city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെരഞ്ഞെടുപ്പും ചില യാഥാര്‍ത്ഥ്യങ്ങളും

എ എസ് മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 11/05/2016) കൊടുംചൂടില്‍ ഒരു തെരഞ്ഞെടുപ്പിന്റെ കൂടി ആരവം കെട്ടൊടുങ്ങാനൊരുങ്ങുന്നു. 'വളരണം ഈ നാട് തുടരണം ഈ ഭരണം' എന്നതാണ് നിലവിലെ ഭരണപക്ഷത്തിന്റെ മുദ്രാവാക്യം. 'വളരണം ഈ നാട്' എന്നത് നിലനിര്‍ത്തിക്കൊണ്ട് തന്നെ 'തുലയണം ഈ ഭരണം' എന്നാക്കുമ്പോള്‍ അത് പ്രതിപക്ഷത്തിന്റെ മുദ്രാവാക്യമാവും. പക്ഷെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം വിലയിരുത്തുമ്പോള്‍ യു ഡി എഫ് മുന്നോട്ട് വെക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വികസനം എന്നത് അത്രയൊന്നുമില്ലെങ്കിലും ഒരു നിഷ്പക്ഷമതിയായ ആള്‍ക്ക് പെട്ടെന്നങ്ങത് അപ്പാടെ നിഷേധിച്ചു കളയാനാവില്ല.

വികസനത്തിന്റെ അടയാളങ്ങള്‍ തേടി നമ്മുടെ കാസര്‍കോടിന്റെ പരിസരങ്ങളിലേയ്ക്ക് വരുമ്പോഴും അങ്ങിങ്ങായി ചിലത് കാണുന്നുണ്ട് താനും. ഇക്കഴിഞ്ഞ ദിവസം എനിക്ക് പെര്‍മുദെ എന്ന സ്ഥലം വരെ പോകേണ്ടതുണ്ടായിരുന്നു. അടുത്തെങ്ങും ആ ഭാഗത്തേക്ക് പോയിരുന്നില്ല എന്നത് വാസ്തവമാണ്. നമ്മുടെ മധൂര്‍ റോഡ് ഉളിയത്തടുക്ക ടൗണ്‍ വരെ മികച്ച റോഡുകളിലൊന്നായി കാണാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. അത് ഒരു മതേതര ചിഹ്നമുള്ള റോഡാണെന്നത് അതിനു കാരണമായിരിക്കും. രണ്ട് തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡ്. തെളിച്ച് പറഞ്ഞാല്‍ കാസര്‍കോടിന്റെ രണ്ട് അഭിമാന സ്തംഭങ്ങളെ പരസ്പരം കോര്‍ത്തിണക്കുന്ന റോഡ് എന്നു വേണം പറയാന്‍. തളങ്കര-(മാലിക് ദീനാര്‍)യേയും മധൂറി-(സിദ്ധിവിനായക ക്ഷേത്രം)നേയും ബന്ധിപ്പിക്കുന്ന പാത. എന്റെ യാത്രയ്ക്കിടയിലെ ചിന്തകളാണ് ഇവിടെ കുറിക്കുന്നത്.

തെരഞ്ഞെടുപ്പും ചില യാഥാര്‍ത്ഥ്യങ്ങളുംഉളിയത്തടുക്ക (സൗത്ത്) സര്‍ക്കിളിലെത്തിയപ്പോള്‍ റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. പിന്നീടത്തെ യാത്ര എന്റെ ഓരോ നേരത്തെ ഓരോ തീരുമാനങ്ങളെ പ്രാകിക്കൊണ്ടായിരുന്നു. ബൈക്കിലായിരുന്നു യാത്ര. ബസിലായിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്നൊക്കെ. ആ യാത്ര ഏകദേശം സീതാംഗോളി വരെ ഒരാകുലത മുറ്റിയ മനസോട് കൂടിയായിരുന്നു. പക്ഷെ ആരോടൊക്കെ തോന്നിയ അമര്‍ഷം തൂവിപ്പോകാറാകുമെന്ന ഘട്ടത്തില്‍, ഞാന്‍ ബൈക്കെടുത്തത് നന്നായി എന്ന മനസ് മാറി പറയാന്‍ തുടങ്ങിയിരുന്നു. സീതാംഗോളി ജംങ്ഷന്‍ മുതല്‍ അങ്ങോട്ട് അത്രയും സ്മൂത്തായിരുന്നു റോഡ്. കാസര്‍കോടിന്റെ ഈ വടക്കന്‍ ഓണംകേറാ മൂല എപ്പോള്‍ ഇങ്ങനെ നന്നായി എന്ന് വിസ്മയപ്പെടുന്നതോടൊപ്പം നിലവിലെ എം എല്‍ എയെ മനസ് കൊണ്ട് അഭിനന്ദിക്കുകയും ചെയ്തു.

ഈയിടെ ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറഞ്ഞത്-എന്റെ ശമ്പളമടക്കം ഞാനവിടെ, ആ നിയോജക മണ്ഡലത്തില്‍ ചിലവാക്കുന്നു- എന്നാണ്. അത് അര്‍ത്ഥവത്താണെന്ന് തോന്നുന്നു. പണം കൈയിലുള്ളവരെ മാത്രം സ്ഥാനാര്‍ത്ഥിയാക്കുന്ന, എല്ലാ പാര്‍ട്ടികളുടേയും മുതലാളിത്തപ്രവണതകളെ ഞാന്‍ ശക്തിയുക്തം എതിര്‍ക്കുന്നു. അവിടെ ജനാധിപത്യം പൂര്‍ണമാകുന്നില്ല എന്ന കാരണം കൊണ്ട് തന്നെ. പക്ഷെ ചിലപ്പോള്‍ ചിന്ത തിരുത്തേണ്ടിയും വരുന്നു, ഇത്തരം ഘട്ടങ്ങളില്‍...

കാസര്‍കോടിന്റെ മിക്ക റോഡുകള്‍ക്കും ശാപമോക്ഷം കിട്ടിയ കാലമാണിതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ആ സൗഭാഗ്യം സിദ്ധിക്കാതെ പോയത് ഉളിയത്തടുക്ക ടൗണിനും അവിടം മുതല്‍ സീത്താംഗോളി വരെയുള്ള റോഡിനുമാണ്. ഈ അനുഭവം വെച്ച് തീര്‍ച്ചയായും എനിക്ക് നമ്മുടെ നിലവിലെ എം എല്‍ എ /സ്ഥാനാര്‍ത്ഥി എന്‍ എ. നെല്ലിക്കുന്നിനോട് ചോദിക്കേണ്ട ബാധ്യത ഉണ്ടെന്ന് തോന്നി. നേരില്‍ ചോദിക്കാനുള്ള അവസരം ഉടനെ കൈവരികയും ചെയ്തു. അദ്ദേഹം ചോദിച്ചു 30ല്‍ പരം കോടി രൂപ ആ റോഡിന്റെ വികസനത്തിനായി നീക്കിവെച്ചിട്ടുണ്ടെന്ന് എ എസ് പത്രത്തില്‍ വായിച്ചിട്ടില്ലെ? അതിന്റെ എ എസ്സും ടി എസ്സും ഒക്കെ ആയിട്ടുണ്ട്. പക്ഷെ അപ്പോഴേയ്ക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം കൂടുതലൊന്നും പറയാതെ പള്ളിയിലേയ്ക്ക് കയറിപ്പോയി. മാര്‍ക്കറ്റിനടുത്ത ഒരു പള്ളിയുടെ പരിസരത്ത് വെച്ചാണ് ഞങ്ങള്‍ സംസാരിച്ചത്.

എന്‍ എ നെല്ലിക്കുന്നിനെ ഇവിടെ വിട്ട്, ഇനി എന്റെ ചില നിഗമനങ്ങള്‍ കൂടി കുറിക്കാം. ജനാധിപത്യ രീതിയില്‍ ഭരണം കൈയാളാന്‍ ഒരു സംഘത്തെ തെരഞ്ഞെടുക്കുന്നതിനായി, തെരഞ്ഞെടുപ്പ് എന്ന പ്രക്രിയയ്ക്ക് സമയമാകുമ്പോള്‍ സ്വാഭാവികമായും ഭരണം ഒരു നിഷ്പക്ഷ മെഷിനറിയായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റെടുക്കും. സാധാരണ ഒരു കമ്മിറ്റിയ്ക്ക് വേണ്ടിയോ സൊസൈറ്റിയ്ക്ക് വേണ്ടിയോ ഒരു നിശ്ചിത കാലയളവിന് ശേഷം തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരു വരണാധികാരിയെ ചുമതലപ്പെടുത്തി അയാളുടെ സാന്നിധ്യത്തിലാണല്ലോ ആ തെരഞ്ഞെടുപ്പ് നിഷ്പക്ഷമായ രീതിയില്‍ പൂര്‍ത്തീകരിക്കപ്പെടുന്നത്.

ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളവും ആ ഒരു ഇടവേളയിലെ ഭരണം, നമ്മുടെ ഭരണഘടന, തെര.കമ്മീഷനെ ചുമതലപ്പെടുത്തുന്നു. ജനക്ഷേമമാണ് വിഷയമെങ്കില്‍, അതില്‍, ഭരണം കൈയാളുന്നത് ആരാണെങ്കിലും ഒരു വിട്ടു വീഴ്ചയ്ക്കും ജനാധിപത്യം അനുവദിക്കുന്നില്ല. അനുവദിക്കുകയുമില്ല. അതായത് ഭരണം നടത്തിപ്പോന്ന സര്‍ക്കാര്‍ ജനക്ഷേമം ഉദ്ദേശിച്ച നടപ്പില്‍ വരുത്തിയ/തുടക്കം കുറിച്ച/ പൂര്‍ണമാക്കാനാവാത്ത എല്ലാ പ്രവര്‍ത്തനങ്ങളും വിഘ്‌നം വരാതെ മുന്നോട്ട് കൊണ്ടു പോവേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നാണ് എന്റെ എളിയ ബുദ്ധിക്ക് തോന്നുന്നത്. ഈ വിഷയം ഇങ്ങനെ പറയേണ്ടി വന്നത് ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യമോ ഒരു രൂപയ്‌ക്കോ നല്‍കുന്ന അരിയും മറ്റാനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍, അത് ജനത്തെ സ്വാധീനിക്കുന്നതാവുമെന്ന് പറഞ്ഞ് നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ടതാണ്. യഥാര്‍ത്ഥത്തില്‍ നിലവിലെ സര്‍ക്കാറിന് അത് അനുകൂലമായി തീരുകയാണുണ്ടായത്. മുഖ്യമന്ത്രി ഉടനെ പറഞ്ഞു ജനങ്ങക്ക് അതു കിട്ടാന്‍ വേണ്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിലെ ഭരണാധികാരികള്‍ ഭരണ കാര്യങ്ങളില്‍ നിന്ന് ഒരിടവേളക്ക് ഒഴിഞ്ഞ് നില്‍ക്കുമ്പോഴും സര്‍ക്കാര്‍ മെഷിനറി- (എക്‌സിക്യുട്ടീവ്)- യഥാവിധി യഥാസ്ഥാനത്ത് ഉള്ളതിനാല്‍, ബാക്കി വെച്ച/അപൂര്‍ണമായ പ്രവൃത്തികള്‍ പൂര്‍വോപരി വേഗതയോടെ പ്രവര്‍ത്തിക്കേണ്ടതാണ്. ഇനി നമുക്ക് വീണ്ടും സീതാംഗോളി റോഡിലേയ്ക്ക് വരാം. എല്ലാ കടലാസുകളും ശരിയായി മരാമത്തു പണിക്കാരന്റെ കയ്യിലെത്തി ചേര്‍ന്ന വിദ്യാനഗര്‍ സീതാംഗോളി റോഡിന്റെ വികസന പ്രവര്‍ത്തനം എന്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോട് കൂടി സ്തംഭിച്ചു പോയി? പൊതുവെ മലയാളികള്‍ അല്‍പം വിവരക്കൂടുതലുള്ളവരാണെന്ന് പറയപ്പെടുന്നു. സാക്ഷരതയിലും മുംപന്തിയിലാണത്രെ...

അവര്‍ക്ക് ഒന്നുമില്ലെങ്കിലും വേഗം കാര്യം തിരിയുമെന്നല്ലെ അതിന്നര്‍ത്ഥം? ഈ ഭരണകൂടമാണ് പ്രസ്തുത റോഡിന് പണം നീക്കിവെച്ചത്. ബാക്കി കടലാസുകളെല്ലാം ശരിയാക്കിയതും. ടെന്‍ഡറിലെത്തിച്ചതും അവര്‍ തന്നെയാണ്. ഇതാര്‍ക്കാണറിയാത്തത്? അപ്പോള്‍ അതിന്റെ പ്രവര്‍ത്തി തുടങ്ങിയാല്‍ അത് നിലവിലെ എം എല്‍ എ /സ്ഥാനാര്‍ത്ഥിക്ക് നേട്ടമാകുമെങ്കില്‍, പ്രവര്‍ത്തി തുടങ്ങാതിരുന്നാല്‍ അദ്ദേഹത്തിനു കോട്ടമാവില്ലെ എന്നും നിഷ്പക്ഷമായി മാത്രം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ആര്‍ക്കും ചിന്തിക്കാവുന്നതാണ്. നേട്ടം പാടില്ലെങ്കില്‍ പിന്നെ കോട്ടം എങ്ങനെ പാടും?.

തെരഞ്ഞെടുപ്പും ചില യാഥാര്‍ത്ഥ്യങ്ങളും
A.S Muhammed Kunhi
(Article)
ജനം, ഈ ചെയ്തു വെച്ചിരിക്കുന്നിടത്തോളം, ഇതാര് ചെയ്തതാണെന്ന് എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ആ സാഹചര്യത്തില്‍ ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ത്തി വെച്ചാല്‍ അതിന്റെ നേട്ടം ആ സ്ഥാനാര്‍ത്ഥിക്ക് കിട്ടാതെ പോകും? ഇവിടെ ആരാണ് ജനത്തെ വിഡ്ഢിയാക്കുന്നത്.? സാധാരണ കേരളത്തില്‍ നിലവിലുള്ള- ഭരണചക്രം തിരിക്കാനുള്ള- സര്‍വ സന്നാഹങ്ങളും തെരഞ്ഞെടുപ്പ് വേളയിലും അതുപോലെയിരിക്കെ, പൊതുമരാമത്ത് വകുപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ടെണ്ടറും മരാമത്ത് കരാറുകാരും ഒക്കെ, ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നത്- അങ്ങനെയാണെങ്കില്‍- ശരിയാണോ എന്ന് ഒരു പുനര്‍വിചിന്തനം ആവശ്യമാണെന്ന് തോന്നുന്നു.

Keywords : Article, Election 2016, MLA, Development project, A.S Mohammed Kunhi, Road, Election Commission.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia