city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഈ ചെറുപ്പക്കാര്‍ക്ക് ഒരു ബിഗ് സല്യൂട്ട്

കൂക്കാനം റഹ്മാന്‍

(www.kasargodvartha.com 13.01.2015) 'ഒത്തുപിടിച്ചാല്‍ നടക്കാത്ത കാര്യം ഒന്നൂല്യ' കുഗ്രാമമായ കൂക്കാനത്തെ പ്രായമായവര്‍ ഞങ്ങളെ പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. അത് ശരിയാണെന്ന് ആ പ്രദേശത്തുകാരായ ചുറുചുറുക്കുള്ള ചെറുപ്പക്കാര്‍ തെളിയിച്ചു. കേവലം അഞ്ചുമാസം കൊണ്ട് 10 കി.മീ ചര റോഡ് അവര്‍ നിര്‍മ്മിച്ചു. സംഭവം നടന്നത് അറുപതുകളിലാണ്.
എല്ലാം കൊണ്ടും പിന്നോക്കമായിരുന്നു അക്കാലത്ത് ഈ പ്രദേശം. ദാരിദ്ര്യം, നിരക്ഷരത എന്നിവ മൂലം സംഭവിക്കാവുന്ന ദുരവസ്ഥയിലായിരുന്നു നാടും നാട്ടുകാരും അന്ന്. പക്ഷെ അക്കാലത്തെ ചെറുപ്പക്കാരില്‍ കുറേ പേര്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടി. അതു വഴി അവര്‍ക്ക് നാടുവികസിക്കണമെന്നും, നാട്ടാര്‍ ഉണരണമെന്നും ബോധ്യം വന്നു.

ഒരു പാട് കാലം കാല്‍നടയാത്ര ചെയ്താണ് സര്‍വകാര്യങ്ങളും അവര്‍ സാധിച്ചെടുത്തത്. ചീമേനി, പുത്തൂര്‍, കുണ്ടുപൊയില്‍, കൂക്കാനം, പലിയേരി, ചീറ്റ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് റോഡില്ലാത്തതിനാല്‍  ഏറെ പ്രയാസപ്പെട്ടത്. മറ്റെല്ലാ പ്രദേശങ്ങളിലൂടെയും മണ്ണ് റോഡുകളോ, ചര റോഡുകളോ അന്നുണ്ടായിരുന്നു.

ഈ ചെറുപ്പക്കാര്‍ക്ക് ഒരു ബിഗ് സല്യൂട്ട്

ഈ പ്രദേശങ്ങളില്‍ നിന്നൊക്കെ ചെറുകച്ചവട കേന്ദ്രമുള്ള, ആഴ്ചച്ചന്തയുള്ള കരിവെള്ളൂരിലേക്ക് എത്തുക ബുദ്ധിമുട്ടുതന്നെയായിരുന്നു. മഴക്കാലത്ത് വയലും, തോടും നിറഞ്ഞൊഴുകും. നെഞ്ചോളം വെള്ളത്തില്‍ നടന്നാണ് അക്കരെയും ഇക്കരയും എത്തേണ്ടത്. ഒരു കി മീറ്ററോളം വരും വയല്‍ വഴി. അത് കടന്നെത്താന്‍ അരമണിക്കൂറെങ്കിലും എടുക്കും. ഈ വഴിയിലൂടെ, പ്രയാസപ്പെട്ട് നീന്തിക്കടന്നാണ് അക്കാലത്തെ കൗമാരക്കാര്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്.

അന്ന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തേണ്ട വിധമോ, രീതിയോ ഞങ്ങള്‍ക്കറിയില്ലായിരുന്നു. സമ്മര്‍ദം ചെലുത്തിയാലും നടക്കാന്‍ സാധ്യതയില്ല. പഞ്ചായത്ത് ഭരണ സംവിധാനങ്ങള്‍ക്ക് ഇക്കാലത്തെ പോലെ അധികാരമില്ലതാനും പിന്നെന്താണ് ചെയ്യുക? ഞങ്ങള്‍ നാലഞ്ച് ചെറുപ്പക്കാര്‍ ഒത്തുകൂടി ആലോചിച്ചു. ഒരു റോഡുവേണം. ആഗ്രഹം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ തടസങ്ങള്‍ നിരവധി. ആദ്യ തടസം തോടും വയലും തന്നെ.

അതിലൂടെ റോഡുണ്ടാക്കുകയെന്നത് അക്കാലത്ത് സംഭവ്യമാവില്ല. അതിനൊരു വഴി കണ്ടെത്തി. പെരളം റോഡ് കരിവെള്ളൂരുമായി ബന്ധിപ്പിക്കുന്ന കുപ്പിത്തോട് പാലം വഴി റോഡ് നിര്‍മ്മിച്ചാല്‍ ആ പ്രശ്‌നം പരിഹരിക്കാം. പക്ഷേ ഒരുപാട് വളവാണ് പ്രസ്തുതവഴി. അത്രയും സ്ഥലത്തെ ആളുകളെ കാണണം. അവരുടെ സമ്മതം വേണം എങ്കിലേ കാര്യം നടക്കൂ...

റോഡുവരുന്നതിനെ അക്കാലത്ത് ചിലര്‍ ഭയന്നിരുന്നു. മിക്ക വീടുകളിലും വാറ്റുണ്ടായിരുന്നു. മിക്കവരും സ്വന്തം ആവശ്യത്തിനുമാത്രം വാറ്റുന്നവരായിരുന്നു. എങ്കിലും എക്‌സൈസുകാര്‍ വന്നാല്‍ പ്രശ്‌നമാവില്ലേ? അത്തരമൊരുചര്‍ച്ചയും നടന്നിരുന്നു.

ചെറുപ്പക്കാരുടെ ആദ്യ ആലോചനയില്‍ വന്നകാര്യം ഒരു ക്ലബ്ബ് രൂപീകരിക്കുകയെന്നതായിരുന്നു. ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുകളുടെ കാലമായിരുന്നു അത്. അക്കാലത്ത് ക്ലബ്ബ് രൂപീകരിക്കലും വാര്‍ഷികം നടത്തലും യുവാക്കള്‍ക്ക് ഹരമായിരുന്നു. നാടകം സെലക്ട് ചെയ്ത് അഭിനയിക്കാന്‍ ചെറുപ്പക്കാര്‍ക്ക് ആവേശമായിരുന്നു അന്ന്. നാടൊട്ടുക്കും ക്ലബ്ബ് വാര്‍ഷികത്തിന് എത്തിച്ചേരും.

മാസങ്ങളോളം നാടകത്തെക്കുറിച്ചും, അഭിനേതാക്കളെക്കുറിച്ചും നാട്ടുകാര്‍ ചര്‍ച്ച നടത്തും. അങ്ങിനെ ഗ്രാമത്തിലെ ഹീറോ ആവാന്‍ നാടക അഭിനയത്തിലൂടെ സാധിക്കും എന്നതാണ് ചെറുപ്പക്കാരെ ഇതിലേക്കാകര്‍ഷിച്ചത്. അങ്ങിനെ 'നവോദയകലാസമിതിക്ക്' ഞങ്ങള്‍ രൂപം കൊടുത്തു. നാടക അഭിനയയം തുടങ്ങി. വാര്‍ഷികത്തിന്റെ രൂപ രേഖയൊക്കെ തയ്യാറാക്കി. എല്ലാവരേയും ഒന്നിച്ചുകിട്ടിയപ്പോള്‍ റോഡിന്റെ വിഷയം ചര്‍ച്ചയായി.

ഇനിയൊന്നും ആലോചിക്കാനില്ല. നമുക്ക് അടുത്ത ഞായറാഴ്ച പണി തുടങ്ങാം' ആവേശത്തോടെ ഏകശബ്ദത്തില്‍ എല്ലാവരും പറഞ്ഞു. പക്ഷേ എവിടെനിന്ന് തുടങ്ങും? ചെറിയ ചെറിയ പറമ്പുകളാണ്. ഉയരത്തില്‍ മണ്‍കയ്യാല, ചില പറമ്പുകള്‍ക്ക് പാതാറ് കെട്ടിയിട്ടുണ്ട്, കിളകളില്‍ ചിലയിടങ്ങളില്‍ ആനവലിപ്പത്തിലുള്ള കരിങ്കല്ലുകളുണ്ട് ( കല്ലിടാമ്പി ) ഇതൊക്കെ എങ്ങിനെ പരിഹരിക്കാനാവും?

പറമ്പുകളുടെ അതിരുകളില്‍ തീര്‍ത്ത മണ്‍കയ്യാല പൊളിച്ചുമാറ്റാന്‍ അതിന്റെ ഉടമസ്ഥര്‍ സമ്മതിക്കുമോ? സ്വന്തം പറമ്പുകളില്‍ നിന്ന് അല്‍പം സ്ഥലം റോഡിന് വേണ്ടി നല്‍കാന്‍ വ്യക്തികള്‍ തയ്യാറാവുമോ? ഇതിനൊക്കെ പുറമേ ചീറ്റ- കൂക്കാനം പ്രദേശങ്ങളെ വേര്‍തിരിക്കുന്ന ഒരു കൊല്ലി (തോട് ) ഉണ്ട്. അതിന് പാലം വേണം. വേനല്‍ കാലത്ത് അതില്‍ വെള്ളം ഉണ്ടാവില്ല. അതിനാല്‍ മണ്ണിട്ട് നികത്താം. ഇക്കാര്യങ്ങളൊക്കെ ഞങ്ങളുടെ ചര്‍ച്ചയില്‍ വന്നു. പ്രത്യേകിച്ച് പരിഹാരമൊന്നും ആര്‍ക്കും നിര്‍ദേശിക്കാനില്ല.

എല്ലാം ശരിയാകും. പ്ലാനിട്ടത് പോലെ നമുക്കുതുടങ്ങാം. എവിടുന്ന് ആരംഭിക്കണം? അതായി അടുത്ത ചര്‍ച്ച. തുടക്കത്തില്‍ നിന്നോ, അവസാനിക്കുന്നിടത്തുനിന്നോ ആരംഭിക്കാമെന്ന് വെച്ചാല്‍ അവിടെ പ്രവര്‍ത്തകന്മാര്‍ കുറവാണ്. ക്ലബ്ബിന്റെ പ്രധാന അംഗങ്ങളായ റഹ്മാന്‍, ഗോവിന്ദന്‍, ലക്ഷ്മണന്‍, പ്രഭാകരന്‍ ഇവരുടെ വീടുകള്‍ അടുത്തടുത്താണ്. റഹ്മാന്റെയും ഗോവിന്ദന്റെയും പറമ്പുകളില്‍ നിന്ന് തുടങ്ങാം. സമ്മതിക്കാതിരിക്കാന്‍ പറ്റുമോ? ഞങ്ങളല്ലേ റോഡിന്റെ ആവശ്യത്തിന് ആവേശം പകര്‍ന്നവര്‍.

ഞങ്ങള്‍ കൗമാരക്കാരാണ്. പറമ്പിന്റെ ഉടമസ്ഥര്‍ ഞങ്ങളുടെ രക്ഷിതാക്കളാണ്. അവരോട് അന്വേഷിച്ച് സമ്മതം വാങ്ങാമെന്നുവെച്ചാല്‍ നടക്കില്ല. വരുന്നതുവരട്ടെ എന്ന് ഞങ്ങള്‍ രണ്ടുപേരും കരുതി. അടുത്തദിവസം. രാവിലെ ഏഴ് മണിയായിക്കാണും. ഞങ്ങള്‍ അഞ്ചുപത്തുപേര്‍ മണ്‍വെട്ടിയും കുന്താലിയുമായി ( കൈക്കോട്ടും കുങ്കോട്ടും) റെഡിയായി. ഇരുഭാഗത്തേയും കയ്യാല ഇടിച്ചുതകര്‍ത്തു. അതിലൂടെ നടന്നുപോകുന്നവര്‍ അന്തം വിട്ടുനിന്നു. ഈ ചെറുപ്പക്കാര്‍ എന്തു ഭ്രാന്താണീക്കാണിക്കുന്നത്? അവര്‍ ചിന്തിച്ചുകാണും.

ആര്‍പ്പുവിളിയും, കൂവലും ഉച്ചത്തിലായി. ചെറുപ്പക്കാര്‍ പല ഭാഗത്തുനിന്നും സംഭവസ്ഥലത്തേക്ക് എത്തി. ആരും തടുക്കാനും വഴക്കിടാനും വന്നില്ല. ആഴമുള്ള കിള മണ്ണ് വീണു നിവര്‍ന്നു. എട്ട് മീറ്റര്‍ വീതിയില്‍ ഇരുവശത്തുനിന്നും സ്ഥലം അളന്ന് കയര്‍ കെട്ടി. അക്കൂട്ടത്തില്‍ എന്റെ പറമ്പിലെ 'പശമരം' മുറിച്ചുമാറ്റേണ്ടിവന്നു. എന്നെ ദുഃഖിപ്പിച്ച വലിയൊരു സംഭവം. അത്തരമൊരു മരം ജീവിതത്തില്‍ ഞാനെവിടെയും ഇതേവരെ കണ്ടിട്ടില്ല. നിറയെ മുന്തിരിക്കുലപോലെ പശക്കായ പിടിക്കും. പഴുത്താല്‍ ഇളം മഞ്ഞ നിറമാണ്. കുട്ടികള്‍ എറിഞ്ഞ് വീഴ്ത്തി പശക്കായ തിന്നാറുണ്ട്. ശരിക്കും മുന്തിരിയുടെ വേറൊരുരൂപഭേദമായിരുന്നു പശക്കായ്ക്ക്.

അടുത്ത ദിവസം തൊട്ടടുത്ത പറമ്പുകളുടെ കയ്യാലകള്‍ തകര്‍ക്കാന്‍ തുടങ്ങി. ആളുകള്‍ പങ്കെടുത്തു. വീടുകളില്‍ നിന്ന് കപ്പയും കട്ടന്‍ ചായയും കിട്ടി. അത് തുടര്‍ന്നുകൊണ്ടേയിരുന്നു. ആരും എതിരുനിന്നില്ല. സര്‍ക്കാരിന്റെയോ മറ്റോ ഒരു ഫണ്ടും കിട്ടിയില്ല. എല്ലാം സേവനം മാത്രം. ദിവസങ്ങളും മാസങ്ങളും നീങ്ങി. അതാതിടത്തെ പറമ്പുടമസ്ഥരും, നാട്ടുകാരും ഈ ദൗത്യം ഏറ്റെടുത്തു. നാല് മാസം പിന്നിട്ടപ്പോഴേക്കും പുത്തൂര്‍ മുതല്‍ ഓണക്കുന്നുവരക്കുളള റോഡ് റെഡി. വാഹനങ്ങള്‍ വരാന്‍ തുടങ്ങി. റോഡ് ഉറച്ചു. പഞ്ചായത്ത് വക കൊല്ലിക്ക് വാഹനം പോകാന്‍ പറ്റുന്ന മരപ്പാലം നിര്‍മിച്ചു. ലൈറ്റ് വാഹനങ്ങള്‍ക്ക് ഇതിലൂടെ കടന്നുപോകാം.

കാലം കടന്നുപോയി. ഇന്ന് പ്രസ്തുത റോഡ് പഞ്ചായത്തുകള്‍ ഏറ്റെടുത്തു. ടാര്‍ ചെയ്തു. ബസ് റൂട്ട് അനുവദിച്ചുകിട്ടി. ദിനേന കൂക്കാനം വഴി ചീമേനി, പുത്തൂര്‍, കൊടക്കാട്, വെള്ളച്ചാല്‍ ഭാഗങ്ങളിലേക്ക് അഞ്ചോളം ബസുകള്‍ സര്‍വീസ് നടത്തുന്നു.

ആ റോഡിലൂടെ കടന്നു പോകുമ്പോള്‍ അമ്പതുകൊല്ലം മുമ്പ് നടത്തിയ ധീരമായ സന്നദ്ധപ്രവര്‍ത്തനം ഓര്‍ക്കും. ജീവിച്ചിരിക്കുന്ന പലരും റോഡിന്റെ കഥപറയും. കഥകളില്‍ അന്നത്തെ ചെറുപ്പക്കാരുടെ പേരുകളും കടന്നുവരും.

ഈ ചെറുപ്പക്കാര്‍ക്ക് ഒരു ബിഗ് സല്യൂട്ട്
Kookkanam Rahman
(Writer)
നവോദയകലാസമിതി അന്നേ പൊളിഞ്ഞു. അതിന്റെ പ്രവര്‍ത്തകര്‍ മിക്കവരും ജീവിച്ചിരിപ്പുണ്ട്. ഇങ്ങിനെയും ഒരു സംഭവം ഉണ്ടായിരുന്നു എന്ന് ഇനി വരുന്ന തലമുറ ഓര്‍ത്താല്‍ നന്ന്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kookanam-Rahman, Article, Road, Youth, Development. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia