city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വികസനമാണ് ഞങ്ങളുടെ രാഷ്ട്രീയം: സി.കെ ശ്രീധരന്‍ നയം വ്യക്തമാക്കുന്നു

പ്രതിഭാ രാജന്‍

കാസര്‍കോട് മണ്ഡലത്തിലെ എം.പി. പി. കരുണാകരന്റെ വികസന വാദത്തെ ശക്തമായി പ്രതിരോധിക്കുന്നു ഡി.സി.സി പ്രസിഡണ്ട് സി.കെ. ശ്രീധരന്‍.  തെരഞ്ഞെടുപ്പ് ഗോദയില്‍പയറ്റിത്തെളിഞ്ഞ യോദ്ധാവ്. ഉദുമ നിയമസഭ മണ്ഡലത്തില്‍ രണ്ടു തവണ മത്സരിച്ചെങ്കിലും ജയിച്ചു കേറാനായില്ലെങ്കിലും സി.കെയുടെ കാര്‍മ്മികത്വത്തിലാണ് ഇത്തവണത്തെ പോരാട്ടം. ഇത്തവണ പാര്‍ലമെന്റിലേക്ക് യു.ഡി.എഫിനെ ജയിപ്പിക്കാന്‍ മുന്നണിയെ നയിക്കുകയാണ് ഈ ഗാന്ധിയന്‍.

51 വെട്ടിന്റെ മുറിവുകളുമായി സി.പി.എം ഉള്ളിടത്തെല്ലാം പരിക്കേല്‍പ്പിച്ച ടി.പി കേസിലെ രാഷ്ട്രീയവും വര്‍ഗപരവുമായ വിവാദങ്ങള്‍ക്ക് നീതിയുടെ ഉത്തരം കാണിച്ചു കൊടുക്കാന്‍ സാധിച്ച, ചീമേനി കേസിലെ പ്രതികളെ വാദിച്ചു ജയിപ്പിച്ച അഭിഭാഷകന്‍. ജന്മം കൊണ്ടു തന്നെ കോണ്‍ഗ്രസുകാരന്‍. ക്വട്ടേഷന്‍ ടീമിനെ നിയമത്തിന്റെ മുമ്പില്‍ പിടിച്ചു നിര്‍ത്തിയ വക്കീലിന് കെ.പി.സി.സി നല്‍കിയ പാരിതോഷികമാണ്  ഡി.സി.സി പ്രസിഡണ്ട് സ്ഥാനം. ഇതിനു മുമ്പ് ഒരിക്കല്‍ പത്രങ്ങളോടായി നടത്തിയ അഭിമുഖത്തില്‍ സി.കെ. ഇങ്ങനെ പറഞ്ഞത് ശ്രദ്ധയില്‍ പെടുത്തട്ടെ. മണ്ഡലത്തില്‍ എന്തൊക്കെയോ ചെയ്തു എന്നു വരുത്തിത്തീര്‍ക്കാന്‍ പുകമറയുമായാണ് നിലവിലെ എം.പി കൂടിയായ സി.പി.എം സ്ഥാനാര്‍ത്ഥി പി. കരുണാകരന്‍ ശ്രമിക്കുന്നത്.
വികസനമാണ് ഞങ്ങളുടെ രാഷ്ട്രീയം: സി.കെ ശ്രീധരന്‍ നയം വ്യക്തമാക്കുന്നു

റെയില്‍വേ വികസനമാണ് അദ്ദേഹം എടുത്തുപയോഗിക്കുന്നത്. പലയിടത്തും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കാണുന്നു. പാണത്തൂര്‍ - കണിയൂര്‍ റെയില്‍വെ പാതയുടെ സാധ്യതാപഠനം പൂര്‍ത്തിയായത്രേ. എവിടെ?  കര്‍ണാടക നിബിഡ വനത്തിലൂടെയാണ് പാതയുടെ യാത്ര. കര്‍ണാടക സര്‍ക്കാര്‍ ഇതുവരെ അറിഞ്ഞ ഭാവം പോലും നടിച്ചിട്ടില്ല. സുഗമമായ പാത വെട്ടിത്തെളിക്കാന്‍ ചെയ്യേണ്ടതൊന്നും ഒരുക്കാതെ അവകാശവാദവുമായി ഇറങ്ങി പുറപ്പെടുകയാണ് അദ്ദേഹം. വലിയ ബോര്‍ഡ് വെച്ചത് കൊണ്ട് മാത്രം വികസനമാകുമോ? വോട്ടു നേടി ജയിച്ചതിന് ശേഷം കടമകള്‍ എന്തേ മറക്കുന്നുവെന്ന് ചോദിക്കുന്നു ഡി.സി.സി പ്രസിഡണ്ട്.

മറാഠി ന്യൂനപക്ഷങ്ങള്‍ ധാരാളം അധിവസിക്കുന്നിടമാണ് ഈ മണ്ഡലം. കൃത്യമായി കേന്ദ്രത്തെ ബോധ്യപ്പെടുത്താനാവാത്തതിനാലാവണം അവര്‍ പട്ടികവിഭാഗ ആനുകൂല്യങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു.  ഇതിനെതിരെ ആദ്യമായി ശബ്ദമുയര്‍ത്തിയത് ഞങ്ങളാണ്. കോണ്‍ഗ്രസ് പ്രതികരിച്ചു. പൊതുയോഗം സംഘടിപ്പിച്ചു. പ്രതിരോധമന്ത്രി എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും ഇടപെട്ടു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ അവര്‍ വീണ്ടും പട്ടികവിഭാഗമായി അംഗീകരിക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ യുക്തമായ നടപടി മൂലമാണ് അതുണ്ടായതെന്നും, ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് കാസര്‍കോട് ചേര്‍ന്ന പൊതുയോഗത്തില്‍ മുഖ്യമന്ത്രി നേരിട്ടു പങ്കെടുത്തതു ജനം കണ്ടതാണല്ലോ.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലകളില്‍ പൂര്‍ണമായി രോഗം ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കും, കിടപ്പിലാവര്‍ക്കും അഞ്ച് ലക്ഷം രൂപ, ഭാഗിക രോഗികള്‍ക്ക് മൂന്ന് ലക്ഷംവരെ പ്രഖ്യാപിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. ഈ ഇനത്തില്‍ 32 കോടി രൂപ ഇതിനകം തന്നെ നല്‍കിക്കഴിഞ്ഞു. എം.പി ഫണ്ടില്‍ നിന്നും നബാര്‍ഡില്‍ നിന്നും എം.പിയുടെ ഇടപെടല്‍ മൂലമാണ് മുഴുവന്‍ തുകയും ചിലവഴിക്കപ്പെട്ടത് എന്ന അവകാശവാദം യുക്തിക്കു നിരക്കുന്നതല്ല. ഇത് പുകമറയിടലും രാഷ്ട്രീയ ലാഭം ലാക്കാക്കിയുമാണ്. വികസനത്തെ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നത് ഉചിതമല്ലെന്ന് ടി.കെ. ശ്രീധരന്‍ വ്യക്തമാക്കുന്നു.

200 കോടി രൂപയുടെ എന്‍ഡോസള്‍ഫാന്‍ പാക്കേജിനെ കുറിച്ച്. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേകപരിഗണനയിലാണ് നബാഡ് ഇത് നടപ്പിലാക്കുന്നത്. വികസന പ്രവര്‍ത്തനത്തിന് രാഷ്ട്രീയ ദുഷ്ടലാക്ക് കാണിക്കാറില്ല യു.പി.എ സര്‍ക്കാരെന്നതിന്റെ ഉദാഹരണമാണിത്. അതിന് രാഷ്ട്രീയത്തിന്റെ നിറം കൊടുക്കരുത്.

രമേശ് ചെന്നിത്തല കെ.പി.സി.സി അധ്യക്ഷനായിരുന്ന 2013ല്‍ നടത്തിയ ജില്ലാതല പ്രചരണജാഥ ജനം മറക്കില്ല. ജനങ്ങളെ നേരിട്ടു കാണുകയും സ്വയമേവ പരാതികള്‍ സ്വീകരിച്ചും യു.ഡി.എഫ് സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ടതിനനുസരിച്ചാണ് ചീഫ് സെക്രട്ടറിയായിരുന്ന ഡോ. പ്രഭാകരന്‍ കമ്മീഷന്‍ രൂപീകൃതമാകുന്നത്. അദ്ദേഹം 11,000 കോടി രൂപയുടെ വികസന പദ്ധതി മുന്നോട്ട് വെച്ചു. അതില്‍ 75 കോടി രൂപയുടെ പദ്ധതികള്‍ ഇപ്പോള്‍ അനുവദിക്കപ്പെട്ടിരിക്കുന്നു. ഇതൊക്കെ ഞങ്ങള്‍ക്കും പറയാവുന്നതല്ലെ?

അടക്കാകര്‍ഷകരുടെ കഞ്ഞിയില്‍ പാറ്റയിടുന്ന കാര്‍ഷിക വിരുദ്ധ നിലപാടിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങിയത് യു.ഡി.എഫ് സര്‍ക്കാരാണ്. മാത്രമോ, 10 കോടി രൂപയുടെ സ്‌പെഷ്യല്‍ പാക്കേജ് കൊണ്ടുവന്ന് അവരെ സഹായിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ജനങ്ങളാണ് ഞങ്ങളുടെയും സര്‍ക്കാരിന്റെയും കരുത്ത്. നാളിതുവരെ സ്വപ്നം കണ്ടിരുന്ന വികസനമായിരുന്നു വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം. കാസര്‍കോടിന്റെ മുഖഛായ തന്നെ മാറ്റാന്‍ ഉതകുന്ന രീതിയില്‍ കൊണ്ടുവന്ന കേന്ദ്രസര്‍വകലാശാലാ ക്യാമ്പസുകള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞത് വോട്ടര്‍മാര്‍ മറക്കില്ല.

എന്തിനേറെ പറയണം. ജില്ല ഉണ്ടായത് തന്നെ ഐക്യ ജനാധിപത്യമുന്നണിയുടെ കാലത്തായിരുന്നുവല്ലോ.  ഏത് മുന്നണി ഭരിച്ചാലും യു.ഡി.എഫ് കക്ഷിബലം നോക്കാതെ വികസനരംഗത്ത് ഉറച്ച്‌നിന്നിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ എത്ര സമയമെടുത്താലും മതിവരില്ല. 13-ാം നിയമസഭ അധികാരമേറ്റയുടന്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി കൂടിയായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഏര്‍പെടുത്താന്‍ തീരുമാനമെടുത്തത് കാസര്‍കോട് ലോകസഭാ മണ്ഡലത്തിലാണ്. ഇത് പ്രതിപക്ഷം മാത്രമല്ല, പൊതുജനവും മറക്കില്ല.

യു.പി.എ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസനം സി.പി.എം തങ്ങളുടെ പാര്‍ട്ടിയുടെ തീരുമാനമനുസരിച്ചാണ് നടപ്പിലാക്കുന്നത്. യഥാര്‍ത്ഥ ഉപഭോക്താക്കളല്ല അവരുടെ നോട്ടം. മാനദണ്ഡങ്ങള്‍ പാലിക്കാതെയും പാര്‍ട്ടിയുടെ ചൊല്‍പ്പടിക്ക് നിന്നും വികസനപ്രവര്‍ത്തനം വഴിപിഴച്ചുപോകുക പതിവാണ്. കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കായി വീതംവെച്ച് നല്‍കുന്ന ഫണ്ട് വിനിയോഗിക്കുന്നതിനെയാണ് സ്വന്തം കഴിവുകൊണ്ട് നേടിയെടുത്ത നേട്ടവും വികസനവുമെന്ന് അദ്ദേഹം കൊട്ടിഘോഷിക്കുന്നത്.

വികസനമാണ് ഞങ്ങളുടെ രാഷ്ട്രീയം: സി.കെ ശ്രീധരന്‍ നയം വ്യക്തമാക്കുന്നു
Prathibha Rajan
(Writer)
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടപ്പിലായ വികസന പ്രവര്‍ത്തനങ്ങള്‍ പെരുപ്പിച്ചു കാണിക്കുകയാണ്  എം.പി പി. കരുണാകരന്‍. വര്‍ഷങ്ങളേറെയായി ഒരു എം.പി ഇല്ലാത്ത പ്രതീതിയാണ് ഇവിടെ. ഇത് മാറേണ്ട അവസ്ഥ സംജാതമായിരിക്കുകയാണെന്നും ഈ തെരഞ്ഞെടുപ്പ് ഇതിന് മറുപടി നല്‍കുമെന്നും ഐക്യ ജനാധിപത്യമുന്നണിയുടെ സ്ഥാനാര്‍ത്ഥിക്ക് വിജയ സാധ്യത തെളിഞ്ഞു വരികയാണെന്നും ഡി.സി.സി പ്രസിഡണ്ട് പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Election-2014, Article, Prathibha-Rajan, C.K Sreedharan, P. Karunakaran MP, Development. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia