city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി. രാഘവന്‍ മാസ്റ്റര്‍ വിടവാങ്ങിയിട്ട് അഞ്ചാണ്ട്

-രവീന്ദ്രന്‍ പാടി

(www.kasargodvartha.com 16/02/2015) ബഹുഭാഷാ പണ്ഡിതനും വിവര്‍ത്തകനും ഗവേഷകനും ആയ സി. രാഘവന്‍ മാസ്റ്റര്‍ കഥാവശേഷനായിട്ടു ഫെബ്രുവരി 20നു അഞ്ചാണ്ട്. സഞ്ചരിക്കുന്ന ഒരു സര്‍വ്വ വിജ്ഞാന കോശമായിരുന്നു അദ്ദേഹം.

1932 ഉദുമ പടിഞ്ഞാര്‍ തെരു ഒദോത്ത് ജനിച്ച രാഘവന്‍, 2010 ഫെബ്രുവരി 20നായിരുന്നു അന്തരിച്ചത്. കന്നഡ, മലയാളം ഭാഷകള്‍ക്കിടയില്‍ ഒരു പാലമായി വര്‍ത്തിച്ച അദ്ദേഹം ഇരു ഭാഷകളിലെയും കനപ്പെട്ട കൃതികള്‍ അങ്ങോട്ടുമിങ്ങോട്ടും വിവര്‍ത്തനം ചെയ്തു. തുളു ഭാഷയെയും സാഹിത്യത്തെയും കുറിച്ച് അദ്ദേഹം എഴുതിയ തുളു: നാടും ഭാഷയും നാട്ടറിവും എന്ന പുസ്തകം ഏറെ പ്രധാനമാണ്.

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഒ. ചന്തു മേനോന്റെ ഇന്ദുലേഖയുടെ കന്നഡ വിവര്‍ത്തനത്തിനാണ് രാഘവന്‍ മാസ്റ്റരെ 1988ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം തേടിയെത്തിയത്.

കന്നഡയില്‍ നിന്നു മലയാളത്തിലേക്ക് ഇരുപത്തി രണ്ടും മലയാളത്തില്‍ നിന്നു കന്നഡയിലേക്കു ഏഴും പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തി.

എം.ടി.യുടെ രണ്ടാമൂഴം, ഭീമായണ എന്ന പേരില്‍ കന്നഡയിലേക്കും ചന്ദ്രശേഖര കമ്പാറിന്റെ സിങ്കാരവ്വ മത്തു അരമനെ എന്ന നോവല്‍ കൂലോത്തെ ചിങ്കാരമ്മ എന്ന പേരില്‍ മലയാളത്തിലേക്കും പ പരിഭാഷപ്പെടുത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. യു.ആര്‍. അനന്തമൂര്‍ത്തിയുടെ ദിവ്യം എന്ന നോവല്‍ മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്തതിനു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

കയ്യൂര്‍ സമരത്തെ ആസ്പദമാക്കി കന്നഡയില്‍ നിരഞ്ജന എഴുതിയ ചിരസ്മരണ എന്ന നോവല്‍ അതേ പേരില്‍ മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്തുകൊണ്ടാണ് രാഘവന്‍ മാസ്റ്റര്‍ വിവര്‍ത്തന മേഖലയില്‍ ചുവടുറപ്പിച്ചത്.

സി. രാഘവന്‍ മാസ്റ്റര്‍ വിടവാങ്ങിയിട്ട് അഞ്ചാണ്ട്പട്ടോലപ്പെരുമ, പമ്പ ഭാരതം പരിഭാഷ എന്നിവ രാഘവന്‍ മാസ്റ്ററുടെ മറ്റു രണ്ടു ശ്രദ്ധേയമായ കൃതികളാണ്. സാറ അബൂബക്കര്‍, ബൊളുവാര്‍ മുഹമ്മദ് കുഞ്ഞി എന്നിവരുടെ കൃതികള്‍ മലയാളത്തിലേക്കും, അയ്യപ്പപ്പണിക്കരുടെ കവിതകള്‍ കന്നഡയിലേക്കും വിവര്‍ത്തനം ചെയ്തു.

കാസര്‍കോടിന്റെയും വിശേഷിച്ച് തുളുനാടിന്റെയും ചരിത്രവും നാടോടി വിജ്ഞാനീയവും പുറം ലോകത്തെ അറിയിക്കാനും അതു രേഖപ്പെടുത്തിവെക്കാനും രാഘവന്‍ മാസ്റ്റര്‍ നടത്തിയ സേവനങ്ങള്‍ വളരെ വലുതാണ്.

അധ്യാപകന്‍, വിദ്യാഭ്യാസ ഓഫീസര്‍, സ്‌കൗട്ട് ഇന്‍സ്‌പെക്ടര്‍, പത്രാധിപര്‍, സംഘാടകന്‍, മദ്യവര്‍ജന പ്രവര്‍ത്തകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം നിറഞ്ഞു നിന്നു.

ഫെബ്രുവരി 19നു കാസര്‍കോട് ഗവ.കോളജില്‍ രാഘവന്‍ മാഷെ അനുസ്മരിക്കും. കോളജിലെ മലയാളം-കന്നഡ വകുപ്പുകളും കാസര്‍കോട് സാഹിത്യ വേദിയും നടത്തുന്ന പരിപാടി രാവിലെ 10 മണിക്ക് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. കെ.പി.അജയ കുമാര്‍ ഉദ്ഘാടനം ചെയ്യും. നാരായണന്‍ പേരിയ അനുസ്മരണ പ്രഭാഷണം നടത്തും. റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും. ഡോ. രത്‌നാകര മല്ലമൂല, ഡോ. കെ.എസ്. സുഷമ കുമാരി, കെ.വ്ി. കുമാരന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia