city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പില്‍ നിന്ന്..

കൂക്കാനം റഹ് മാന്‍ / (നടന്നുവന്ന വഴിയിലൂടെ - 113)

ഇന്ന് ഏപ്രില്‍ 20, കഴിഞ്ഞ 22 വര്‍ഷമായി ഡയറി എഴുതാന്‍ തുടങ്ങിയിട്ട്. ഇതേവരെ അതിന് മുടക്കം വരുത്തിയിട്ടില്ല. പക്ഷെ, ഇന്നത്തെ ഡയറിയില്‍ വിശദമായി എല്ലാം എഴുതണം. എന്റെ ഡയറി വീട്ടില്‍ ആരും ശ്രദ്ധിക്കാറില്ല. ചിലപ്പോള്‍ മകള്‍ വായിക്കും. അവളെങ്കിലും ഈ കാര്യങ്ങളെല്ലാം അറിയട്ടെ. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജോസഫ് മാഷാണ് ഡയറി എഴുത്തിന്റെ പ്രാധാന്യം മനസിലാക്കിത്തന്നത്.

അന്നുമുതല്‍ തുടങ്ങിയതാണ് ഈ ശീലം. ഇത്രയും വര്‍ഷക്കാലത്തെ ഡയറികള്‍ കൃത്യമായി ഷെല്‍ഫില്‍ അടുക്കി വെച്ചിട്ടുണ്ട്. ഭര്‍ത്താവും മകളും നല്ല ഉറക്കത്തിലാണ്. അവര്‍ സുഖമായി ഉറങ്ങട്ടെ. ഡയറി എഴുതിത്തീര്‍ക്കാന്‍ കുറേ സമയമെടുക്കും.

ഞങ്ങള്‍ വിവാഹിതരായിട്ട് പന്ത്രണ്ട് വര്‍ഷമായി. സന്തോഷകരമായിട്ടാണ് ജീവിച്ച് വരുന്നത്. എന്റെ അസുഖത്തെക്കുറിച്ചൊക്കെ അദ്ദേഹത്തിനറിയാം. ഞങ്ങള്‍ തമ്മില്‍ പ്രായത്തില്‍ അല്പം വ്യത്യാസമുണ്ട്. അതിന്റെ പൊരുത്തക്കേടുകള്‍ ഞങ്ങളുടെ ഇടപെടലുകളില്‍ കാണാറുണ്ട്. അത് കുറച്ചു മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുപോയേക്കാം. പിന്നീട് എല്ലാം ഭംഗിയായി സന്തോഷകരമായി മാറുകയും ചെയ്യും. ജ്യോത്സ്യന്റെ പ്രവചന പ്രകാരം 20ന് ഞാന്‍ ജീവിച്ചിരിക്കാന്‍ സാധ്യതയില്ല. ജാതക പ്രകാരം 35ാം വയസില്‍ ജീവിതം അവസാനിക്കുമെന്നാണു പോലും പ്രശ്‌നം വച്ചു നോക്കിയപ്പോള്‍ കണ്ടത്. അക്കാര്യം അച്ഛനുമമ്മയ്ക്കും അറിയാം. അവര്‍ എന്നോട് പറയുകയും ചെയ്തു.

ആയുസ് ദീര്‍ഘിപ്പിച്ചുകിട്ടാന്‍ അച്ഛനും അമ്മയും ഒരുപാട് നേര്‍ച്ചകള്‍ നേര്‍ന്നിട്ടുണ്ട്. സമയം കിട്ടുമ്പോഴൊക്കെ അവര്‍ എന്നെ വിവിധങ്ങളായ അമ്പലങ്ങളിലും പുണ്യസ്ഥലങ്ങളിലും കൊണ്ടുപോകാറുണ്ട്. അതുകൊണ്ട് ജീവന്‍ ദീര്‍ഘിപ്പിച്ചു കിട്ടുമോ ആവോ? എല്ലാ ഏപ്രില്‍ ഇരുപതിനും ഡയറിയില്‍ ഒരു പ്രത്യേക കുറിപ്പ് കാണും. ആ കുറിപ്പ് ഇപ്രകാരമായിരിക്കും. ഇന്നും വിളിച്ചിരുന്നു. സുഖാന്വേഷണം നടത്തി. വിവാഹ വാര്‍ഷികത്തിന് ആശംസകള്‍ നേര്‍ന്നു. ഇത്ര മാത്രമേ കാണൂ. ആരാണ് വിളിച്ചതെന്നോ മറ്റോ ഉള്ള ഒരു കാര്യവും എഴുതാറില്ല.

ഒരു പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പില്‍ നിന്ന്..

അങ്ങനെ എഴുതാന്‍ പാടില്ലല്ലോ. ആരെങ്കിലും അറിഞ്ഞാല്‍ പ്രയാസമാവില്ലേ? സംശയം ഉണ്ടാവില്ലേ? പക്ഷെ ഇന്ന് അതെഴുതാതിരിക്കാന്‍ പറ്റില്ല. വരുന്ന ഏപ്രില്‍ ഇരുപതിന് മുമ്പു തന്നെ എന്നെ കാലന്‍ കൊണ്ടുപോകുമെന്നല്ലോ ജാതകവശാല്‍ അറിഞ്ഞത്. വരുന്ന വര്‍ഷം ജനുവരി 15ന് എനിക്ക് 35 വയസ് തികയും. പിന്നെങ്ങനെ അടുത്ത ഏപ്രില്‍ 20ന് ഡയറിക്കുറിപ്പെഴുതാന്‍ പറ്റും. മരിക്കുന്നതിലൊന്നും എനിക്ക് വിഷമമില്ല. എന്റെ പൊന്നുമോള്‍ വളരും. അവള്‍ക്കും നല്ലൊരു ജീവിതമുണ്ടാവണം. അത് കാണാനും ആസ്വദിക്കാനും എനിക്കാവില്ലെന്നറിയാം. പക്ഷെ, എന്തായാലും അവള്‍ക്ക് നല്ലതേ വരൂ. അവരുടെ അച്ഛനും നല്ലവനാണ്. അവളെ ജീവനപ്പോലെ സ്‌നേഹിക്കുന്നവനാണദ്ദേഹം.

ഒരുപാട് കൂട്ടുകാരെനിക്കുണ്ട്. അതും അടുത്ത കാലത്തുണ്ടായതാണ്. എനിക്ക് സ്‌നേഹിക്കുവാനേ അറിയൂ. പരിചയപ്പെടുന്ന വ്യക്തികളെ എനിക്ക് മറക്കാനാവില്ല. അവര്‍ക്ക് എന്നെയും.. അങ്ങനെയാണ് എന്റെ ഇടപെടല്‍. പ്രായം കൂടിയ ആളോ കുറഞ്ഞ ആളോ എന്ന വ്യത്യാസമൊന്നും ഞാന്‍ കാണിക്കാറില്ല. ജാതിയും മതവും ഒന്നും സ്‌നേഹത്തിന് മുന്നില്‍ എനിക്ക് വിഘാതമാവാറില്ല. എല്ലാവരെയും സ്വന്തം പോലെ കാണും. ഇടപെടലും അങ്ങനെ തന്നെ. അതുകൊണ്ടുതന്നെ പലര്‍ക്കും തെറ്റിദ്ധാരണ കാണാം. ഇവളെന്താണിങ്ങനെ? ഇത്രയൊക്കെ സ്വാതന്ത്ര്യബോധത്തോടെ ഇടപഴകാന്‍ പാടുണ്ടോ എന്നൊക്കെ എന്റെ അഭ്യുദയകാംക്ഷികള്‍ നേരിട്ടു പറഞ്ഞിട്ടുണ്ട്. പക്ഷെ അതൊന്നും ഞാന്‍ കണക്കിലെടുത്തിട്ടില്ല.

എന്റെ വഴി ശരിയാണെന്നെനിക്കറിയാം. സ്‌നേഹിക്കാന്‍ മാത്രമേ എനിക്കറിയൂ. അതും ആത്മാര്‍ത്ഥമായി. അങ്ങനെ അല്ലാത്ത ചില വ്യക്തികളുമായും ഇടപഴകിയിട്ടുണ്ട്. അത്തരക്കാരെ തിരിച്ചറിയാനും എനിക്കാവും. അവരെ മാറ്റി നിര്‍ത്തുകയും ചെയ്യും. എല്ലാത്തിലും കള്ളനാണയങ്ങള്‍ കാണുമല്ലോ?

കോളജ് വിദ്യാഭ്യാസ കാലത്ത് എന്നെ ഒരാള്‍ സ്‌നേഹിച്ചു. ഞാന്‍ അയാളെയും. പക്ഷെ, പ്രേമമൊന്നുമല്ല. കാണും, സംസാരിക്കും. വ്യക്തിപരമായ കാര്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കും. അതിനപ്പുറമൊന്നുമില്ല. കോളജ് പഠനം കഴിഞ്ഞു. കല്യാണാലോചന വന്നു. ഞാന്‍ വിവാഹിതയായി. വിവാഹ ദിവസം എല്ലാ സുഹൃത്തുക്കളും വന്നു.. കണ്ടു. സമ്മാനമൊന്നും സ്വീകരിക്കില്ല എന്ന് മുന്‍കൂട്ടി പറഞ്ഞിട്ടുപോലും അദ്ദേഹം സമ്മാനവുമായാണ് വന്നത്. വിവാഹത്തിന് വേണ്ട അത്യാവശ്യ സ്വര്‍ണാഭരണങ്ങള്‍ എല്ലാമുണ്ടായിരുന്നു ആ സമ്മാനപ്പൊതിയില്‍. ഇത്രയും വലിയ സമ്മാനം ഞാന്‍ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിച്ചതല്ല.

പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ല. വിളിക്കാറുണ്ട്. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷം മുടങ്ങാതെ വിളിക്കും. കാര്യങ്ങളൊക്കെ അന്വോഷിക്കും. അദ്ദേഹം ജോലി ചെയ്യുന്നത് ദൂരെയുള്ള ഒരു സ്ഥലത്താണെന്നറിയാം. കൃത്യമായി എവിടെയാണെന്ന് എനിക്കിന്നും അറിയില്ല. അദ്ദേഹം ഇന്നും എന്നെ സ്‌നേഹിക്കുന്നു. ഒരുപാട് സ്‌നേഹിക്കുന്നു. അത് ഏത് തരം സ്‌നേഹമാണെന്ന് എനിക്കറിയില്ല. അദ്ദേഹത്തോട് ചോദിച്ചപ്പോഴും അത് അദ്ദേഹത്തിന് അറിയില്ല എന്ന ഉത്തരമാണ് കിട്ടിയത്.

ഒന്നറിയാം. അദ്ദേഹം ഇതേവരെ വിവാഹിതനായിട്ടില്ല. ജീവിതത്തില്‍ വിവാഹം വേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചുവെന്നാണ് പറയുന്നത്. എന്നെ വിവാഹം ചെയ്യാന്‍ ഇഷ്ടമായിരുന്നെന്നോ അങ്ങനെ മനസില്‍ കരുതിയിരുന്നെന്നോ ഒന്നും അദ്ദേഹം പറയുന്നില്ല.

ഞാന്‍ സുഖമായും സന്തോഷമായും ജിവിക്കണമെന്നേ അദ്ദേഹത്തിന് മോഹമുള്ളൂ. എന്റെ നന്മയ്ക്കുവേണ്ടി എന്നും അദ്ദേഹം പ്രാര്‍ത്ഥിക്കാറുണ്ടുപോലും. വിവാഹവാര്‍ഷികത്തിന് സമ്മാനമയച്ചു തന്നോട്ടെ എന്ന് എല്ലാ വര്‍ഷവും അന്വേഷിക്കും. ഞാന്‍ സ്‌നേഹപൂര്‍വ്വം നിരസിക്കുകയാണ് പതിവ്.

ഇന്നദ്ദേഹത്തോട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത സ്‌നേഹം എനിക്കുണ്ട്. എല്ലാം തുറന്ന് പറഞ്ഞ് പരസ്പരം ആശ്വസിപ്പിക്കണമെന്ന മോഹമുണ്ട്. പക്ഷെ അതൊരിക്കലും നടക്കില്ലെന്നറിയാം. ഞാന്‍ ഇന്ന് ഒരാളുടെ ഭാര്യയാണ്. ഒരു മോളുടെ അമ്മയാണ്. പക്ഷെ എന്നെ സ്‌നേഹിക്കുന്ന ആ നല്ല മനുഷ്യനെ ഞാന്‍ ഇന്നും ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നു. അദ്ദേഹവും അതേ പ്രകാരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ വളരെ നേരത്തെ ഈ ഭൂമിയില്‍ നിന്ന് യാത്രയാവും എന്നറിഞ്ഞതിനാല്‍ അദ്ദേഹം എന്നെ വിവാഹം കഴിക്കാതെ മാറിനിന്നതാണോ? അതോ, മറ്റു വല്ല കാരണവും കാണുമോ?

ഞങ്ങളുടെ അടുത്ത വിവാഹവാര്‍ഷികത്തിന് ആശംസ നേരാന്‍ അദ്ദേഹത്തിന് സാധിക്കില്ലല്ലോ. ഇക്കാര്യം മറ്റാരും അറിയാന്‍ തരമില്ല. ഇങ്ങനെയും ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന മനുഷ്യമനസുകള്‍ ലോകത്തുണ്ട് എന്നത് ആരെയും അത്ഭുതപ്പെടുത്തും. സ്‌നേഹത്തിന് ഇത്രയുമൊക്കെ അഗാധതലങ്ങളുണ്ടെന്ന് ലോകം തിരിച്ചറിയാനാണ് ഞാന്‍ ഈ ഡയറിയിലെ പേജുകള്‍ പ്രയോജനപ്പെടുത്തുന്നത്.

ഞാനും ആ നല്ല മനുഷ്യനും മാത്രം അറിയുന്ന ഒരു സത്യം. ലോകത്ത് ആരും അറിയാത്ത ഒരു സ്‌നേഹിക്കപ്പെടല്‍. ഈ സ്‌നേഹത്തിനു മുന്നില്‍ ഞാനെന്താണ് സമര്‍പ്പിക്കേണ്ടത്? ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു. എനിക്കു വേണ്ടി മാത്രമാണ് അദ്ദേഹം ജീവിച്ചിരിക്കുന്നത് എന്നു തോന്നുന്നു. ഒരു ദ്രോഹവും ചെയ്യാതെ സ്വാര്‍ത്ഥതയുടെ കണികപോലും മനസിലില്ലാതെ സ്‌നേഹം കൊണ്ട് അദ്ദേഹം എന്നെ  മൂടുകയാണ്. ഒരു നോക്കെങ്കിലും കാണാന്‍ കൊതിയുണ്ട്. അതിനും കൂടി സാധ്യമാവാതെ എന്റെ ജീവിതം കെട്ടടങ്ങുമല്ലോ. എനിക്ക് ഈ ലോകത്ത് അവശേഷിപ്പിച്ച് പോകുവാന്‍ ഒന്നുമില്ല. ഞാന്‍ മരിച്ചാല്‍ ഈ കുറിപ്പെങ്കിലും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണേ! ഞാന്‍ തെറ്റുകാരിയല്ല.. അദ്ദേഹവും. ഞാന്‍ എന്നെ ഒരു റോസാപ്പൂ പോലെ അദ്ദേഹത്തിന്റെ പാദങ്ങളില്‍ സമര്‍പ്പിക്കുന്നു..

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Article, Girl, Kookanam-Rahman, Diary, Daughter, arriage, Life, Age, College, Dairy of a married girl 
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia