ചിത്രലോകത്തേക്ക് കാൽവെച്ച് കാസർകോട്ടു നിന്നും ഒരു നാട്ടുമ്പുറത്തുകാരി, സി എ മുഫീദ
Aug 24, 2020, 16:48 IST
അസ്ലം മാവിലെ
(www.kasargodvartha.com 24.08.2020) ഗുരുവില്ല; ചിത്രരചനയുടെ ബാലപാഠമറിയില്ല; വരച്ചതു തിരുത്താൻ അടുത്താരുമില്ല. വെറുതെ പേനയും ബ്രഷുമെടുക്കാൻ തോന്നി, വരയുടെ ലോകത്തേക്കങ്ങനെ നിശബ്ദം കാൽ വെച്ചു തുടങ്ങി. കുറെ ശ്രമിച്ചു. ശരിയാകാത്തപ്പോഴൊക്കെ കടലാസുകൾ ചുരുട്ടിക്കൂട്ടി, ആരും കാണാതെ ജനാലയ്ക്ക് പുറത്തേക്കെറിഞ്ഞു. എന്നിട്ടും തൻ്റെ ശ്രമം പാതിവഴിയിൽ നിർത്തിയില്ല, പിന്നെയും പിന്നെയും വര തുടർന്നു കൊണ്ടേയിരുന്നു.
അപ്പോൾ കൂടെയുണ്ടായിരുന്ന കരുത്ത് ആത്മവിശ്വാസം മാത്രം, കാലിടർച്ചകൾ പുതിയ പ്രഭാതങ്ങൾ പോലെ ഊർജ്ജം നൽകി.
"നീ ശരിയാകില്ലെന്ന് " പറഞ്ഞ് തിരിച്ചയക്കാൻ ബീഥോവന് ഗുരുവെങ്കിലുമുണ്ടായിരുന്നല്ലോ. അങ്ങിനെ ഒരാളിൻ്റെ നിഴൽ പോലും ഈ യുവകലാകാരിക്കുണ്ടായിരുന്നില്ല. ആകെ പ്രചോദനം എന്തെന്നോ? പരാജയമെന്നത് വീണ്ടും ശ്രമിക്കാനുള്ള അവസരമെന്ന് പറയുകയും അതിൽ വിജയിക്കുകയും ചെയ്ത ഹെൻറി ഫോർഡിൻ്റെ മാന്ത്രിക വാചകം മാത്രം.
ഇത് മുഫീദ, സി എ മുഫീദ. കാസർകോട്ടുനിന്നുള്ള ഒരു നാട്ടുമ്പുറത്തുകാരി. അവൾ ഇന്ന് പക്ഷെ, തൻ്റേതായ ശൈലിയിൽ വരയുടെ ലോകത്തേക്ക് കാൽവെച്ച് തുടങ്ങിയ യുവകലാകാരിയാണ്.
അറബിക് കലിഗ്രഫിയോട് സാമ്യം നിൽക്കുന്ന വിസ്മയകരമായ കരവിരുത് കാട്ടുന്ന ഈ കലാകാരി കൂടുതലും ഖുർആൻ വചനങ്ങളാണ് കാൻവാസിൽ പകർത്തിയിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് വടിവൊത്ത അറബിക് അക്ഷരങ്ങൾ കലണ്ടറിൽ കണ്ണുടക്കിയപ്പോൾ തുടങ്ങിയ ഒരു നേരമ്പോക്കായിരുന്നു മുഫീദയിലെ ചിത്രകാരിയെ ഉണർത്തിയത്. പിന്നെ പിറകോട്ട് തിരിഞ്ഞു നോക്കിയില്ല. പിന്തിരിയാനും അവളുടെ മനസ്സ് അനുവദിച്ചുമില്ല.
വീട്ടുകാരും ബന്ധുക്കളും നല്ലവണ്ണം പ്രോത്സാഹനം നൽകിയതോടെ മുഫീദ ബ്രഷും പെന്നും താഴെ വെച്ചില്ല. വാൾ ഫ്രെയ്മ്സ്, കപ്പ്, പേപ്പർ എല്ലായിടത്തും ഈ ആർടിസ്റ്റ് വരക്കും. അവൾ സൃഷ്ടിച്ച പല വാങ്മയ പോർട്രയ്റ്റുകളും സ്വന്തം വീട്ടകമതിലുകളിൽ ഇതിനകം ഇടം പിടിച്ചു കഴിഞ്ഞു.
നല്ലൊരു കാരിക്കേച്ചർ ആർടിസ്റ്റ് കൂടിയാണ് ഇന്ന് മുഫീദ. കറുപ്പാണ് ഇഷ്ട നിറം. മറ്റു നിറങ്ങളും പരീക്ഷിക്കുന്നുമുണ്ട്. ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങണം, എഫ് ബി പേജിൽ തൻ്റെ വരകൾ കലാസ്വാദകർക്ക് പരിചയപ്പെടുത്തണം. ഈ മേഖലയിൽ കൂടുതൽ അറിവ് നേടണം. കലിഗ്രഫിയുടെ ബാലപാഠങ്ങളും എഴുത്തു രീതികളും ഗുരുമുഖത്ത് നിന്ന് പഠിക്കണം. ഇന്ത്യയിലും ലോകത്തെമ്പാടുമുള്ള കലിഗ്രാഫി കലാകാരന്മാരെ അടുത്ത് നിന്ന് പരിചയപ്പെടണം. പ്രശസ്ത കലിഗ്രാഫറും അയൽ ഗ്രാമക്കാരനുമായ ഖലീലുല്ലാഹ് സാറിൽ നിന്നും അഭിപ്രായങ്ങൾ അറിയണം. അദ്ദേഹത്തിൻ്റെ മായിക വരകളിലെ ഓജസ്സും തേജസ്സും ആസ്വദിക്കണം. വരയിൽ കൂടുതൽ പെർഫെക്ഷൻ ഉണ്ടാക്കണം. ഒപ്പം തൻ്റെ കൈ കുറ്റങ്ങൾ തിരുത്തി ചിത്രകാരിയിൽ നിന്നും കലിഗ്രാഫറിലേക്ക് കൂടുമാറ്റം നടത്തണം. കാസർകോട് നിന്ന് 7 കി.മീ. അകലെയുള്ള പട്ലയിൽ താമസിക്കുന്ന യുവകലാകാരിയായ മുഫീദ മനസ്സു തുറക്കുന്നു. കൂഫിയ്യ്, തുലൂത്ത്, നസ്ഖ്, ഫാര്സി, ജീവാനി, റുഖഅ് എന്നീ ആറ് രീതിയിലുള്ള കലിഗ്രഫിക് മാതൃകകള് പഠിക്കാനും വരച്ചു ശീലിക്കാനും മുഫീദയ്ക്ക് അതിയായ ആഗ്രഹമുണ്ട്.
വളരെ ആകർഷകവും സൗന്ദര്യത്മകവുമായ രൂപത്തിൽ മുളന്തുമ്പ് കൊണ്ടോ പേനകൊണ്ടോ ഒറ്റവരയിൽ അക്ഷരങ്ങൾ ക്യാൻവാസിൽ കോറിയിടുന്ന മാന്ത്രിക കലാപ്രവർത്തനമാണ് കലിഗ്രഫിയെന്ന് അവൾക്കറിയാം, അതിൻ്റെ ഏറ്റവും ഉദാത്തമായ പൂർണ്ണത കാണുക അറബിയിലെന്നും. ചിത്ര ലോകത്തിലെ കുലപതിയായ പാബ്ലോ പിക്കാസോ അറബിക് കലിഗ്രഫിയെ ഏറെ അത്ഭുതകരമായ കലയായിട്ടാണത്രെ വിശേഷിപ്പിച്ചത്. ഇന്ന് കലിഗ്രഫിയാണെങ്കിൽ ഒരു അക്കാദമി വിഷയം കൂടിയുമാണ്. തൻ്റെ വരയിൽ കൂടുതൽ പെർഫെക്ഷൻ ഉണ്ടാക്കി, കൈ കുറ്റങ്ങൾ പരമാവധി തിരുത്തി ചിത്രകാരിയിൽ നിന്നും കലിഗ്രാഫറിലേക്ക് കൂടുമാറ്റാനുള്ള ശ്രമത്തിലാണ് മുഫീദയിപ്പോൾ.
കാസർകോട് ഗവ. കോളേജിൽ മൂന്നാം വർഷ ഗണിത ശാസ്ത്ര ബിരുദ വിദ്യാർഥിനിയാണ് മുഫീദ. സി എ മുഹമ്മദ്-അസ്മ ദമ്പതികളാണ് അവളുടെ മാതാപിതാക്കൾ. ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയർ മഷ്ഹൂദ് (അബൂദാബി അഡ്നോക്), ഐ ടി എഞ്ചിനീയർ മുർഷിദ എന്നിവരാണ് സഹോദരങ്ങൾ. കാർടൂണിസ്റ്റ് മുജീബ് പട്ല, യുവ കവിയും നോവലിസ്റ്റുമായ സാൻ മാവില എന്നിവർ മാതൃസഹോദരപുത്രന്മാരുമാണ്.
ചിത്ര ലോകത്തും കാരിക്കേച്ചർ രംഗത്തും തുടക്കക്കാരിയായ സി എ മുഫീദ കലാസ്വാദകരിൽ നിന്നും വലിയ പ്രോത്സാഹനമാണ് പ്രതീക്ഷിക്കുന്നത്.
Keywords: Article, Kasaragod, Kerala, Aslam Mavile, Painting, CA Mufeeeda, CA Mufeeda, Native of Kasargod, set foot in the world of painting