തിരുത്തര്‍ഹിക്കുന്ന ചൈല്‍ഡ് ലൈന്‍...
Mar 14, 2018, 16:10 IST
മിഖ്ദാദ് തളിപ്പറമ്പ
(www.kasargodvartha.com 14.03.2018) കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ട് കാസര്‍കോട് നിന്ന് ദയനീയമായി മരണത്തിന് കീഴടങ്ങിയ ജസീമിന്റെ വേര്‍പാടില്‍ നിന്ന് നാടും നാട്ടുകാരും ഇതുവരെ മുക്തമായിട്ടില്ല. ദൈനംദിന ജീവിതത്തിന്റെ സിംഹഭാഗവും സ്‌കൂളില്‍ സമയം ചിലവഴിക്കുന്നതിനാല്‍ പൂര്‍വ്വികരൊക്കെ പറയാറുണ്ട് 'തന്നെ നേര്‍പാതയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ അമ്മയും അഛനും കഴിഞ്ഞാല്‍ ഏറെ പങ്ക് വഹിച്ചത് എന്റെ അധ്യാപകരാണെന്ന്'. നിലവിലെ സാഹചര്യത്തില്‍ നമ്മുടെ മക്കള്‍ക്ക് ഈ വിധം പറയാനുള്ള അവസരമില്ല.
അധ്യാപനം ക്ലാസ് മുറിയില്‍ മാത്രമൊതുങ്ങിക്കിടക്കാതെ, പുറത്തും നല്ല ശിക്ഷണത്തിലൂടെയും പെരുമാറ്റത്തിലൂടെയും വളര്‍ന്ന് വന്ന കാലമുണ്ടായിരുന്നു. അതൊക്കെ ഇന്ന് അന്യമായി. അന്ന് വളര്‍ന്ന് വന്ന മക്കള്‍ ഇന്ന് രാജ്യത്തിന്റെയും ലോകത്തിന്റെയും വ്യത്യസ്ത കോണുകളില്‍ വിരാചിക്കുന്നുണ്ട്. പക്ഷെ...അടുത്ത തലമുറ..? ഒരു സ്വപ്‌നം മാത്രമായി ചുരുങ്ങിപ്പോവാന്‍ സാധ്യതയേറെയാണ്.
കഞ്ചാവ് മാഫിയകള്‍ സ്‌കൂളുകളില്‍ നൃത്തമാടുമ്പോള്‍ നോക്കുകുത്തികളായി നില്‍ക്കാനല്ലാതെ അധ്യാപകര്‍ക്ക് സാധ്യമല്ല. യു.പി വിഭാഗത്തില്‍ ക്ലാസെടുക്കാന്‍ വന്ന അധ്യാപകന്‍ ആദ്യമായി കേള്‍ക്കുന്നത് 'മാഷേ, ഞങ്ങളെ തല്ലരുത്, പോലീസിനോട് പറഞ്ഞ് കൊടുക്കുമെന്നാണ്' ഈ അറിവ് കുരുന്നുകള്‍ക്കെവിടുന്ന് കിട്ടി. ഹൈസ്‌കൂള്‍ വിഭാഗത്തിലെ ടീച്ചര്‍ കാമവികാരത്തോടെയുള്ള നോട്ടവും കമന്റ്‌സുമാണ് നേരിടുന്നത്. തിരിച്ചൊന്ന് ശകാരിച്ചാല്‍ വിഷയം മാറും. പത്താം ക്ലാസ് വരെ ഒരാളെയും തോല്‍പ്പിക്കാന്‍ പാടില്ലാത്ത നിയമങ്ങള്‍, വിരട്ടാനൊന്ന് വടി കാട്ടിയാല്‍, മുഖം വീര്‍പ്പിച്ച് രണ്ട് വാക്കുച്ചരിച്ചാല്‍, ഒരല്‍പസമയം ക്ലാസിന്റെ പുറത്ത് നിറുത്തിയാല്‍ ഉടനെ എത്തും ചൈല്‍ഡ് ലൈന്‍ എന്ന പുത്തന്‍ കാലത്തെ വിദ്യാര്‍ത്ഥി സംരക്ഷണ സേന.
നന്മകള്‍ ചെയ്തില്ലെന്നല്ല, അമിതമായ ഇടപെടലിലൂടെ നശിക്കുന്നത് കുട്ടികളുടെ ഭാവിയാണ്. ആവശ്യത്തിന് അധ്യാപകര്‍ക്ക് വടിയെടുക്കാനും പേടിപ്പിക്കാനുമുള്ള സാഹചര്യം ലഭിക്കാത്തിടത്തോളം അറിവിന്‍ മുറ്റങ്ങളില്‍ കഞ്ചാവ് മാത്രമല്ല മദ്യക്കുപ്പികള്‍ പോലും എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അധ്യാപകര്‍ക്ക് മാന്യമായ പരിഗണന നല്‍കുന്ന കുട്ടികളുടെ നല്ല ഭാവിക്കായുള്ള ഇടപെടല്‍ പ്രത്യാശിക്കുന്നു.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Child Line, Article, Ganja, Trending, Top-Headlines, Child Line Deserving Correction, Article