city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസികളുടെ പെട്ടിപൊട്ടിക്കുന്നതിന് മുമ്പ് ചിലകാര്യങ്ങള്‍ അറിയണം

കെ എം അബ്ബാസ്

(www.kasargodvartha.com 05/12/2015) പെട്ടി കെട്ടല്‍ ഒരു കലയാണ്. ശരാശരി ഗള്‍ഫ് മലയാളിയുടെ (മലയാളികളുടെ മാത്രം) ജീവിതവുമായി അഭേദ്യ ബന്ധമുള്ള നാട്ടുനടപ്പ്. ആരാണ് ഇതിന്റെ ഉപജ്ഞാതാവ് എന്ന് വ്യക്തമല്ല. പത്തേമാരികളില്‍ മലയാളികള്‍ കടല്‍ കടന്ന കാലം തൊട്ട് ഈ അനുഷ്ഠാനമുണ്ട്. (കലയെന്നും നാട്ടുനടപ്പെന്നും അനുഷ്ഠാനമെന്നും ബോധപൂര്‍വം ഉപയോഗിച്ചതാണ്. എന്നിട്ടും അതിന്റെ പ്രാധാന്യത്തെ വ്യക്തമാക്കാന്‍ കഴിയുന്നില്ല. 'അത്ക്ക് മേലെ'യാണ് സവിശേഷത).

പണ്ട്, ഗള്‍ഫില്‍ വര്‍ഷങ്ങള്‍ നീണ്ട അധ്വാനശേഷം നാടണയുന്നതിന് മുമ്പ്, 'ബാച്ചിലര്‍' മുറികളില്‍ വലിയ ആഘോഷം ഉണ്ടായിരുന്നു. അതിന്റെ തുടക്കം ഇങ്ങനെ: എന്നേക്കും നാട്ടിലേക്കു മടങ്ങാനോ കുറച്ച് ദിവസത്തെ അവധിക്കായി പോകാനോ തീരുമാനിച്ചുകഴിഞ്ഞാല്‍, നാട്ടിലെ ഉറ്റവര്‍ക്കു കൊണ്ടുപോവേണ്ട സാധനങ്ങളുടെ പട്ടിക തയ്യാറാക്കും. യാര്‍ഡ്‌ലി പൗഡര്‍, ബ്രൂട്ട് സ്‌പ്രേ, ടര്‍ലിന്‍ തുണികള്‍, കളിപ്പാട്ടങ്ങള്‍, സോപ്പ്, മിഠായി എന്നിങ്ങനെ ഓരോ ദിവസമായി വാങ്ങിക്കൂട്ടി മുറിയുടെ മൂലയില്‍ ഒതുക്കിവെക്കും. അപ്പോഴേക്കും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടിലുള്ള അവരുടെ ഉറ്റവര്‍ക്ക് പൊതികളും കത്തുകളുമായി എത്തും. എല്ലാത്തിനും നല്ല കരുതല്‍ വേണം. നഷ്ടപ്പെട്ടാല്‍ പ്രിയപ്പെട്ടവരുടെ സംശയത്തിന് കാരണമാകും.

ഇതൊക്കെ എങ്ങനെ കൊണ്ടുപോകുമെന്ന ആശങ്കക്ക് പ്രതിവിധി ആയാകണം, ഗള്‍ഫ് മലയാളി ജീവിതത്തിലേക്ക് 'കാര്‍ട്ടൂണി'ന്റെ വരവ്. അക്കാലത്ത് സൂപ്പര്‍ മാര്‍ക്കറ്റിലും ഗ്രോസറികളിലും ഉല്‍പന്നങ്ങള്‍ എത്തിയിരുന്നത് ഇത്തരം കാര്‍ട്ടൂണുകളിലായിരുന്നു. ഉല്‍പന്നങ്ങള്‍ ഷെല്‍ഫുകളിലേക്ക് മാറ്റിയാല്‍ കാര്‍ട്ടൂണ്‍ കളയാറാണ് പതിവ്. ഏതോ മലയാളി അതിന്റെ സാധ്യതയെ പെട്ടികെട്ടലിലേക്ക് വിളക്കിച്ചേര്‍ത്തു. നാട്ടിലേക്കുള്ള സമ്മാനങ്ങള്‍ കാര്‍ട്ടൂണില്‍ നിറച്ചു. എങ്ങനെ ഇത് ഭദ്രമാക്കാമെന്നായി പിന്നീടുള്ള ചിന്ത. അപ്പോഴാണ് മാസ്‌കിംഗ് ടേപ്പിനെയും നൈലോണ്‍ കയറിനെയും ഓര്‍ത്തത്. കാര്‍ട്ടൂണിന്റെ അരികുകളില്‍ ടേപ്പ് ഒട്ടിച്ചു. തൃപ്തി പോരാത്തതിനാല്‍ നൈലോണ്‍ കയറില്‍ വരിഞ്ഞുമുറുക്കി.

ഇതിനെ എങ്ങനെ കലാപരമാക്കാം എന്നായി ചിലരുടെ ചിന്ത. അവര്‍ ചതുരാകൃതിയില്‍ നൈലോണ്‍ കെട്ടി. വടിവൊത്ത അക്ഷരങ്ങളില്‍ പേരും ലക്ഷ്യസ്ഥാനവും എഴുതി. അതില്‍ മിടുക്കു പ്രദര്‍ശിപ്പിച്ചവര്‍, സമൂഹത്തിന് വേണ്ടപ്പെട്ടവരായി. നാട്ടിലേക്ക് തിരിക്കുന്നതിന് തലേദിവസം ഇവരുടെ സേവനം ഓരോ മുറികളിലും അനിവാര്യമായി. കാര്‍ട്ടൂണില്‍ സാധനങ്ങള്‍ അടുക്കിവെക്കുന്നതിനും കയര്‍ കെട്ടുന്നതിനും മട്ടും മാതിരിയുമുണ്ട്. അല്ലെങ്കില്‍ പകുതി വഴിയെത്തുമ്പോള്‍ സാധനങ്ങള്‍ ഊര്‍ന്നുപോകും.

പെട്ടികെട്ടലില്‍ വിദഗ്ധരായവരെ പലര്‍ക്കും ബഹുമാനമാണ്. അവര്‍ക്ക് പ്രത്യേക സല്‍കാരം നല്‍കും. (ഇവരെക്കുറിച്ച് കരളുലക്കുന്ന മിനിക്കഥയുണ്ട്. ''അയാള്‍ പെട്ടികെട്ടലില്‍ വിദഗ്ധനായിരുന്നു. പലരും നാട്ടിലേക്ക് പോകുന്നതിന് അയാളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. ഒടുവില്‍, അയാളുടെ ഊഴം വന്നപ്പോള്‍, നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍ അയാള്‍ പെട്ടിക്കകത്തായിരുന്നു'').

ആഘോഷമായ യാത്രയയപ്പ് കഴിഞ്ഞ്, ഒരു കട്ടില്‍ ശൂന്യമാകുന്നത് ഒരു പ്രതീകമാണ്. യാത്ര പോയവന്റെ കാലിയായ കീശയും. ഭാരം നോക്കിയ ത്രാസും നൈലോണ്‍ കയര്‍ മുറിച്ച കത്രികയും ഒഴിഞ്ഞ ബാഗുകളും മാത്രം ബാക്കിയാകും.

ഇന്ത്യയില്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഗള്‍ഫ് മലയാളികള്‍ക്ക് വല്ലാത്ത ഭയമായിരുന്നു. കാര്‍ട്ടൂണ്‍ തുറക്കാന്‍ പറഞ്ഞാല്‍, കുടുങ്ങിയത് തന്നെ. എല്ലാം പെറുക്കിക്കൂട്ടി പിന്നെയും കെട്ടിയൊതുക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരും. ഇതറിയാവുന്ന ഉദ്യോഗസ്ഥര്‍, കാര്‍ട്ടൂണ്‍ തുറക്കണമെന്ന് ആവശ്യപ്പെടും. അല്‍പം തുണിത്തരങ്ങളും മില്‍ക് പൗഡറും മിഠായികളുമാണെങ്കില്‍ പോലും കൈക്കൂലി കൊടുക്കേണ്ടിവരും. നാട്ടില്‍, ടാക്‌സിയുടെ ഡിക്കിയില്‍ കാര്‍ട്ടൂണ്‍ ഒതുക്കിവെക്കുമ്പോഴാണ് പലരും ഒന്നോ രണ്ടോ ദിവസത്തെ ദീര്‍ഘശ്വാസം വിടുക.
മനോഹരങ്ങളും വിലകുറഞ്ഞതും ഉറപ്പുള്ളതുമായ വലിയ സ്യൂട്ട്‌കേസുകള്‍ സുലഭമായപ്പോഴും മലയാളികള്‍ കാര്‍ട്ടൂണുകളെ ആശ്രയിച്ചു. ഇതിനിടയില്‍ പ്രധാന വിമാനത്താവളങ്ങളില്‍ റാപ്പിംഗ് മെഷീന്‍ സ്ഥാനംപിടിച്ചു. കാര്‍ട്ടൂണ്‍പെട്ടി കുറേക്കൂടി ഭദ്രമായി. പത്തോ ഇരുപതോ ദിര്‍ഹം നല്‍കിയാല്‍ കാര്‍ട്ടൂണിനെ പോളിത്തീന്‍ കൊണ്ട് പൊതിയാം. മഴക്കാലത്ത്, കാര്‍ട്ടൂണിനകത്തെ സാധനങ്ങള്‍ നനയാതിരിക്കാന്‍ ഗുണകരമാണിത്.
എന്നാല്‍, നാട്ടില്‍ വിമാനത്താവളത്തിലെ കൈക്കൂലി വീരരായ ഉദ്യോഗസ്ഥര്‍ക്ക് ഇത് നല്ല ശകുനമാണ്. ഇരയെ ദുര്‍ബലനാക്കാന്‍ മികച്ച ഉപാധിയാണ്. പെട്ടി തുറക്കണമെന്ന് പറഞ്ഞാല്‍ ഇര അസ്തപ്രജ്ഞനായി.

അത്തരമൊരു ഇരയായിരുന്നു കാസര്‍കോട് സ്വദേശി ഹക്കീം റൂബ. രംഗം കരിപ്പൂര്‍ വിമാനത്താവളം. കാര്‍ട്ടൂണ്‍ കണ്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ ഹക്കീമിന്റെ പിന്നാലെകൂടി. ആദ്യം പാസ്‌പോര്‍ട്ട് വാങ്ങിനോക്കി. കാസര്‍കോട്ടുകാരനാണെന്ന് മനസിലായപ്പോള്‍, എന്തിനാണ് ഇവിടെ വന്നതെന്ന ചോദ്യമായി. പെട്ടി തുറക്കണമെന്ന് ആജ്ഞാപിച്ചു. പിന്നാലെയുള്ള പിടിച്ചുപറിക്ക് അരങ്ങൊരുക്കാന്‍ കസ്റ്റംസിന്റെ ആദ്യചുവടുവെപ്പ്. കാര്‍ട്ടൂണ്‍ സ്‌കാന്‍ ചെയ്താല്‍ പോരെയെന്ന് ഹക്കീം താഴ്മയോടെ ചോദിച്ചു. അപ്പോഴേക്കും വലിയ വിഷമുള്ള ഇനങ്ങളെത്തി. ഹക്കീമിനെ സൂപ്രണ്ടിന്റെ [ഇദ്ദേഹം ചിത്രകാരന്‍ കൂടിയെന്ന് ഫേസ്ബുക്ക്] മുറിയിലേക്ക് കൊണ്ടുപോയി. അഴിയെണ്ണിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ മുഖത്തടിയും. കൈക്കൂലി കൊടുക്കാന്‍ വിസമ്മതിച്ചതിനാണ് ഇത്രയും ആക്രമണം നേരിടേണ്ടി വന്നതെന്ന് ഹക്കീം.
ഗള്‍ഫ് ജീവിതത്തിലെ മാസങ്ങളോ, വര്‍ഷങ്ങളോ കഴിഞ്ഞ് നിസംഗത തരിശാക്കപ്പെട്ടു. മനസ് ഒന്നുകുളിര്‍പ്പിക്കാന്‍ നാട്ടിലേക്ക് തിരിക്കുന്നവരുടെ ആശങ്കയും ദൈന്യതയും സങ്കടവും കസ്റ്റംസുകാര്‍ക്ക് ഒരു ഉന്മാദമാണ്.

ഗള്‍ഫില്‍ ഇടക്കിടെ സ്‌റ്റേജ് പരിപാടി നടത്തുന്ന സംഗീത സംവിധായകന്‍ എം ജയചന്ദ്രന്, ആടുജീവിതങ്ങളെക്കുറിച്ച് കുറച്ചൊക്കെ അറിയാം. കോഴിക്കോട് വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം ഗള്‍ഫ് മലയാളികളെ അടക്കം കസ്റ്റംസ് റാഗിംഗിന് വിധേയമാക്കിയപ്പോള്‍ ജയചന്ദ്രന്‍ ചോദ്യം ചെയ്തു. ജയചന്ദ്രനും കിട്ടി അസഭ്യം. ജയചന്ദ്രന്‍ കേരളമാകെ ആദരിക്കപ്പെടുന്ന സംഗീത സംവിധായകനാണെന്നറിഞ്ഞുകൊണ്ടുതന്നെ.
പെട്ടി കെട്ടുന്നത് കലയാണെന്ന് ആദ്യമേ പറഞ്ഞല്ലോ?. കലാഹൃദയമുള്ളവര്‍ക്കേ ഉള്ളം തുടിക്കുന്ന പെട്ടിയെയും ജയചന്ദ്രന്റെ സംഗീതത്തേയും ഉള്‍കൊള്ളാന്‍ കഴിയൂ. കസ്റ്റംസിന് അതില്ല....
പ്രവാസികളുടെ പെട്ടിപൊട്ടിക്കുന്നതിന് മുമ്പ് ചിലകാര്യങ്ങള്‍ അറിയണം

Keywords: Article, Expatriates, Gulf, Airport, KM Abbas, Before opening expatriate's travel box

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia