city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബഷീര്‍, എം.ടി., എന്‍.പി., മുട്ടാണിശ്ശേരില്‍...

(www.kasargodvartha.com 22.06.2014) ഇബ്രാഹിം ബേവിഞ്ചയുടെ 'ഖുര്‍ആനും ബഷീറും' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിറങ്ങി. കോഴിക്കോട് തേജസ് പബ്ലിക്കേഷന്‍ 2012ലാണ് ആദ്യപതിപ്പിറക്കിയത്. രണ്ടാം പതിപ്പ് 2014 ഫെബ്രുവരിയിലും. പ്രസാധകര്‍ ഇങ്ങനെയെഴുതുന്നു. മലയാള സാഹിത്യത്തിലെ മഹാവൃക്ഷമായ ബഷീറിനെക്കുറിച്ച് പഠനങ്ങള്‍ക്ക് കുറവൊന്നുമില്ല. ബഷീറിന്റെ ജീവിതവും സാഹിത്യവും ഇതിഹാസ സമാനമായിരുന്നു. രാഷ്ട്രീയം, പ്രകൃതി, മതം, ദൈവം, മനുഷ്യ സ്‌നേഹം, ബഷീറിന്റെ തൂലിക പതിയാത്ത മേഖലകളില്ല. ആദ്യാത്മീകതയുടെ ആരും കാണാത്ത അര്‍ത്ഥതലങ്ങളിലേയ്ക്ക് ചിന്ത പായിച്ച ധിഷണാശാലിയാണ് ബഷീര്‍.

ഏതു പാമരനും വഴങ്ങുന്ന ഭാഷയിലൂടെ മഹാ പണ്ഡിതന്മാര്‍ക്ക് മാത്രം സാധ്യമാകുന്ന തത്വ വിചാരങ്ങളെ പോലും അയത്‌ന ലളിതമാക്കി അവതരിപ്പിക്കുന്ന ബഷീറിയന്‍ ശൈലിക്ക് മലയാള സാഹിത്യത്തില്‍ മറ്റൊരു ഉദാഹരണമില്ല. ബഷീര്‍ കൃതികളെ ഖുര്‍ആനിക പാശ്ചാത്തലത്തില്‍ പഠന വിധേയമാക്കുകയാണ് ഇബ്രാഹിം ബേവിഞ്ച ഈ കൃതിയില്‍.

കാലാതീതമായ വായന സാധ്യമാക്കിയ ബഷീര്‍ രചനകളില്‍ ഖുര്‍ആന്റെ പ്രാപഞ്ചീകവീക്ഷണത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും പ്രസ്പഷ്ടമായ പ്രതിഫലനമുണ്ടെന്ന് ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. എന്‍.വി., എം.ടി., തുടങ്ങിയ മുന്‍നിര സാഹിത്യകാരന്മാരുടെ കൃതികളില്‍ സുഭദ്രമായി കാണുന്ന മാപ്പിളത്വത്തെക്കുറിച്ചും ഇബ്രാഹിം ബേവിഞ്ച പറഞ്ഞു പോകുന്നു.

മലയാളികള്‍ക്ക് വ്യത്യസ്തമായ ഒരു വായനാനുഭവമായിരിക്കും ഈ ഗ്രന്ഥം എന്നതില്‍ സംശയമില്ല. ഈ കൃതിയുടെ ആദ്യ പതിപ്പിന് വായനക്കാര്‍ നല്ല സ്വീകരണമാണ് നല്‍കിയത്. ബഷീര്‍, ഉബൈദ്, എന്‍.പി. മുഹമ്മദ്, എം.ടി., തുടങ്ങിയവരുടെ കൃതികളില്‍ ഇസ്ലാമിക മുദ്രകള്‍ തേടുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ മറ്റൊരു ഭാഗത്ത് ഉള്ളത്. വിശുദ്ധ ഖുര്‍ആന്റെ 'ഹൗളുല്‍ കൗസറി'ല്‍ നിന്ന് ബഷീറിലേയ്‌ക്കൊഴുകിയ മതാത്മകവും പാരിസ്ഥിതികവുമായ ഒരു സൗന്ദര്യ പടലത്തെക്കുറിച്ചുള്ള അന്വേഷണം നിരൂപകനായ ഇബ്രാഹിം ബേവിഞ്ച സൂക്ഷ്മമായും യുക്തിഭദ്രമായും തന്റെ വാദമുഖങ്ങളില്‍ അവതരിപ്പിക്കുന്നു.

'എം.ടി.യുടെ കഥാലോകം' എന്ന പുസ്തകം കണ്ണൂരിലെ ആല്‍ഫാ വണ്‍ എന്ന പ്രസിദ്ധീകരണാലയമാണ് ഇറക്കിയത്. എം.ടി.യുടെ കഥാലോകത്തെക്കുറിച്ച് ഇബ്രാഹിം ബേവിഞ്ച നടത്തിയ ദീര്‍ഘ ഭാഷണം എം.ടി.യുടെ കഥകള്‍ എന്നതിനെക്കാള്‍ പാശ്ചാത്യ കഥാകൃത്തുക്കളായ ബ്രെറ്റ് ഹാര്‍ട്ടെ, നോര്‍മന്‍ മെയ്‌ലര്‍, വാന്‍സ് ഊര്‍ജലി, ട്രൂമാന്‍ കപോട്ടി, ഹെമിങ് വേ തുടങ്ങിയവരുടെ കഥകളെക്കുറിച്ചുള്ള എം.ടി.യുടെ സമീപനങ്ങളാണ് ഈ കൃതി പകര്‍ന്നു തരുന്നത്. ആ പരാമര്‍ശത്തിലൂടെ സ്വന്തം കഥയുടെ തനിമയും വൈവിധ്യവും എടുത്തു കാട്ടാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. തന്റെ അനുഭവലോകത്തില്‍ നിന്ന് തന്റെ കഥ, നോവല്‍ ഭൂമിക എങ്ങനെ വികസിച്ചു വരുന്നുവെന്നും ഈ പുസ്തകത്തിലൂടെ വിശദമാക്കപ്പെടുന്നുണ്ട്.
ബഷീര്‍, എം.ടി., എന്‍.പി., മുട്ടാണിശ്ശേരില്‍...
കുട്ടാനിശ്ശേരില്‍ കോയാക്കുട്ടിയുടെ 'ഖുര്‍ആന്‍ ശാസ്ത്ര ചിന്തകള്‍' തൃശൂര്‍ വിചാരം ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ മഹാപണ്ഡിതന്‍ എന്തെഴുതുമ്പോഴും നല്ല മലയാള വായനക്കാര്‍ അത് ശ്രദ്ധിച്ചു വായിക്കും. അദ്ദേഹത്തിന്റെ ഏതൊരു എഴുത്തിലും അതിന്റെ ആവിഷ്‌ക്കാരത്തിലും പുതു ചിന്തയുടെ തീപ്പൊരിയുണ്ടാകും. വൈരുധ്യങ്ങളുടേയും വൈവിധ്യങ്ങളുടേയും വ്യക്തിരൂപമായിരുന്നു അദ്ദേഹം. ഒരു ജീവിതത്തെ സാര്‍ത്ഥകമാക്കുന്നത് അയാള്‍ ജീവിച്ചിരുന്നുവെന്നതിന്റെ ആത്മ മുദ്ര തന്റെ പ്രവര്‍ത്തന പഥത്തില്‍ പതിപ്പിക്കുന്നതിലൂടെയാണ്. ഇതിന് തനതായ വ്യക്തിത്വത്തിന്റെ ഉടമയാകണം.

ജി. കുമാരപിള്ള എന്ന കവി എഴുതിയത് പോലെ ഓരോ എഴുത്തുകാരനും 'തന്മ തന്‍ ജീവാവതാര'മാകണം. ജീവിതത്തില്‍ ഈ തന്‍ മുദ്ര പതിപ്പിച്ചുവെന്നതിന്റെ ഉദാഹരണമായി മഹാകവി ഇഖ്ബാല്‍ ചൂണ്ടിക്കാട്ടുന്നത് കല്ലില്‍ നിന്ന് കണ്ണാടിയുണ്ടാക്കലാണ്. ഈ സൃഷ്ടിപരത തന്റെ എഴുത്തിലൂടെ അടയാളപ്പെടുത്തിയ അക്ഷരപുരുഷനാണ് ഈ ഫിസിക്‌സ് ബിരുദധാരി. സംഗീതത്തിലും, ശാസ്ത്രത്തിലും, ഫുട്‌ബോള്‍ കളിയിലും, നാടകാഭിനയത്തിലും പുല്ലാംകുഴല്‍ വായനയിലും തല്‍പരനായിരുന്നു ഈ മതപണ്ഡിതന്‍.

മത പഠനത്തോടൊപ്പം ശാസ്ത്രാഭിമുഖ്യവും ഉണ്ടായിരുന്നപ്പോള്‍ മുസ്ലിം സമൂഹം ഔന്നത്യം കൈവരിച്ചിരുന്നുവെന്നതിന് ചരിത്രം സാക്ഷി. ഈ കൃതിയിലെ രചനകള്‍ ചിന്താ ബന്ധുരമായി മതത്തേയും ശാസ്ത്രത്തേയും സമന്വയിപ്പിക്കുന്നു. തികച്ചും ലളിതവും ഗ്രാഹ്യവുമാണ് കൃതിയുടെ സ്വഭാവം. ഗൗരവപ്പെട്ട വിഷയങ്ങളുടെ പ്രതിപാദനം, മഹാ പണ്ഡിതനായ ഗ്രന്ഥകാരന്റെ അറിവിന്റെയും ചിന്തയുടെയും ആഴവും പരപ്പും വ്യക്തമാക്കുന്നുണ്ട്. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഇബ്രാഹിം ബേവിഞ്ചയാണ്.

ഈ പുസ്തകത്തിന്റെ പ്രകാശനം 2014 ജൂണ്‍ 24 ന് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ നടക്കുന്നു. അധ്യക്ഷന്‍ ടി.എ. അഹമദ് കബീര്‍ എം.എല്‍.എയും ഉദ്ഘാടനം മന്ത്രി ഡോ. എം.കെ മുനീറുമാണ് നിര്‍വഹിക്കുന്നത്. പുസ്തകത്തിന്റെ പ്രകാശനം, നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, എം.എം. ഹസന് നല്‍കിക്കൊണ്ട് നിര്‍വഹിക്കുന്നു. അബ്ദുസ്സമദ് സമദാനി അനുസ്മരണ പ്രഭാഷണം നടത്തും. അഡ്വ. മനോഹരന്‍ പുസ്തകം പരിചയപ്പെടുത്തുന്നു. കേരള മുന്‍ യൂണിവേഴ്‌സിറ്റി അറബിക് മേധാവി പ്രൊഫ. ഡോ. എം. നിസാറുദ്ദീന്‍ സ്വാഗതവും കേരള സര്‍വകലാശാലയിലെ ഡോ. എച്ച്. അബ്ദുര്‍ റഹ്മാന്‍ നന്ദിയും പറയും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബഷീര്‍, എം.ടി., എന്‍.പി., മുട്ടാണിശ്ശേരില്‍...
ബഷീര്‍, എം.ടി., എന്‍.പി., മുട്ടാണിശ്ശേരില്‍...
ബഷീര്‍, എം.ടി., എന്‍.പി., മുട്ടാണിശ്ശേരില്‍...
ബഷീര്‍, എം.ടി., എന്‍.പി., മുട്ടാണിശ്ശേരില്‍...

Keywords : Article, A.S Mohammed Kunhi, Ibrahim Bevinja, Books, Story, Writer.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia