. പുല്ലൂരിലെ പുകള്‍പെറ്റ ആല്‍മരം എല്ലാം കണ്ടും കേട്ടും തലക്കു മുകളില്‍. കാക്കയും കുരുവിയും കാവല്‍ക്കാര്‍. രാജഗോപാല്‍ തുടക്കമിട്ടു. സ്ഥാനാര്‍ത്ഥിയെ കിട്ടാതെ ഉഴലുകയാണ് കോണ്‍ഗ്രസ്. മന്ത്രിമാരില്‍ പലര്‍ക്കും ടിക്കറ്റ് കിട്ടി, പക്ഷെ വേണ്ട.. പ്രധാന മന്ത്രി പോലും മല്‍സരിക്കാനില്ല . ജനാധിപത്യം മരണശയ്യയിലാണ്. മതനിരപേക്ഷ രാഷ്ട്രീയത്തിനല്ലാതെ ഇന്ത്യയെ രക്ഷിക്കാനാവില്ല, മധുരമുള്ള പഴം എറിഞ്ഞു കൊടുത്ത് ആല്‍മരം സന്തോഷംപൂര്‍വ്വം യാത്രയാക്കി. സ്ഥാനാര്‍ത്ഥി എടമുണ്ടയിലേക്ക്.

സി.പി.ഐ.യിലെ ടി. കൃഷ്ണന്‍ പ്രസംഗിക്കുന്നു. അച്ചു വെച്ച് പാകത്തിനു വാര്‍ത്തെടുത്ത വാക്കുകള്‍. അളന്നു മുറിച്ചു പ്രയോഗിക്കുന്നു. കതിനാ മുഴങ്ങി. കൃഷ്ണന്‍ തീര്‍ത്ത മായികപ്രപഞ്ചത്തില്‍ നിന്നും ജനം റോഡിലേക്കു നോക്കി. സ്ഥാനാര്‍ത്ഥി എത്തിയിരിക്കുന്നു .

പെരിയയില്‍ എത്തുമ്പോഴേക്കും ഒരു മണിക്കൂര്‍ വൈകി. കെ.വി. കടിഞ്ഞാണിട്ടു. നേരെ പെരിയാട്ടടുക്കത്തിലേക്ക് . നന്നേ ചെറുപ്പമുള്ള പേരാല്‍ സുന്ദരിയുടെ മടിയില്‍ മീന്‍കാരി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ ഈ സായാഹ്നത്തിലും അവര്‍ പെടാപാടുപെടുന്നു. ആ മുഖത്ത് ഇന്ത്യന്‍ അവസ്ഥയുടെ കരിനിഴല്‍. സ്ഥാനാര്‍ത്ഥി അടുത്തു ചെന്നു. എനിക്ക് ഒന്നുമില്ല. ജീവിതം പോലും. പാവങ്ങളുടെ സര്‍ക്കാര്‍ വരില്ലേ ഇവിടെ. കണ്ണീരിന് തീക്കനലിന്റെ ചൂട്. ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച സഖാവിന്റെ നെഞ്ചില്‍ വാക്കുകള്‍ കുരുങ്ങി. എല്ലാം ശരിയാകും. നമുക്കായുള്ള നാളുകള്‍ അടുത്തെത്തിക്കഴിഞ്ഞു. കാത്തിരിക്കാം .

കുന്നൂച്ചിയെ ഞെട്ടിച്ച ജനമുന്നേറ്റം. പൊരിവെയില്‍ തന്ന വിയര്‍പ്പിനെ കൂസാതെ ജനം. ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ ചോദിച്ചു. ഈ വെയിലത്തും ഇത്രേം ജനമോ? ഇത് തീയ്യില്‍ മുളച്ചവരാണ്. വെയിലേറ്റാല്‍ വാടില്ല. പാക്കം വഴി പൂച്ചക്കാട്ടേക്ക്.

തുറന്നു വിട്ട യാഗാശ്വത്തെ കാണാന്‍ സി.ഐ.ടി.യു.വിന്റെ ചുകപ്പും, ഐ.എന്‍.എല്ലിന്റെ പച്ചയും പുതപ്പിട്ട അശ്വാരുഢന്‍ എത്തി . തെരഞ്ഞടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം കണ്‍കുളിര്‍ക്കെ കണ്ടു. പള്ളിക്കരയിലെ സ്വീകരണത്തനു ശേഷം ബേക്കലില്‍. പഞ്ചായത്ത് പ്രസിഡണ്ട് കെ. കുഞ്ഞിരാമന് ചാര്‍ജുള്ള ബൂത്ത്. മധുരപാനീയങ്ങള്‍ നല്‍കി ഐ.എന്‍.എല്‍. പ്രവര്‍ത്തകര്‍ സ്വീകരിച്ചിരുത്തി.

പാലക്കുന്ന്. ഉല്‍സവങ്ങളുടെ ഉല്‍സവ നഗരി. സി.ഐ.ടി.യു.വിന്റെ കരുത്ത് തെളിയിക്കുന്ന ചെറുപട്ടണം . ചുമട്ടു തൊഴിലാളി നേതാവ് ഭാസ്‌കരന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ഇസ്മായില്‍, ലോക്കല്‍ സെക്രട്ടറി വി.ആര്‍. ഗംഗാധരന്‍, അബ്ദുല്‍ റൈ, വ്യാപാരി പള്ളം നാരായണന്‍...നാടിന്റെ സ്പന്ദനങ്ങള്‍ ചുറ്റിലും. സമയ നിയന്തണം മറന്നു. തടഞ്ഞു വെച്ചിരുന്നവ അണപൊട്ടി. ശ്രീലങ്കന്‍ ജയില്‍ 33 വര്‍ഷം കഴിച്ചു കൂട്ടിയ 38 തടവുകാര്‍. മീന്‍ പിടിക്കാന്‍ ചെന്നപ്പോള്‍ തടവിലായി. അതിലൊരാള്‍ -ഇസ്മയില്‍ - പാലക്കുന്നുകാരനാണ്. കല്യാണം കഴിഞ്ഞു നാലാം മാസത്തിലാണ് ശ്രീലങ്കന്‍ പട്ടാളം പിടിച്ചു കൊണ്ടു പോയത്. 33 വര്‍ഷം കഴിഞ്ഞതിനുശേഷം ഭര്‍ത്താവിനെ നേരിട്ടു കണ്ടപ്പോള്‍ അവള്‍ക്കുണ്ടായ സന്തോഷം എങ്ങനെ എഴുതിയറിയിക്കും . എം.പി. അനുഭവം വെളിപ്പെടുത്തിയപ്പോള്‍ കേള്‍വിക്കാര്‍ക്ക് മാത്രമല്ല, അദ്ദേഹത്തിന്റെയും ചങ്കിടറി. ഇസ്മായില്‍ ഇപ്പോള്‍ ഭാര്യയോടൊപ്പം നാട്ടില്‍.

നാട്ടുദേവന്‍ ആറാട്ടു കുളിക്കാന്‍ വരാറുള്ള ആറാട്ടു കടവിലെ കാക്കയും മൈനയും കഥ പറഞ്ഞു രസിക്കുന്ന ആല്‍മരച്ചുവട് . ശതാഭിഷേകം കഴിഞ്ഞ കിഴവന്‍ ആല്‍മരം . ഇനിയും അതിന് തളര്‍ച്ചയേറ്റിട്ടില്ല . ആറാട്ടു കടവിലെ പാര്‍ട്ടിയേപ്പോലെ എന്നും യുവത്വം. മരുന്നിനു പോലും പെരോലില്ലാത്ത പാര്‍ട്ടി ഗ്രാമം, പാളത്തൊപ്പിവെച്ച് ഗ്രാമീണര്‍ സ്വീകരിച്ചിരുത്തി. മുദ്രാവാക്യങ്ങളുടെ സൂക്ഷിപ്പുകാരന്‍, സഖാവ് കെ. കുഞ്ഞിരാമന്‍ ഉറക്കെവിളിച്ചപ്പോള്‍ സ്തീകളടക്കം ഏറ്റുവിളിച്ചു. വിപ്ലവം ജയിക്കട്ടെ. കരുണാകരന്‍ വിജയിക്കട്ടെ.

ഉദുമയില്‍ ഉണ്ടായ ജനക്കൂട്ടം കളനാടില്‍ കണ്ടില്ല. ഐ.എന്‍.എല്‍. സംസ്ഥാന നേതാവ് മുഹമ്മദ് കുഞ്ഞിയുടെ തട്ടകം. പ്രവര്‍ത്തര്‍ ജുമാ കൂടാന്‍ പോയിരിക്കുന്നു. വരും വരെ കാത്തിരിക്കാന്‍ കെ.വി. സമ്മതിച്ചില്ല .സമയക്രമം തെറ്റും . 10 മണിക്കു മുമ്പേ തീര്‍ക്കണം. അനുസരണയുള്ള സ്ഥാനാര്‍ത്ഥി. അടുത്ത കേന്ദ്രം മാങ്ങാട്ട്. സഖാവ് ബാലകൃഷ്ണന്‍ വിടപറഞ്ഞ മണ്ണ്. അന്ന് കലങ്ങിയ കണ്ണ്. ഇനിയും അത് തെളിഞ്ഞിട്ടില്ല. കോണ്‍ഗ്രസിനോട് പകരം ചോദിക്കാന്‍ ജനകീയ കോടതിക്ക് അവസരം കൈവന്നിരിക്കുന്നു. അവര്‍ ഉറക്കെ മുദ്രാവാക്യം മുഴക്കി . അമര്‍ഷം അണപൊട്ടി ഒഴുകി . സ്ഥാനാര്‍ത്ഥിയുടെ കഴുത്തില്‍ രക്തഹാരം വിങ്ങി നിന്നു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. യുണ്ട് കൂടെ. എന്തു കണ്ടാലും ഉടന്‍ പ്രതികരിക്കുന്ന പ്രകൃതം. ജനങ്ങളെ കണ്ടപ്പോള്‍ ഇനിയും അറസ്റ്റു നടക്കാത്തവരോടുള്ള അരിശം നുരഞ്ഞു പൊങ്ങി. എന്തെങ്കിലും പറയാതെ ഇവിടുന്നു പോവില്ല. പക്ഷെ എന്തു ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനുണ്ട് മുന്നില്‍ തന്നെ. ഒടുവില്‍ ഇങ്ങനെ, ഇവിടെ ഒരാള്‍ തന്നെ ഗര്‍ഭം ധരിച്ചതിവിടെ നിന്നുമാണെന്ന് വാവിട്ട് പറഞ്ഞ് വോട്ടു പിടിക്കുന്നു. അയാള്‍ക്ക് രാഷ്ട്രീയം ഒന്നും ഇല്ലേ വിളിച്ചു പറയാന്‍. അയാള്‍ എവിടെ ജനിച്ചാലെന്താ. ഈ ജനിച്ചവനെ ഇതിനു മുമ്പ് ഇവിടെ ആരെങ്കിലും കണ്ടിട്ടുണ്ടോ . എന്‍.എ. മുഹമ്മദിനേയും ഷാഹിദാ കമാലിനേയും പിന്നെ കണ്ടിട്ടുണ്ടോ? വന്ന വണ്ടിയില്‍ തന്നെ തിരിച്ചു പോകും എന്നല്ലാതെ വേറെ ഇവിടെ എന്തുണ്ടാവാന്‍!


കീഴൂര്‍ മത്‌സ്യ മേഖലയില്‍ സ്തീകളടക്കം തെരുവ് മരം തന്ന തണലില്‍ കുടിയിരിക്കുന്നു. ഇസ്മായിലിന് ജീവിതം തിരിച്ചുകൊടുത്ത അവതാര പുരുഷനെ കാണാന്‍. മനസു കൊടുക്കാന്‍ ഒരു മനുഷ്യ സ്‌നേഹി - മല്‍സ്യ തൊഴിലാളി - അരികെ വന്നു. ഒരു തമിഴന്‍. ഇനിയുമുണ്ട് സാര്‍ ശ്രീലങ്കന്‍ ജയിലില്‍ ഏറെ പേര്‍. കേരളക്കാരല്ല, തമിഴര്‍. ഒന്നു കനിയണം. അന്നു പോയതു പോലെ ഒന്നു കൂടി പോണം ശ്രീലങ്കയിലേക്ക്.

ചെമ്മനാട്. ചെ ഗുവേരയുടെ ചുകപ്പന്‍ തൊപ്പി ചാര്‍ത്തി യുവജനങ്ങള്‍ ആനയിച്ചു. ചുവപ്പിന്റെ നക്ഷത്രം തലയില്‍ തിരുകിയപ്പോള്‍ യോഗസ്ഥലം കൂടുതല്‍ ചുകന്നു. നന്ദി പറഞ്ഞ് പെരുമ്പള കുന്നു കയറി. അവിടെയാണ് ഉച്ചഭക്ഷണം .

ഊണ് കഴിഞ്ഞു. പടിഞ്ഞാറന്‍ കാറ്റ് ഓടി നടക്കുന്ന പെരുമ്പളക്കുന്ന്. ഇത്തിരിനേരം വിശ്രമിക്കാന്‍ കൊതിയുണ്ട് സ്ഥാനാര്‍ത്ഥിക്ക്. എവിടെ സമയം. ജനം വിശന്നു കാത്തിരിക്കുന്നു. പുതിയ പ്രഭാതത്തിനായി. പെര്‍ളടുക്കം ജനനിബിഡം.
ഒരു നാടാകെ ബി.ജെ.പി.യില്‍ നിന്നും പിണങ്ങി വന്നിരിക്കുന്നു. ഏറെ സ്ത്രീകള്‍. അവര്‍ മാല ചാര്‍ത്തി ആദരിച്ചു. സ്ഥാനാര്‍ത്ഥിക്കു ചങ്കു കഴച്ചു കാണും. അത്രയേറെ ആള്‍ക്കാര്‍ ഹാരവുമായി. പ്രസംഗപ്പൊതി അഴിച്ച് വെച്ച് സ്ഥാനാര്‍ത്ഥി മധുരം വിളമ്പിക്കൊടുത്തു. ജനം നന്ദി പറഞ്ഞു .

കുണ്ടംകുഴിയില്‍ ലഘു പ്രസംഗം. ഇരുമുന്നണികളേയും മാറ്റുരച്ചു നോക്കാന്‍ അഭ്യര്‍ത്ഥന. പിറന്ന മണ്ണ്, പാര്‍ട്ടി ഇവ അകന്നു പോകുമോ എന്നെങ്കിലും ചങ്കില്‍ നിന്നുമെന്ന് ചോദിച്ചപ്പോള്‍ മുന്നാട്ടെ ജനം തലതാഴ്തിപ്പിടിച്ചു. സ്വീകരണം പലതും കഴിഞ്ഞ് കുറ്റിക്കോലിലെത്തിയപ്പോള്‍ ഇന്ത്യന്‍ എക്‌സ്പ്രസുകാരന്‍ തിരക്കി. ഗോപാലന്‍ മാഷെവിടെ, കാണാന്‍ ഒത്തില്ലല്ലോ. ഇവിടെങ്ങുമില്ല. ഉറപ്പിക്കാന്‍ നോക്കിയത് കൂടുതല്‍ ഇളകുകയാണോ. പിടിച്ചു പറിച്ചു ചോര കുടിക്കുന്നവരിലകപ്പെട്ടോ ആ സഖാവ് ? ബന്തടുക്ക എത്തുമ്പോഴേക്കും മാഷ് റെഡി. ആ ചന്ദ്രപ്രഭ. മനസ് കുളിര്‍ത്ത് ജനം.

ഇനി അക്കരെ. എരിഞ്ഞിപ്പുഴയും കടന്ന് കാട്ടുപാത വഴി അഡൂരിലേക്ക്. ഒരു മണിക്കൂര്‍ ദൂരമുണ്ട്. ഒന്നു മയങ്ങാമായിരുന്നു. ചോദ്യങ്ങളുമായി അടുത്തപ്പോള്‍ ഉണര്‍ന്നു. പാര്‍ലിമെന്റില്‍ ഏറ്റവും ഏറെ ചോദ്യങ്ങള്‍, ഇടപെടലുകള്‍. മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 557 ചോദ്യങ്ങള്‍ വഴി 654 പോയിന്റ് നേടിയ സാമാജികന്‍ . കൂടുതല്‍ ഹാജര്‍ നില. എവിടുന്നു കിട്ടി ഈ എ.കെ.ജി ഇഫക്റ്റ്? എ.കെ.ജി.യെപ്പോലെ ജനങ്ങള്‍ തന്നതു തന്നെയെന്ന് ഉത്തരം. ജീവന്‍ രക്ഷാമരുന്നിനുള്ള വില നിയന്ത്രണം പാര്‍ലിമെന്റില്‍ കൊണ്ടു വന്നത് കരുണാകരനാണ്. അതിന്റെ വ്യാപ്തി ഇന്ത്യയിലെ സാധുക്കള്‍ക്കാണ്. 

കഴിഞ്ഞ റെയില്‍വേ ബജറ്റ്. കേരളത്തിലെ ആവശ്യകതകള്‍ തയ്യാറാക്കി 19 എം.പി.മാര്‍ക്കും ഏല്‍പിച്ചു. കൂടെ നില്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചു. ആര്യാടന് നേരിട്ടെഴുതി. ഷൊര്‍ണൂരില്‍ നിന്നും മംഗലാപുരത്തിലേക്കുള്ള വൈദ്യുതീകരണം 2015 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കണം. പണം നീക്കിവെക്കണം. ഇല്ലെങ്കില്‍ മുടങ്ങും. കോച്ചു ഫാക്റ്ററി ഇല്ലാതായിപ്പോകും. പ്രത്യേക പെന്‍ഡുലാര്‍ സോണ്‍ തുടങ്ങണം. കണിയൂര്‍ പാതയുടെ തുടര്‍പ്രവര്‍ത്തനം വേണം. ബജറ്റ് വകയിരുത്തലില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുകയായിരുന്നു അവര്‍. ഒന്നിനും പണം നീക്കിവെച്ചില്ല. ഇനി പുതിയ സര്‍ക്കാരിനേ വല്ലതും ചെയ്യാനൊക്കുകയുള്ളൂവെന്ന് കരുണാകരന്‍. അടക്കാകര്‍ഷകര്‍ക്കു വേണ്ടി നീക്കി വെച്ച പണം പോലും കൊടുത്തില്ല. പണം കായ്ക്കുന്ന മരമില്ലെന്നു പറഞ്ഞു കൈമലര്‍ത്തി.

അഡൂരെത്തി. മഞ്ചുനാഥ ക്ഷേത്ര പരിസരത്ത് വേദി റെഡി. പത്മാവതി പ്രസംഗിക്കുന്നു. ബാന്റും വാദ്യഘോഷങ്ങളുമായി പ്രവര്‍ത്തകര്‍ ആനയിച്ചു. സമാപന സമ്മേളനം ഇരിയണ്ണിയില്‍. 10 മണിയായാല്‍ പിന്നെ മൈക്ക് പാടില്ല. ചട്ടം തെറ്റിച്ചില്ല. ജോലിയുണ്ട് ഇനിയും. വിലയിരുത്തലുകള്‍, ജനപങ്കാളിത്തം. കണക്കുകൂട്ടലുകള്‍. വോട്ടര്‍മാരെ കാണല്‍.
തിരിച്ചുനാട്ടിലേക്ക് വരുമ്പോഴും ഈ കുറിപ്പുകാരന്‍ കൂട്ടിനുണ്ട്. വരും വഴി വീണ്ടും പാലക്കുന്നിലേക്ക്. കര്‍ഷക സംഘം ഏരിയാ സെക്രട്ടറി കെ.വി. ബാലകൃഷ്ണനെ വീട്ടില്‍ ചെന്നു കൂടെ കൂട്ടി. സമയം 2 മണി . ഇരുട്ടു വിഴുങ്ങിയ വഴി. ടോര്‍ച്ചില്ല. മൊബൈല്‍ ഫോണിനെ ചൊല്ലി ആത്മഹത്യ ചെയ്ത പൈതലിനെ ഒന്ന് കാണണം. എന്തിനു മോളെ ഈ കടുംകൈ ചെയ്തതെന്ന് ചോദിക്കണം. അതില്ലാതെ വീട്ടിലെത്തിയാല്‍ ഉറക്കം വരില്ല.

പി. കരുണാകരനൊപ്പം ഒരു പ്രചരണദിനത്തില്‍

തെരഞ്ഞെടുപ്പ് വിശകലനത്തില്‍ എന്തു കാണാന്‍ കഴിഞ്ഞുവെന്ന് ചോദിച്ചാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാത്ത ഗ്രാമങ്ങളുടെ വോട്ടും ഇത്തവണത്തെ പ്രതീക്ഷയിലുണ്ടെന്ന് മറുപടി പറയാന്‍ ഈ നിരീക്ഷകന് മടിയില്ല. കൂടുതല്‍ വികസനം ഏതിര്‍പക്ഷത്തെന്നതിന് തെളിവ് വേണേല്‍ ഇതാ. കള്ളാര്‍, പനത്തടി പഞ്ചായത്തുകള്‍ മാത്രമേ ഉദാഹരിക്കുന്നുള്ളു. കണിയുര്‍ പാത, തീരദേശ ഹൈവേക്ക് സഹായം, 2000 മറാട്ടി കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമം . ഇവര്‍ക്ക് സംവരണാനുകൂല്യം. 500 ഏക്കര്‍ കവുങ്ങു കൃഷികാര്‍ക്ക് പ്രഖ്യാപിത ആനുകൂല്യം. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ 230 കോടി. രണ്ടു പഞ്ചായത്തുകളില്‍ മാത്രം 2 ബഡ്‌സ് സ്‌കൂള്‍ (ആകെ -10) . സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി കള്ളാറിന് സ്ഥാനക്കയറ്റം . പാണത്തൂരിന് ഐ.പി. ബ്ലോക്ക്. ബളാന്തോടിന് സ്‌കൂള്‍ കെട്ടിടം . ചാമുണ്ടിക്കുന്ന്, പാണത്തൂര്‍, കൊട്ടോടി, ചുള്ളിക്കര ഇങ്ങനെ നിരവധി കെട്ടിടം, വിദ്യാഭ്യാസ പദ്ധതികള്‍, ചുള്ളിക്കരയില്‍ കുടിവെള്ളം. 14 ഗ്രാമീണ റോഡുകള്‍ രാജവീഥിയായി മാറി. സുള്ള്യ റോഡ് ഭംഗിയാക്കി. മാലക്കല്ല് കുടുംബ ക്ഷേമത്തിന് 16 ലക്ഷം, 98 ലക്ഷത്തിന് 14 അംഗണ്‍വാടി കെട്ടിടങ്ങള്‍. കാഞ്ഞങ്ങാട് -ചെന്നൈ ദേശീയ പാത പണിപ്പുരയില്‍. സ്വാധീനമില്ലാത്തിടത്തും പദ്ധതികള്‍ കൊണ്ടുവന്നു എന്നതിനു തെളിവാണ് കള്ളാറും പനത്തടിയും മറ്റും. ഇതൊക്കെ വോട്ടുകളാകും. പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ അവര്‍ക്ക് ഇഷ്ടമുള്ളിടത്തു മാത്രം വികസനം എന്ന ആരോപണം മൗനം കൊണ്ട് അദ്ദേഹം പ്രതിരോധിക്കുന്നതിന്റെ കണക്കാണ് മേലെ.

കോടോം- ബേളൂര്‍ പഞ്ചായത്ത്. കോണ്‍ഗ്രസിന്റെ അവസാനവാക്കായ കട്ടക്കയം രാജുവിന്റെ കൈയ്യില്‍ വോട്ടിന്റെ താക്കോല്‍. പ്രവര്‍ത്തകര്‍ ഇറങ്ങിയാല്‍ വോട്ടു പെയ്യുന്ന മഴയാകും ബളാല്‍.
ഭൂരിപക്ഷം കൂട്ടാനും കുറക്കാനും 3 സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുകയാണ് ഇവിടെ. ആരും ജയിക്കട്ടെ, തോല്‍ക്കട്ടെ.

ഒരു അഭ്യര്‍ത്ഥനയോടെ ഈ പര്യടനപരിചയപ്പെടുത്തല്‍ അവസാനിപ്പിക്കാം. 2009 സെപ്തംബര്‍ 11. അന്ന് ഫിഷറീസ് ഡി.ഡി. ഓഫീസ് പിക്കറ്റിങ്ങ് നടക്കുന്നു. ഉദ്ഘാടകന്‍ പി.കരുണാകരന്‍. ചേറാക്കോട്, യു.എസ്. ബാലന്‍, കാറ്റാടി കുമാരന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത് തുടങ്ങിയവരോടൊപ്പം ഒട്ടനവധി പേര്‍ സമരത്തിനു നേതൃത്വം നല്‍കുന്നു . സമരക്കാരെ നോക്കി നിങ്ങള്‍ പറഞ്ഞു. അജാനൂര്‍ മിനി ഹാര്‍ബര്‍ വരിക തന്നെ ചെയ്യും. ഇത് 2014. ജയിച്ചു കേറുന്നവര്‍ ആരുമായിക്കൊള്ളട്ടെ, ഓര്‍മ്മിപ്പിക്കട്ടെ ഈ ഗ്രാമത്തിന്റെ അപേക്ഷ .

നേരം വെളുക്കാറായി, മൂന്നു മണി. എന്റെ വാഹനം പുല്ലൂരില്‍. അവിടെ കൊണ്ടു ചെന്നാക്കി തിരിച്ചു പോകുന്നതിനിടയില്‍ വണ്ടിയില്‍ നിന്നു പോലും അദ്ദേഹം ഒരു പോള കണ്ണടച്ചിട്ടില്ല. സ്വയം മരിച്ചു തീര്‍ന്നുപോയ കുട്ടിയുടെ നൊമ്പരപ്പെടുത്തല്‍ കോരിയിട്ട മനസ് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അതു ഒരു രാഷ്ട്രീയക്കാരന്റെ പരവേശമല്ല, വേദന കുടിച്ചു വറ്റിച്ച ഒരു പിതാവിന്റെ നൊമ്പരം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കര്‍ഷകര്‍ പോരാടിയെടുത്ത ഉജ്വല വിജയം

Keywords:  Kasaragod, Kerala, LDF, Election-2014, CPM, P.Karunakaran-MP, Committee, Police, Prathibha-Rajan, Politics, Election: One day with P.Karunakaran 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia