city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി. രാഘവന്‍ മാസ്റ്ററുടെ മായാത്ത ഓര്‍മകള്‍

ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 11/02/2015) ഓര്‍മകളുടെ ഇടവഴികളില്‍ തിരിഞ്ഞു നടക്കുമ്പോള്‍ പല മുഖങ്ങളും ഓരോ വളവിലും തങ്ങി നില്‍ക്കും. വായനയിലും എഴുത്തിലും തുടങ്ങിയ ബാലസാഹിത്യ കുസൃതിയില്‍ നിന്നും മെല്ലെ സാംസ്‌കാരിക സാഹിത്യ ലോകത്തിന്റെ പട്ടണപ്രവേശം നടത്തുമ്പോള്‍ കാസര്‍കോട് സാഹിത്യ വേദിയുമായി വളരെ അടുത്തു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നു. ഗള്‍ഫ് ജീവിതത്തിനിടയില്‍ കിട്ടുന്ന അവധി നാളുകളിലെ പല സന്ധ്യകളും സാഹിത്യ സദസ്സുകളില്‍ കേള്‍വിക്കാരുടെ മുന്‍ നിരയില്‍ ഇരുന്ന നാളുകള്‍.

സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്ന സി. രാഘവന്‍ മാസ്റ്റരാണ് അന്ന് സാഹിത്യവേദിയുടെ പ്രസിഡന്റ്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന നല്ലൊരു അധ്യാപകനായതുകൊണ്ട് സാഹിത്യ തല്‍പരനായിരുന്ന മാഷുമായി പരിചയപ്പെട്ടു. എന്റെ ചില സൃഷ്ടികള്‍ വായിച്ച് നല്‍കിയ പ്രോത്സാഹനം കൂടുതല്‍ അടുക്കാനുള്ള പ്രചോദനമായി. ഗള്‍ഫില്‍ നിന്നും നാട്ടില്‍ എത്തിയാല്‍ കുടുംബസന്ദര്‍ശനം പോലെ തന്നെ രാഘവന്‍ മാസ്റ്റരുടെ വീട്ടിലും എത്തും.  ഒരു കാരണവരുടെ വാത്സല്യത്തോടെ സന്തോഷം നിറഞ്ഞ ആ സ്വീകരണം അനുഭവിച്ചവര്‍ക്ക് ഒരിക്കലും ആ മുഖം മറക്കാന്‍ പറ്റില്ല.

ഭാഷാ സംഗമ ഭൂമിയായ കാസര്‍കോട് കന്നട മലയാള സാഹിത്യ സംഗമത്തിന് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണല്ലോ മാഷ്.  ''ഭാഷകളും സംസ്‌കാരങ്ങളും പരസ്പരം ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോഴാണ് സാമൂഹികമായ അസ്വസ്ഥതകള്‍ വളരുന്നത് ഈ പ്രശ്‌നം പരിഹരിക്കാന്‍ ഒരു വിവര്‍ത്തകന് കഴിയും.''  ഈ വാക്കുകള്‍ 1998ല്‍ വിവര്‍ത്തനത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ അവസരത്തില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പിന് വേണ്ടി ഞാന്‍ നടത്തിയ അഭിമുഖത്തില്‍ സി. രാഘവന്‍ മാസ്റ്റരുടേതാണ്.

ദക്ഷിണ ഭാഷാ ബുക്ക് ട്രസ്റ്റിനു വേണ്ടി പി. കേശവദേവിന്റെ ഓടയില്‍ നിന്ന് കന്നടയിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ട് ആരംഭിച്ച മാസ്റ്റര്‍ ജ്ഞാനപീഠം ജേതാക്കളായ നാലു സാഹിത്യകാരന്മാരുടെ കൃതികള്‍ ഭാഷാന്തരണം നിര്‍വ്വഹിക്കാനുള്ള ഭാഗ്യം ലഭിച്ച എഴുത്തുകാരനാണ്.

1994ല്‍ നാഷണല്‍ ബുക്ക് ട്രസ്റ്റിന് വേണ്ടി മലയാളത്തിലെ ആദ്യ നോവലായ 'ഇന്ദുലേഖ' കന്നടയിലേക്ക് നടത്തിയ വിവര്‍ത്തനത്തിനാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.  ഗള്‍ഫില്‍ നിന്നും അവധിയില്‍ ഞാന്‍ എത്തിയ സമയത്താണ് ഈ വാര്‍ത്ത അറിയുന്നത്.  ഉടനെ പതിവുപോലെ രാഘവന്‍ മാസ്റ്റരെ കാണാന്‍ വീട്ടില്‍ എത്തി.  വലിയ സന്തോഷത്തോടെ സ്വീകരിച്ചിരുത്തി.  തമാശയും ഗൗരവവും എല്ലാം കടന്ന് സംസാരം നീണ്ടപ്പോള്‍ ചായയുമായി മാസ്റ്റരുടെ ഭാര്യയും എത്തി.  ഏറെ സ്‌നേഹമുള്ള ഗിരിജാമ്മയാണ് അത്.  വീട്ടുകാര്യങ്ങളും സുഖവിവരങ്ങളും എല്ലാം അവരും അന്വേഷിക്കും.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് സ്വീകരിക്കാന്‍ ഡല്‍ഹിയില്‍ പോകണം. അതിന്റെ ഒരുക്കത്തിലാണ് മാഷ്. ആദ്യമായി ഒരു വിമാന യാത്ര തരപ്പെട്ടിരിക്കുന്നു. അതിന്റെ സന്തോഷവും ഒരു കുട്ടിയുടെ കൗതുകത്തോടെ മാസ്റ്റര്‍ പങ്ക് വച്ചു. ഏറെ വിമാന യാത്രകള്‍ ചെയ്തതുകൊണ്ട് ഞാനും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എല്ലാം പറഞ്ഞു കൊടുത്തു. വലിയ അദ്ധ്യാപകനായ അദ്ദേഹം ഒരു വിദ്യാര്‍ത്ഥിയെപ്പോലെ എല്ലാം ശ്രദ്ധയോടെ കേള്‍ക്കുമ്പോള്‍ ആവേശത്തില്‍ ഓരോന്നും വിവരിച്ചു. വസ്ത്രധാരണം വരെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ എത്തി. മംഗളൂരു വിമാനത്താവളത്തിലേക്കുള്ള ടാക്‌സിയുടെ കാര്യം ഞാന്‍ ഏറ്റെടുത്ത ശേഷമാണ് യാത്ര പറഞ്ഞത്.

ഡല്‍ഹി യാത്രയുടെ ദിവസം സമയത്തിന് പരിചിതനായ ടാക്‌സിക്കാരനെയും വിളിച്ച് ഞാന്‍ പുലിക്കുന്നിലെ സി രാഘവന്‍ മാസ്റ്ററിന്റെ വിട്ടിലെത്തി. മക്കളും മരുമക്കളും കുട്ടികളുമെല്ലാം വളരെ സന്തോഷത്തില്‍ ഒരുങ്ങി നില്‍ക്കുന്നു. പിന്നെ താമസിച്ചില്ല. യാത്ര തുടങ്ങി. മംഗലാപുരം എത്തുന്നവരെ തന്റെ സാഹിത്യ ജീവിതവും പിന്നിട്ട വഴികളും ഓരോന്നും മാസ്റ്റര്‍ നര്‍മ്മത്തില്‍ ചാലിച്ച് നിര്‍ത്താതെ പറഞ്ഞു കൊണ്ടിരുന്നു.

സാഹിത്യങ്ങള്‍ വളരുന്നത് പരിഭാഷയിലൂടെയാണ്. ഇംഗ്ലീഷ് ലോകത്തോളം വളര്‍ന്നത്അങ്ങനെയാണ്. അറബി ഭാഷയും പരിഭാഷയിലൂടെ സ്വയം ധന്യത നേടി. ടോളമിയുടെ ഖറോള സിദ്ധാന്തവും ബ്രഹ്മഗുപ്തന്റെ ബ്രഹ്മസ്ഫട സിദ്ധാന്തവും പ്രവഞ്ച വിജ്ഞാന വേദിയിലെത്തിയത് അറബി പരിഭാഷകളിലൂടെയാണ്. കന്നടത്തിലെ പല പ്രമുഖരുടെയും സാഹിത്യ ഗ്രന്ഥങ്ങള്‍ മലയാളത്തിലെക്ക്, മലയാളത്തിലെ മുഖ്യ സൃഷ്ടികള്‍ പലതും കന്നടയിലെയ്ക്ക് പരിഭാഷപ്പെടുത്തി സി. രാഘവമാസ്റ്റര്‍ ഭാഷകള്‍ തമ്മിലുള്ള അകലം കുറച്ചു.

കേന്ദ്ര സാഹിത്യ അവാര്‍ഡ് വാങ്ങി വന്നതിന് ശേഷം എവിടെയോ വെച്ച് കണ്ടു മുട്ടിയപ്പോള്‍ മാസ്റ്റര്‍ പതിവ് സുഖവിവരം അന്വേഷണങ്ങള്‍ക്ക് ശേഷം ഗൗരവ്വത്തില്‍ പറഞ്ഞു. സമയമുണ്ടെങ്കില്‍ നാളെ ഒന്ന് വിട്ടില്‍ വരണം ചെറിയ ഒരു സഹായം ചെയ്ത് തരണം.  നാളെ മാത്രമല്ല ഇടക്കിടെ സമയം കിട്ടുമ്പോള്‍ വരേണ്ടി വരും. സാറ് പറഞ്ഞതിന്റെ പൊരുള്‍ അറിയാതെ മിഴിച്ചു നിന്നപ്പോള്‍ മാസ്റ്റര്‍ ചിരിയോടെ തുടര്‍ന്നു. ചിന്തിക്കാന്‍ ഒന്നുമില്ല. ഒരു കാര്യത്തില്‍ ചില സംശയങ്ങള്‍ തീര്‍ക്കാനും ചില വാക്കുകളുടെ അര്‍ത്ഥം അറിയാനുമാണ്. അദ്ധ്യാപകനും എഴുത്തുകാരനുമായ മാസ്റ്റര്‍ക്ക് ഞാന്‍ എന്തു സംശയമാണ് തീര്‍ത്തു കൊടുക്കേണ്ടത്.

ചിന്തയോടെ പിറ്റെ ദിവസം രാഘവന്‍ മാസ്റ്റരുടെ വീട്ടിലേക്ക് യാത്രയായി. മാഷ് പുസ്തകങ്ങളും കടലാസും എല്ലാം ഒരുക്കി ഏതോ വലിയ എഴുത്തിന്റെ തിരക്കിലാണ് അല്പം മടിയോടെ മുറ്റത്ത് നിന്നപ്പോള്‍ അദ്ദേഹം അകത്തേക്ക് ക്ഷണിച്ചു.  മുന്നിലെ കസേരയിലേക്ക് ഇരിക്കാന്‍ പറഞ്ഞു.  മാഷിന്റെ എഴുത്ത് ശ്രദ്ധിച്ച് അങ്ങനെ ഞാന്‍ ഇരുന്നു. ഏറെ കഴിഞ്ഞ് കടലാസ്സും പേനയും എല്ലാം മാറ്റി വെച്ച് ഒരു പുസ്തകം എടുത്ത് വായിച്ചു തുടങ്ങി.

അത് പ്രസിദ്ധ കന്നട  നാടകകൃത്തായ എച്ച്. എസ്. ശിവ പ്രാകാശിന്റെ ''ടിപ്പുസുല്‍ത്താന്‍'' എന്ന നാടകമാണ്. ടിപ്പു എന്ന ദേശാഭിമാനിയുടെ ധീരതയുടെയും രാജ്യസ്‌നേഹത്തിന്റെ ഭരണ തന്ത്രത്തിന്റെയും വിവിധ മുഖങ്ങള്‍ അനാവരണം ചെയ്യുന്ന ഈ കൃതി മലയാളത്തിലെക്ക് തര്‍ജ്ജിമ ചെയ്യാനുള്ള ഒരുക്കത്തിലാണ്. രാഘവന്‍ മാസ്റ്റര്‍ കന്നടയില്‍ കുറെ വായിച്ച് എന്നെ നോക്കി ഒന്ന് ചിരിച്ച് ''എന്താ മനസ്സിലാകുന്നുണ്ടോ? ''എനിക്ക് അധികമായി കന്നട അറിയില്ല. ഞാന്‍ സത്യം പറഞ്ഞപ്പോള്‍ ഒന്ന് കൂടി ഉറക്കെ ചിരിച്ചു.

സി. രാഘവന്‍ മാസ്റ്ററുടെ മായാത്ത ഓര്‍മകള്‍ഈ കൃതിയില്‍ കന്നട മാത്രമല്ല അറബി, പാഴ്‌സി അങ്ങനെ പല ഭാഷകളും കടന്ന് കൂടിയിട്ടുണ്ട്.  നീ കൂറെ കാലം ഗല്‍ഫില്‍ ജീവിച്ചതല്ലേ? സംഭാഷണ രീതിയിലുള്ള അറബി പദങ്ങളുടെ അര്‍ത്ഥം അറിയാമല്ലോ?  കൗതുകത്തോടെ മാസ്റ്റര്‍ കാര്യം പറഞ്ഞു.  എനിക്ക്  വലിയ സന്തോഷമായി.  മലയാളത്തിലെ പ്രമുഖമായ ഒരു വാരികയ്ക്ക് വേണ്ടിയാണ് പരിഭാഷ... മാസ്റ്റര്‍ ഉരുവിടുന്ന അറബി പദങ്ങള്‍ക്ക് ഞാന്‍ മലയാളത്തില്‍ എനിക്ക് അറിയാവുന്ന രീതിയില്‍ ഉച്ചാരണങ്ങള്‍ പറഞ്ഞു തുടങ്ങി.  ഒരോ ദിവസവും ചില മണിക്കൂറുകള്‍ ഇതിനായി ചിലവഴിക്കും.

മാസ്റ്റരുടെ ഭാര്യ എന്തെങ്കിലും കഴിക്കാന്‍ ഉണ്ടാക്കി തരും. ഒരു ദിവസം കൊണ്ട് തന്നത് നല്ല പഴുത്ത ചക്കയാണ്. ഗള്‍ഫ് ജീവിതത്തിനിടയില്‍ നഷ്ടപ്പെടുന്ന സൗഭാഗ്യങ്ങളാണ് നാട്ടു മാങ്ങയും ചക്കയും എല്ലാം. അമ്മ തന്ന മധുരമുള്ള ചക്ക വളരെയധികം കഴിച്ചു. പിന്നീട് മാസ്റ്ററെ കാണാന്‍ ചെന്നാല്‍ ആദ്യം ചക്കയുണ്ടോ എന്ന ചോദ്യമായിരുന്നു. അമ്മ തമാശയായി പറയും. ചക്ക പഴുക്കുന്ന സമയത്ത് തന്നെ അവധിയെടുത്തു വന്നാല്‍ വയറ് നിറയെ തരാം.

സ്‌നേഹനിധിയായ സി. രാഘവന്‍ മാസ്റ്റരുടെ ചിരി നിറഞ്ഞ മുഖം ഇപ്പോഴും ഓര്‍മ്മയില്‍ ചക്കയുടെ മധുരം നിറക്കും.  ഒരു അവധിയില്‍ വന്നപ്പോള്‍ തീരെ അവശനായി ആസ്പത്രിയിലാണെന്ന് അറിഞ്ഞു.  കാണാന്‍ പോയി.  രോഗാവസ്ഥയിലും  എന്നെ തിരിച്ചറിഞ്ഞു.  അധികം സംസാരിക്കാന്‍ പറ്റുന്നില്ലെന്ന് പതുക്കെ പറഞ്ഞു.  അപ്പോഴും സാഹിത്യത്തില്‍ ഇനിയും ചെയ്തു തീര്‍ക്കാനുള്ള ചില പുസ്തകങ്ങളെപ്പറ്റിയായിരുന്നു ചിന്ത.

രണ്ടു ദിവസങ്ങള്‍ക്കു ശേഷം മാസ്റ്റര്‍ മരിച്ച വിവരമറിഞ്ഞു. ഓടിയെത്തി. നിശ്ചലമായ ആ ശരീരത്തിന് മുന്നില്‍ അപ്പോഴും മന്ദഹസിക്കുന്ന ആ മുഖഭാവം കണ്ട് കണ്ണുകള്‍ നിറഞ്ഞു.  സുഹൃത്തും പിതാവും അധ്യാപകനും എല്ലാമായി അവതരിക്കാന്‍ കഴിഞ്ഞ ആ ജന്മം സൗഹൃദം പങ്കിട്ടവര്‍ക്ക് ഏറെ സ്മരണകള്‍ സമ്മാനിക്കും.  ചിലരോടുള്ള ബന്ധങ്ങള്‍ ഇങ്ങനെയാണ്.  എത്ര വര്‍ഷങ്ങള്‍ കടന്നുപോയാലും മനസ്സില്‍ നിന്നും പോകുന്നില്ല.  കാസര്‍കോടിന്റെ സാംസ്‌കാരിക പരിസരങ്ങളില്‍ ചേര്‍ന്നു നടക്കുമ്പോള്‍ പ്രോത്സാഹനവും ഊര്‍ജ്ജവും നല്‍കിയ സി രാഘവന്‍ മാസ്റ്റര്‍ കൂടെ തന്നെ ഉണ്ടെന്ന ഒരു തോന്നല്‍ എപ്പോഴും ഉണ്ടാകും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.



Keywords : Article, Ibrahim Cherkala, Remembrance, Kasaragod, Kerala, C. Raghavan Master. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia