city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊറോണ കാലത്തെ പെരുന്നാള്‍ പൊലിമകള്‍

സാപ്

(www.kasargodvartha.com 13.05.2020) നോമ്പുകാലം കടന്നു പോകുമ്പോള്‍, വ്യാധികള്‍ അകന്നു പോകുമ്പോള്‍, മാനത്ത് ശവ്വാലിനമ്പിളി തെളിയും. എല്ലാ ആഘോഷങ്ങളും മനുഷ്യ മനസ്സുകളിലേക്ക് ചെയ്യുന്നത് കുളിര്‍മഴയാണ്.  മാറാവ്യാധിയുടെ സങ്കടക്കടല്‍ മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ എങ്ങിനെയാണ് പെരുന്നാള്‍ ആഘോഷിക്കുക എന്ന നിഷ്‌കളങ്ക ചോദ്യമുണ്ട് മുന്നില്‍!

അതിനുള്ള ഉത്തരമാണ് വിഷമസന്ധികളിലാണ് നാം പുഞ്ചിരിക്കുകയും ജീവിതത്തെ ക്ഷമയും ധീരതയും കൊണ്ട് നേരിടുകയും വേണ്ടത്. ഇത്തരം ആഘോഷവേളകള്‍ മനസ്സിന് സന്തോഷവും സമാധാനവും പ്രധാനം ചെയ്യുന്നവയാണ്.  പരിധികള്‍ ലംഘിക്കാതെ ആഘോഷിക്കുക എന്നത് കാലഘട്ടം കൂടി ആവശ്യപ്പെടുന്ന അനിവാര്യതയാകുന്നു.

ഉന്നതമായ സാമൂഹ്യബോധത്തിന്റെയും സാമുഹ്യ പ്രതിബദ്ധതയുടെയും പ്രകടനം കൂടിയാണ് പെരുന്നാള്‍ എന്നറിയുമ്പോഴാണ് ഈ ആഘോഷവേളകള്‍ക്ക് കോവിഡ് കാലത്ത് എന്ത് മാത്രം പ്രസക്തിയുണ്ട് എന്ന് നാം തിരിച്ചറിയുന്നത്!

വിരസമായി ആചരിക്കേണ്ട ആഘോഷങ്ങളില്ലാത്ത ആത്മാവില്ലാത്ത ഒന്നല്ല പെരുന്നാളുകള്‍.  അങ്ങനെയൊരാഘോഷം എവിടെയും കാണാന്‍ കഴിയില്ല. കോവിഡ് കാലത്തെ ആഘോഷവേളകള്‍ എങ്ങിനെയാണ് കൊണ്ടാടപ്പെടേണ്ടത് എന്നതിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ മതപണ്ഡിതന്മാര്‍ (മതപ്രഭാഷണ തൊഴിലാളികളല്ല!). നല്‍കേണ്ടതുണ്ട്.

മനസ്സിനും ശരീരത്തിനും ഉന്മേഷവും സന്തോഷവും പ്രദാനം ചെയ്യുന്ന വിനോദ പരിപാടികള്‍ പുതിയ സാഹചര്യത്തില്‍ എങ്ങിനെയാണ് ആസൂത്രണം ചെയ്യുക എന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്. വലിയ കൂട്ടുകുടുംബമൊക്കെയാണെങ്കില്‍ കുടുംബത്തിനകത്ത്, വീടിനകത്ത് പാട്ടും കളിയും മത്സരങ്ങളും സംഘടിപ്പിക്കുന്നതിനെ കുറിച്ച്  ചിന്തിക്കാവുന്നതാണ്. കുട്ടികള്‍ക്കൊക്കെ സന്തോഷ സമ്മാനങ്ങള്‍ നല്‍കാനും അവസരം ഉണ്ടായാല്‍ ആഘോഷവേളകള്‍ ഈ കോറോണാ കാലത്തും മാനസിക സൗഖ്യവും സന്തോഷവും പ്രദാനം ചെയ്യും.
കൊറോണ കാലത്തെ പെരുന്നാള്‍ പൊലിമകള്‍

ലോകത്തിലേത് കോണിലാണെങ്കിലും പെരുന്നാളുകള്‍ക്ക് ചില പൊതുവായ സമാനതകളും പ്രത്യോകതകളും ഉണ്ട്. അതില്‍ പ്രധാനം അതിരാവിലെ കുളിച്ച് പുതുവസ്ത്രമണിഞ്ഞ് ഈദ് നമസ്‌കാരത്തിന്നായി മൈതാനിയിലേക്കും പള്ളിയിലേക്കും പോകുന്ന ചെറുസംഘങ്ങളുടെ അതി മനോഹര കാഴ്ച്ചകളാണ്. കുഞ്ഞുടുപ്പണിഞ്ഞ് ആവേശത്തോടെയും ആനന്ദത്തോടെയും നടന്നു നീങ്ങുന്ന കുരുന്നുകള്‍ നയനാന്ദകരം തന്നെ. ലോക്ഡൗണ്‍ കാലത്തെ പെരുന്നാളിന് നമുക്കീ കാഴ്ചകളും അനുഭവങ്ങളും തീര്‍ച്ചയായും ഗൃഹാതരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ മാത്രമാവും. എങ്കിലും നല്ല വസ്ത്രങ്ങളുടെ പൊലിമയും സുഗന്ധങ്ങളുടെ പരിമളവും നമ്മുടെ ജീവിത പരിസരങ്ങളില്‍ പെരുന്നാള്‍ അനുഭൂതി സൃഷ്ടിക്കാതെ പോവില്ല!

കോവിഡ് കാലത്ത് പരസ്പരം ആലിംഗനം ചെയ്ത് എങ്ങിനെയാണ് സ്‌നേഹം പങ്കുവെക്കുക എന്ന് ചോദിച്ചപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞ രസകരമായ മറുപടിയുണ്ട്. 'ഒരു മീറ്റര്‍ അകലം പാലിച്ച് സാങ്കല്‍പ്പികമായി ആലിംഗനം ചെയ്യുക. ദൈവം നമ്മുടെ ഹൃദയങ്ങളിലേക്കാണല്ലോ നോക്കുന്നത്.  ആലിംഗനം ചെയ്ത പുണ്യം തന്നെ കിട്ടും' ഏതായാലും അതൊക്കെ കാണാന്‍ രസമുള്ള വ്യത്യസ്തമായ ഏര്‍പ്പാടായിരിക്കും, കൊറിയന്‍ അഭിവാദ്യ രീതി പോലെയൊ, യോഗയെ പോലെയോ തോന്നിക്കുന്ന ഒരു പ്രത്യേകതരം കോവിഡ് സ്‌നേഹപ്രകടനങ്ങള്‍. ശീലമായിക്കഴിഞ്ഞാല്‍ പ്രശ്‌നമാവില്ല. എല്ലാം അങ്ങിനെയാണല്ലോ!

മാനുഷിക മുഖമുള്ള സാമൂഹിക ക്ഷേമവും നന്മയും വിളംബരം ചെയ്യുന്നവയാണ് പെരുന്നാളുകള്‍.  ചെറിയ പെരുന്നാളിനോടനുബന്ധിച്ചു  ഫിത്വര്‍ സകാത്ത് നല്‍കല്‍ എല്ലാ വിശ്വാസികള്‍ക്കും നിര്‍ബന്ധമാക്കിയത് അത്തരമൊരു സാമൂഹ്യ വീക്ഷണത്തിന്റെ ഭാഗമാണ്.

കഴിഞ്ഞകാല ബഹളമയമായ ഇഫ്ത്താര്‍ വിരുന്നുകളില്‍ നിന്നും വ്യത്യസ്തമായി
ആത്മീയമായ ഔന്നത്യങ്ങള്‍ നേടാന്‍ ഈ കോവിഡ് കാലത്തെ നിശബ്ദമായ നോമ്പു കാലങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്.

പരസ്പരമുള്ള എല്ലാ പിണക്കങ്ങളും പരിഭവങ്ങളും നോമ്പ് കൊണ്ട് തീര്‍ത്തു കഴുകി വൃത്തിയാക്കിയ മനസ്സുകള്‍ക്ക് വീടകങ്ങളില്‍ ഒതുങ്ങി കൂടിയാണെങ്കില്‍ പോലും പെരുന്നാള്‍ സന്തോഷത്തോടെ ആത്മ നിര്‍വൃതിയോടെ ആഘോഷിക്കാന്‍ കഴിയണം. അതിനുള്ള മനസ്സൊരുക്കല്‍ പ്രധാനമാണ്.

ആഘോഷങ്ങളൊക്കെയും മനുഷ്യരെ ഒന്നിപ്പിക്കുന്ന ഉത്സവങ്ങളായിരുന്ന ഒരു ഭൂതകാലം ഇവിടെ കഴിഞ്ഞു പോയിട്ടുണ്ട്.  കലഹങ്ങളോ വര്‍ഗീയതയോ എന്തന്നറിയാത്ത ഒരു ഭൂതകാലം. ആ ഭൂതകാലം തിരിച്ചുപിടിക്കാന്‍ സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം സ്‌നേഹത്തിന്റെ അരികില്‍ തലോടല്‍ സ്പര്‍ശമാകാനും സൗഹൃദത്തിന്റെ പുതിയ ഗാഥകള്‍ രചിക്കുവാനും നമുക്ക് കഴിയണം. എല്ലാ രോഗങ്ങള്‍ക്കുമുള്ള ശമനമാകാന്‍ ആഘോഷങ്ങള്‍ക്കല്ലാതെ മറ്റെന്തിനാണ് കഴിയുക!


Keywords: Kasaragod, Kerala, Article, Eid, Celebration, COVID-19, Eid celebration of Corona period

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia