city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അനുഭവങ്ങളുടെ അഗ്‌നിപ്രഭയുമായി ഇബ്രാഹിം ചെര്‍ക്കളയുടെ പ്രവാസി കഥകള്‍

ഇബ്രാഹിം ചെര്‍ക്കളയുടെ കൃതികളെ കുറിച്ച് ഒരു അവലോകനം

രാഘവന്‍ ബെള്ളിപ്പാടി

പ്രവാസി ജീവിതത്തിന്റെ അനുഭവതീക്ഷ്ണതയുമായി ഇബ്രാഹിം ചെര്‍ക്കള കഥയുടെ അനിര്‍വചനീയമായ ഒരു ഭൂമിക നമുക്ക് മുമ്പില്‍ തുറന്നിടുന്നു. ഉപജീവനാര്‍ത്ഥം രണ്ടു പതിറ്റാണ്ടുകാലം മണലാരണ്യത്തില്‍ ചുട്ടുപൊള്ളുന്ന കാഴ്ചകളും കുളിര്‍മയുള്ള ഓര്‍മകളും ബാക്കിവെച്ച ഈ അക്ഷരസ്‌നേഹി കാസര്‍കോടിന്റെ ഭാഷയില്‍ നമുക്ക് സമ്മാനിച്ചത് എട്ട് പുസ്തകങ്ങളാണ്. നന്മയുടെ ഈ മനസ് കാലത്തിന്റെ നെടുവീര്‍പ്പുകളും വീര്‍പ്പുമുട്ടലുകളും ആവാഹിച്ചെടുത്ത് ഗതകാലത്തെ ജീവിതസമസ്യകളെ പച്ചയായി അനാവരണം ചെയ്ത് കുറിക്കപ്പെട്ട കദനകഥകള്‍ ഗള്‍ഫ് ജീവിതത്തിന്റെ കയ്പുകളും ചവര്‍പ്പുകളും മധുരിമയും ഇഴകീറി വരച്ചിടുന്നു.

അനുഭവങ്ങളുടെ അഗ്‌നിപ്രഭയുമായി ഇബ്രാഹിം ചെര്‍ക്കളയുടെ പ്രവാസി കഥകള്‍ഇബ്രാഹിം ചെര്‍ക്കളയുടെ 'ശാന്തിതീരം അകലെ' എന്ന നോവല്‍ നമ്മുടെ കാലത്തെ നെറികളെ തന്മയീഭാവത്തോടെ ആവിഷ്‌കരിച്ചുകൊണ്ട് തന്റെ നോവലെഴുത്തിന്റെ സര്‍ഗധനത വിളിച്ചോതുന്നു.  ''എണ്ണപ്പാടങ്ങളിലെ ഓര്‍മക്കാറ്റുകള്‍'' തീക്ഷ്ണമായ ലൈംഗിക ചോദനയില്‍ വെന്തെരിയുന്ന പ്രവാസ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുടെ സമാഹാരമാണ്. സ്ത്രീപീഡനങ്ങളും തട്ടിക്കൊണ്ടുപോകലും നൈറ്റ് ക്ലബ്ബിലെ ലൈംഗിക വേഴ്ചകളും അരാജക ജീവിതത്തിന്റെ ഒടുവില്‍ വെറും കയ്യോടെ മടങ്ങി നാട്ടിലേക്ക് തിരിച്ചുവരേണ്ടവരുടെ കദനങ്ങളും ഇതില്‍ തലനീട്ടുന്നുണ്ട്. ഇടുങ്ങിയ ഫ്‌ളാറ്റുകളില്‍ ഒടുങ്ങുന്ന ജീവിതങ്ങളെ കൃത്യമായി ഒപ്പിയെടുക്കുവാന്‍ ഇബ്രാഹിം കാണിക്കുന്ന ആര്‍ജവം മാതൃകാപരം തന്നെ. ബെന്യാമിന്റെ ആടുജീവിതത്തിന്റെ അടുത്തുനിര്‍ത്താന്‍ തക്ക ആക്കവും തൂക്കവും പ്രകടമാക്കുന്ന അനുഭവകഥകളാണ് 'മണലാരണ്യത്തിലെ നെടുവീര്‍പ്പുകള്‍'.

തന്റെ സഹപാഠിയായിരുന്ന പ്രമാണിയായ ഹമീദ് ഹാജിയുടെ മകള്‍ റഫീനയെ ആഗ്രഹിക്കുകയും ഒടുവില്‍ സീനത്തിനെ വരിക്കുകയും ചെയ്ത ഇഖ്ബാലിന്റെ ജീവിത കഥയാണ് 'സ്വപ്നസംഗമം' എന്ന മനോഹരമായ നോവല്‍. കേരളത്തിലെ ഗ്രാമീണത്തനിമയും ഗള്‍ഫിലെ കാഴ്ചകളും ഒക്കെ ഇഴചേര്‍ത്തു കിടക്കുന്ന നോവല്‍ ജീവിതത്തിന്റെ ആഗ്രഹങ്ങളില്‍ നിന്നും വ്യതിചലിച്ചു വേറൊന്നായിത്തീര്‍ന്ന മനുഷ്യജീവിതത്തിന്റെ ദുരിതയാഥാര്‍ത്ഥ്യങ്ങളെ ഒപ്പിയെടുക്കുന്നു.


ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എണ്ണയുടെ തണലില്‍ കിളിര്‍ത്ത സാമ്പത്തിക തിമിര്‍പ്പിലേക്ക് തീര്‍ത്താല്‍ തീരാത്ത ആഗ്രഹങ്ങളുടെ ഭാണ്ഡവുമായി തൊഴില്‍ തേടി വരുന്ന അസംഖ്യം മനുഷ്യരുടെ നൊമ്പരങ്ങള്‍ ഒന്നാണെന്ന തിരിച്ചറിവ് പ്രദാനം ചെയ്യുന്ന നോവലാണ് 'ഈ ജന്മം ഇങ്ങനെയൊക്കെ'.  ശ്രീലങ്കയിലെ സിംഹള സ്ത്രീയായ ഗീതയുമായുണ്ടായ ലൈംഗിക വേഴ്ചകളുടെ പ്രത്യാഘാതവുമായി ജീവിതം ഗള്‍ഫില്‍ ഹോമിക്കേണ്ടിവന്ന അഷ്‌റഫ് എന്ന മലയാളിയുടെ കഥയാണിത്. 'സിദ്ധപുരിയിലെ ആള്‍ദൈവങ്ങള്‍' സൈനുദ്ദീന്‍ എന്ന നിസഹായനായ മനുഷ്യന്‍ ചുറ്റുപാടിന്റെ സമ്മര്‍ദത്താല്‍ സൈനുല്‍ ആബിദീന്‍ തങ്ങളായി രൂപാന്തരപ്പെടുന്ന കാഴ്ചകള്‍ സ്വതസിദ്ധമായ ഭാഷയിലും ശൈലിയിലും നമുക്ക് വരച്ചുകാട്ടുകയാണ്.

അനുഭവങ്ങളുടെ അഗ്‌നിപ്രഭയുമായി ഇബ്രാഹിം ചെര്‍ക്കളയുടെ പ്രവാസി കഥകള്‍അന്ധവിശ്വാസങ്ങളുടെ ഇടയില്‍പ്പെട്ട് ഞെരിഞ്ഞമരുന്ന ഒരു തലമുറയുടെ കാഴ്ചപ്പുറമാണ് ഇതിലെ പ്രതിപാദ്യം. ദേവരാജപാണ്ഡെയുടെ കനിവും കൃതാര്‍ത്ഥതയും ഉണ്ടെങ്കില്‍ മാത്രമേ ഗ്രാമജീവിതങ്ങള്‍ക്ക് കണ്ണ്തുറക്കാനും തലനീട്ടാനും ആവൂ എന്നാണ് 'ശാന്തിതീരം അകലെ' എന്ന നോവല്‍ അനാവരണം ചെയ്യുന്നത്. സംഭവബഹുലമായ ഒരു കദനകഥയെ ഹൃദയസ്പര്‍ശിയായി പറഞ്ഞറിയിക്കാനുള്ള ഇബ്രാഹിമിന്റെ പാടവം നമ്മെ ഏറെ ബോധ്യപ്പെടുത്തുന്ന നോവലാണിത്. ഒരുപക്ഷേ അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായി കണക്കാക്കാവുന്നത് എന്ന് തന്നെ പറയാന്‍ ശേഷിയും ശേമുഷിയും ഉള്ള നോവല്‍.

പ്രമേയങ്ങള്‍ക്ക് വറുതിയില്ലാത്ത ഒരു എഴുത്തുകാരനാണ് ഇബ്രാഹിം ചെര്‍ക്കള. വെറുതെ വലിച്ചുനീട്ടി വായനക്കാരെ പൊറുതിമുട്ടിക്കാതെ ആവശ്യമുള്ളതുമാത്രം പറയുന്ന, ഒരര്‍ത്ഥത്തില്‍ കാമ്പുനോക്കി കഥപറയുന്ന അദ്ദേഹത്തിന്റെ സൃഷ്ടികള്‍ നമുക്കൊരിക്കലും വായിച്ചുതള്ളാതെ വായിച്ചു കൊള്ളാവുന്നത്ര കനവും കാന്തിയും വെച്ചു പുലര്‍ത്തുന്നവയുമാണ്. ഒരു ദശാബ്ദം മുമ്പുവരെ കത്തെഴുത്ത് നമ്മുടെ ജീവിതചര്യയായിരുന്നല്ലോ. പല ചരിത്രസംഭവങ്ങളുടെയും ജീവല്‍തുടിപ്പുകള്‍ അടയാളപ്പെടുത്തുന്ന കത്തനുഭവങ്ങളുടെ ഓര്‍മക്കുറിപ്പുകളായ 'കീറിക്കളയാത്ത ചില കുറിമാനങ്ങള്‍' എന്ന പുസ്തകവും, ജീവിതാവസ്ഥയുടെ മാറിമാറി വരുന്ന ഭാവപ്പകര്‍ച്ചകളുടെ നിറച്ചാര്‍ത്തുകളില്‍ പ്രകാശിതമായ 15 കഥകളുടെ സമാഹാരമായ 'റിയാലിറ്റി ഷോ'യും ഈ എഴുത്തുകാരന്റെ സൃഷ്ടിപ്രപഞ്ചത്തിന്റെ അഗ്‌നിപ്രഭയാണ്.

അടക്കവും ഒതുക്കവും വരികളില്‍ നിന്നും വരികളിലേക്ക് പോകുമ്പോള്‍ കാണിക്കുന്നുണ്ട് ഇബ്രാഹിം.  കെട്ടിപ്പൊക്കിയ കഥകളല്ല, അനുഭവത്തിന്റെ തീഷ്ണത നിറഞ്ഞ കഥകളായി അവ അനുവാചകരിലേക്ക് 'ജൈവപരത' നിലനിര്‍ത്തി വിളയാടുന്നുണ്ട് എന്ന് തന്നെ പറയാം. വേണ്ടത്ര കഥയുണ്ടായതുകൊണ്ട് ആയില്ല, അതു പറയുന്നതിലെ മിതത്വവും പരിപക്വതയുമാണ് പ്രധാനം. അതുണ്ടാക്കിയെടുത്ത് പറയേണ്ടതുപോലെ പറഞ്ഞ് വായനക്കാരന്റെ മനസിനെ തന്റെ കഥയോടൊപ്പം കൊണ്ടുനടക്കുവാന്‍ കഴിയുന്നുണ്ടെന്നതിലാണ് ഒരോ കഥാകാരന്റെയും നോവലിസ്റ്റിന്റെയും വിജയം. ഇബ്രാഹിം ചെര്‍ക്കളയുടെ ഓരോ സൃഷ്ടിയും മികച്ചുനില്‍ക്കുന്നത് സരസ്വതീ ദേവിയുടെ വരപ്രസാദം അദ്ദേഹത്തില്‍ ആവോളം പകര്‍ന്നുനല്‍കിയതിനാലാണ്.  ഈ പറയുന്ന മാനദണ്ഡങ്ങള്‍ക്കൊപ്പം അവ വ്യാപരിച്ചുനില്‍ക്കുന്നു എന്നതിനാലുമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Ibrahim Cherkala, Story, Book, Kasaragod, Article, Ragavan Bellippady.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia